ജ്ഞാനസന്നിധിയില്‍ തൊഴുകൈയ്യോടെ

സംസ്കൃതപണ്ഠിതന്‍ ഡി. ശ്രീമാന്‍ നമ്പൂതിരിയുമായി അദ്ദേഹത്തിന്‍റെ നവതിയാഘോഷവേളയി‌ല്‍ നടത്തിയ അഭിമുഖം.

ഡി. ശ്രീമാ‌ന്‍ നമ്പൂതിരി... സാഹിത്യവും സമൂഹവും വേണ്ടത്ര അറിയാതെപോയ മഹാപണ്ഠിതന്‍‍. മൂവാറ്റുപുഴ, പെരിങ്ങഴ കൊട്ടുക്കല്‍ മനയിലെ പഴയ നാലുകെട്ടില്‍ എഴുതി നിറച്ച അക്ഷരക്കെട്ടുകളുമായി ലാളിത്യത്തിന്‍റെ വിശുദ്ധിയോടെ ജീവിക്കുന്ന വലിയ മനുഷ്യനെ എപ്പോഴും, ആര്‍ക്കും ചെന്നു കാണാം. പാണ്ഠിത്യഗര്‍വില്ലാതെ, തൊഴുകൈയ്യോടെ അദ്ദേഹം ഇറങ്ങി വരും. മഹാഭാഗവതം, സാമവേദം, അഥര്‍വ്വവേദം, ഉപനിഷത്തുകള്‍, സംസ്കൃത സാഹിത്യചരിത്രസംഗ്രഹം തുടങ്ങി, ഗരിമ നിറഞ്ഞ സംസ്കൃത സാഹിത്യത്തിന്‍റെ വൈജ്ഞാനികാനുഭൂതി മലയാളത്തിലേക്ക് അയത്നലളിതമായി പകര്‍ത്തിയെഴുതിയ മനുഷ്യനാണിദ്ദേഹം. ‘അന്നകരിനീന’ തുടങ്ങി എണ്ണപ്പെട്ട റഷ്യന്‍ കൃതിക‌ള്‍ ഇദ്ദേഹം മൊഴിമാറ്റിയെഴുതിയിട്ടുണ്ട്. ബാലസാഹിത്യം, നോവല്‍, വൈജ്ഞാനിക കൃതികള്‍, കവിതകള്‍, മുക്തകങ്ങള്‍ എന്നിങ്ങനെ ഇദ്ദേഹം തര്‍ജ്ജിമ ചെയ്തതും സ്വതന്ത്രാഖ്യാനം നടത്തിയതും എഴുതിയതുമായ അറുപതിലേറെ ഗ്രന്ഥങ്ങളുണ്ട് മലയാളത്തി‌ല്‍. പത്തോളം ഗ്രന്ഥങ്ങള്‍ അച്ചടിക്കുവാന്‍ തയ്യാറാക്കി വച്ചിരിക്കുന്നു. അതില്‍ പുരാണങ്ങളിലെ മഹത്ജീവിതങ്ങള്‍ കുട്ടികള്‍ക്ക് മനസ്സിലാകും വിധം തയ്യാറാക്കിയതും പുരാണങ്ങളിലെ അറിവുകള്‍ ഇനം തിരിച്ചെടുത്ത് വ്യാഖ്യാനിച്ചതുമെല്ലാം പെടും. ഉപനിഷത് സാരാംശങ്ങള്‍ വ്യാഖ്യാനിച്ച് തയ്യാറാക്കിയ ‘ഉപനിഷത് സര്‍വ്വസ്വം’ മാത്രം മതി ഭാരതീയ ദര്‍ശനങ്ങളി‌ല്‍ ഇദ്ദേഹത്തിനുള്ള ധ്യാനവിശുദ്ധിയറിയാന്‍. മൂവാറ്റുപുഴയില്‍ നിന്ന് ആരക്കുഴ റോഡിലൂടെ ഒരു കിലോമീറ്റ‌‌ര്‍ ചെല്ലുമ്പോ‌‌ള്‍‍‍ മറ്റപ്പിള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കുള്ള വഴികാട്ടി കാണാം. മെറ്റലിളകിയ വഴിയിലൂടെ വളഞ്ഞും തിരിഞ്ഞും ഒന്നരകിലോമീറ്ററിലേറെ ചെല്ലുമ്പോഴാണ് കൊട്ടുക്ക‌ല്‍ മന. പുതുക്കി പണിത മനയുടെ നാലുകെട്ടും നടുമുറ്റവും അങ്ങിനെ തന്നെ നിലനിര്‍ത്തിയിരിക്കുന്നു. വലിയ കവാടം കയറിച്ചെന്ന് കരിങ്കല്ല് വിരിച്ച മുറ്റത്തെത്തി. ജനാലക്കിടയിലൂടെ ശ്രീമാന്‍ നമ്പൂതിരിയുടെ മക‌ന്‍ കുട്ടന്‍ നമ്പൂതിരി (കെ. എസ്. ദാമോദരന്‍ നമ്പൂതിരി) യാണ് ഞങ്ങളെ ആദ്യം കണ്ടത്. “മുന്‍വശത്തേക്കിരുന്നോളൂ, അച്ഛനിതാ എത്തി...” ജ്യോതിഷവിദഗ്ധനായ കുട്ട‌ന്‍ നമ്പൂതിരിയുടെ സ്വീകരണം ഹൃദ്യമായിരുന്നു. ഇല്ലത്തിന്‍റെ തറയും അകത്തളങ്ങളുമെല്ലാം ടൈല്‍ വിരിച്ച് ഭംഗിയാക്കിയിരിക്കുന്നു. അല്പം ശങ്കയോടെ ഇറയത്തേക്ക് കയറി. “അകത്തേക്കിരുന്നോളൂ…” വീണ്ടും കുട്ടന്‍ നമ്പൂതിരിയുടെ സ്വീകരണം. നിരപാകിയ അകമുറിയില്‍ അതിഥികള്‍ക്കുള്ള കസേരകളി‌ല്‍ ഇരുന്നു. ഭിത്തിയുടെ നിരപ്പലകയി‌ല്‍ കുലീനയായ ഒരു സ്ത്രീയുടെ ചിത്രം. താഴെ അലമാരിയില്‍ സാഹിത്യ അക്കാദമിയുടെ പേരെഴുതിയ പ്രശസ്തി പത്രത്തിന്‍റെ ദൃശ്യം. ചെറിയ ഉപഹാരങ്ങള്‍. അവ കണ്ടപ്പോള്‍ അതിശയം തോന്നിപ്പോയി. ഇത്ര വലിയ മനുഷ്യനെ നമ്മുടെ സാഹിത്യ ലോകം മനസിലാക്കാതെ പോയോ അതോ അവഗണിച്ചോ? അല്പജ്ഞാനിക‌ള്‍ അര്‍ഹിക്കുന്നതിനേക്കാളേറെ കൈപ്പറ്റുന്ന ഇക്കാലത്ത്, അറിഞ്ഞതും പകര്‍ന്നതും നോക്കിയാല്‍ അമരക്കാരനാകാവുന്ന തിരുമേനിയെക്കുറിച്ചോര്‍ത്തിരുന്നു ഞങ്ങള്‍. ഒറ്റമുണ്ട് അലസമായുടുത്ത് തൊഴുകൈയ്യോടെ ഒരു ചെറിയ മനുഷ്യന്‍ വിനയത്തിന്‍റെ ആള്‍രൂപമായി അകത്തെ ഇരുട്ടി‌ല്‍ നിന്ന് നിറയെ പ്രകാശവുമായി ഇറങ്ങിവന്നു. മുഖവുരയില്ല... ആമുഖങ്ങളില്ല... സംസാരിച്ചുതുടങ്ങാന്‍ മൗനത്തിന്‍റെയോ ആലോചനയുടേയോ ആവരണവും മാറ്റാനുണ്ടായില്ല. “തൊണ്ണൂറ് വയസ്സായി. സ്ക്കൂള്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം ഇനിയും പതിനൊന്ന് മാസം കഴിയണം. 