ചാക്കുന്നത്ത് ശ്രീ മഹാദേവക്ഷേത്രം ഇന്നലെ, ഇന്ന്

ഓം നമ: ശിവായ

മൂവാറിനു സമീപമാർന്നു വിലസും ദേശം

പവിത്രം ശിവം

ശ്രീവാഴും മുടവൂരതിന്നു തിലകച്ചാർത്തായ്  പ്രശോഭിച്ചിട്ടും

സാക്ഷാൽ വെള്ളിമലയ്ക്കു തുല്ല്യതയെഴും

ചാക്കുന്നിൽ വാഴും ശിവൻ

രക്ഷിക്കേണമതിന്നുഞാൻ തൊഴുതിടാം  ശ്രീ പാദപത്മങ്ങളെ

         ആർഷഭാരതം ഋഷികളുടെ നാടാണ്. ക്ഷേത്രങ്ങളാൽ സമ്പന്നവുമാണ്. ഭാരതത്തിൽ ഉള്ളത്ര ക്ഷേത്രങ്ങൾ മറ്റേതെങ്കിലും രാജ്യത്ത് ഉണ്ടാകുമെന്നു തോന്നുന്നില്ല. ഒരു ദേശത്തിന്റെ വൃദ്ധിക്ഷയങ്ങൾ ആ ദേശത്തുള്ള ക്ഷേത്രത്തിന്റെ വൃദ്ധിക്ഷയങ്ങൾതന്നെയാണ്. ആദേശത്തിന്റെ ചരിത്രം, സംസ്‌കാരം, ആചാരങ്ങൾ, കലകൾ എന്നിവയും അവിടത്തെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

       ചാക്കുന്നത്ത് ശ്രീമഹാദേവക്ഷേത്രത്തിന്റെ ചരിത്രവും മേൽപ്പറഞ്ഞ രീതിയിൽ തന്നെയാണ്. ഏകദേശം അര സഹസ്രാബ്ദത്തിനുമുമ്പ് രാജ്യം ഭരിച്ചിരുന്നത് ചെറിയ ചെറിയ നാട്ടുരാജാക്കന്മാരായിരുന്നു. സ്വന്തം അധീനതയിലുള്ള ഭൂവിഭാഗത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനും മറ്റു നാടുവാഴികളെ അടിച്ചമർത്തി ആധിപത്യം സ്ഥാപിക്കുന്നതിനും വേണ്ടി ഈ നാടുവാഴികൾ തമ്മിൽ എപ്പോഴും മത്സരങ്ങളും യുദ്ധങ്ങളും നടന്നിരുന്നകാലം. ലക്ഷ്യം നേടാൻ വേണ്ടി നിസ്സാര കാരണങ്ങൾ പറഞ്ഞും ചതിപ്രയോഗങ്ങളാലും ഇവർ പരസ്പരം പടവെട്ടിയിരുന്നു. ഒരിക്കൽ ജയിച്ചയാൾ പിന്നൊരിക്കൽ തോൽക്കും. ഒരിക്കൽ തോറ്റയാൾ പിന്നൊരിക്കൽ ജയിക്കും. ചിലപ്പോൾ രണ്ടുകൂട്ടരും നശിക്കും. മൂന്നാമതൊരാൾ അധികാരത്തിൽ വരും. ഇതായിരുന്നു അവസ്ഥ. മൂവാറ്റുപുഴ താലൂക്കിൽ മുടവൂർ എന്ന ഗ്രാമപ്രദേശമുൾക്കൊള്ളുന്ന ബൂവിഭാഗം ഇപ്രകാരമുള്ള പല നാടുവാഴികളുടെ ആധിപത്യത്തിലായിരുന്നു. ഇവർ തമ്മിൽ തമ്മിൽ മത്സരങ്ങളും യുദ്ധങ്ങളും പതിവായിരുന്നു. അങ്ങനെ ഉണ്ടായ ഒരു യുദ്ധം ഇപ്പോൾ ക്ഷേത്രം സ്ഥിതി ചെയ്യുന്ന കുന്നിൻ പുറത്തുവച്ച് ആയിരുന്നു. ആയുദ്ധത്തിൽ ഇരുഭാഗത്തുമുണ്ടായിരുന്ന അനേകം പോരാളികൾ മരിച്ചുവീണു. ആയുദ്ധഭൂമി പിൽകാലത്ത് ചാക്കുന്ന് അഥവാ ചാവുകുന്ന് എന്ന പേരിൽ അറിയപ്പെട്ട ശ്മശാന ഭൂമിയായിത്തീർന്നു.

           ഈ ഭൂവിഭാഗം തോട്ടപ്പാട്ടു തറവാട്ടിലെ പ്രതാപശാലികളായ കർത്താക്കന്മാരുടെ അധീനതയിലായി. ഈ തറവാടിന്റെ വടക്കുഭാഗത്തുള്ള വടക്കേടത്തുള്ള വടക്കേടത്തുപറമ്പിൽ ഒരു ശിവക്ഷേത്രവും സർപ്പക്കാവും ഇവരുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്നു. ഇതു കൂടാതെ മുടവൂരിൽ തന്നെ ഉണ്ടായിരുന്ന അയ്യൻകുളങ്ങരക്ഷേത്രം, വെട്ടിക്കാക്കുഴികാവ് എന്നീ ക്ഷേത്രങ്ങളും മുവാറ്റുപുഴയിൽ ഉണ്ടായിരുന്ന ദേവീക്ഷേത്രവും ഇവരുടെ അധീനതയിലായിരുന്നു. മുവാറ്റുപുഴ ചന്തയും പരിസരങ്ങളും ഉൾപ്പെട്ട സ്ഥത്തിന് കാവും കര എന്ന പേരുണ്ടാവാൻ കാരണം അവിടത്തെ ദേവീക്ഷേത്രമാണ്. ഉടമസ്ഥരുടെ അവഗണനയും പരിസരവാസികളുടെ നിസ്സഹകരണവും കൈയേറ്റവും മറ്റും കാരണം ഈക്ഷേത്രം നാമാവശേഷമായി. അവിടെ ഉണ്ടായിരുന്ന ബിംബങ്ങളും ശിലകളും മറ്റും പിൽക്കാലത്ത് മുടവൂരുള്ള വെട്ടിക്കാക്കുഴി കാവിൽ കൊണ്ടുവന്ന സ്ഥാപിക്കുകയാണുണ്ടായത്.

       തോട്ടപ്പാട്ടെ വടക്കേടത്തുണ്ടായിരുന്ന ശിവക്ഷേത്രത്തിൽ ഒരു അഗ്നിബാധ ഉണ്ടായി. താഴികക്കുടം, ബിംബങ്ങൾ, ശിലകൾ, വിഗ്രഹങ്ങൾ, പാത്രങ്ങൾ, വിളക്കുകൾ, മറ്റു ലോഹനിർമ്മിത സാധനങ്ങൾ എന്നിവയൊഴികെ മറ്റെല്ലാം അഗ്നിക്കിരയായി. കർത്താക്കന്മാർക്ക് പരിഭ്രമമായി. ജ്യോത്സ്യനെക്കൊണ്ട് പ്രശ്‌നം വയ്പ്പിച്ചു. ഈശ്വരകോപമുണ്ടെന്നും ക്ഷേത്രം കത്തിയ സ്ഥലം വീണ്ടും ക്ഷേത്രനിർമ്മിക്കണമെന്നും പ്രശ്‌നവിധിയുണ്ടായി. ഈ കാലഘട്ടത്തിൽ തറവാട്ടുകാരുടെ പ്രതാപം കുറേശ്ശെ ക്ഷയിച്ചു തുടങ്ങിയിരുന്നന്നു.

       ഭൂസ്വത്തുക്കൾ പലതും അല്യാധീലമായി. കുടുംബസ്വത്തുക്കൾ പലവഴിക്കും ചോർന്നു പോയിക്കൊണ്ടിരുന്നു. ഏതായാലും വളരെ അധികം ആലോചനകൾക്കും ചർച്ചകൾക്കും ശേഷം പുതിയ ക്ഷേത്രം ചാക്കുന്നത്ത് നിർമ്മിക്കാൻ തീരുമാനിച്ചു. അങ്ങിനെയാണ് ചാക്കുന്നത്ത് ക്ഷേത്രം നിർമ്മിക്കപ്പെട്ടത്. 

       കുടുംബത്തിലെ സാമ്പത്തിക സ്ഥിതി മോശമായിരുന്നതുകൊണ്ട് പുതിയ ക്ഷേത്രനിർമാണം ഒരു വഴിപാടുപോലെ മാത്രമായി. ക്ഷേത്രനിർമാണത്തിൽ പാലിക്കേണ്ട കണക്കുകളും കൃത്യതയും ആചാരാനുഷ്ഠാനങ്ങളും ശിൽപ്പി തന്ത്രവും അവഗണിച്ച് തട്ടികൂട്ടി നിർമിച്ച ആക്ഷേത്രത്തെപ്പറ്റി

         ''വൃത്തവും കോണും ചതുരവുമല്ലാതങ്ങെത്തി നോക്കീട്ടില്ല ശിൽപ്പിതന്ത്രം

എന്നു പറയുന്നതിൽ തെറ്റില്ല. വൈക്കോൽകൊണ്ട് മേഞ്ഞിട്ടുള്ള മേൽക്കൂര ഓരോ വർഷവും പുതുക്കിമേയാറുണ്ടെങ്കിലും കാറ്റും മഴയും മൂലം ചോർന്നൊലിക്കുന്ന അവസ്ഥ. പൊട്ടിപ്പൊളിഞ്ഞ് കുഴികൾ നിറഞ്ഞ തറ. മഴക്കാലത്ത് വെള്ളവും ചെളിയും നിറയുന്ന തിരുമുറ്റം. കാക്കയും പൂച്ചയും കയറുന്ന തിടപ്പിള്ളി. ദിവസത്തിൽ ഏതെങ്കിലും ഒരു സമയം മാത്രം നടതുറന്ന് പൂജ. അത് ശാന്തിക്കാരന്റെ സൗകര്യം പോലെ. ശാന്തിക്കാരന്റെ ശമ്പളം നെല്ലായിട്ട് കൊടുക്കും. ക്ഷേത്രത്തിലെ നിവേദ്യത്തിനുള്ള അരി കണക്കനുസരിച്ച് കൊടുക്കും. എണ്ണ, തിരി, മറ്റു പൂജാദ്രവ്യങ്ങൾ എന്നിവ വളരെ ദുർലഭം. വരുമാനം വളരെതുച്ഛം. കഴകത്തിന് ഒരാൾ വല്ലപ്പോഴും വരും. നേരാംവണ്ണം അടിച്ചുതളിയോ, ശുചീകരണ പ്രവർത്തനങ്ങളോ ഇല്ല. ഉത്സവമില്ല. ആഘോഷങ്ങളില്ല. ക്ഷേത്രത്തിൽ വന്ന് ഭഗവദർശനം നടത്താൻ ഭക്തജനങ്ങൾവളരെ കുറവ് ഇതായിരുന്നു പണ്ടത്തെ സ്ഥിതി.

