പുഴയൊഴുകുന്ന ശബ്ദം !

അന്നത്തെ ജൂൺ 16 ഒരു കള്ളനെപ്പോലെയാണ് കടന്നുവന്നത്. വട്ടം കൂടിയിരുന്നു സംസാരിക്കുന്നവരെ ഓരോരുത്തരെയായി അവൻ സൂക്ഷ്മനിരീക്ഷണം നടത്തിയിട്ടുണ്ടാവാം. ഒടുവിലൊരാളെ അതും അറിയപ്പെടുന്ന ഒരു ജനനേതാവിനെ തട്ടിയെടുക്കാനുള്ള നിശ്ചയദാർഢ്യത്തോടെ ഉച്ചകഴിയുംവരെ കാത്തുനിന്നിരുന്നു.

അതെ, അന്നു ആരും കാണാതെ മാറിനിന്ന് സ.എസ്‌തോസിനെ തട്ടിയെടുത്തുകൊണ്ടുപോയ ആ ജൂൺ 16.

അന്നത്തെ ദിവസം സ.എ.പി.വർക്കി പങ്കെടുത്തു കൂടിയ ഏരിയാകമ്മിറ്റി യോഗം നടക്കുകയായിരുന്നു. പ്രധാന നേതാക്കൾ പങ്കെടുക്കുന്ന പാർട്ടിയോഗങ്ങൾ മിക്കവാറും മൂവാറ്റുപുഴയിലെ ഹോട്ടൽ ജനതയുടെ 57-ാം നമ്പർ മുറിയിലായിരുന്നു കൂടാറുണ്ടായിരുന്നത്.

എറണാകുളത്തു നടക്കുന്ന പാർട്ടി ജില്ലാസമ്മേളനം വിജയിപ്പിക്കുവാൻ മൂവാറ്റുപുഴയിലെന്തൊക്കെ ചെയ്തുവെന്നതിന്റെ പരിശോധനയാണ്. എപി വരുന്നതിനാൽ ആരും ആബ്‌സന്റല്ല.

ഇതിനു രണ്ടുമൂന്നു മാസങ്ങൾക്കു മുമ്പ് സ.എസ്‌തോസിന് അത്യന്തം ഗൗരവമേറിയ ഒരു ഹൃദയാഘാതം സംഭവിച്ചിരുന്നു. ഒറ്റ മിനിട്ടും പാഴാക്കാതെ അന്ന് കോട്ടയം മെഡിക്കൽ
കോളേജിലെത്തിച്ചു. ഒരു സംഘം വിദഗ്ദ്ധ ഡോക്ടർമാരുടെ തീവ്രപരിശ്രമം വഴിയാണ് അന്ന് ജീവൻ തിരിച്ചുകിട്ടിയത്.

ആഴ്ചകൾ നീണ്ട ആശുപത്രിവാസത്തിനു ശേഷം ഡിസ്ചാർജ്ജായി പോരുമ്പോൾ ഞാനും കൂടെയുണ്ടായിരുന്നു.

"അലഞ്ഞുതിരിഞ്ഞൊള്ള വർക്കൊന്നും കുറേനാളത്തേയ്ക്കു വേണ്ട. ്രപസംഗപരിപാടി ഒട്ടുംവേണ്ട. മനസ്സിന് ടെൻഷനോ പ്രയാസമോ ഉണ്ടാക്കുന്ന ഒന്നിലും തൽക്കാലം ചെന്നുചാടരുത്."

യാത്രപറഞ്ഞ് മുറിയിൽ നിന്നിറങ്ങുമ്പോൾ ചീഫ് കാർഡിയോളജിസ്റ്റ് തന്ന നിർദ്ദേശങ്ങളായിരുന്നു ഇത്. വീട്ടിലെത്തി കുറേ ആഴ്ചകൾ കർക്കശമായി ഇതുപാലിച്ചു. ഒന്നുരണ്ടു തവണ കോട്ടയത്ത് വീണ്ടും ചെക്കപ്പിനും പോയിരുന്നു.

"ജില്ലാസമ്മേളനത്തിന്റെ കാര്യമല്ലെ ! കൊറച്ചുസമയം ഇവ്‌ടെ വന്നിരിയ്ക്കാൻ എസ്‌തോസിനോടു പറ". മീറ്റിംഗ് ആരംഭിയ്ക്കും മുമ്പെ എപി നൽകിയ ഈ നിർദ്ദേശത്തെ മാനിച്ചാണ് എസ്‌തോസിനെ കൊണ്ടുവരാൻ ആളുപോയത്.

എല്ലാവർക്കും സന്തോഷമായി.

