മുല്ലപ്പെരിയാ‌ര്‍ - ജീവന്‍റെയും ജലത്തിന്‍റെയും രാഷ്ട്രീയം

മുല്ലപ്പെരിയാ‌‌ര്‍ ഡാമിന്‍റെ ചരിത്രം പരിശോധിച്ചാ‌‌ല്‍, ഇതുണ്ടാക്കിയ കാലം മുത‌‌ല്‍ വിവാദങ്ങ‌‌ള്‍ സൃഷ്ടിച്ചിരുന്ന ഒന്നാണ് എന്ന് കാണാ‌ന്‍ കഴിയും. ഈ ഡാം നിര്‍മ്മിക്കുവാ‌ന്‍ മുന്‍കൈയ്യെടുത്ത അന്നത്തെ മദ്രാസ് പ്രസിഡന്‍സിയിലെ ബ്രിട്ടീഷുകാരനായ ക്യാപ്റ്റ‌‌ന്‍ പെന്നിക്ക്വിക്കിന് നിര്‍മ്മാണ ഘട്ടത്തി‌ല്‍ തന്നെ പലതവണ തിരിച്ചടി നേരിടേണ്ടി വന്നു. രണ്ട് തവണ, ഡാമിന്‍റെ പണി പൂര്‍ത്തിയാകുന്ന ഘട്ടത്തി‌ല്‍, അതുവരെയുണ്ടാക്കിയ ഭാഗം വെള്ളപ്പാച്ചിലി‌ല്‍ ഒലിച്ചുപോയി. അങ്ങിനെ ബ്രിട്ടീഷുകാ‌‌‌ര്‍‍ ഉപേക്ഷിക്കുവാ‌‌‌ന്‍ നിശ്ചയിച്ച ഡാമിന്‍റെ നിര്‍മ്മാണം, ക്യാപ്റ്റ‌‌ന്‍ പെന്നിക്ക്വിക്ക് നാട്ടിലെത്തി, തന്‍റെ സ്വന്തം മുത‌ല്‍ വിറ്റ് സമാഹരിച്ച പണം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്. തിരുവിതാംകൂറിന് വേണ്ടി കരാറൊപ്പിടാന്‍ അനുമതി നല്‍കിയ രാജാവും സമ്മര്‍ദ്ദത്തിനടിമപ്പെട്ടാണ് അത് മനസ്സില്ലാമനസ്സോടെ ചെയ്തത്. അതിന് ശേഷം, ഈ ജലമുപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ആരംഭിച്ച മദ്രാസ് പ്രസിഡന്‍സിയെ, അന്നത്തെ തിരുവിതാംകൂ‌ര്‍ ദിവാന്‍ സര്‍. സി. പി. രാമസ്വാമി അയ്യര്‍, കരാര്‍ പ്രകാരം ഒരു അംപയ‌ര്‍ മുന്‍പാകെ ചോദ്യം ചെയ്യുകയും, കൃത്യമായ കരാ‌ര്‍ ലംഘനം നടന്നിരിക്കുന്നുവെന്ന് ബോധ്യപ്പെട്ട്, തിരുവിതാംകൂറിനനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തു. നിര്‍ഭാഗ്യവശാ‌ല്‍ വിധി പൂര്‍ണ്ണമായും നടപ്പായില്ല. പിന്നീട്, തമിഴ്‌നാടിന്‍റെ 5 ജില്ലകളിലേക്ക് ജലസേചനം കൂടാതെ, വൈദ്യുതി കൂടി ഉത്പാദിപ്പിക്കുവാന്‍ അനുമതി നല്‍കുന്ന കരാ‌ര്‍, അതും 30 വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെ, അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെ പുതുക്കി നല്‍കുകയും ചെയ്തു. സ്വാതന്ത്ര്യലബ്ധിയെ തുടര്‍ന്ന്, ബ്രിട്ടീഷ് ഭരണസംവിധാനവും നാട്ടുരാജ്യങ്ങളുമായി നിലവിലിരുന്ന കരാറുകളെല്ലാം അസാധുവാക്കപ്പെട്ടിരുന്നു. സംസ്ഥാനത്തിന്‍റെ എണ്ണായിരം ഏക്കറോളം വരുന്ന ഭൂമി, നിയമസഭയുടെ അറിവോ അംഗീകാരമോ ഇല്ലാതെയാണ് മുഖ്യമന്ത്രി ഒപ്പിട്ട് പുതുക്കി നല്‍കിയതെന്നും, അതിന് നിയമസാധുതയുണ്ടോ എന്നും നിയമവിദഗ്ധര്‍ ഇപ്പോള്‍ സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്. 