1920 വൃശ്ചികത്തിലെ പൂരാടം നക്ഷത്രത്തിലാണ് ജനനം. അന്ന് സ്ക്കൂളില്‍ ചേര്‍ത്തപ്പോ‌ള്‍ 1921 നവംബ‌ര്‍ 29ന്ന് പറഞ്ഞ് കൊടുത്തു. അതു തന്നെയാ പിന്നീട് പുസ്തകങ്ങള്‍ക്ക് കൊടുത്തത്. റെക്കോര്‍ഡിലൊക്കെ ഇങ്ങനെയാണ്. ഇനിയിതൊക്കെ മാറ്റണംന്ന്‌ച്ചാ, വലിയ കഷ്ടാ. എല്ലാ ഗ്രന്ഥങ്ങളിലും സ്ക്കൂള്‍ ഡേറ്റാണ്. അല്ല, ഇനിയിതൊക്കെ മാറ്റുന്നതെന്തിനാണെന്നുംണ്ട്. ഏന്തായാലും തൊണ്ണൂറ് തികഞ്ഞു...” ‘മേള’യില്‍ നിന്നാണ് വരുന്നതെന്ന ഞങ്ങളുടെ ആമുഖത്തിന് വിളിച്ചിരുന്നു എന്ന് മറുപടി. എന്താ പരിപാടികള്‍ എന്ന് സംശയം. തിരുമേനിയെ ആദരിക്കല്‍ മാത്രമാണ് ചടങ്ങെന്ന് പറഞ്ഞുവെങ്കിലും അത് വലിയ ഭാവമാറ്റമൊന്നും അദ്ദേഹത്തി‌ല്‍ വരുത്തിയില്ല. ഓരോ കാര്യങ്ങള്‍ പറയുമ്പോഴും ഓരോ ഗ്രന്ഥങ്ങളെക്കുറിച്ച് ചോദിക്കുമ്പോഴും അകത്തേക്കു പോയി ഓരോന്നായി പുസ്തകങ്ങ‌ള്‍ എടുത്തുകൊണ്ടുവരും. ഒടുവില്‍ കുറെയേറെ ഗ്രന്ഥങ്ങള്‍... എഴുതി തയ്യാറാക്കി വച്ചിരിക്കുന്ന, പൊടിപിടിച്ചു തുടങ്ങിയ അക്ഷരക്കെട്ടുക‌ള്‍, വലിയ തടിയന്‍ പുസ്തകങ്ങള്‍... ഓര്‍മ്മക്കൊപ്പം വാക്കുക‌ള്‍ വരാതെ തടഞ്ഞപ്പോ‌ള്‍ ചെറിയ ഇടവേളയിലെ മൗനം. പിന്നെ നിര്‍ത്താതെയുള്ള സംസാരം. ഇടക്കുകയറിത്തന്നെ ചോദിച്ചു. തിരുമേനിയോട് കുറച്ചുകാര്യങ്ങള്‍ ചോദിച്ചറിയണമെന്നുണ്ട്. കുറച്ച് സംസാരിക്കുന്നതിനാണ് വന്നത്... “ഞാന്‍ പറയാം. അതില്‍ നിന്ന് നിങ്ങള്‍ക്കാവശ്യമുള്ളതെന്താണെന്ന് വച്ചാ‌ല്‍ എടുത്തുകൊള്ളൂ. അതല്ലെ നല്ലത്” തിരുമേനിയുടെ പ്രാഥമിക വിദ്യാഭ്യാസം, കുട്ടിക്കാലം ഒക്കെ എങ്ങനെയായിരുന്നു? എനിക്ക് ഒരു സഹോദരനും സഹോദരിയും ഉണ്ട്. ഭാര്യ മരിച്ചു. മകന്‍റെയൊപ്പമാണ് ഇവിടെ താമസം. പെരിങ്ങഴ സ്ക്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നാലാം ക്ലാസ് കഴിഞ്ഞപ്പോള്‍ മലയാളം മീഡിയത്തി‌ല്‍ വിട്ടു. അന്ന് ഇംഗ്ലീഷ് മീഡിയം ഉണ്ടായിട്ടും ഏഴാം ക്ലാസ് വരെ സത്രക്കുന്നിലെ മലയാളം സ്ക്കൂളിലായിരുന്നു പഠനം. പിന്നെ ഗവണ്‍മെന്‍റ് ഹൈസ്ക്കൂളിലെത്തി. പത്താം ക്ലാസ് വരെ അവിടെ പഠിച്ചു. എം. പി. മന്മഥന്‍റെ സഹോദരന്‍ എം. പി. ഗോപാലകൃഷ്ണനും, പോത്താനിക്കാട്ടെ എന്‍. എം. മത്തായിയുമൊക്കെ ക്ലാസ്‌മേറ്റ്സായിരുന്നു. ഇവിടെ അടുത്തൊന്നും അന്ന് കോളേജില്ല. പിന്നെ, പഠിപ്പിക്കാന്‍ അച്ഛന് വലിയ താത്പര്യവുമില്ലായിരുന്നു. അന്ന് പിട്ടാപ്പിള്ളി‌ല്‍ അഷ്ടാംഗവൈദ്യശാലയില്‍ ഉതുപ്പ് വൈദ്യനുള്ള കാലം. വൈകുന്നേരങ്ങളിലൊക്കെ അവിടെച്ചെന്നിരിക്കുമായിരുന്നു. ആയുര്‍വേദപഠനത്തിന്‍റെ ബാല്യകാലം ഇവിടെയാണ്. തിരുമാറാടി കിഴക്കില്ലത്ത് മനയി‌ല്‍ നിന്ന് സംസ്കൃതജ്ഞാനിയായ ഒരാ‌ള്‍ വന്നിരുന്നു. ബി. ഒ. സി. രാമസ്വാമി അയ്യരുടെ അടുത്ത് താമസിച്ചിരുന്ന ഇദ്ദേഹം എന്‍റെ സ്ക്കൂ‌‌ള്‍ പഠനകാലത്ത് ഇല്ലത്ത് വന്ന് സംസ്കൃതം പഠിപ്പിച്ചു. പത്താം ക്ലാസ് പാസാകും വരെ ഈ പഠനം തുടര്‍ന്നു. ഈ കാലയളവില്‍ അഷ്ടാംഗഹൃദയവും മറ്റും മനപാഠമാക്കുകയും ചെയ്തു. ഇതിനിടെ സംസ്കൃതത്തില്‍ വ്യാകരണവും തര്‍ക്കവും പഠിക്കാനായി തൃപ്പൂണിത്തുറയി‌ല്‍ വിശ്വനാഥ ശര്‍മ്മയുടെ പക്കലെത്തി. കുറച്ചുകാലം തുടര്‍ന്നു. ഇതിനിടെ മൂവാറ്റുപുഴയില്‍ വന്ന് ഹിന്ദിയും പഠിച്ചു. രണ്ട് വര്‍ഷം കൊണ്ട് ഹിന്ദി വിദ്വാ‌ന്‍ പാസായി. ഇതിന് ശേഷം ആയുര്‍വേദം പഠിക്കണം എന്ന് മോഹം കയറി. അങ്ങനെ ഒല്ലൂ‌ര്‍ മൂസ്സിന്‍റെയടുത്ത് വൈദ്യം പരിശീലിക്കാനെത്തി. ഇന്നത്തെ ഒല്ലൂര്‍ നാരായണ‌ന്‍ മൂസ്സിന് അന്ന് പത്ത് വയസ്സാണ്. ഇദ്ദേഹത്തെ സംസ്കൃതം പഠിപ്പിക്കുകയും, അന്നത്തെ വലിയ മൂസ്സിന്‍റെ പക്ക‌‌ല്‍ നിന്ന് വൈദ്യം പരിശീലനവും തുടങ്ങി. ഒന്നര വര്‍ഷക്കാലം ഇത് തുടര്‍ന്നു. പത്രപ്രവര്‍ത്തകനായിരുന്നല്ലോ? മൂസ്സിന്‍റെയടുത്ത് തുടരുന്നകാലത്ത് അവിടെ വരുമായിരുന്ന പത്രപ്രവര്‍ത്തകനായ ഒരു നമ്പീശനെ പരിചയപ്പെടുവാനിടയായി. കവിതയെഴുത്തിലും സാഹിത്യത്തിലുമൊക്കെ താത്പര്യമുണ്ടായിരുന്ന എന്നെ പത്രപ്രവര്‍ത്തനത്തിലേക്ക് തിരിച്ചുവിട്ടത് നമ്പീശനാണ്. അന്ന് ഇറങ്ങിയിരുന്ന ‘ദീനബന്ധു’വിലാണ് തുടക്കം. ‘മലയാള ഹരിജന്‍’ അക്കാലത്താണ് തുടങ്ങുന്നത്. ഇതില്‍ അന്ന് ഒരു എഡിറ്ററുടെ ഒഴിവ് വന്നിരുന്നു. അവിടെ ചെന്നെങ്കിലും എനിക്ക് യോഗ്യത പോരാ എന്നുപറഞ്ഞ് എഡിറ്ററാക്കിയില്ല. സുകുമാര്‍ അഴീക്കോട് എം. എ. കഴിഞ്ഞുവന്ന കാലം. അദ്ദേഹത്തെ എഡിറ്ററും എന്നെ പ്രൂഫ് റീഡറുമാക്കി. ഒന്നര വര്‍ഷം അങ്ങനെ പോയി. പ്രൂഫ് റീഡിംഗ് മടുത്തു. അങ്ങനെയിരിക്കെ കോട്ടയത്തുനിന്ന് ഇറങ്ങുന്ന ‘ദേശബന്ധു’വില്‍ സബ് എഡിറ്ററെ വേണമെന്നറിഞ്ഞ് ചെന്നു. ഏഴ് വര്‍ഷക്കാലം ഇതി‌ല്‍ സബ് എഡിറ്ററായി. ‘മാതൃഭൂമി’ കൊച്ചിയി‌ല്‍ തുടങ്ങുന്നത് ഇക്കാലത്താണ്. അവിടെ ജോലിയില്‍ പ്രവേശിക്കാ‌ന്‍ അവസരങ്ങ‌ള്‍ ലഭിച്ചെങ്കിലും പോയില്ല. മാത്രമല്ല, അക്കാലത്താണ് അച്ഛന്‍ മരിച്ചതും നാട്ടിലേക്ക് മടങ്ങേണ്ടത് അത്യാവശ്യമായതും. ഇവിടുത്തെ സ്ഥിതി എന്തായിരുന്നു? അറുപതേക്കര്‍ സ്ഥലമുണ്ടായിരുന്നു ഇവിടെ. ഇന്നത് ആറേക്കറായി ചുരുങ്ങി. ഭൂപരിഷ്ക്കരണം വന്നപ്പോ‌ള്‍ പാട്ടത്തിനെടുത്തിരുന്നവര്‍ക്കെല്ലാം ഭൂമി പോയി. കാര്യമായിട്ടൊന്നും കിട്ടിയില്ല. അച്ഛന് ചില കേസുകളൊക്കെ ഉണ്ടായിരുന്നു. അത് ചില കൂട്ടേര്‍പ്പാടുകളുടെ പേരിലായിരുന്നു. ആ കേസില്‍ ഒരു അനുകൂല ഉത്തരവ് കിട്ടിയതിനാ‌ല്‍ ഈ വീടും സ്ഥലവും പോയില്ല. സഹോദരി വിവാഹം കഴിഞ്ഞു പോയി. സഹോദരന്‍ ഒരു നായ‌ര്‍ സ്ത്രീയെ വിവാഹം കഴിച്ചു. അദ്ധ്യാപകനായി. അങ്ങനെ വന്നപ്പോള്‍ ഇല്ലവും ക്ഷേത്രവും നോക്കേണ്ട ഉത്തരവാദിത്വം എനിക്കായി. അങ്ങിനെയാണ് ജോലിയുപേക്ഷിച്ച് ഇവിടെ കൂടുവാ‌ന്‍ നിര്‍ബന്ധിതനായത്. ഇതിനിടയില്‍ എങ്ങനെ എഴുത്തിന് സമയം കണ്ടെത്തി? എഴുത്തുകള്‍ അധികവും ഇവിടെ വന്നതിന് ശേഷമാണ് നടത്തിയത്. ധാരാളം തര്‍ജ്ജിമക‌ള്‍ ചെയ്തു. ടോള്‍സ്റ്റേയിയുടെ 'അന്നകരിനീന'യാണ് ആദ്യം തര്‍ജ്ജിമ ചെയ്തത്. പക്ഷേ അത് പ്രസിദ്ധീകരിക്കാനായില്ല. ഇന്നും അതിന്‍റെ കൈയ്യെഴുത്തുപ്രതി ഇരിപ്പുണ്ട്. പിന്നീട് റഷ്യന്‍ ഇംഗ്ലീഷ് സാഹിത്യങ്ങളില്‍ നിന്ന് പലതും തര്‍ജ്ജിമ ചെയ്തു. ചിലതെല്ലാം പുസ്തകമായി അച്ചടിച്ചിറങ്ങുകയും ചെയ്തു. എന്താണ് തിരുമേനിയുടെ സങ്കടങ്ങള്‍? ആയുര്‍വേദത്തെ വേണ്ടത്ര ഗൗരവമായി ഉപയോഗിച്ചില്ല എന്നതാണ് സങ്കടം. ജനങ്ങള്‍ക്ക് ഏറ്റവുമധികം ഇന്നത്തെക്കാലത്ത് ഉപകാരം ചെയ്യാന്‍ കഴിയുന്നതായിരുന്നു ആയുര്‍വേദം. ഭാര്യയുടെ വേര്‍പാടാണ് എന്‍റെ ഏറ്റവും വലിയ സ്വകാര്യ ദുഖം. “ശ്രീമാന്‍ നമ്പൂതിരിയുള്ളപ്പോ‌ള്‍ എന്തിനാണ് എന്നെ തേടി വന്നത്” എന്ന് മൂവാറ്റുപുഴക്കാരനായ ഒരു രോഗിയോട് അന്തരിച്ച ആയുര്‍വേദ ഭിഷഗ്വരന്‍ രാഘവ‌ന്‍ തിരുമുല്പാട് ചോദിച്ചതായി കേട്ടിട്ടുണ്ട്... തിരുമുല്പാടുമായി നേരിട്ട് വലിയ ബന്ധമില്ലായിരുന്നു. പക്ഷേ അറിയാം. ഫോണില്‍ സംസാരിച്ചിട്ടുണ്ട്. വലിയ മൂസ്സിന്‍റെയടുത്ത് നിന്ന് ചില കാര്യങ്ങള്‍ ഗ്രഹിച്ചുവെന്നല്ലാതെ എനിക്ക് വലിയ പാണ്ഠിത്യമൊന്നും ആയുര്‍വേദത്തിലില്ല. മൂസ്സിന്‍റെയടുത്ത് ചെല്ലുന്നതിന് മുന്‍പ് തന്നെ അഷ്ടാംഗഹൃദയമൊക്കെ ഞാന്‍ മന:പാഠമാക്കിയിരുന്നു എന്നുമാത്രം. പിന്നെ ‘ചികിത്സാമഞ്ജരി’ എന്നൊരു പുസ്തകം ഞാ‌ന്‍ തയ്യാറാക്കിയിരുന്നു. അതിപ്പോഴും ആയുര്‍വേദം പഠിക്കുന്ന കുട്ടികള്‍ക്ക് പഠിക്കാനുള്ളതാണ്. (ഈ വിനയത്തിന് മുന്നിലാണ് ഞങ്ങള്‍ ഏറെ അത്ഭുതപ്പെട്ട് പോയത്. മുറിവൈദ്യം പോലുമറിയാത്ത എത്രയോപേര്‍ ഇപ്പോ‌ള്‍ മഹാവൈദ്യന്മാരായി തനിച്ച് ചികിത്സിക്കുന്നു. പണം കൊയ്യുന്നു. ഇത്രയേറെ അറിഞ്ഞ ഒരു മനുഷ്യന്‍ ആയുര്‍വേദം വേണ്ടത്ര പഠിച്ചല്ല, അതിനാല്‍ ചികിത്സിക്കാനാവില്ല