കലാകേന്ദ്ര ഫൈൻ ആർട്‌സ് അക്കാദമി

 കലാസാംസ്‌കാരിക രംഗത്തെ നൂതന സങ്കല്പങ്ങൾ കോർത്തിണക്കി കലാപഠനരംഗത്ത് കലാകേന്ദ്ര ഫൈൻ ആർട്‌സ് അക്കാദമി 1986 ൽ തുടക്കം കുറിച്ചു. സുകുമാരകലകൾക്ക് ശാസ്ത്രീയപരിശീലനം നൽകുന്നതും തൊഴിലധിഷ്ഠിത കലാപഠനം നടത്തുന്നതുമായ കേരളത്തിലെ അപൂർവ്വം ഗവ.അംഗീകൃത സ്ഥാപനങ്ങളിൽ ഒന്നാണ് കലാകേന്ദ്ര. മൂവാറ്റുപുഴയിലെ ഏകസ്ഥാപനവും. പരിശീലനത്തിലൂടെ ഒട്ടനവധി പേർക്ക് ഒരു തൊഴിൽമേഖല ഈ സ്ഥാപനത്തിലൂടെ ലഭിച്ചിട്ടുളളതും പുത്തൻതലമുറയിൽപ്പെട്ട പല കലാകാരന്മാരും കലാകേരളത്തിന് സംഭാവന ചെയ്യുവാൻ കഴിഞ്ഞിട്ടുള്ളതും അഭിമാനത്തോടെ ഈ വേളയിൽ സ്മരിക്കുന്നു.

ഒരു കലാസ്ഥാപനം അതിന്റെ നാലുചുമരുകളിൽ ഒതുങ്ങാതെ മൂവാറ്റുപുഴയുടെ കലാ-സാംസ്‌കാരിക സാമൂഹിക രംഗങ്ങളിലുള്ള സജീവപങ്കാളിത്തം കലാകേന്ദ്രയെ ശ്രദ്ധേയമാക്കി. ജനങ്ങളിൽ ആസ്വാദനനിലവാരം ഉയർത്തുന്നതിനും പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനും ശാസ്ത്രീയകലകളെ പരിചയപ്പെടുത്തുന്നതിനും അതിവിപുലമായ ഒട്ടനവധി പരിപാടികൾ ഇതിനോടകം സംഘടിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

കലാകേന്ദ്രയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയുടെ സാംസ്‌കാരിക രംഗങ്ങളെ സമ്പന്നമാക്കിയ പരിപാടികളിൽ ആദ്യത്തേതായിരുന്നു 1989 മാർച്ച് മാസത്തിൽ മൂവാറ്റുപുഴയുടെ ചരിത്രത്തിലാദ്യമായി അഖിലകേരളാടിസ്ഥാനത്തിൽ പ്രശസ്ത ചിത്രകാരന്മാരുടെ ചിത്രങ്ങൾ കോർത്തിണക്കി ചിത്രപ്രദർശനം സംഘടിപ്പിച്ചത്. തുടർന്ന് തിരുമാറാടിയിൽ വച്ച് സംഘടിപ്പിച്ച ചിത്രപ്രദർശനം ആധുനികചിത്രകലയെ ഗ്രാമങ്ങളിലേയ്ക്ക് കൂടി എത്തിക്കുന്നതിനുള്ള തുടക്കമായിരുന്നു.1990 ജനുവരി 10 ന് സംഘടിപ്പിച്ച ഏകദിന വാട്ടർകളർ ചിത്രകലാ ക്യാമ്പ് തൃപ്പൂണിത്തുറ ഗവ.ആർ.എൽ.വി.കോളേജ് ഓഫ് ഫൈൻ ആർട്‌സ് ആന്റ് പെയിന്റിംഗ് വിഭാഗം തലവൻ ശ്രീ.പൂജപ്പുര സുകു ഉദ്ഘാടനം ചെയ്തു.

1990 മാർച്ച് മാസത്തിൽ ആർ.എൽ.വി ബാബുരാജിന്റെ സംഗീതകച്ചേരി അവതരിപ്പിച്ചു. 1991 മെയ് 3ന് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ജോൺ എബ്രാഹമിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. 1992 ഫെബ്രുവരി  ആദ്യവാരം വാഗമൺ ആശാസദനത്തിൽ വച്ച് ഏകദിന ചിത്രരചനാ ക്യാമ്പ് നടന്നു. ഇതേവർഷം ഏപ്രിൽ മാസത്തിൽ മൂവാറ്റുപഴയിൽ വച്ച് നടത്തിയ ഭാരതീയപൈതൃകത്തെക്കുറിച്ചുള്ള സിമ്പോസിയത്തിൽ ശ്രീ.ഇയ്യങ്കോട് ശ്രീധരൻ, ജി.അഴീക്കോട് എന്നിവർ പങ്കെടുത്തു.

1994 ജനുവരി 12ന് കവിതാക്യാമ്പ് സംഘടിപ്പിക്കുകയും പ്രശസ്തകവി ശ്രീ.ചെമ്മനം ചാക്കോ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. സംസ്ഥാന യുവജനമേളയിൽ കലാകേന്ദ്ര വിദ്യാർത്ഥിനിയായിരുന്ന സുധി സംസ്ഥാന പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടത് ഈ സ്ഥാപനത്തിന്റെ പ്രശസ്തി സംസ്ഥാനത്താകെ പരത്തിയെന്നുള്ളത് എടുത്തുപറയത്തക്ക കാര്യമാണ്. 1994 ഫെബ്രുവരി മാസത്തിൽ കുട്ടൻ ചങ്ങനാശ്ശേരിയും കൂട്ടരും അവതരിപ്പിച്ച നാടൻപാട്ടും ആർ.എൽ.വി രാധാകൃഷ്ണന്റെ കഥകളി ഡെമോൺസ്‌ട്രേഷനും ഏറെ ചർച്ചക്ക് വിധേയമായ രണ്ട് പരിപാടികളാണ്. 1994 അവസാനത്തിൽ മാവേലിക്കര രവിവർമ്മ ഇൻസ്റ്റിറ്റ്യൂട്ടിലെ ചിത്രകലാ വിദ്യാർത്ഥിയും സംസ്ഥാന ശില്പശാല അവാർഡ് ജേതാവും കലാകേന്ദ്ര മുൻവിദ്യാർത്ഥിയുമായിരുന്ന ശ്രീ.സാജു മണ്ണത്തൂരിന്റെ ചിത്രപ്രദർശനം സംഘടിപ്പിച്ചു. 1995 മെയ് അവസാനവാരം ശ്രീ.ജോണി മിഖായേലിന്റെ ചിത്രപ്രദർശനം സംഘടിപ്പിച്ചു. ഇതേവർഷം നവംബർ 14ന് ശിശുദിനത്തോടനുബന്ധിച്ച് അഖിലകേരളാടിസ്ഥാനത്തിൽ കുട്ടികൾക്കായി നടത്തിയ ബാലചിത്ര 95 ചിത്രകലാക്യാമ്പിൽ 800 ഓളം കുട്ടികൾ പങ്കെടുത്തു. പ്രശസ്തചിത്രകാരൻ ശ്രീ.എം.വി.ദേവൻ ചിത്രകലാക്യാമ്പ് ഉദ്ഘാടനം ചെയ്തു. 1997 ജനുവരിയിൽ ശ്രീ.സാജു തുരുത്തിലിന്റെ ചിത്രപ്രദർശനം നടന്നു. കലാകേന്ദ്ര സംഗീത വിഭാഗം അവതരിപ്പിച്ച സംഗീതപരിപാടി ആകാശവാണി തൃശ്ശൂർനിലയം സംപ്രേക്ഷണം ചെയ്തു. സ്വാതന്ത്ര്യ ജൂബിലിയുടെ ഭാഗമായി 1997 ഒക്‌ടോബർ 29ന് നേതാജി സുഭാഷ് ചറൻ#്ദബോസും ജീവിതവും എന്ന വിഷയത്തെ കുറിച്ചുള്ള ചിത്രപ്രദർശനം അനവധിയാളുകളെ ആകർഷിച്ചു. നൂതനപരിപാടികളുടെ സങ്കലപ്ങ്ങളുമായി സാംസ്‌കാരിക രംഗത്ത് നിറഞ്ഞുനിൽക്കുവാൻ കലാകേന്ദ്ര തുടർന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നു.

