രാമംഗലം ശിവക്ഷേത്രം.

തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശിവക്ഷേത്രം. മൂവാറ്റുപുഴ നഗരത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് കാവുംപടിയിൽ പുഴക്കരക്കാവിനടുത്ത് സ്ഥിതി ചെയ്യുന്ന മഹാക്ഷേത്രമാണ് രാമംഗലം ശ്രീമഹാദേവ ക്ഷേത്രം. ധ്യാനനിരതനായിരിക്കുന്ന ശിവനാണ് ഇവിടത്തെ ആരാധനാമൂർത്തി. ഉപദേവനായി ഗണപതിയും, നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ഈ മഹാക്ഷേത്രത്തിന്. തിരുവതാംകൂർ മഹാരാജ്യത്തെ ഒരു നാട്ടുരാജ്യമായിരുന്നു തെക്കുംകൂർ. ഇന്ന് മൂവാറ്റുപുഴ വാട്ടർ അതോറിറ്റിയുടെ ആഫീസ് നിലനിൽക്കുന്ന സ്ഥലത്തായിരുന്നു തെക്കുംകൂർ നാട്ടുരാജാവിന്റെ കൊട്ടാരം. ഇവിടെ കൊട്ടാരം ഉണ്ടായിരുന്നു എന്നതിന് ഉപോല്ബലകമായി പല തെളിവുകളും വാട്ടർ അതോറിറ്റിയുടെ അധീനതയിലുള്ള ഈ പ്രദേശത്തുനിന്നും ലഭിച്ചിട്ടുണ്ട്. തെക്കുംകൂർ രാജവംശത്തിന്റെ പരദേവതയായിരുന്നു ശിവൻകുന്ന് മഹാദേവക്ഷേത്രത്തിലെ ശിവൻ. കൊട്ടാരത്തിലെ സ്ത്രീജനങ്ങൾക്ക് കുളിച്ചുതൊഴുന്നതിനായി രാജാവ് ഒരു കുളിക്കടവും അമ്പലവും പണിയിച്ചു. അതാണ് നാം ഇന്ന് കാണുന്ന രാമംഗലം ശ്രീമഹാദേവ ക്ഷേത്രവും അതിന് നേരെ എതിർവശത്തായി റോഡിനപ്പുറം കരിങ്കൽപാകി മനോഹരമാക്കിയ കുളിക്കടവും. പഴമയുടെ എളിമയും പാരമ്പര്യവും വിളിച്ചോതുന്നതാണ് അവിടത്തെ ക്ഷേത്രനിർമ്മാണം. കിഴക്കോട്ട് ദർശനമരുളിയാണ് ശ്രീമഹാദേവൻ ഇവിടെ വിരാജിക്കുന്നത്. ശിവനിൽ നിന്ന് അനുഗ്രഹം നേടി ശിവനെ പരിണയിക്കാൻ ആഗ്രഹിച്ച പാർവ്വതിയെ അനുസ്മരിപ്പിക്കും വിധം ഒരു വിശ്വാസം രാമംഗലം ശ്രീമഹാദേവനെയും പുഴക്കരക്കാവിലമ്മയെയും ബന്ധപ്പെടുത്തി ഭക്തജനങ്ങൾക്കിടയിലുണ്ട്.

ശിവങ്കൽ അനുഗ്രഹം തേടുന്ന ദേവിയാണ് പുഴക്കരക്കാവിലമ്മയെന്ന് ഒരു വിശ്വാസം നിലനിൽക്കുന്നു. രാമംഗലം ശ്രീമഹാദേവന്റെ ഉത്സവഘോഷയാത്ര ആരംഭിക്കുന്നതു തന്നെ പുഴക്കരക്കാവിലമ്മയുടെ തിരുസന്നിധിയിൽ നിന്നാണ്. ധനുമാസത്തിലെ തിരുവാതിരക്കാണ് രാമംഗലം ശ്രീമഹാദേവ ക്ഷേത്രത്തിൽ ഉത്സവം കൊണ്ടാടുന്നത്. 

ചരിത്രപരമായ ഒരുപാട് സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരു ക്ഷേത്രമാണ് രാമംഗലം ശ്രിമഹാദേവക്ഷേത്രം. ക്ഷേത്രപ്രവേശന വിളംബരാനന്തരം എറണാകുളം ജില്ലയിൽ പ്രവേശിക്കാനും ആരാധന നടത്താനും അവസരം ലഭ്യമായത് ഈ ക്ഷേത്രത്തിലാണ്. മൂവാറ്റുപുഴ താലൂക്കിൽ എല്ലാ ദിവസവും മൂന്ന് ശ്രീബലി നടക്കുന്ന ഏകക്ഷേത്രമാണിത്.

എഴുന്നള്ളത്ത്, പള്ളിയുണർത്തൽ, രുദ്രാഭിഷേകം,ഉഷഃപൂജ,ഉഷശ്രീബലി, ധാര,ഉച്ചപൂജ,ഉച്ചശ്രീബലി എന്നിവയാണ് ഇവിടെ നടന്നുവരുന്ന പതിവ് ചടങ്ങുകൾ. അഘോര മന്ത്രാർച്ചന, മേധാ ദക്ഷിണാമൂർത്തി അർച്ചന,മൃത്യൂഞ്ജയാർച്ചന,ജലധാര,കടുംപായസം,വെള്ളനിവേദ്യം എന്നിവയാണ് ഇവിടത്തെ പ്രധാന വഴിപാടുകൾ. തിരുവതാംകൂർ ദേവസ്വംബോർഡിന്റെ തൃക്കാരിയൂർ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണർ ആഫീസിന്റെ നിയന്ത്രണത്തിലാണ് ഈ അമ്പലം. ക്ഷേത്രത്തിന്റെ നടത്തിപ്പ് സുഗമമാക്കാൻ ശക്തമായ ഒരു ഉപദേശകസമിതിയും പ്രവർത്തിക്കുന്നു.

 
Tweet