മൂവാറ്റുപുഴയെക്കുറിച്ചോർക്കുമ്പോൾ എന്തൊക്കെയാണ് എന്റെ മനസ്സിൽ അതിന്റെ ചിഹ്നങ്ങളായി തെളിയുന്നത് ?
മൂവാറ്റുപുഴയുടെ ചരിത്രം എവിടെ തുടങ്ങുന്നുവെന്നും അതിന്റെ സാംസ്‌കാരിക പാരമ്പര്യം എവിടം തൊട്ടാണെന്നും എനിക്കറിയില്ല. തീർച്ചയായും ആലോചിക്കാൻ കൊള്ളാവുന്ന ഒരു വിഷയമാണ് അത്.
വിശുദ്ധമായ ഒരു ത്രിവേണിസംഗമത്തിന്റെ കരയിൽ ഒരു ഗ്രാമത്തിന്റെ ഹൃദയസൗന്ദര്യത്തോടെ നിലകൊള്ളുന്ന ഈ നഗരത്തിന്റെ ആകാശവിതാനങ്ങളിൽ നിന്ന് ഞാൻ മനുഷ്യസാഹോദര്യത്തിന്റെ സങ്കീർത്തനം കേൾക്കുന്നു. പുഴക്കരക്കാവിലെ പൂജാമന്ത്രങ്ങളുടെയും കാവുങ്കര മുസ്ലീംപള്ളിയിലെ വാങ്ക് വിളിയുടെയും പോസ്റ്റാഫീസ് ജംഗ്ഷനിലെ ക്രിസ്ത്യൻ പള്ളിയിലെ പ്രാർത്ഥനയുടെയും സ്വാന്തനം കുറേനാൾ ഞാനും അനുഭവിച്ചതാണ്.
ഒരിക്കൽ ഹൈസ്‌കൂൾ ക്ലാസ്സിൽ മലയാളം പഠിപ്പിക്കുമ്പോൾ മുരിങ്ങമറ്റത്തിലെ മത്തായിസാറു പറഞ്ഞു
"ശങ്കരക്കുറുപ്പും ഞാനും സതീർത്ഥ്യരായിരുന്നു കുറെക്കാലം മൂവാറ്റുപുഴയിൽ. അന്നോക്കെ ഒഴിവുനേരങ്ങളിൽ ശിവൻകുന്നിന്റെ ചരുവിൽ ധ്യാനനിരതനായി ഇരിക്കാറുള്ളത് ഞാൻ ഓർക്കുന്നു."
കുറെനാളുകൾക്കുശേഷം ഞാനും ശിവൻകുന്നിലെത്തി. അവിടെയിരുന്ന് ഞാൻ അഭയത്തിന്റെ നിമിഷങ്ങൾ ധ്യാനിച്ചെടുത്തു.
ഇപ്പോൾ ഞാൻ ഗ്രഹാതുരത്വത്തോടെ ഓർക്കുന്നു.
കുറേനാൾ ആ നഗരം എനിക്ക് അഭയം തന്നു. എന്നെയും ആ നഗരം ആ സ്‌നേഹത്തിന്റെ ശീതളച്ഛായയിൽ ചേർത്തുനിർത്തി.
മൂവാറ്റുപുഴയാറിന്റെ തീരങ്ങളും ശിവൻകുന്നിന്റെ താഴ്‌വാരകളും എനിക്ക് ഏകാന്തതയുടെ നിമിഷങ്ങൾതന്നു.
പിന്നെ വർഷം കുറേക്കഴിഞ്ഞു. എന്നിട്ടും എന്റെ ഗ്രാമത്തിലേയ്ക്ക് എന്നപോലെ എന്റെ മനസ്സ് ഇടയ്ക്ക് ഇടയ്ക്ക് മൂവാറ്റുപുഴയിലേയ്ക്ക് മടങ്ങിചെല്ലുന്നു.
എന്തുകൊണ്ട് ?
ഒറ്റ ഉത്തരമേയുള്ളൂ എനിക്ക്.
ഓർക്കുമ്പോൾ എന്റെ ഗ്രാമംപോലെ ആ നഗരവും എന്റെയായിത്തീരുന്നു.
ഇടവേളകൾക്കുശേഷം മടങ്ങിച്ചെല്ലുമ്പോൾ ആ നഗരം നിശ്ശബ്ദമായി എന്നോടുചോദിക്കുന്നു.
"ഇല്ല. മറക്കില്ല. എന്റെ എന്നു തോന്നിപ്പിച്ച ഒന്നിനെയും ഞാൻ മറക്കില്ല."
കഴിഞ്ഞതവണ ഞാൻ ചെന്നപ്പോൾ മൂവാറ്റുപുഴയുടെ മനസ്സ് മ്ലാനമായിരുന്നു.
വലിയപാലത്തിന്റെ അരികിൽ നിന്നു ഞാൻ ദൂരേയ്ക്കു നോക്കി.
അവിടെ നിൽക്കുമ്പോൾ പുഴക്കരക്കാവിന്റെയും വെള്ളൂർക്കുന്നത്തമ്പലത്തിന്റെയും നടയിൽ നിൽക്കുംപോലെ തോന്നും എനിക്ക്.