കോഴ്‌സുകൾ

ചിത്രകലയ്ക്കു പുറമേ സംഗീതം, നൃത്തം എന്നീ സുകുമാരകലകളിലും എംബ്രോയിഡറി ഡിസൈൻ, ഫേബ്രിക് ഡിസൈൻ, കാർപ്പന്ററി ഡിസൈൻ എന്നീ ക്രാഫ്റ്റ് വിഭാഗങ്ങളിലും അതാതുകലകളിൽ പ്രാഗത്ഭ്യം തെളിയിച്ച അദ്ധ്യാപകഇ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു. ചിത്രകലാ വിഭാഗത്തിൽ ഡ്രോയിംഗ് ആന്റ് പെയിന്റിംഗ്, പരസ്യകല, ശില്പകല, ഡെക്കറേറ്റീവ് ഡിസൈൻ മുതലായ കലാപഠനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ചിത്രകലയിൽ കേരള ഗവണ്മെന്റ് സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻ (കെജിസിഇ  ഇൻ ഫൈൻ ആർട്‌സ്) എന്ന ഗവ.അംഗീകൃത ദ്വിവത്സര ഡിപ്ലോമ കോഴ്‌സിൽ ഡ്രോയിംഗ് ആന്റ് പെയിന്റിംഗിനൊപ്പം പരസ്യകലയും പരിശീലിപ്പിക്കുന്നു. കേരള ഗവണ്മെന്റ് ടെക്‌നിക്കൽ എക്‌സാമിനേഷൻ (എംജിടി ഇൻ ഫൈൻ ആർട്‌സ്) എന്നീ കോഴ്‌സുകളും നടത്തിവരുന്നു. കെജിസിഇ ഇൻ ഫൈൻ ആർട്‌സ് ആന്റ് അനിമേഷൻ എന്ന ഗവ.അംഗീകൃത ദ്വിവത്സര ഡിപ്ലോമ കോഴ്‌സ് സ്‌കൂൾ ടീച്ചർ നിയമനത്തിനു മതിയാ യോഗ്യതയാണ്. പരസ്യകലയും ശില്പകലയും ഡെക്കറേറ്റീവ് ഡിസൈനിംഗും പരിശീലിപ്പിക്കുന്നതു കൊണ്ട് ഗവണ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ മറ്റ് ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിൽസംബന്ധമായി ഏറെ ഗുണം ചെയ്യുന്നു. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിൽപോലും തൊഴിൽസാദ്ധ്യതയുള്ള ഈ കോഴ്‌സിൽ രണ്ട് റെഗുലർ ബാച്ചുകളാണ് ഉള്ളത്.

സംഗീതവിഭാഗത്തിൽ ശാസ്ത്രീയസംഗീതം, ലളിതസംഗീതം, കഥകളി സംഗീതം, വയലിൻ, വീണ, മൃദംഗം, തബല, ചെണ്ട, ഫ്‌ളൂട്ട്, ഓർഗൻ, ഗിത്താർ, ഡ്രംസ് എന്നിവയിലും പരിശീലനം നൽകിവരുന്നു. സംഗീതത്തിൽ ഉന്നതവിദ്യാഭ്യാസം നേടിയവരാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നത്. ഗാനഭൂഷൺ കോഴ്‌സിന്റെ പാഠ്യപദ്ധതി അടിസ്ഥാനപ്പെടുത്തിയാണ് ക്ലാസ്സുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

കേരളീയ നൃത്തശില്പവിഭാഗത്തിൽ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടിനൃത്തം തുടങ്ങിയ നൃത്തകലകളിൽ കേരള കലാമണ്ഡലം കോഴ്‌സിന്റെ പഠനരീതിയാണ് പിന്തുടരുന്നത്. പൂർണ്ണ അർത്ഥത്തിൽ ഒരു നൃത്തവിദ്യാലയത്തിന്റെ അന്തരീക്ഷത്തിലാണ് ക്ലാസ്സുകൾ നടത്തുന്നത്.

