ഇന്ത്യയുടെ തെക്കേയറ്റത്ത് കിടക്കുന്ന നമ്മുടെ കൊച്ചുകേരളത്തിലെ ഒരു ചെറുപട്ടണമായ മൂവാറ്റുപുഴയ്ക്ക് വിദേശരാജ്യങ്ങളുമായി നേരിട്ടു വ്യാപാരബന്ധങ്ങളുണ്ടായിരുന്നു എന്ന് കേട്ടാല്‍ പുതിയ തലമുറയ്ക്ക് അത്ഭുതം തോന്നിയേക്കാം. ചരിത്രാവശിഷ്ടങ്ങള്‍ അതാണു നമ്മളെ പഠിപ്പിക്കുന്നത്. മാറാടിയിലെ കൊടക്കത്താനം ഒരു വിദേശവ്യാപാര കേന്ദ്രമായിരുന്നെന്നും പില്‍ക്കാലത്ത് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് നമ്മുടെ സുഗന്ധദ്രവ്യങ്ങളുടെ കച്ചവടത്തില്‍ വിദേശികള്‍ക്കുണ്ടായിരുന്ന കുത്തക നിറുത്തലാക്കിയെന്നും അതോടെ ആ വ്യാപാരകേന്ദ്രം പ്രായേണ ഉപേക്ഷിക്കപ്പെട്ടുപോയെന്നുമാണ് ചരിത്രം. കൊടക്കത്താനം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ വില്‍പ്പനസ്ഥലം എന്നാണ്. അന്ന് കൊടക്കത്താനം മുതല്‍ ഉറവക്കണ്ടം വരെ അറുപത്തിനാലു ബ്രാഹ്മണഇല്ലങ്ങള്‍ ഉണ്ടായിരുന്നുയെന്നാണ് പാരമ്പര്യം. വ്യാപാരകേന്ദ്രം എന്ന ഖ്യാതി നഷ്ടപ്പെട്ടതിനെക്കുറിച്ച് കുടകുകാര് രേഖപ്പെടുത്തിയിരിക്കുന്നത് വാണിഭം കെട്ട മാറാടി എന്നാണ്. പ്രസ്തുത പ്രദേശത്തു നിന്ന് ധാരാളം പഴയനാണയങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ടെന്നും അതില്‍ വെനീഷ്യന്‍ നാണയങ്ങളും ഉണ്ടായിരുന്നുവെന്നും പഴമക്കാര്‍ പറയുന്നു. വ്യാപാരവുമായി ബന്ധപ്പെട്ട് ഇവിടെ ധാരാളം മറാഠികള്‍ താമസിച്ചിരുന്നു. അതില്‍ നിന്നാകണം മാറാടി എന്ന പേരു തന്നെ ഉണ്ടായത്. യഥാര്‍ത്ഥത്തില്‍ മൂവാറ്റുപുഴ പട്ടണം സ്ഥിതി ചെയ്യുന്നത് മാറാടി കരയിലാണ്. ആറിനു കിഴക്കുള്ള കരയാണ് മൂവാറ്റുപുഴ കര. ബിസി മൂന്നാം നൂറ്റാണ്ടു മുതല്‍ കേരളത്തില്‍ ബുദ്ധമതവും ജൈനമതവും പ്രചരിച്ചിരുന്നു എന്നതിന് തെളിവുകളുണ്ട്. മൂവാറ്റുപുഴ പട്ടണത്തിലും പ്രാന്തപ്രദേശങ്ങളിലും ബുദ്ധമതാനുയായികളും ജൈനരും താമസിച്ചിരുന്നു. അവര്‍ സ്ഥാപിച്ച ആരാധനാലയങ്ങളും വിഗ്രഹങ്ങളും ഇവിടങ്ങളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. മുതുകല്ലിലെ മുനിയറയും അതിനു പടിഞ്ഞാറായി ജൈനര്‍ നിര്‍മ്മിച്ച ഗുഹയും ഇന്നുമുണ്ട്. പെരുംപല്ലൂര്‍ എന്ന സ്ഥലനാമം ബുദ്ധമതാനുയായികളുടെ സംഭാവനയാണ്. മൂവാറ്റുപുഴയിലെ ജനങ്ങളെ അഭിവൃദ്ധിയിലേക്ക് നയിച്ച ഭരണകര്‍ത്താക്കള്‍ ആരെല്ലാമാണെന്നു പരിശോധിക്കാം. ഒന്നാം ചേരസാമ്രാജ്യത്തിന്റെ പ്രഥമ തലസ്ഥാനമായിരുന്ന തൃക്കാരിയൂര്‍ പ്രദേശത്തിന്റെ ഭാഗമായിരുന്നു മൂവാറ്റുപുഴ. അന്നുമുതല്‍ ഭരണസിരാകേന്ദ്രത്തിന്റെ അടുപ്പം നമ്മുടെ സംസ്‌കാരത്തിന്റെ വളര്‍ച്ചയെ തൊട്ടുതലോടിയിരുന്നു.