കിഴക്കൻ അണക്കെട്ടൊഴുക്കിവിടുന്ന വെള്ളം കൊണ്ട് പുഴ നിറഞ്ഞുകിടക്കുന്നു.
ഈ പുഴ എന്റെ പണ്ടത്തെ പുഴയല്ല.
വെള്ളൂർക്കുന്നത്ത് അമ്പലത്തിന്റെ പടിഞ്ഞാറുവശത്ത് പുഴ വളഞ്ഞൊഴുകാൻ തുടങ്ങുന്നിടത്ത് കൊഴുത്ത പച്ചപ്പോടെ ഉണ്ടായിരുന്ന വൃക്ഷഛായകളെവിടെ ?
അവിടെ വേനൽക്കാലങ്ങളിൽ കുളിര് തേടി എത്താറുള്ള ദേശാടനക്കിളികളെവിടെ ?
മൂവാറ്റപുഴയുടെ മനസ്സ് ഇപ്പോൾ മ്ലാനമായിരിക്കുന്നു.
മകൻ മരിച്ച അമ്മയുടെ ദുഃഖത്തോടെ.
ഞാൻ നഗരത്തോട് ചോദിച്ചു;
"എന്തിനാ സങ്കടപ്പെടുന്നെ"
തേങ്ങലടക്കികൊണ്ട് നിശബ്ദമായി മൂവാറ്റുപുഴ പറഞ്ഞു.
"എന്റെ മന്മഥൻ പോയി"-
പെട്ടെന്ന് ഒരു നടുക്കത്തോടെ ഞാനും ഓർക്കുന്നു.
ആ വ്യസനവും നഷ്ടബോധവും മനസ്സിലൊതുക്കികൊണ്ടാ ഇല്ലേ ഞാൻ വന്നത്.
നന്മകളൊക്കെയും മൺമറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് എല്ലാവരും വ്യസനിക്കുന്ന ഈ അസുരകാലത്ത് നന്മകളുടെ സൂര്യനായി ജ്വലിച്ചുനിന്നിരുന്ന എം.പി.മന്മഥൻ.
എനിക്കങ്ങനെ പറയാൻ തോന്നുന്നു. മൂവാറ്റുപുഴയുടെ പൂർവ്വപുണ്യങ്ങളുടെ വരപ്രസാദമായിരുന്നു ആ വലിയ മനുഷ്യൻ.
ഇനി അങ്ങനെ ഓർക്കാനുണ്ടോ-മറ്റൊരാളെ, നന്മകളുടെ സൂര്യനായിട്ടൊരാളെ.
സത്യത്തിന്റെയും ധർമ്മത്തിന്റെയും ആദർശനിഷ്ഠയുടെയും വഴിയിൽ ഇറങ്ങിനിന്ന് വഴിതെറ്റിപ്പോകുന്ന സഹജരോട് ഇതിലേ ഇതിലേ എന്നുപറഞ്ഞിരുന്ന കർമ്മയോഗി. ഗുരുനാഥൻ, പുണ്യാത്മാവ്.
ഭൂമിയിൽ നിന്നു മടങ്ങിപ്പോയ ആ മകന്റെ ഓർമ്മയും ഒച്ചയും കാൽപ്പാടുകളും ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ട് മൂവാറ്റുപുഴ അശരണയായ ഒരമ്മയെപ്പോലെ വ്യസനം കടിച്ചൊതുക്കുന്നു.
പുഴയുടെ തീരം ചേർന്നുള്ള ഹോട്ടലിന്റെ മൂന്നാംനിലയിലെ ഒരു മുറിയിലാണ് ഞാൻ അന്നുരാത്രി താമസിച്ചിരുന്നത്. പുഴയിലേയ്ക്കും പുഴയുടെ തീരങ്ങളിലേയ്ക്കും തുറക്കുന്ന ജാലകത്തിനരുകിൽ അരണ്ട നിലാവും നോക്കി ഞാൻ വളരെനേരം നിന്നു.
പുഴയിലും പുഴയുടെ തീരങ്ങളിലും വെള്ളൂർക്കുന്നത്തമ്പലത്തിന്റെ പിന്നിലെ കുളിക്കടവിന്റെ ഒഴിഞ്ഞ കൽപ്പടവുകളിലും നിലാവു പെയ്യുന്നതു ഞാൻ കണ്ടു.
നഗരം ഉറങ്ങുകയാണോ?
അല്ല. ദുഃഖത്തിൽ മയങ്ങുകയാണെന്നാണ് എനിക്കുതോന്നിയത്. മകൻ മരിച്ച ദുഃഖം കൊണ്ടുപൊള്ളുമ്പോൾ അമ്മ എങ്ങനെ ഉറങ്ങും?
ഞാൻ നഗരത്തോടു പറഞ്ഞു.
"അദ്ദേഹം എങ്ങും പോയിട്ടില്ല. നമ്മോടുകൂടിയുണ്ട്. ചരിത്രത്തിന്റെയും കാലത്തിന്റെയും പെരുവഴിയിൽ ഒരു നാഴികക്കല്ലായി അല്ലെങ്കിൽ പ്രകാശഗോപുരമായി അദ്ദേഹം നില്പുണ്ട്."