മര്യാദക്കാരനായ കള്ളൻ

വണ്ടി രാത്രി പതിനൊന്നരയോടു കൂടി എത്തി. പതിനൊന്നു മണിക്ക് മൂവാറ്റുപുഴ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള കെഎസ്ആർടിസി എക്‌സ്പ്രസ്സാണ്‌. പിറവത്തു താമസിക്കുമ്പോൾ കൂത്താട്ടുകുളത്തു വന്നാണ് ബസ്സിൽ കേറുന്നത്. നേരത്തെ തന്നെ ഫോണിൽ എംഎൽഎ പാസ്സ് നമ്പർ പറഞ്ഞാൽ മതി. എത്ര തിരക്കുണ്ടെങ്കിലും ഒരു സീറ്റൊഴിച്ചിടും.

രണ്ടുപേർക്കുള്ള സീറ്റിനടുത്തേക്ക് ഞാനെത്തുമ്പോഴെ ഇടതുവശം ചേർന്നിരുന്ന മധ്യവയസ്‌കൻ എന്റെ സീറ്റൊഴിഞ്ഞു തന്നു. പാന്റ്‌സും ഇൻസർട്ട് ചെയ്ത സ്ലാക്കും ധരിച്ച് കാഴ്ചയിൽ മാന്യനായ അയാൾ എന്നെ നോക്കി പുഞ്ചിരിച്ചു. 

"സാറു തിരുവനന്തപുരത്തേക്കാണോ?" അയാൾ ചോദിച്ചു.

"അതെ നാളെ തിങ്കളാഴ്ചയല്ലേ നിയമസഭയുണ്ട്. ഈ വണ്ടിയ്‌ക്കൊള്ള ഗുണം, എന്തുവന്നാലും മൂന്നര നാലാവുമ്പോ തിരുവനന്തപുരത്തെത്തും. പിന്നെ കുറച്ചുനേരം കെടക്കാം. രാവിലെ എട്ടരക്ക് അസംബ്ലീ പോയാ മതീല്ലോ."

കണ്ടക്ടർ അടുത്തേക്ക് വന്നു. പരിചയമില്ലാത്തയാളാണ്, ഞാനുടനെ പാസ്സെടുത്തു കയ്യിലേക്കു കൊടുത്തു. ശ്രദ്ധാപൂർവ്വം പാസ്സുനോക്കി നമ്പർ നോട്ടു ചെയ്തു. ക്യാഷ് ബാഗ് കക്ഷത്തിലിറുക്കിപ്പിടിച്ച് ടിക്കറ്റ് റാക്ക് നെഞ്ചോടുചേർത്തു കണ്ടക്ടർ ഒരു നല്ല നമസ്‌കാരം തന്നു. കൂടെ പാസ്സും മടക്കിയേൽപ്പിച്ചു.

"ഒന്നുനോക്കട്ടെ" എന്നോടു ചേർന്നിരുന്ന മധ്യവയസ്‌കൻ കൈനീട്ടി. 
"വെറുതെ നോക്കീതെയുള്ളൂ. എംഎൽഎ പാസ്സ് ഞാൻ നേരത്തെ കണ്ടിട്ടില്ല."അയാളത് തിരിയെ തന്നു.

"ഓ ഇതൊരു ഐഡന്റിറ്റി കാർഡാ. എല്ലാ കെഎസ്ആർടിസി ബസ്സിലും യാത്ര ചെയ്യാം." ഞാൻ പറഞ്ഞു.

"സാറെന്നെ ഓർക്കുന്നുണ്ടോന്നറിയില്ല. ഒത്തിരി ആളെ ദെവസോം കാണുന്നയാളല്ലെ എന്റെ പേര് സുകുമാരനെന്നാ"

"പേരങ്ങു വിട്ടുപോയി. ആളെ നന്നായി അറിയാം."