2006 ല്‍ സുപ്രീം കോടതി മുന്‍പാകെ തമിഴ്‌നാട് കേസ് ഫയല്‍ ചെയ്തതിന് ശേഷമുള്ള വിവാദങ്ങളെല്ലാം മാധ്യമങ്ങള്‍ വഴി നമുക്കറിവുള്ളതാണ്. ഇതിനിടെ 99 വര്‍ഷമായിരുന്നു പാട്ടക്കരാറെന്നും ഒരു വാദം ഉണ്ടായി. ചിലത് അങ്ങിനെയാണ്, വേണ്ട എന്ന് പ്രകൃതിയും അനുഭവങ്ങളും മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കും; ചിലപ്പോ‌ള്‍ അത് യാദൃച്ഛികമായ തോന്നലുക‌ള്‍ മാത്രമാവാം. ഭൂമിയിലുള്ളതെല്ലാം മനുഷ്യന് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവയാണ് എന്ന സ്വാര്‍ത്ഥമായ മിഥ്യാധാരണയിലും, അമിത ആത്മവിശ്വാസത്തിലും അവന്‍ ബലപ്രയോഗത്തിലൂടെ അതെല്ലാം മറികടക്കും. പത്രമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയും, ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളുടെ ഉള്ളി‌ല്‍ വൈകാരികമായി രൂപം പ്രാപിക്കുകയും ചെയ്ത ഒരു പ്രശ്നമെന്ന നിലയില്‍, സര്‍ക്കാ‌ര്‍ സംവിധാങ്ങ‌ള്‍ കുറേക്കൂടി ഉത്തരവാദിത്വത്തോടെയും, കാര്യക്ഷമമായും, സന്ദേഹങ്ങള്‍ക്കിടനല്‍കാത്ത വിധം വേഗത്തിലും, കാര്യങ്ങ‌ള്‍ ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്താ‌ന്‍ ശ്രദ്ധിക്കണം. മുല്ലപ്പെരിയാ‌‌ര്‍ കേസ് കൈകാര്യം ചെയ്യുന്ന ഉന്നതാധികാര സമിതിയും സുപ്രീം കോടതിയും കേന്ദ്ര ഗവണ്‍മെന്‍റും, ആര് മുന്‍കൈ എടുത്താലും ശരി, ഈ പ്രശ്നത്തില്‍ താമസം വിനാ ഇടപെട്ട് ജനങ്ങളുടെ ആശങ്കയകറ്റുവാ‌ന്‍ വേണ്ട നടപടിക‌ള്‍ ഉണ്ടാകേണ്ടതാണ്. കാരണം, ഇത് ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന് ഭീഷണിയാണെന്ന ധാരണ കുറേപ്പേരിലെങ്കിലും രൂഢമൂലമായിരിക്കുന്നു. ഈ ഭയത്തെ സാധൂകരിക്കുന്ന ശാസ്ത്രീയമായ ചില വിവരങ്ങ‌ള്‍ പരിസ്ഥിതി വാദിക‌ള്‍ മുന്നോട്ട് വക്കുകയും ചെയ്യുന്നുണ്ട്. പെരിയാറിന്‍റെ പ്രധാന കൈവഴിയായ മുല്ലയാ‌ര്‍, ഏറ്റവും നിബിഢമായ ശിവഗിരി മലകളി‌ല്‍ നിന്നാണ് ഉത്ഭവിക്കുന്നത്. ദീര്‍ഘകാലമായി അണകെട്ടി നിര്‍ത്തിയിരിക്കുന്ന വെള്ളത്തോടൊപ്പം ഈ മലനിരകളി‌ല്‍ നിന്നുള്ള വൃക്ഷലതാദികള്‍ ഉള്‍പ്പടെയുള്ള ജൈവഘടകങ്ങ‌ള്‍ ഒഴുകിയെത്തുന്നത് സ്വാഭാവികമാണ്. ഇവയില്‍ ചിലത് അഴുകുമ്പോ‌ള്‍ അമ്ലസ്വഭാവം പ്രകടിപ്പിക്കുകയും, ഇത് ഡാമിന്‍റെ നിര്‍മ്മാണത്തിനുപയോഗിച്ച സുര്‍ക്കി മിശ്രിതത്തിലെ പ്രധാനഘടകമായ ചുണ്ണാമ്പുമായി പ്രതിപ്രവര്‍ത്തിച്ച് എളുപ്പത്തി‌ല്‍ ഒഴുകിപ്പോവുകയും ചെയ്തതാണ് ബലക്ഷയത്തിന് കാരണം. അങ്ങിനെ, ഒരു പ്രത്യേക ജലനിരപ്പിന് താഴെ, ഇപ്പോ‌ള്‍ അവശേഷിക്കുന്നത് വെറും കല്‍ക്കെട്ടാണത്രെ. ഇനി, തമിഴ്‌നാട് ഗവണ്‍മെന്‍റ്, ഡാമിനെ കാലാകാലങ്ങളായി ബലപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന വാദം മുഖവിലക്കെടുത്താല്‍ തന്നെ, ജലനിരപ്പിന് മുകളി‌ല്‍ കാണാനാവുന്ന ഭാഗത്ത് മാത്രമേ പൂര്‍ണ്ണമായ അളവി‌ല്‍ ഈ പ്രക്രിയ നടന്നിട്ടുണ്ടാവൂ. ഇത് കൂടാതെ, ഡാം നിര്‍മ്മാണത്തിന്‍റെ സാങ്കേതികവിദ്യയൊന്നും പൂര്‍ണ്ണമായും ലഭ്യമല്ലാതിരുന്ന കാലത്ത് നിര്‍മ്മിക്കപ്പെട്ട ഡാമെന്ന നിലയി‌ല്‍, ഡാമിരിക്കുന്നതിന് ചുറ്റുമുള്ള മണ്ണ് ഇത്രയും കാലത്തിന് ശേഷവും, എത്രമാത്രം സുരക്ഷിതമാണെന്ന ആശങ്കയും ഇവര്‍ക്കുണ്ട്; പ്രത്യേകിച്ച് ഗ്രാവിറ്റി ഡാമെന്ന നിലയി‌ല്‍. കെട്ടി നിര്‍ത്തിയിരിക്കുന്ന ഉയര്‍ന്ന അളവിലെ ജലം, വശങ്ങളിലേക്ക് ചെലുത്തുന്ന സമ്മര്‍ദ്ദം താങ്ങാനുള്ള ശക്തിയും ഈ ഭാഗത്തിനുണ്ടോ എന്ന് സംശയിക്കുന്നു. ഇത് കൂടാതെ ഭ്രംശമേഖലയിലാണ് ഡാം സ്ഥിതി ചെയ്യുന്നതെന്നും, സ്വാഭാവികമായും ഭൂഗര്‍ഭപ്ളേറ്റുക‌ള്‍ ഡാമുള്‍ക്കൊള്ളുന്ന വെള്ളത്തിന്‍റെ സമ്മര്‍ദ്ദത്താ‌ല്‍ ചെറുചലനങ്ങള്‍ക്ക് വിധേയമാകുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. കൃത്യമായ സാങ്കേതികവിദ്യ ഉപയോഗിച്ചല്ലാതെ നിര്‍മ്മിച്ച മുല്ലപ്പെരിയാ‌ര്‍ ഡാമിന്, ഈ ചെറു ചലനങ്ങള്‍ വരെ ഭീഷണി ഉയര്‍ത്തുന്നതാണ് ഇപ്പോഴത്തെ സാഹചര്യം. ഇപ്പോള്‍ ഉണ്ടാകുന്ന ഭൂചലനങ്ങളെ അളക്കുന്നതിലുള്ള കൃത്യതയെയും സംശയത്തോടെയാണ് കാണുന്നത്. ഏക ആശ്രയമായ ഇടുക്കിയിലെ ഭൂകമ്പമാപിനി, ഡിജിറ്റ‌ല്‍ സംവിധാനത്തിലുള്ളതല്ല. അതിനാല്‍, ഭൂഗര്‍ഭചലനങ്ങളുടെ യഥാര്‍ത്ഥ അളവറിയണമെങ്കി‌ല്‍ സങ്കീര്‍ണ്ണമായ കണക്കുകൂട്ടലുക‌ള്‍ വേണ്ടിവരുമെന്നും, ഇത് സമയം എടുത്ത് മാത്രം ചെയ്യാവുന്ന ഒന്നാണെന്നും വേണം മനസ്സിലാക്കാ‌ന്‍. ഇത് അടിയന്തിരമായി മാറ്റി ഡിജിറ്റ‌ല്‍ മീറ്റ‌ര്‍ സ്ഥാപിക്കുന്നത്, ഒരപായം ഉണ്ടായാല്‍ക്കൂടി മുന്‍കൂട്ടി മനസ്സിലാക്കാ‌ന്‍ ഒരുപരിധിവരെ സഹായകരമായേക്കും. ഇപ്പോഴത്തെ അവസ്ഥയില്‍, ജലനിരപ്പ് പരമാവധി കുറക്കുകമാത്രമാണ് ആഘാതം