സിനിമാറ്റിക് ഡാൻസ് ഭാരതീയ നൃത്തകലകളുടെ ചുവടുപിടിച്ച് പാശ്ചാത്യനൃത്തത്തിന്റെ പുത്തൻരീതിയിൽ അവതരിപ്പിക്കുന്ന നൃത്തമായ സിനിമാറ്റിക് ഡാൻസ് ചുരുങ്ങിയ സമയപരിധിയ്ക്കുള്ളിൽ സ്വായത്തമാക്കുവാനുള്ള ക്ലാസ്സുകൾ കൂടി നൃത്തവിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കാർപ്പന്ററി ഡിസൈൻ, ഫേബ്രിക് ഡിസൈൻ, എംബ്രോയ്ഡിറി ഡിസൈൻ തുടങ്ങിയ ക്രാഫ്റ്റ് വിഭാഗത്തിലുള്ള ക്ലാസ്സുകൾ തൊഴിൽ സംബന്ധമായി  പുതിയ അറിവുകൾ ലഭിക്കുന്നതിനും തൊഴിൽസംബന്ധമായി പുതിയ അറിവുകൾ ലഭിക്കുന്നതിനും തൊഴിൽരംഗത്ത് പുതിയ അർത്ഥതലങ്ങൾ സൃഷ്ടിക്കാൻ കഴിയുമാറ് വിദ്യാർത്ഥികൾക്ക് കിട്ടുന്ന ഒരവസരവുമാണ് കലാകേന്ദ്ര. 

യോഗാസനം- ആരോഗ്യവും സൗന്ദര്യവും ഉന്മേഷവും നിലനിർത്തുന്നതിനുള്ള ഉപാധികൾ തുടങ്ങി ദീർഘായുസ്സ് നൽകുന്നതിനുള്ള പരിശീലനങ്ങൾ യോഗാസന ക്ലാസ്സിലൂടെ നേടുന്നതിനുള്ള അവസരം ഒരുക്കിയിരിക്കുന്നു.

കേരള സംഗീത നാടക അക്കാമദിയിൽ അഫിലിയേഷൻ നേടുന്നതിന് കലാകേന്ദ്രയ്ക്ക് കഴഞ്ഞിട്ടുണ്ട്. കേരളത്തിൽ ഇത്രയും കലാമാദ്ധ്യമങ്ങൾ പഠിപ്പിക്കുന്ന അംഗീകൃത വിദ്യാഭ്യാസസ്ഥാപനങ്ങൾ വിരളമാണ്. ആധുനിക കലാമാദ്ധ്യമങ്ങൾ പഠിപ്പിക്കുകയും അവയെ പരിചയപ്പെടുത്തുകയും ആന്തരികസൗന്ദര്യത്തിലേക്ക് ആഴ്ന്നിറങ്ങിച്ചെന്ന് ആസ്വാദനത്തിന്റെ നൈതീകതലങ്ങൾ സ്പർശിക്കുവാൻ പ്രാപ്തമാക്കുകയും ചെയ്യുന്ന ഒരു കലാവിദ്യാലയമാണ് കലാകേന്ദ്ര. പിന്നിട്ട പാതയിലൂടെ കണ്ണോടിക്കുമ്പോൾ അഭിമാനിക്കാവുന്ന അനവധി കലാ-സാംസ്‌കാരിക പരിപാടികൾ നടത്തി കലാകേന്ദ്ര ജൈത്രയാത്ര തുടരുകയാണ്. കഴിഞ്ഞ കാലങ്ങളിൽ നൽകിവന്ന സഹകരണം തുടർന്നുള്ള പ്രവർത്തങ്ങളിലും പ്രതീക്ഷിച്ചുകൊള്ളുന്നു.

 
Tags: 
Tweet