എംഎൽഎയ്ക്കറിയില്ലെന്നു പറഞ്ഞാൽ കുഴപ്പം. ഇങ്ങോട്ടു ചെറുതായൊന്നു നോക്കി ചിരിക്കാൻ തുടങ്ങും മുമ്പെ അങ്ങോട്ടുകേറി ഹാ ഇതെവിടെ പോണു കണ്ടിട്ടു കുറച്ചു നാളായല്ലോ തുടങ്ങി യാതൊരു അർത്ഥവുമില്ലാത്ത കുറേ ചോദ്യങ്ങൾ. അതല്ലെങ്കിൽ പറയും വോട്ടുചോദിക്കാൻ വന്നപ്പോൾ എന്തൊരു എളിമയായിരുന്നു. ഇപ്പോ കണ്ടാലറിയില്ല. ജയിച്ചുപോയിട്ട് ആറുമാസം കഴിഞ്ഞില്ല. ദേ ഇപ്പോ പുള്ളിക്കാരന് എന്താ ഗമ. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന എംഎൽഎമാർക്കെല്ലാം ഒരേ ചിന്ത ആയിരിക്കണമെന്നില്ല. എന്തായാലും ഒരുഘട്ടം കഴിഞ്ഞപ്പോൾ എന്നെ നോക്കി ചിരിക്കുന്ന എല്ലാവരും പിറവം മണ്ഡലത്തിലുള്ളവരായിരിക്കണമെന്ന ചിന്ത എന്നെ പൂർണ്ണമായും വലയം ചെയ്തിരുന്നു. അറിയില്ലല്ലോ മനസ്സിലായില്ല പിടി കിട്ടുന്നില്ല ഓർമ്മിക്കുന്നില്ല തുടങ്ങിയ എതെങ്കിലുമൊരു വാക്കുപറയുന്നതേ തന്നെ നന്ദികേടും വെറുതെ വിരോധം വിലയ്ക്കുവാങ്ങുന്ന എർപ്പാടുമായി മാറുമെന്ന തോന്നൽ. 

"എന്റെ വീട് പെരുമ്പിള്ളീലായിരുന്നു. മുളന്തുരുത്തിയപ്പുറെ. ഇപ്പൊ ഞാനത് വിറ്റു. എനിക്കു ജോലി പള്ളിപ്പുറം മിലിട്ടറി ക്യാമ്പിലാ. ഭാര്യ മണ്ണന്തല ഗവണ്മെന്റ് പ്രസ്സിലും. ഇപ്പൊ താമസം ഞങ്ങള് വഞ്ചിയൂരാ. എലക്ഷൻകാലത്ത് സാറിന്റെ സ്വീകരണം ഞങ്ങടെ വീടിനടുത്താ കവലേലായിരുന്നു. ഞങ്ങളൊക്കെ സാറിനാ വോട്ടു ചെയ്തത്."

ഇങ്ങനെയുള്ള ഒരാളെ അറിയില്ലെന്നു പറയാതിരുന്നതും വീടും ജോലിയുമൊക്കെ ചോദിക്കാതിരുന്നതും വളരെ നന്നായിയെന്ന് ഉള്ളിൽ തോന്നി. എല്ലാം നേരത്തെ തന്നെ എനിക്കറിയാമായിരുന്നു എന്ന ഭാവത്തിൽ ഞാൻ ഇരുന്നു. 

"അമ്മയ്ക്ക് എൺപതു കഴിഞ്ഞുസാറെ. അനിയന്റെ കൂടെയാ താമസം. തറവാടും പെരുമ്പള്ളീത്തന്നെയാ. ഒഴിവു ദെവസം നോക്കി അമ്മേ കാണാൻ പോയതാ."

നാട്ടുകാര്യങ്ങളും വീട്ടുവിശേഷങ്ങളും പങ്കിട്ട് ഞങ്ങൾ വളരെയടുത്ത ചങ്ങാതിമാരായി മാറി.

"ഇതെവിടെയായി സാറെ?" അയാൾ ഷട്ടർ മെല്ലെപ്പൊക്കി പുറത്തേക്ക് നോക്കി. 