കുറക്കാനുള്ള പോംവഴി. പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുള്ള അറുപത്തിരണ്ടിലെ വെള്ളപ്പൊക്കത്തില്‍, ആറ് മുതല്‍ എട്ട് അടി വരെ ഉയരമുള്ള ജലഭിത്തി, നിരപ്പായ പ്രദേശങ്ങളി‌ല്‍ വെള്ളത്തിന്‍റെ ആദ്യത്തെ തള്ളലി‌‌‌ല്‍ ഉണ്ടായി എന്നാണ് പറയപ്പെടുന്നത്. നമ്മുടെ സര്‍ക്കാ‌ര്‍ ആവശ്യപ്പെടുന്ന 120 അടി പര്യാപ്തമല്ലെന്നും, ആഘാതം കുറക്കുന്നതിന് ജലനിരപ്പ് 100 അടിയില്‍ താഴെയെങ്കിലും നിര്‍ത്തേണ്ടതാണെന്നും പഠനങ്ങ‌ള്‍ പറയുന്നു. ഇതെല്ലാം കേള്‍ക്കുന്ന ജനം പരിഭ്രാന്തരാകാതെ എന്തു ചെയ്യും? ഈ ഡിസംബര്‍ 25 എത്തുമ്പോ‌ള്‍ 5 വര്‍ഷം പൂര്‍ത്തിയാകുന്ന ഒരു സമരം ഏലപ്പാറയടുത്ത് ചപ്പാത്തി‌ല്‍ നടക്കുന്നുണ്ട് - മുല്ലപ്പെരിയാ‌ര്‍ സമര സമിതിയുടേത്. മേളയുടെ പ്രതിനിധികളും ഡിസംബര്‍ 9ന് അവിടം സന്ദര്‍ശിക്കുകയുണ്ടായി. കേരളമൊട്ടാകെയും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളി‌‌‌‌‌‌‌ല്‍‍ നിന്നുമുള്ള മനുഷ്യസ്നേഹിക‌‌ള്‍ തീര്‍ത്ഥാടനത്തിനെന്ന പോലെ ഒറ്റക്കും, കൂട്ടായും വന്നെത്തി, സമര സമിതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മടങ്ങുന്ന കാഴ്ചയും, അവിടുത്തെ ദേശനിവാസികളുടെ മുഖത്ത് നിഴലിക്കുന്ന നിസ്സഹായാവസ്ഥയുടെയും ഭീതിയുടെയും നിഴലാട്ടവും ഒന്നും കാട്ടിക്കൂട്ടലുകളല്ല, വികാരത്തള്ളിച്ചയുടെ പ്രതിഫലനവും അവിടെയില്ല. ദിശാബോധമില്ലാതെ, ശരിയായ പഠനം നടത്താതെ, ഡിസാസ്റ്റ‌ര്‍ മാനേജ്മെന്‍റ് എന്ന പേരി‌ല്‍ നടക്കുന്നതൊന്നും പരിഭ്രാന്തിയിലായ ജനങ്ങളെ തൃപ്തിപ്പെടുത്തുന്നില്ല. കേവലം കണ്‍ട്രോ‌ള്‍ റൂമുക‌ള്‍ മാത്രം തുറന്നാല്‍ മതിയോ? തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന തമിഴ് മാധ്യമങ്ങള്‍, മനപൂര്‍വ്വമായ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്ന തത്പരകക്ഷികള്‍, ഇവരെല്ലാം പന്താടുന്നത് ഒരു ജനതയുടെ ജീവ‌ന്‍ കൊണ്ടാണെന്ന്, തീരുമാനമെടുക്കേണ്ട അധികാരികള്‍ക്ക് എന്തുകൊണ്ട് മനസ്സിലാകുന്നില്ല? മുല്ലപ്പെരിയാറിനോട് ചേര്‍ന്ന പ്രദേശങ്ങളിലെ പ്രായമായവര്‍ക്ക് രാത്രി ഉറങ്ങാന്‍ കഴിയുന്നില്ല, കൊച്ചുകുട്ടികള്‍ സ്ക്കൂളുകളി‌ല്‍ പോകുന്നില്ല. ആശങ്കയുണര്‍ത്തുന്ന, പ്രാണഭയം നിറഞ്ഞ ഇവരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറുകയാണ് മറ്റുള്ളവര്‍. ഇടുക്കി ജില്ലയെ തമിഴ്‌നാടിലേക്ക് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന അവസ്ഥയി‌ല്‍ വരെ കാര്യങ്ങ‌ള്‍ എത്തി നില്‍ക്കുന്നു. 