എഡി 800 മുതല്‍ 1102 വരെ നിലനിന്നിരുന്ന രണ്ടാം ചേരസാമ്രാജ്യത്തിന്റെ കാലത്ത് ഈ പ്രദേശം കീഴ്മലൈനാട് എന്നറിയപ്പെട്ടിരുന്നു. അതിന്റെ തലസ്ഥാനമാകട്ടെ തൊടുപുഴയിലെ കാരിക്കോടും. എഡി 1100-ാം ആണ്ടോടു കൂടി പുരാതന പെണ്‍പൊലിനാട് തെക്കുംകൂറെന്നും വടക്കുംകൂറെന്നും രണ്ടായി വിഭജിക്കപ്പെട്ടു. നമ്മുടെ കീഴ്മലൈനാട് വടക്കുംകൂറില്‍ ലയിച്ചു. അത് എഡി 1600 ല്‍ ആയിരുന്നു. വടക്കുംകൂര്‍ രാജ്യം കോതമംഗലം വരെ വ്യാപിച്ചുകിടന്നിരുന്നു. അങ്ങനെ മൂവാറ്റുപുഴയും കോതമംഗലവും തൊടുപുഴയും ഒരേ ഭരണത്തിന്‍ കീഴില്‍ കിടന്നിരുന്ന പ്രദേശങ്ങളായിരുന്നു. എഡി 1750 ല്‍ തിരുവതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ വടക്കുംകൂര്‍ കീഴടക്കി. അതോടെ നാം തിരുവതാംകൂറുകാരായിത്തീര്‍ന്നു. വടക്കുംകൂറിന്റെ കാലത്തും മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്തും മൂവാറ്റുപുഴ ആരക്കുഴയുടെ ഭാഗമായിരുന്നു. മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് ആരക്കുഴക്കായിരുന്നു പ്രഥമസ്ഥാനം. ആരക്കുഴയിലും മൂവാറ്റുപുഴ ശിവന്‍കുന്നിലും പട്ടാളക്കാരെ പാര്‍പ്പിച്ചിരുന്നതായി രേഖകളുണ്ട്. എഡി എട്ടാം നൂറ്റാണ്ടില്‍ ആരക്കുഴയില്‍ ക്രിസ്ത്യാനികള്‍ കുടിയേറിപ്പാര്‍ത്തു. അവര്‍ അവിടെ കുരുമുളകുതോട്ടങ്ങള്‍ വച്ചുപിടിപ്പിച്ചു. 999 ല്‍ അവിടെ അവര്‍ തങ്ങളുടെ ഒരു ആരാധനാലയവും സ്ഥാപിച്ചു. മൂവാറ്റുപുഴ ഹിന്ദുക്കള്‍ക്കായി പുഴക്കരക്കാവ് എന്ന ആരാധനാലയം സ്ഥാപിച്ചത് കൊല്ലവര്‍ഷം 1050 ന് അടുത്താണ് എന്നു കാണിക്കുന്ന ശിലാലിഖിതങ്ങള്‍ കാണാം. അക്കാലം തൊട്ടേ ഇവിടെ ഹിന്ദുക്കളും ക്രിസ്ത്യാനികളും മൈത്രിയില്‍ കഴിഞ്ഞിരുന്നു. കൃഷിയിലും കച്ചവടത്തിലും കഴിഞ്ഞിരുന്ന ജനത സമാധാനകാംക്ഷികളായിരുന്നു. എഡി 1750 ല്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ആക്രമണത്തിനു തൊട്ടുമുമ്പായി വടക്കുംകൂര്‍ രാജാവ് നിര്‍മ്മിച്ച നെടുംകോട്ട വൈക്കം മുതല്‍ വടക്കുംകൂറിന്റെ വടക്കേയറ്റമായ കോതമംഗലത്തിനുമപ്പുറത്തു വരെ നീണ്ടുകിടന്നിരുന്നു. അതിനോടു ചേര്‍ന്നു തീര്‍ത്തിരുന്ന സഞ്ചാരയോഗ്യമായ പാത ബാഹ്യലോകവുമായുള്ള വ്യാപാരബന്ധം വര്‍ദ്ധിപ്പിക്കാനിടയാക്കിയെന്നത് പ്രതേ്യകം പ്രസ്താവിക്കേണ്ടതില്ലല്ലോ. ഇപ്പോഴുള്ള വൈക്കം മൂവാറ്റുപുഴ കോതമംഗലം റോഡിന്റെ ഉത്ഭവം ഈ വഴിക്കായിരിക്കണം. കോട്ടയുടെ പലഭാഗങ്ങളിലും രാജ്യരക്ഷയെക്കരുതി കൊത്തളങ്ങള്‍ നിര്‍മ്മിച്ചിരുന്നു. പ്രസ്തുത പട്ടാളക്യാമ്പുകള്‍ സഞ്ചാരികളുടെ സുരക്ഷിതത്വവും ഉറപ്പാക്കി. കോട്ടയുടെ കിഴക്കേയറ്റത്ത് ഇല്ലിയും ഇഞ്ചയും കഴഞ്ചിയും 932 ല്‍ വച്ചുപിടിപ്പിച്ചതായി രേഖകളുണ്ട്. ആണ്ടൂര്‍ തോടുമുതല്‍ അമയപ്പണം (അമയപ്ര) വരെ കോട്ടയരികില്‍ നാലു ദണ്ഡുവീതിയില്‍ കാടുവെട്ടിത്തെളിക്കാന്‍ 500 പേര്‍ ജോലിചെയ്തിരുന്നതായും ആയതിന് 34375 ചക്രം തൊടുപുഴ മണ്ഡപത്തും വാതില്‍വഴി ചെലവിട്ടതായും രേഖകളില്‍ കാണുന്നു. മുളയും ഇഞ്ചയും കഴഞ്ചിയും വച്ചുപിടിപ്പിച്ചതിന് 6870 കലിപ്പണം ചെലവായത്രേ! ആധുനികതിരുവിതാംകൂര്‍ ശില്പിയായ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത്തന്നെ ക്രമേണ ആരക്കുഴയുടെ പ്രാധാന്യം കുറയുകയും മൂവാറ്റുപുഴ അഭിവൃദ്ധിപ്പെടുകയും ചെയ്തു. മൂവാറ്റുപുഴ ഒരു ഭരണസിരാകേന്ദ്രമായി മാറി. പില്‍ക്കാല പരിഷ്‌കാരങ്ങളുടെ ഒരു തുടക്കമായിരുന്നു അത്. മൂവാറ്റുപുഴയിലെ ആഴ്ചച്ചന്ത തുടങ്ങിയത് മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്താണ്. തദ്ദേശവാസികളുടെ ഒരുക്രയവിക്രയ കേന്ദ്രം! കൃഷിക്കാരായ ജനങ്ങള്‍ക്ക് താന്താങ്ങളുടെ വിളകള്‍ ഒരുമിച്ച് ഒരുസ്ഥലത്തു കൊണ്ടുവന്നു കൂട്ടി പരസ്പരം വച്ചുമാറുന്നതിനുള്ള ഒരു സൗകര്യം. പിന്നീടങ്ങോട് ഭരണപരിഷ്‌കാരങ്ങളുടെ ഒരു നീണ്ട ഘോഷയാത്രയായിരുന്നു. മണ്ഡപത്തുംവാതില്‍ (റവന്യു ഭരണ കേന്ദ്രം) ഢാണാവ് (ട്രഷറി) ചവുക്ക (തീരുവ കൊടുക്കേണ്ട സ്ഥലം) പുകയിലയുടെയും മറ്റുസുഗന്ദദ്രവ്യങ്ങളുടെയും പണ്ടകശാലകള്‍ (ഗോഡൗണുകള്‍) തുടങ്ങി ഒട്ടനവധി പരിഷ്‌കാരങ്ങള്‍ . ഇപ്പോഴത്തെ മാറാടി വില്ലേജ് ഓഫീസ് ഇരിക്കുന്ന സ്ഥലത്തായിരുന്നു അന്നത്തെ മണ്ഡപത്തുംവാതില്‍. 1905ല്‍ ഇരമംഗലത്തുകാര്‍ ദാനം ചെയ്ത സ്ഥലത്ത് സ്ഥാപിച്ച ധര്‍മ്മാശുപത്രിയും 1925 ല്‍ പിട്ടാപ്പിള്ളില്‍ യശഃശരീരനായ ശ്രീ.