"ഒന്നും കാണാൻ പറ്റണില്ല. നല്ല ഇരുട്ടാ. അല്ലെങ്കിത്തന്നെയെന്നാ സ്ഥിതി. ഒറ്റ ബോർഡേലും സ്ഥലപ്പേരെഴുതീട്ടില്ല." അയാൾ പറഞ്ഞു.

"സാറിന്റെ കൈയിൽ വെള്ളമുണ്ടോ ? ഒരു ഗുളിക കഴിയ്ക്കാനാ"

ഞാൻ ബാഗു തുറന്ന് ജീരകവെള്ളത്തിന്റെ കുപ്പി കൊടുത്തു.

"വളരെ ഉപകാരം. ഒറക്കത്തിനൊള്ളതാ. ഇതു കഴിച്ചാ ഒറ്റക്കെടപ്പാ സാറെ.
കഴിക്കാതിരിക്കാനൊട്ടു പറ്റത്തുമില്ല. ഒറക്കത്തിലെങ്ങാനും മേത്തോട്ടുമുട്ടിയാൽ ഒന്നുംതോന്നല്ലെ സാറെ ഒരുപകാരം കൂടി, സാറു പാളയത്തല്ലെ ഇറങ്ങുന്നത്. ഇറങ്ങുമ്പോ എന്നെയൊന്നു തോണ്ടിയേക്കണെ."

സംസാരം കേട്ടപ്പോഴൊരു തോന്നൽ. ഇയാൾ പിറവത്തുള്ളയാളല്ലെ അതൊ വെറും തോന്നലാണോ ?

അയാൾ ഉറക്കത്തിനുള്ള തയ്യാറെടുപ്പിലായി. വണ്ടി തിരുവല്ല സ്റ്റാൻഡിൽ കയറി. പെട്ടെന്നു തന്നെ വണ്ടിവിട്ടുപോയി. പായ്ക്കറ്റിൽ നിന്നും പാസ്സും, ചില്ലറ പൈസയും മറ്റുമെടുത്ത് ബാഗിന്റെ സൈഡ് പോക്കറ്റിലാക്കി. നിയമസഭയിൽ നാളെ ആദ്യത്തെ ബഹളം കഴിഞ്ഞ് ഇടയ്‌ക്കെങ്ങിനെയെങ്കിലും റവന്യുമന്ത്രിയെ കാണണം. റവന്യു റിക്കവറിക്ക് സ്‌റ്റേ കിട്ടാനുള്ള അപേക്ഷകളും താലൂക്കാഫീസിൽ നിന്നും കിട്ടിയ ആർ.ആർ നോട്ടീസും ഉൾപ്പെടെ എട്ടുപത്തു അപേക്ഷകൾ, സ്വയം തൊഴിലിനായി എടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങിയത്. ഇനിയും പൂർത്തിയാകാതെ കിടക്കുന്ന വീടിന്റെ ലോൺ ഗഡു മുടങ്ങിയത് - എൽപ്പിച്ചവർ എല്ലാം വെറും സാധാരണക്കാർ. മന്ത്രിയെ നേരിൽ കാണാൻ തിരുവനന്തപുരത്തിന്‌ പോരാൻ നിവൃത്തിയില്ലാതെ വരുന്ന കുറച്ചുപേർ അപേക്ഷകൾ എന്നെ എൽപ്പിക്കും. അതിന്റെ സ്റ്റേ ഓർഡർ ആയി മന്ത്രി ഓഫീസിൽ നിന്നും ഒരു പച്ചകാർഡ് തരും. ഹൃദയാലുവായ മനുഷ്യസ്‌നേഹി സ.പി.എസ്.ശ്രീനിവാസൻ, റവന്യു മന്ത്രി. കാഴ്ചയ്ക്ക് പരുക്കനാണെങ്കിലും അദ്ദേഹത്തിന് അപേക്ഷ കാണുമ്പോഴറിയാം ഇതു വെറും സാധാരണക്കാരന്റെയാണെന്നു. സ്‌റ്റേയും പത്തോ മുപ്പതോ ഗഡുക്കളനുവദിച്ച് കൊണ്ടുള്ള ഓർഡറും അപ്പോൾ തന്നെ റെഡി. അപേക്ഷ തന്നവർക്കറിയാം നിയമസഭ കഴിഞ്ഞ് വെള്ളിയാഴ്ച രാത്രി എംഎൽഎ വീട്ടിലെത്തും. ശനിയാഴ്ച രാവിലെ ചെന്നാൽ പച്ചകാർഡ് കൈയിൽ കിട്ടുമെന്ന് .