എപി അങ്ങിനെയായിരുന്നു. ഓരോ പാർട്ടി സഖാവിന്റെയും കഴിവും പോരായ്മകളും പ്രത്യേകം തിരിച്ചറിഞ്ഞ് അവരെ എന്തെന്തു ചുമതലകൾ ഏല്പിയ്ക്കാമെന്ന് ഗൃഹപാഠം ചെയ്യുന്ന കാരണവർ. ആരെയും ഒന്നിന്റെ പേരിലും അകറ്റി നിർത്താറില്ല. 

എല്ലാവരുടെയും കൂട്ടായ പ്രവർത്തനങ്ങൾക്കു വലിയ വില കല്പിച്ചിരുന്നു. നടക്കുന്നതു നടക്കട്ടെ എന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. കമ്മിറ്റി വളരെ സമയമെടുത്ത് ചർച്ച നടത്തും. ഓരോരുത്തരുടെയും അഭിപ്രായങ്ങൾ ശ്രദ്ധാപൂർവ്വം കേൾക്കും. അങ്ങിനെ കൂട്ടായി ചർച്ച ചെയ്തു കൈക്കൊള്ളുന്ന ഏതു തീരുമാനവും നടപ്പിലാക്കിയേ മതിയാവൂ എന്ന നിർബന്ധബുദ്ധിക്കാരൻ. ചർച്ച മാത്രം പോരാ എടുത്ത തീരുമാനം നടപ്പിലാക്കുമ്പോൾ ഓരോ സഖാവും വ്യക്തിപരമായി തന്റേതായ പങ്കുവഹിച്ചേ മതിയാവു എന്ന കർക്കശക്കാരൻ.

ജില്ലാസമ്മേളനം സംബന്ധിച്ച് ഓരോ പാർട്ടിഘടകവും എന്തെന്തു ്രപവർത്തനങ്ങൾ ഇതുവരെ നടത്തി എന്നു മിക്കവാറും പേര് പറഞ്ഞുകഴിഞ്ഞു. സ.ടി.കെ.ബാലകൃഷ്ണൻ നായർ (മണി) വിശദമായി റിപ്പോർട്ടിംഗ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ചർച്ച നടത്തുമ്പോൾ വളരെ മൂർച്ചയേറിയ വാക്കുകൾ ്രപയോഗിക്കുന്ന ആളായിരുന്നു സ.മണിയൻ പിള്ള. കമ്മിറ്റി യോഗങ്ങളിൽ ആരെക്കുറിച്ചാണെങ്കിലും നിർഭയമായി അഭിപ്രായം പറയുകയും അതിന്റെ പേരിൽ ആരോടും വ്യക്തിപരമായ വിരോധം ഉള്ളിൽ സൂക്ഷിക്കാത്ത പ്രത്യേകതയാർന്ന ശീലവും സ.മണിയ്ക്കുണ്ടായിരുന്നു.

സ.മണിയുടെ ചർച്ച നടക്കുന്ന സമയത്ത്‌ ലേശം പരുങ്ങലോടെ ഞാനെഴുന്നേറ്റു.

"എന്താ കാര്യം"? എപിയുടെ ചോദ്യം.

"കീഴില്ലത്ത് ഡിവൈഎഫ്‌ഐയുടെ ഒരു പൊതുയോഗം. രണ്ടാഴ്ച മുമ്പെ ഞാനേറ്റതാണ്."

"പാർട്ടികമ്മിറ്റിയുടെ വിവരം വന്നപ്പോൾ മാറ്റിവയ്ക്കാൻ പറയാമ്മേലാരുന്നോ "?

എപിയുടെ കടുപ്പിച്ചുള്ള ചോദ്യം.

"അവരു നോട്ടീസടിച്ചു പോയി. ഞാൻ വിവരം പറഞ്ഞു. അവർക്കു വേറെ ആരേം കിട്ടീല്ലെന്ന് ഇന്നലെ വീണ്ടും വിളിച്ചുപറഞ്ഞു."

വളരെ വിനീതനായി ഞാനെല്ലാവരേയും നോക്കി.

"ഗോപി റിപ്പോർട്ട് ചെയ്തല്ലോ. അയാള് മീറ്റിംഗിന് പോട്ടെ". സ.എസ്‌തോസ് പറഞ്ഞതോടെ സംഗതി തീരുമാനമായി. 

ഇടിമിന്നലോടെ മഴപെയ്യാനുള്ള ഒരുക്കം. അന്തരീക്ഷത്തിൽ പകൽ മാഞ്ഞു. നേരിയ തോതിൽ മഴയാരംഭിച്ചു.

