"എസ്എഫ്‌ഐ സിന്ദാബാദ് ! ഈങ്ക്വിലാബ് സിന്ദാബാദ് ! "

എസ്എഫ്‌ഐ രൂപീകരണസമ്മേളനത്തിന്റെ (1970ൽ) സമാപനപ്രകടനത്തിൽ പങ്കെടുക്കുവാൻ ഞങ്ങൾ 37 പേർ തിരുവനന്തപുരത്തിനു പോയി.

പച്ചപെയിന്റടിച്ച നല്ല കാലപ്പഴക്കമുള്ള ഒരു വാൻ ആണ് യാത്രയ്ക്കായി ഏർപ്പാട് ചെയ്തിരുന്നത്. എല്ലാവർക്കും ഇരിയ്ക്കാൻ സീറ്റില്ലാത്തതിനാൽ കുറച്ചുപേർ കമ്പിയിൽ തൂങ്ങിനിന്നു. ഒന്നുരണ്ടു മണിക്കൂർ ഇരുപ്പുകഴിഞ്ഞ് ഇരിക്കുന്നവർ എഴുന്നേറ്റ് കമ്പിയിൽ തൂങ്ങി നിൽക്കും. അതുവരെ നിന്നവർ ഇരിയ്ക്കും.

മൂവാറ്റുപുഴ കച്ചേരിത്താഴത്ത് ആ കാലത്ത് പുകയിലക്കട നടത്തിവന്ന ഉഷാപിള്ള 3രൂപ ആദ്യമായി പിരിവു തന്നു. ആ കടയുടെ തൊട്ടുചേർന്നു പെട്ടിക്കട നടത്തിയിരുന്ന ഇടപ്പള്ളി നാരായണൻ ചേട്ടൻ ഒരു രൂപ നൽകി. അക്കാലത്ത് മൂവാറ്റുപുഴയിലെ പ്രസ്ഥാനത്തിന്റെ താങ്ങും തണലുമായി സഹായിച്ചുവന്ന രാജൻപിള്ളച്ചേട്ടനാണ് ഏറ്റവും കൂടുതൽ കാശ് തന്നത്. 5 രൂപ. പിരിവിനുപോയ ഞാനും അയ്യപ്പനും ഷംസുദ്ദീനും അഭിമാനത്തോടെ പരസ്പരം നോക്കി. ആകെ രണ്ടുപേരാണ് ഞങ്ങളോട് തട്ടിക്കേറി ആട്ടിയോടിച്ചത്.

അന്നു രാത്രിയിൽ അതിലൊരാളുടെ ചരക്കുകടയുടെ എടുപ്പുപലക
നിറയെ 2 രൂപയ്ക്ക് കടുംചുവപ്പ്‌ പെയിന്റുവാങ്ങി "എസ്എഫ്‌ഐ സിന്ദാബാദ് ! ഈങ്ക്വിലാബ് സിന്ദാബാദ് ! " എന്നെഴുതി ദൂരെ മാറി നിന്നതു നോക്കി ഞങ്ങൾ പൊട്ടിച്ചിരിച്ചു.

നടന്നുനടന്നു വണ്ടിയ്ക്കുള്ള കാശൊപ്പിച്ചു.

പുറപ്പെടുന്നതിന്റെ തലേദിവസം ഞങ്ങൾ
നാലഞ്ചുപേർ മൂവാറ്റുപുഴ കച്ചേരിത്താഴത്തുള്ള മമ്മിക്കുട്ടി ബിൽഡിംഗ്‌സിന്റെ മുകളിലത്തെ നിലയിൽ ഉണ്ടായിരുന്ന അന്നത്തെ പാർട്ടി ആഫീസിലെ ബെഞ്ചിലും നിലത്ത് പത്രം വിരിച്ചുമാണ് കിടന്നത്.

ഞങ്ങൾ 'ഓരോ വീരസാഹസിക കഥകൾ' പറഞ്ഞും ബെഡായി അടിച്ചും ഇടയ്ക്കിടയ്ക്ക് ഉറങ്ങിയും ഒരുവിധത്തിൽ പുലർച്ചെ നാലുമണിയാക്കി.

വണ്ടിതാഴെ എരപ്പിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു. നന്നെ പ്രായം ചെന്ന കടുത്ത ഒരു ആസ്മാരോഗി തേങ്ങിക്കരയുമ്പോലുള്ള വണ്ടിയുടെ മൂളൽ.

കാര്യമായ കാലതാമസം കൂടാതെ എങ്ങിനെയോ എല്ലാവരും കൂടി വണ്ടിയിൽ കയറി യാത്ര ആരംഭിച്ചു. ആവേശവും സന്തോഷവും കൂടി സമ്മിശ്രമായ ഒരു പുലർകാലം.