എന്ന് വിചാരിച്ച് സങ്കടപ്പെടുന്നു) മൂവാറ്റുപുഴയില്‍ എന്തൊക്കെയായിരുന്നു തിരുമേനിയുടെ ബന്ധങ്ങള്‍? മേളയുടെ പ്രസിഡന്‍റായിരുന്ന ശങ്കരന്‍നായ‌ര്‍ ഓക്സ്‌ഫോര്‍ഡ് എന്ന സ്ഥാപനം നടത്തുന്ന കാലത്താണ് ഞാ‌ന്‍ ജോലിയൊക്കെ ഉപേക്ഷിച്ച് ഇല്ലത്ത് വന്നത്. ശങ്കരന്‍നായരുടെ ക്ഷണപ്രകാരം അവിടെ കുറേക്കാലം അദ്ധ്യാപകനായി. ഇതിനിടെ നിര്‍മ്മലാ ഹൈസ്ക്കൂളി‌ല്‍ അന്നത്തെ പ്രിന്‍സിപ്പലായിരുന്ന കുന്നംകോട്ടച്ചന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി അവിടെ പഠിപ്പിക്കാ‌ന്‍ പോയി. ഹിന്ദി, ഇംഗ്ലീഷ്, സംസ്കൃത ഭാഷകളില്‍ പ്രാവീണ്യമുണ്ടായിട്ടും എന്നെ മലയാളം അദ്ധ്യാപകനായാണ് നിയമിച്ചത്. ഏഴ് വര്‍ഷം പഠിപ്പിച്ചു. ഈയടുത്തകാലം വരെ മൂവാറ്റുപുഴ വിദ്യാ വനിതാ കോളേജില്‍ സംസ്കൃതം പഠിപ്പിക്കാ‌ന്‍ പോയിരുന്നു. പുസ്തകങ്ങളെക്കുറിച്ച് എന്താണ് തിരുമേനിക്ക് പറയാനുള്ളത്? സാമ്രാട്ട് പബ്ലിഷേഴ്സാണ് കുറേ വലിയ പുസ്തകങ്ങളിറക്കിയത്. മുഴുവന്‍ റൈറ്റും അവര്‍ക്ക് കൊടുത്തു. ആരോടും കണക്കൊന്നും പറഞ്ഞില്ല. അവര്‍ തന്നത് മാത്രം വാങ്ങി. (പുസ്തകത്തിന്‍റെ വിലയും തിരുമേനിക്ക് കിട്ടിയ പണവും തട്ടിച്ച് നോക്കിയാ‌ല്‍ ഇദ്ദേഹം വീണ്ടും നമ്മെ അത്ഭുതപ്പെടുത്തും) ഇന്നുവരെ ആരോടും അപേക്ഷിക്കാനും കണക്കുപറയാനും പോയിട്ടില്ല. പുറത്തിറങ്ങട്ടെ എന്നുമാത്രം കരുതിയാണ് തര്‍ജ്ജിമയടക്കമുള്ള വലിയ പുസ്തകങ്ങളുടെ മുഴുവ‌ന്‍ റൈറ്റ് സഹിതം കൊടുത്തത്. എന്‍. ബി. എസ്സും. മാതൃഭൂമിയും പുസ്തകങ്ങളിറക്കിയിട്ടുണ്ട്. ഇപ്പോള്‍ ഒരു പുസ്തകം പുതുതായി എ‌ന്‍. ബി. എസ്. ഇറക്കി. ഇനിയൊരു പുസ്തകം മാതൃഭൂമി, എന്‍. ബി. എസ്., ഡി. സി. പോലുള്ളവരെക്കൊണ്ട് പ്രസിദ്ധീകരിപ്പിക്കണമെന്നുണ്ട്. “ശ്രീമാന്‍ നമ്പൂതിരിയുടെ കവിതക‌ള്‍” എന്ന പേരി‌ല്‍ എന്‍റെ എല്ലാ കവിതകളും സമാഹരിക്കണമെന്നാണ് ആഗ്രഹം. എന്‍റെ സ്വന്തം രചനകള്‍ അവയാണ്. (ഈ അഭിപ്രായവും നമ്മെ അത്ഭുതപ്പെടുത്തും. പഠനങ്ങളും വിവര്‍ത്തനങ്ങളും സ്വതന്ത്രാഖ്യാനങ്ങളുമായി ഇദ്ദേഹം എഴുതിയൊരുക്കിയ ഗ്രന്ഥങ്ങളെയും വിജ്ഞാനപാഠങ്ങളേയും, ഭാരത സംസ്കൃതിയുടേയും ഗുരുശ്രേഷ്ഠന്മാരുടേയും അറിവായാണ് ഇദ്ദേഹം കാണുന്നത്. എന്‍റേതെന്ന് പറയാമെങ്കില്‍ അത് കവിത മാത്രമെന്ന എളിമ ഈ മഹാമനുഷ്യനിലല്ലാതെ മറ്റെവിടെ കാണും!) എന്താണ് തിരുമേനിയുടെ ജീവിതത്തെക്കുറിച്ചുള്ള വിലയിരുത്തല്‍ എന്ന് ചോദിക്കണമെന്ന് കരുതിയാണ് ഞങ്ങ‌ള്‍ ചെന്നത്. പക്ഷേ, സംസാരത്തിന്‍റെ തുടക്കം തന്നെ ഒരു ശ്ലോകം ചൊല്ലിക്കൊണ്ടായിരുന്നു. ഒപ്പം അതിന്‍റെ സാരാംശം പറഞ്ഞു കൊണ്ടും. ഒരേ ലക്ഷ്യത്തോടെ ഒന്നി‌ല്‍ മാത്രം ശ്രദ്ധയൂന്നി മുന്നോട്ട് പോകുന്നവന് വിജയം വരുമെന്നും, പലതില്‍ വ്യാപരിച്ച് പോകുന്നവ‌ന് ഒന്നിന്‍റെയും ലക്ഷ്യത്തിലെത്താനാവില്ലെന്നും ഓര്‍മ്മിപ്പിക്കുന്ന ശ്ലോകാര്‍ത്ഥം തന്‍റെ ജീവിതത്തിന് നേരെ തിരിച്ച വക്കുകയാണ് ഈ മനീഷി ചെയ്തത്. അറിഞഞ്ഞതും പഠിച്ചതും എഴുതിയതും പകര്‍ന്നുകൊടുത്തതുമായ അറിവ് ഒരു മനുഷ്യായുസ്സിന്‍റെ മുഴുവ‌ന്‍ നേര്‍ക്കാഴ്ചയായിരിക്കെ, അതൊന്നും ഗൗനിക്കാതെ ഈ വലിയ ലോകത്ത് ഞാനെത്ര നിസ്സാരനെന്ന് മാത്രം ഓര്‍മ്മിച്ചിരിക്കുന്ന ആ വലിയ മനുഷ്യനെ മനസ്സി‌ല്‍ സാഷ്ടാംഗം നമസ്ക്കരിച്ചുകൊണ്ടാണ് ഞങ്ങളിറങ്ങിയത്. ഒന്നില്‍ മാത്രം അദ്ദേഹം ആര്‍ജ്ജിച്ച അറിവിന്‍റെ ഒരംശം പോലും, എല്ലാറ്റിലുമായി ആര്‍ജ്ജിക്കാനായിട്ടില്ലല്ലോ എന്ന തിരിച്ചറിവ് ഞങ്ങളുടെ അഹങ്കാരത്തിന് മുകളി‌ല്‍ ഒരു ഞെട്ടലോടെയാണ് വന്നു പതിച്ചതും. ഇല്ലത്ത് നിന്ന് തന്ന ചായ കുടിക്കുമ്പോഴും നാട്ടുവിശേഷം പറഞ്ഞിറങ്ങുമ്പോഴും തിരുമേനി ‘വിനീതോപഹാരം’ എന്നെഴുതിത്തന്ന പുസ്തകം കൈനീട്ടി വാങ്ങുമ്പോഴും മനസ്സ് വല്ലാത്തൊരു പ്രക്ഷുബ്ധതയില്‍ അലയൊടുങ്ങിക്കിടക്കുകയായിരുന്നു.

Tweet