        ഇന്ന് സ്ഥിതിയാകെ മാറി. കഴിഞ്ഞ ഒന്നര ദശാബ്ദക്കാലമായിട്ട് ഈ ക്ഷേത്രം ഭരിക്കുനനത് തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണസമിതിയാണ്. പരേതനായ ശ്രീ തോട്ടപ്പാട്ടു നാരായണൻ കർത്താവിന്റെയും കാരിമറ്റത്ത് കമലാക്ഷിക്കുഞ്ഞമ്മയുടേയും മകനായ ശ്രീ. ശശീധരൻ കർത്താ ആണ് ഈ ഭരണസമിതിയെ നിയന്ത്രിച്ച് ഈ ക്ഷേത്രത്തിന്റെ സർവ്വതോമുഖമായ വളർച്ചക്കും അഭിവൃദ്ധിക്കും ഉതകത്തക്ക രീതിയിൽ ആത്മാർത്ഥമായും അർപ്പണ മനോഭാവത്തോടുകൂടിയും മാർഗ്ഗദർശനം നൽകുന്നത്. (കാരിമറ്റത്ത് കമലാക്ഷിക്കുഞ്ഞമ്മ പണികഴിപ്പിച്ച് തോട്ടപ്പാട്ടു നാരായണൻ കർത്താ മെമ്മോറിയൽ ഹാൾ എന്ന പേരിൽ ഒരു കെട്ടിടം ചാക്കുന്നത്തപ്പനു സമർപ്പിക്കുകയുമുണാടായിട്ടുണ്ട്.) ഈ ഭരണസമിതിയുടെ നേതൃത്വത്തിൽ കുറേ സ്ഥലം തീറുവാങ്ങി ക്ഷേത്രത്തിലേയ്ക്കു കൂട്ടിചേർക്കുകയും, പഴകിദ്രവിച്ച് കേടുപാടുകൾ സംഭവിച്ചിരുന്ന പഴയക്ഷേത്രം മുഴുവനായും പൊളിച്ച് ശാസ്ത്രവിധിപ്രകാരം ഇന്നുകാണുന്നരീതിയിലുള്ള പുതിയ ക്ഷേത്രം പണിയിച്ച് ദേവീപ്രതിഷ്ഠ നടത്തുകയും ഉപദേവന്മാരായ അയ്യപ്പൻ, ഗണപതി, പഞ്ചമൂർത്തികൾ, നാഗത്താന്മാർ എന്നവരുടെ പ്രതിഷ്ഠ നടത്തുകയും മറ്റനവധി നല്ലകാര്യങ്ങൾ ക്ഷേത്രത്തിനുവേണ്ടി ചെയ്യുകയും ചെയ്തിട്ടുണ്ട്. ദിവസവും മൂന്നുനേരംപൂജയും ദീപാരാധനയും മറ്റും വിധിയാം വണ്ണം നടക്കുന്നു. ഭരണസമിതിയിലെ മറ്റ് അംഗങ്ങളെല്ലാവരും വളരെ അർപ്പണമനോഭാവത്തോടുകൂടിയുള്ള ആത്മാർത്ഥമായ സഹകരണമാണ് നൽകിപ്പോരുന്നത്.

           പൂജാദികാര്യങ്ങൾ ക്ഷേത്രം തന്ത്രിയായ ബ്രഹ്മശ്രീ കൈമുക്ക് കൃഷ്ണൻ നമ്പൂത്രിയുടെ മേൽനോട്ടത്തിലും നിർദ്ദേശാനുസരണവും വളരെ ഭംഗിയായും ചിട്ടയോടുകൂടിയും നടന്നുവരുന്നു. മേൽശാന്തിയായ കോന്നശ്ശേരിയില്ലത്തെ ശ്രീ ശിവദാസൻ തിരുമേനി വളരെ ആത്മാർത്ഥമായും അർപ്പണമനോഭാവത്തോടു കൂടിയും ഭക്തിയോടുകൂടിയും പൂജാ കാര്യങ്ങൾ നിർവ്വഹിക്കുന്നു.