"എസ്എഫ്‌ഐ സിന്ദാബാദ്" വെടിപൊട്ടും പോലെ ഞാനാണു മുദ്രാവാക്യം വിളിച്ചത്. വണ്ടി ഓടിയ്ക്കുന്ന തോമസ് ചേട്ടൻ ഞെട്ടിത്തെറിച്ച് എന്റെ നേരെ ഒന്നുപാളി നോക്കി.

"മിണ്ടാതിരി. ആളുകൾ കെടക്കപ്പായേന്നെഴുന്നേറ്റു വന്ന് വെല്ല കല്ലും വച്ചെറിയും."
വാനിന്റെ 'കിളി'യായി നടക്കുന്ന ഗോപാലൻ ചേട്ടൻ എന്നെ വെരട്ടി.

ഞങ്ങളാരും വഴങ്ങിയില്ല. വിളിച്ചുകൊടുക്കുന്ന ഞാനും ഏറ്റുവിളിക്കുന്ന മറ്റുകുട്ടികളും കൂസലില്ലാതെ പൂർവ്വാധികം ശക്തിയോടെ തിമിർത്താടി.

കുട്ടികളെന്നു പറഞ്ഞാൽ പത്തുപന്ത്രണ്ടുപേരൊഴികെ ബാക്കിയെല്ലാം മുതിർന്ന പിള്ളേര്. പള്ളിക്കൂടത്തിപ്പോക്ക് നിർത്തിയിട്ട് ഒന്നും രണ്ടും വർഷമായവർ. അന്നത്തെ ഞങ്ങടെ 'കാണപ്പെട്ട ദൈവ'മായിരുന്ന പി.പി.എസ്‌തോസ് പറഞ്ഞത് പഠിത്തം നിർത്തി രണ്ടുകൊല്ലം വരെ ആയവരേയും വിദ്യാർത്ഥിസംഘടനാരംഗത്ത് പ്രയോജനപ്പെടുത്തണമെന്നാണ്‌.

കാവുങ്കരചന്തേല് പൊകലക്കടയുണ്ടായിരുന്ന വേലപ്പൻനായരുടെ മരുമകൻ ഗോപി (ദീർഘകാലം ദേശാഭിമാനി ഏജന്റായിരുന്നു. ഇപ്പോൾ വാരപ്പെട്ടിയിൽ താമസം), കോതമംഗലത്തെ പാർട്ടി നേതാവ് പി.ആർ.ഗംഗാധരൻ, ഇപ്പോൾ വാർക്കപ്പണിക്ക് നടക്കുന്ന അയ്യപ്പൻ, മരിച്ചുപോയ കണ്ണംവേലിക്കൽ കൃഷ്ണൻകുഞ്ഞ്, ത്രീസ്റ്റാർ ബീഡി കമ്പനിയിലെ പയ്യന്മാരായ നാലു ബീഡിതെറുപ്പുകാർ ഇങ്ങനെപോകുന്നു അന്നത്തെ വിദ്യാർത്ഥികളല്ലാത്തവരുടെ നിര.

വിപ്ലവഗാനങ്ങൾ തകർത്തുപാടിയും മുദ്രാവാക്യം വിളിച്ചും ആകപ്പാടെ പരിസരം മറന്നുള്ള ആവേശകരമായ അനുഭവം.

വണ്ടി റോഡിന്റെ സൈഡുചേർത്തു നിർത്തി.
"ഇതെന്താ പ്രശ്‌നം?" എല്ലാവരും മാറിമാറി ചോദിച്ചു.

"കാര്യങ്ങൾ വെല്ലതും നടത്താനുള്ളോർക്കു ആകാം. കുളിക്യോ പല്ലുതേക്യോ ഒക്കേത്തിനും പറ്റിയ സ്ഥലം." ഡ്രൈവർ തോമസ് ചേട്ടന്റെ അറിയിപ്പാണ്.

ചങ്ങനാശ്ശേരി കഴിഞ്ഞുള്ള ഒരു പാടശേഖരത്തിന്റെ സൈഡിലൂടെ ഒഴുകുന്ന കൈത്തോടിന്റെ വക്കായിരുന്നു ആ സ്ഥലമെന്നത് വളരെകാലം കഴിഞ്ഞാണെനിക്ക് പിടികിട്ടിയത്.

ആറേഴുപേർക്കല്ലാതെ മാറാൻ വേറെ ഡ്രസ്സില്ല. ഇട്ടിരിക്കുന്നതു മാത്രം. പക്ഷേ മിക്കവാറും പേരുടെ കൈയിൽ തോർത്തുണ്ടായിരുന്നു. എന്റെ തോർത്ത് അരയിൽ ചേർത്തുവട്ടം ചുറ്റിയിരിക്കയായിരുന്നു.