"സാർ. സാർ" കണ്ടക്ടർ എന്നെ നീട്ടി വിളിച്ചു. പാളയമായി.

എത്ര പെട്ടെന്നാ സമയം പോയത്. എപ്പോഴാണുറങ്ങിയതെന്നറിയില്ല. ഞെട്ടിപ്പിടഞ്ഞു ഞാൻ കണ്ണുതുറന്നു. ബാഗ് നോക്കി. കാണാനില്ല. കണ്ടക്ടറും കൂടിചേർന്ന് സീറ്റിനടിയിലൊക്കെ നോക്കി.

"ഈ സീറ്റിലിരുന്ന ആളെന്ത്യേ?"

"അയാൾ വെമ്പായത്തിറങ്ങി. അയാളുടെ കയ്യിലൊരു കറുത്ത ബാഗുണ്ടായിരുന്നു. വർത്തമാനം പറഞ്ഞിരിക്കുന്നതു കണ്ടപ്പോ ഞാനോർത്തു പരിചയക്കാരനാണെന്ന്. തിരുവനന്തപുരം ടിക്കറ്റെന്താ ഇവ്‌ടെയിറങ്ങണേന്നു ഞാൻ ചോദിച്ചു. വൈഫ് ഹൗസ് ഇവിടെയാ. ഇനി രാവിലെയേ തിരുവനന്തപുരത്തേയ്‌ക്കൊള്ളൂന്നും പറഞ്ഞു. അയാളപ്പോ കള്ളനായിരുന്നോ. !"

ഞാൻ പാളയത്തിറങ്ങി. നേരം വെളുത്തു തുടങ്ങുന്നതേയുള്ളൂ. എങ്കിലും ഇരുട്ടായിരുന്നു. അന്ന് പതിവിലും കൂടുതൽ ഇരുട്ടുള്ളതു പോലെ തോന്നി. എന്റെ ചങ്കിടിപ്പ് കൂടി. റവന്യു റിക്കവറി അപേക്ഷയെങ്ങിനെയും വീണ്ടും എഴുതിക്കാം. അതോടൊപ്പം ചേർത്തിട്ടുള്ള ആർആർ നോട്ടീസ് ഒറിജിനൽ ആണ്. അതിനെന്തു ചെയ്യും. ഞാനിനി എന്തു സമാധാനം പറയും. എംഎൽഎ പാസ്സ് പോയാൽ പോട്ടെ. വീണ്ടും അത് കിട്ടും. കാശ് വല്യ കാര്യായിട്ടൊണ്ടായിരുന്നില്ല. അതും സഹിക്കാം.

ആ ആഴ്ച മനസ്സുനിറയെ ഈ ഒരു ചിന്ത മാത്രം. നിയമസഭയിൽ പലതുമുണ്ടായി. കാര്യമായി ശ്രദ്ധിക്കാനായില്ല. വ്യാഴാഴ്ച രാത്രി തന്നെ വീട്ടിലെത്തി. പതിവിലും ഒരു ദിവസം നേരത്തെ. വെള്ളിയാഴ്ച താലൂക്ക് ആഫീസിൽ പോയി ഉണ്ടായ സംഭവം പറഞ്ഞു. എല്ലാവരുടെയും പേരും വിലാസവും ഓർമ്മയില്ല. ഡെപ്യൂട്ടി തഹസിൽദാർ പറഞ്ഞു. 

"സാരമില്ല സാറെ. കാർഡു വാങ്ങാൻ അവരു നാളെ വീട്ടിൽ വരുമല്ലോ. ഓരോന്നു ചോദിച്ചു വിളിച്ചു പറഞ്ഞാമതി. എല്ലാത്തിന്റേം കോപ്പി അടുത്ത വെള്ളിയാഴ്ച സാറു പോയി വരുമ്പോഴേയ്ക്കും വീട്ടിലെത്തിച്ചു തരാം." ആശ്വാസമായി.

അവിടന്നിറങ്ങി. പെരുമ്പിള്ളിക്കുപോയി. മുളന്തുരുത്തിയിൽപോയി. അവിടെ എല്ലാടോം തിരക്കി. അങ്ങനെയൊരാളുമില്ല. അവിടാരും കേട്ടിട്ടുപോലുമില്ല. അപ്പോൾ അയാൾ ഒരു കള്ളനായിരുന്നു. എന്നെ പറ്റിച്ചതാ.

കാർഡു വാങ്ങാൻ വീട്ടിൽ വന്നവരോടു കാര്യം പറഞ്ഞു. ഞാൻ തന്നെ പറഞ്ഞുകൊടുത്ത് അപേക്ഷയെഴുതിച്ചു. ചിലത് ഞാൻ തന്നെ എഴുതി അവരെക്കൊണ്ട് ഒപ്പിടുവിച്ചു.

"ഒരാഴ്ച കൂടി ക്ഷമിക്ക്. ജപ്തി ഒന്നുമുണ്ടാവില്ല. ഞാൻ തഹസിൽദാരെ കണ്ട് കാര്യം പറഞ്ഞിട്ടുണ്ട്."

ഉള്ളിലൊരു വിഷമമുണ്ടെങ്കിലും എല്ലാവരും തലയാട്ടി തിരിച്ചുപോയി. ഞായർ രാത്രി വീണ്ടും ഞാൻ തിരുവനന്തപുരത്തേക്ക് പോയി. തിങ്കളാഴ്ച നിയമസഭ കുറച്ചു നീണ്ടുപോയി. മടങ്ങി എംഎൽഎ ക്വാർട്ടേഴ്‌സിന്റെ പടി ചവിട്ടുമ്പോൾ ആദ്യം നോക്കുന്നത് ലെറ്റർ ബോക്‌സിലേയ്ക്കാണ്.

പതിവുപോലെ കുറേ കത്തുകൾ. അതിലൊന്നു സാമാന്യം തടിച്ച ഒരു കവറും. അതാദ്യം പൊട്ടിച്ചു. എനിക്കത്ഭുതം തോന്നി. നഷ്ടപ്പെട്ട മുഴുവൻ കടലാസുകളും എംഎൽഎ പാസ്സും കൂടെ ഒരു കത്തും.

'ഒരു ദിവസത്തെ പണി പാഴായി. വണ്ടിക്കൂലീം ചെലവുകാശു പോലും ഒത്തില്ല. വഴി നീളെ ഉണ്ടാക്കിയ കാശ് അതിലൊണ്ടാകുമെന്നാണ് ഞാൻ കരുതിയത്. ആ നശിച്ച ബാഗിൽ നിന്നാകെ കിട്ടീത് അറുന്നൂറ്റമ്പത്തഞ്ചു രൂപ അമ്പതുപൈസ. അതു ഞാനെടുത്തു. ഗുളിക കഴിക്കാൻ വെള്ളം തന്നില്ലെ. ആ മര്യാദയോർത്ത് സാറിന്റെ കടലാസൊക്കെ തിരിച്ചയക്കുന്നു. മണ്ഡലത്തെക്കുറിച്ചു പറഞ്ഞാ എതെമ്മെല്ലേം വീഴും സാറെ. ഞാനാ നാട്ടുകാരനേയല്ല. തൽക്കാലം ഇത്രേം അറിഞ്ഞാ മതി.'

എന്ന് സുകുമാരൻ
ഒപ്പ്‌

ഞാനോർത്തു പോയി. കള്ളനാണെങ്കിലും മര്യാദക്കാരനാണ്.

Tweet