         അതിനാൽ ഭക്തജനങ്ങൾക്ക് അദ്ദേഹത്തെ വളരെ വിശ്വാസവും  സ്‌നേഹവുമാണ്. ഇപ്പോൾ ഭക്തജനങ്ങളുടെ എണ്ണം വളരെ വർദ്ധിച്ചിട്ടുണ്ട്. തദ്ദേശവാസികളും ദൂരദേശ വാസികളുമായ അനേകം ഭക്തർ ക്രിസ്ത്യൻ മുസ്ലീം സഹോദരങ്ങൾപോലും ഇവിടെവന്ന് ഭഗവത്ദർശനം നടത്തി, വഴിപാടുകൾ കഴിച്ച് തൃപ്തരായി പോകുന്നുണ്ട്. നാട്ടുകാർ ഒറ്റ മനസ്സുംശരീരവുമായി ഐക്യത്തോടെ ക്ഷേത്ര നന്മക്കായി പ്രവർത്തിക്കുന്നു. എല്ലാവർഷവും ധനുമാസത്തിലെ മകയിരം തിരുവാതിര നാളുകളിലാണ് ഇവിടെ ഉത്സവം. അത് വളരെ ആഘോഷമായി കൊണ്ടാടുന്നു. പരമ്പാരാഗത രീതിയിൽ ഗോതമ്പുകഞ്ഞിയും, പുഴുക്കും, കൂവനൂറും, എട്ടങ്ങാടിയും പ്രസാദ ഉട്ടുമായി കൊണ്ടാടുന്നു. ശിവരാത്രിയും വളരെപ്രധാനമാണ്. കർക്കിടക വാവുപോലുള്ള ദിവസങ്ങളിൽ ഇവിടെവന്ന് ബലിതർപ്പണം നടത്തുന്നത് വളരെ വിശേഷമാണ് കിഴക്കോട്ടുള്ള നീരൊഴുക്കിന്റെ സാനിധ്യം എടുത്തുപറയേണ്ടതുണ്ട്.  ഈ ദിവസങ്ങളിൽ അഭൂതപൂർവമായുള്ള തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. പരമശിവൻ അർജ്ജുനന് പാശുപതം സമ്മാനിച്ച ശേഷം സംപ്രീതനായിരിക്കുകയാണ് ഇവിടെ എന്നാണ് വിശ്വാസം അഭീഷ്ടങ്ങളെല്ലാം സാധിക്കുവാൻ വരദായകനായി വർത്തിക്കുന്ന ഈ മഹാദേവന്റെ സന്നിധിയിൽ അനുഗ്രഹം തേടിയെത്തുന്നവർ നിരവധിയാണ്. വിവാഹ സന്താന സൗഭാഗ്യങ്ങൾക്ക് പ്രത്യേക പ്രാമുഖ്യമുണ്ടെന്ന് അനുഭവസ്ഥർ പറയുന്നു. 

     ഈ ക്ഷേത്രക്കിണറിലെ ജലത്തിന് വളരെ ഹൃദ്യമായ രുചിയാണുള്ളത്. വായ്ക്കരക്കാവിലെ കിണറിലെ വെള്ളത്തിനും ഇതുപോലെരു പ്രത്യേകരുചിയുണ്ട്. ഈ രണ്ടു ക്ഷേത്രങ്ങളും ബന്ധിപ്പിച്ചുകൊണ്ട് ഭൂമിയ്ക്കടിയിൽക്കൂടി ഒരു നീരുറവ ഒഴുകുന്നുണ്ടെന്നാണ് സങ്കൽപ്പം കിണറ്, കുളം, ശ്രീകോവിൽ, മഹാദേവൻ എന്നിവ തമ്മിലുള്ള ബന്ധം എടുത്തുപറയേണ്ടതുണ്ട്. ശുദ്ധിയോടെ ഈ തീർഥം ഉപയോഗിക്കുന്നത് രോഗശമനത്തിന് വിശേഷമാണെന്നു പറയപ്പെടുന്നു.

 
Tweet