50 വര്‍ഷം ആയുസ്സ് നിര്‍ണ്ണയിച്ച ഡാം 116 വര്‍ഷങ്ങള്‍ക്ക് ശേഷവും പൂര്‍ണ്ണസുരക്ഷിതമെന്ന് സമര്‍ത്ഥിക്കുന്നത് സാധാരണ യുക്തിക്ക് ശരിയായി തോന്നുന്നുമില്ല. ഇതിനെല്ലാമുപരി, പുതിയ ഡാം അല്ല ശാശ്വത പരിഹാരമെന്നും, ഡാം, ഡിക്കമ്മിഷ‌ന്‍ ചെയ്യുകയാണ് വേണ്ടതെന്നുമാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ഏകാഭിപ്രായം. ഡിക്കമ്മിഷന്‍ ചെയ്യുക എന്നാ‌ല്‍ ഡാമിലെ ജലനിരപ്പ് പടിപടിയായി കുറച്ച് കൊണ്ടുവരിക എന്നാണ്. ഒപ്പം, തമിഴ്‌നാടിലെ ജലസംഭരണ ശേഷി ഉയര്‍ത്തുകയുമാവാം. ഇതിനുള്ള നടപടികള്‍ പെട്ടെന്ന് ചെയ്യേണ്ടി വരും. കാലാവസ്ഥാനുസൃതമായി ഇങ്ങനെ സംഭരിക്കാനുള്ള തടങ്ങ‌‌ള്‍, തമിഴ്‌നാടിനും കേരളത്തിനും എല്ലാക്കാലത്തും ഒരുപോലെ ജീവജലം തരും. സുഗമമായ ജല ലഭ്യതക്ക്, വികേന്ദ്രീകൃത ജല പരിപാലന നയം രൂപീകരിക്കണമെന്നും ആവശ്യമുണ്ട്. ഭൂഗര്‍ഭജലനിരപ്പ് ക്രമേണ കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഇത്തരം പുതിയ ക്രമീകരണങ്ങള്‍ മാത്രമേ പോംവഴിയുള്ളൂ. പാട്ടത്തുക പണ്ട് നിശ്ചയിച്ച ഏതാനും ലക്ഷങ്ങള്‍ക്ക് പകരം, കോടിക്കണക്കിന് രൂപയിലെത്തും എന്നതാവണം തമിഴ്‍നാടിന്‍റെ ആശങ്ക. ഇനി, പഴയ നിരക്കില്‍ പണം നല്‍കി ഇപ്പോ‌ള്‍ കിട്ടുന്നത്രയും വെള്ളം തമിഴ്‌നാടിന് കൊണ്ടുപോകാനുള്ള സമ്മര്‍ദ്ദതന്ത്രമാണ് കേരളത്തിന്മേ‌‌ല്‍ പയറ്റുന്നതെങ്കി‌ല്‍, ഒരു ജനതയുടെ ജീവ‌‌ന്‍ വെച്ചുകൊണ്ടാണ് വിലപേശുന്നതെന്നും ഓര്‍ക്കണം. തിരുത്താനാവാത്ത തെറ്റ് ചെയ്തവരെന്ന വിശേഷണം ആര്‍ക്കും അഴകല്ല. ജീവന്‍റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ് ജലം. ഇവിടെ ഒരു ജനത ജീവന് വേണ്ടി ശബ്ദമുയര്‍ത്തുമ്പോ‌‌ള്‍, മറ്റൊരു വിഭാഗം ജലത്തിനായി പൊരുതുന്നു. ഇതിനിടയില്‍ ശാശ്വതപരിഹാരം എന്ന നേര്‍ത്ത രേഖ തേടുകയാണ് നമ്മ‌ള്‍. എല്ലാം മറന്ന്, പ്രകൃതിക്കും സര്‍വ്വ ജീവജാലങ്ങള്‍ക്കും, ക്ഷേമകരമായ ഒരു തീര്‍പ്പ്, പരമാവധി വേഗത്തി‌‌‌ല്‍ ഉരുത്തിരിയാ‌‌ന്‍ തക്ക ബുദ്ധിയും വിവേകവും എല്ലാവര്‍ക്കും ഉണ്ടാകട്ടെയെന്ന് മാത്രം ആഗ്രഹിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.

Tweet