അന്നവിടെ ആൾപ്പാർപ്പില്ലായിരുന്നു. വിജനമായ ഒരു സ്ഥലം. ഇപ്പോൾ അവിടെയെല്ലാം നികത്തി കോൺക്രീറ്റ് കെട്ടിടങ്ങളായി. പലവിധ കച്ചവട കേന്ദ്രങ്ങളായി. പ്രധാന ജംഗ്ഷനായി മാറി.

ഞങ്ങൾ ചാടിത്തുള്ളി കൂട്ടക്കുളി ആഘോഷമാക്കി.

"മതി ! മതി ! തോർത്തിക്കേറ്. മൂന്നു മണിക്കെങ്കിലും തിരുവന്തോരത്തെത്തണം." തോമസ് ചേട്ടന്റെ മുന്നറിയിപ്പ്.

ഞങ്ങളൊട്ടും വൈകാതെ യാത്ര തുടർന്നു. നനഞ്ഞ തോർത്തുകൾ അകത്തും പുറത്തുമായി കെട്ടിത്തൂക്കി.

വളഞ്ഞും പുളഞ്ഞും പോകുന്ന വീതി കുറഞ്ഞ റോഡ്. പലയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുന്ന വഴിയിലൂടെ കിതച്ചും നിരങ്ങിയും തോമസ് ചേട്ടന്റെ മെയ്‌വഴക്കത്താൽ വണ്ടി പൊയ്‌ക്കൊണ്ടിരുന്നു. വിശപ്പ് കത്തിക്കാളുന്നുണ്ടായിരുന്നു. വഴിച്ചെലവിനുള്ള കാശ് അവരവർ കരുതിക്കോളണമെന്നായിരുന്നു തീരുമാനം. എല്ലാവരുടെയും കയ്യിൽ ഭക്ഷണത്തിനുള്ള ചില്ലറയുണ്ടുതാനും.

വിശക്കുന്നുണ്ടെങ്കിലും മുദ്രാവാക്യത്തിനൊട്ടും കുറവു വരുത്തിയില്ല.

സമയം രാവിലെ ഒൻപതര കഴിഞ്ഞിട്ടുണ്ടാവും. വെളുപ്പിന് നാലര കഴിഞ്ഞ് പോന്നതാണ്. പാതിദൂരം ആയിട്ടില്ല.

ഒരു ചെറിയ ജംഗ്ഷനിൽ വണ്ടി നിർത്തി. ഒരു കടയ്ക്കും ബോർഡ് വയ്ക്കാനുള്ള വലിപ്പമുണ്ടായിരുന്നില്ല. ചെറിയൊരു ചായപ്പീടിക. വെള്ളം തിളയ്ക്കുന്ന സമാവറിൽ തൊളയൻ കാലണ കിടന്നു തുള്ളുന്ന ശബ്ദം കേൾക്കാം.

നീളം കൂടിയ ചില്ലുപെട്ടിയിൽ ചെണ്ടമുറിയൻ കപ്പപുഴുങ്ങിയത്, കടലക്കറി, ചാള ചാറുകറി, ഉപ്പുമാവ്... കൊള്ളാം നല്ല മെനു.

"പാലില്ല കട്ടൻ തരാം."

മേശ തുടയ്ക്കുന്ന പഴന്തുണിയുടെ നിറമുള്ള തോർത്തുടുത്ത ഉടമയുടെ ഗർജ്ജനം.

"എന്തു വതൂരിയെങ്കിലും ആട്ടെ. കപ്പേം മീനും താ." തോമസ് ചേട്ടൻ ബെഞ്ചിലിരുന്നു. ഞാനും അതിനൊപ്പം കൂടി.

ഓരോരുത്തരും അവരവരുടെ ബില്ലു തീർത്തു വണ്ടിയിൽ കയറി. യാത്ര തുടർന്നു.

പ്രതീക്ഷിച്ചതിലും നേരത്തെ വണ്ടി തിരുവനന്തപുരത്തെത്തി. ഞാനുൾപ്പെടെ ഏതാണ്ടെല്ലാവരും ആദ്യമായി തിരുവനന്തപുരം കാണുകയാണ്.

വണ്ടി പാളയത്തിനു കുറച്ചുമുമ്പേ സൈഡൊതുക്കി ചേർത്തുനിർത്തി. എല്ലാവരും വണ്ടിയിൽ നിന്നിറങ്ങി.