ഉതുപ്പുവൈദ്യന്‍ സംഭാവന ചെയ്ത സ്ഥലത്ത് പണിയിച്ച സ്‌കൂളും ഇന്നാട്ടുകാരുടെ വളര്‍ച്ചയെ എന്തുമാത്രം സഹായിച്ചു എന്നുപറയേണ്ടതില്ലല്ലോ. പിന്നീടു സ്ഥാപിച്ച അഞ്ചലാഫീസും നീതിന്യായകോടതികളും നമ്മുടെ നാടിന്റെ അഭിവൃദ്ധി ത്വരിതപ്പെടുത്തി. നദിയുടെ ഇരുകരകളെയും യോജിപ്പിച്ചുകൊണ്ട് 1914 ല്‍ സ്ഥാപിച്ച മോങ്ങിയര്‍ പാലം മൂവാറ്റുപുഴയുടെ മാത്രമല്ല തിരുവതാംകൂറിന്റെ തന്നെ ചരിത്രത്തില്‍ അദ്വതീയമായ സ്ഥാനം പിടിച്ചുപറ്റി. 1875 ല്‍ പണി തീര്‍ത്ത എംസി റോഡും 1878 ല്‍ പണിത മൂവാറ്റുപുഴ - തൊടുപുഴ റോഡും ഈ പ്രദേശത്തെ ജനങ്ങളെ തമ്മില്‍ അടുപ്പിച്ചുവെന്നോ വ്യാപാരസാദ്ധ്യതകള്‍ വര്‍ദ്ധിച്ചുവെന്നോ കണക്കാക്കാം. കീഴ്മലൈ രാജാക്കന്മാരുടെ കാലത്ത് കാരിക്കോട്ടുനിന്നും വേനല്‍ക്കാലത്ത് ആനകളെ കുളിപ്പിക്കാന്‍ മൂവാറ്റുപുഴ ആറ്റിലേക്ക് കൊണ്ടുവന്നിരുന്ന ആനച്ചാല്‍ ആണ് പിന്നീട് റോഡായിത്തീര്‍ന്നതെന്നും അതിനാല്‍ ആനച്ചാല്‍ റോഡ് റോഡ് എന്നറിയപ്പെട്ടിരുന്നുയെന്നും പറയപ്പെടുന്നു. 1917 ല്‍ ആണ് മൂവാറ്റുപുഴ-തൊടുപുഴ പാലം പണി ചെയ്യിച്ചത്. കല്‍ക്കരി ബസുകള്‍ ഓടിച്ചിരുന്ന മൂവാറ്റുപുഴ പട്ടണത്തിന്റെ കഴിഞ്ഞകാല ചരിത്രം ഇങ്ങനെ പോകുന്നു.
മദ്ധ്യകേരളത്തിലെ ഒരു പ്രധാനപട്ടണമായ മൂവാറ്റുപുഴക്ക് മുമ്പുപറഞ്ഞതില്‍ക്കൂടുതല്‍ കാതലായ എന്തു പരിഷ്‌കാരങ്ങളാണ് ആധുനിക ഭരണകര്‍ത്താക്കള്‍ക്കും സാംസ്‌കാരികനായകന്മാര്‍ക്കും നടപ്പാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഏതാനും പ്രൈവറ്റുകോളേജുകളും സ്‌കൂളുകളും ക്ലബ്ബുകളും!
റഫറന്‍സ്
1. ഒരു വംശവും പലനാടുകളും - റവ. ഡോ. ജോര്‍ജ്ജ് കുരുക്കൂര്‍, പിഒസി എറണാകുളം 2. തിരുവിതാംകൂര്‍ ചരിത്രം - പാച്ചു മൂസത്, വൈക്കം (ഓണപതിപ്പ്)
3. തിരുവിതാംകൂര്‍ ചരിത്രം - കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് - 1973
4. The Travancore State Mannual - Nagar Aiya V (Asian Edl Services, New Delhi - 1989)
5. The Travancore State Mannuel - Govt of Kerala 1996