കിഴില്ലം വഴി പെരുമ്പാവൂർക്കുള്ള ഒരു ബസ്സുപോയി. ചവിട്ടുപടിയിൽ വരെ ആളുതൂങ്ങിക്കിടക്കുന്നു. അടുത്ത ബസ്സിൽപോകാം. ഞാൻ ബസ് സ്‌റ്റോപ്പിൽ ബസ് കാത്തുനിന്നു. ജനതാ ലോഡ്ജിൽ നിന്നും പ്യാരി സ്റ്റുഡിയോയുടെ മുന്നിലൂടെ മെയിൻറോഡിനെ ബന്ധപ്പെടുത്തുന്ന ഒരു ചെറിയ വഴിയുണ്ട്. അതുവന്നു
ചേരുന്നയിടത്തിന് തൊട്ടടുത്തായി ഉഷാപിള്ളയുടെ പൊകലക്കടയുണ്ട് അതിനുമുന്നിലെ വെയിറ്റിംഗ് ഷെഡ്ഡിൽ ബസ്സു കാത്തിനില്പായിട്ട് അരമണിക്കൂറോളം ആയിട്ടുണ്ട്.

ചന്നംപിന്നം മഴ പെയ്തുകൊണ്ടേയിരുന്നു. പെട്ടെന്നാണ് താഴെയുള്ള ചെറിയറോഡിൽ നിന്നും തുടരെ ഹോണടിച്ച് ലൈറ്റിട്ട് 5507 അമ്പാസിഡർ കാർ പാഞ്ഞുവന്നു വലത്തോട്ടു തിരിഞ്ഞു. ഞാൻ നെഞ്ചിടിപ്പോടെ വണ്ടിയ്ക്കകത്തേക്കു പാളിനോക്കി.
സ.എസ്‌തോസ് ആരുടെയോ തോളിലേയ്ക്കു ചാഞ്ഞുകിടക്കുന്നു. അതിനു പിന്നാലെ തൊട്ടുചേർന്നു ഒരു ജീപ്പും ലൈറ്റിട്ടുകേറി വന്നു. രണ്ടുമൂന്നു സഖാക്കൾ. ഡ്രൈവർ എന്നെക്കണ്ട് വണ്ടി ബ്രേയ്ക്കിട്ടു നിർത്തി.

"കേറ്"

ഞാൻ പിന്നിലെ ചവിട്ടുപടി വഴി ചാടി അകത്തുകേറി.

വണ്ടി പറക്കുകയായിരുന്നു.

ആകെ ഒരു വിറയൽ ! വല്ലാത്ത സംഭ്രമം !!

മൂന്നോ നാലോ മിനിട്ടെടുത്തു കാണും. വണ്ടി മൂവാറ്റുപുഴ സർക്കാർ ആശുപത്രി കോമ്പൗണ്ടിലെത്തി.

എസ്‌തോസിനെ വാരിക്കൂട്ടിയെടുത്ത് കട്ടിലിൽ കിടത്തി. ഡോക്ടർമാരും മറ്റു ജീവനക്കാരും ഓടിയെത്തി വട്ടമിട്ടു നിന്നു.

ഡോക്ടർ പരിശോധന പൂർത്തിയാക്കി ആകെ ഒന്നു നോക്കി.

"കഴിഞ്ഞു. !!!"

കൂടി നിന്ന ഞങ്ങൾക്കാർക്കും വിശ്വസിക്കാനായില്ല.

നാലഞ്ചു ദശാബ്ദങ്ങൾ എല്ലാ ്രപതിബന്ധങ്ങളെയും അതിജീവിച്ചു കിഴക്കൻമേഖലയിൽ പാർട്ടികെട്ടിപ്പടുക്കാൻ നിരന്തരമായി പ്രവർത്തിച്ച സ.പി.പി.എസ്‌തോസ് ഓർമ്മയായി.

അന്തരീക്ഷം മെല്ലെ ശാന്തമായപ്പോൾ സ.പി.എം.ഇസ്മയിലിനോട് ഞാൻ ചോദിച്ചു.

"എന്താണുണ്ടായത് സഖാവെ"?

"താൻ പോകുമ്പോഴും ചർച്ച നടക്ക്വായിരുന്നല്ലൊ ! കമ്മിറ്റി തീർന്നട്ടൊണ്ടായിരുന്നില്ല. പെട്ടെന്നാണ് സഖാവ് ചെരിഞ്ഞു ചെരിഞ്ഞ് സ.എപിയുടെ ദേഹത്തോട് ചാഞ്ഞു കിടന്നത്‌. ഞങ്ങളു നടുങ്ങിപ്പോയി. എല്ലാരും കൂടി താങ്ങിയെടുത്ത് വണ്ട്യേക്കേറ്റി വിട്ടുപോന്നു. പക്ഷേ ഫലമുണ്ടായില്ലെടോ. "

സ.ഇസ്മയിലിന്റെ കണ്ണുകൾ നിറഞ്ഞു! എന്റെയും !!

ജീവന്റെ അവസാനതുടിപ്പുവരെ
ചെങ്കൊടിയേന്തി നിന്ന സ.പി.പി.എസ്‌തോസിന്റെ
ഓർമ്മയ്ക്കു മുമ്പിൽ
ഒരുപിടി ചുവന്ന പൂക്കൾ!

Tweet