"ദേ ഒരു കാര്യം പറഞ്ഞേക്കാം. ജാഥയാണ് കീതയാണെന്നും പറഞ്ഞ് എന്നെ ചിറ്റിച്ചേക്കരുത്. വണ്ടി ഇവ്‌ടെത്തന്നെ കെടക്കും. തീർന്നാലും തീർന്നില്ലേലും ആറര ഏഴാവുമ്പോഴേയ്ക്കും ഇത്തേൽ വന്നു കേറിക്കോണം. ആരു കേറില്ലേലും അങ്ങേയറ്റം വന്നാൽ ഏഴരയ്ക്കു ഞാൻ വണ്ടി വിടും."

തോമസ് ചേട്ടൻ ഒരു ഭീഷണി പോലെ ഞങ്ങളെ നോക്കി പറഞ്ഞു പൂർത്തിയാക്കി.

ഞങ്ങൾ കൂട്ടം തെറ്റാതെ പൊതുപ്രകടനം ആരംഭിയ്ക്കുന്നിടം വരെ കൂട്ടമായിപ്പോയി.

സ.ബിമൻ ബസു (അദ്ദേഹം ഇപ്പോൾ പശ്ചിമബംഗാൾ പാർട്ടി സെക്രട്ടറിയും പിബി അംഗവുമാണ്) ജനറൽ സെക്രട്ടറിയും സ.സി.ഭാസ്‌കരൻ പ്രസിഡന്റുമാ (ഈയടുത്ത കാലത്ത് അന്തരിച്ചു) യുള്ള ആദ്യത്തെ അഖിലേന്ത്യാകമ്മിറ്റിയെ തെരഞ്ഞെടുത്തു.

വൈകാതെ തന്നെ അവരുടെ നേതൃത്വത്തിൽ പൊതുപ്രകടനം ആരംഭിച്ചു. ഞങ്ങൾ മൂവാറ്റുപുഴക്കാർ ആ സമുദ്രത്തിലേക്ക് ഒരു നീർച്ചാലുചെന്ന് ഒരുമിച്ചൊഴുകി നീങ്ങുംപോലെ സമുദ്രത്തിന്റെ ഭാഗമായി മാറി.

ആവേശോജ്ജ്വലമായ സമാപനസമ്മേളന നടപടികൾ! മനസ്സു നിറഞ്ഞു. ഇൻഡ്യ മുഴുവൻ പ്രവർത്തിക്കാൻ പോകുന്ന വിദ്യാർത്ഥിസംഘടനയുടെ ഭാഗമായി മാറാൻ കഴിഞ്ഞല്ലോ എന്ന ചാരിതാർത്ഥ്യം എന്നിലൊരഭിമാനബോധമുയർത്തി.

തോമസ് ചേട്ടൻ പറഞ്ഞ സമയത്തുതന്നെ എല്ലാവരും വണ്ടിയിലെത്തി. ആരെയും കാത്തുനിൽക്കേണ്ടി വന്നില്ല. ഞങ്ങൾ സന്തോഷപൂർവ്വം മടക്കയാത്ര ആരംഭിച്ചു.

അടുത്ത ദിവസം നേരം പുലരും മുമ്പെ മൂവാറ്റുപുഴ പാർട്ടി ആഫീസിനു മുന്നിൽ വണ്ടി ഓടിക്കിതച്ചെത്തി.

തോമസ് ചേട്ടന് വണ്ടിക്കൂലി തീർത്ത് കൊടുത്തു. ഒരു ചെറിയ ടിപ്പ് തോമസ് ചേട്ടനും ഗോപാലനും നൽകി. ബാക്കി വന്ന പന്ത്രണ്ടുരൂപയും കണക്കും ആഫീസ് സെക്രട്ടറിയായിരുന്ന സുകുമാരൻ ചേട്ടനെ ഏൽപ്പിച്ചു.

പാവം സുകുമാരൻ ചേട്ടൻ! വർഷങ്ങൾക്കു ശേഷം ആവോലിച്ചാൽ എന്ന സ്ഥലത്തു ഞാനൊരു പരിപാടിയ്ക്കായി ചെന്നപ്പോൾ കണ്ടുമുട്ടി.

അന്ന് തിരുവനന്തപുരത്തിനു പോകാൻ പാർട്ടി ആഫീസിൽ കിടന്നുറങ്ങുമ്പോൾ പുലരും മുമ്പൊരു പൂവൻകോഴി കൂവിയായിരുന്നു.

ആ ശബ്ദം കേട്ട് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ സുകുമാരൻ ചേട്ടൻ അന്ന് ഞങ്ങളോടു ചോദിച്ചു. "ഏത് കോഴിയാടാ മക്കളേ ആ കൂവീത് ?"

ആ ചോദ്യം ആവോലിച്ചാൽ വച്ചു കണ്ടുമുട്ടിയപ്പോൾ ഞാനാവർത്തിച്ചു. ഞങ്ങളൊരുമിച്ച് ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു.