മൂവാറ്റുപുഴയും ഞാനും ഓർമ്മകളിൽ ചിലതും

(1995 മാർച്ചിൽ മേള രജതജൂബിലി സോവനീറിൽ പ്രസിദ്ധീകരിച്ചത്)

ആദ്യം പറയട്ടെ. ജീവിതത്തിൽ ഞാൻ ശാരീരികമായി നന്നായിരുന്നത് മൂവാറ്റുപുഴയിലെ താമസക്കാലത്തായിരുന്നു. ജോലിഭാരമുണ്ടായിരുന്നു. ജോലിക്കുശേഷമുള്ള അലഞ്ഞുതിരിയൽ ധാരാളമുണ്ടായിരുന്നു. ഹോട്ടൽഭക്ഷണം സുഖകരമായിരുന്നില്ല. എന്നിട്ടും ആരോഗ്യം അത്രയും മെച്ചപ്പെടാനുള്ള കാരണം മൂവാറ്റുപുഴയാറ്റിലെ കുളി തന്നെ. പെരുമ്പടവം ശ്രീധരനോടൊന്നിച്ച് പുഴക്കരക്കാവിനു സമീപത്തെ ത്രിവേണിസംഗമത്തിൽ കുളിച്ചുകയറുമ്പോൾ അന്നൊക്കെ തോന്നിയിരുന്ന ഉന്മേഷം ഗംഗയിലും പമ്പയിലും കുളിച്ചപ്പോൾ മാത്രമേ അനുഭവപ്പെട്ടിട്ടുള്ളൂ. ജലത്തെ മലിനീകരിക്കത്തക്കവണ്ണമുള്ള മാലിന്യങ്ങൾ മൂവാറ്റുപുഴയാറ്റിൽ വീഴാറുണ്ടാവുകയില്ലെന്നും വീഴുകില്ലെന്നും ആശിക്കട്ടെ.

രണ്ടു ഗഡുവുകളിലായി ഒന്നരവർഷക്കാലമാണ് മൂവാറ്റുപുഴയിൽ സ്ഥിരമായി ഞാൻ താമസിച്ചിട്ടുള്ളത്. വീക്ഷണം എന്ന മാസികയും ഫോർവേഡു ബുക്ക്‌സ്റ്റാളും നടത്തിക്കൊണ്ടിരുന്ന ചരിത്രകാരനായ പ്രൊഫ.പി.ടി.ചാക്കോയുമായി എഴുത്തുകാരനെന്ന നിലയിൽ എനിക്കു ബന്ധമുണ്ടായിരുന്നു. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ചാണ് അദ്ദേഹത്തിന്റെയും കേശവപിള്ള സാറിന്റെയും മംഗലം പ്രഭാകരൻ നായരുടെയും മറ്റും നേതൃത്വത്തിൽ നടത്തിക്കൊണ്ടിരുന്ന വിശ്വഭാരതിയിൽ ഒരു സീസണിൽ (മൂന്നു മാസത്തേക്ക്) ഹിന്ദി പഠിപ്പിക്കുവാൻ എത്തിയത്. കാലഘട്ടം 62നും 64 നും ഇടയ്ക്ക്. കലാ സാഹിത്യ സമൂഹ്യ പ്രശ്‌നങ്ങളെ നിശിതമായി വിമർശിക്കുകയും ചർച്ചചെയ്യുകയും ചെയ്യാറുണ്ടായിരുന്ന പെരുമ്പളത്തെ സുഹൃദ്വലയത്തിൽ നിന്ന് മൂവാറ്റുപുഴയിലെത്തിയ ഞാൻ ഒറ്റപ്പെടുമെന്നാണ് ആദ്യം വിചാരിച്ചത്. അതുണ്ടായില്ല. ആദ്യദിവസം തന്നെ സരസനായ കേശവപിള്ള സാർ കച്ചേരിത്താഴത്തുള്ള സഹകരണസംഘം ഓഫീസിലെ സായാഹ്നസദസ്സിലേക്കു എന്നെ കൂട്ടിക്കൊണ്ടുപോയി. സംഘം സെക്രട്ടറി രാഘവൻ നായർ, കെ.എൻ.സി, ഡോ.സുകുമാരൻ, ശങ്കരൻകുട്ടി, അഭിഭാഷകവൗത്തിയിൽ മുഴുകി സാഹിത്യജീവിതം വിസ്മരിച്ച വി.എ.ജോയി തുടങ്ങിയവരെയും പിന്നീട് എന്റെ ഏറ്റവും വലിയ അഭ്യുദയാകാംക്ഷിയായിത്തീർന്ന പി.ശങ്കരൻനായരെയും അവിടെവച്ചാണു പരിചയപ്പെടുന്നത്. അന്നത്തെ ആ സദസ്സിൽപ്പെട്ട പലരും ജീവിതരംഗം വെടിഞ്ഞു. ശേഷിച്ചവർ ഇന്നും സുഹൃത്തുക്കൾ തന്നെ.

അവിടത്തെ മറ്റൊരു താവളമായിരുന്നു പോസ്റ്റോഫീസ് ജംഗ്ഷനിലുണ്ടായിരുന്ന ബേബി ആർട്‌സ്. ബേബിച്ചേട്ടനും ഒരു സംഘം യുവസാഹിത്യകാരന്മാരും യുവചിത്രകാരന്മാരും എപ്പോഴും അവിടെ ഹാജർ. സാഹിത്യരചന ജീവിതമാർഗ്ഗമായി സ്വീകരിച്ച് ഒരു മാസിക കൂടി പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന പെരുമ്പടവും ശ്രീധരനും പിന്നീട് വൈശാഖനായി മാറിയ എം.കെ.ഗോപിനാഥൻ നായരുമായിരുന്നു അവരിൽ പ്രധാനികൾ. ഇവർക്കിരുവർക്കും നല്ലൊരു ഭാവി അന്നേ ഞാൻ ദർശിച്ചിരുന്നു. ഗോപിനാഥന്റെ ചെകുത്താൻ ഉറങ്ങുന്നില്ല എന്ന കഥയുടെ കൈയ്യെഴുത്തുകോപ്പി വായിച്ചുനോക്കി, ഉയർന്ന വായനക്കാരുടെ ശ്രദ്ധപിടിച്ചു പറ്റുവാൻ മാതൃഭൂമിക്കുതന്നെ അതയച്ചുകൊടുക്കുവാൻ ഞാൻ പ്രേരിപ്പിച്ചതോർക്കുന്നു.

സഹകരണസംഘം ഓഫീസ്സിൽ വച്ചുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ശങ്കരൻനായർ സാറ് എന്നെ ഓക്‌സഫോർഡിലേക്കു വിളിച്ചത്. ഒരു കലാശാലയിലുള്ളതിലധികം കുട്ടികൾ പ്രൊഫഷണൽ കോഴ്‌സുകളുൾപ്പെടെയുള്ള വിവിധ ക്ലാസ്സുകളിലായി പഒ#ിച്ചുകൊണ്ടിരുന്ന ഓക്‌സ്‌ഫോർഡ് മൂവാറ്റുപുഴയിലെ സാമൂഹ്യജീവിതത്തിന്റെ അവിഭാജ്യഘടകമായിരുന്നു അന്ന്. ഹിന്ദി-മലയാളം വിദ്വാൻ കോഴ്‌സുകൾക്കു പഠിക്കുന്നവരും കുറവായിരുന്നില്ല. ദേശബന്ധുവിന്റെ സഹപത്രാധിപരെന്ന നിലയിൽ നേരത്തെ സ്‌നേഹബന്ധമുണ്ടായിരുന്ന ഡി.ശ്രീമാൻ നമ്പൂതിരി, അന്ന് മാറാടി പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.വി.എബ്രാഹം, ഭാഷാപണ്ഡിതനും ജ്യോതിഷപണ്ഡിതനുമായിരുന്ന കൊന്നയ്ക്കൽ മാധവൻപിള്ള സാറ്, അയ്യപ്പൻ സാറ് തുടങ്ങിയവരായിരുന്നു ഭാഷ പഠിപ്പിച്ചുകൊണ്ടിരുന്ന സഹപ്രവർത്തകർ. ഒരു ചെറുലേഖനത്തിൽ ഒതുക്കാവുന്നതല്ല അന്നത്തെ ഓക്‌സ്‌ഫോർഡു വിശേഷങ്ങൾ. എങ്കിലും ഒന്നു തീർത്തുപറയാം ശങ്കരൻനായരു സാറിന്റെ ഇംഗ്ലീഷ് ക്ലാസ്സിനെക്കുറിച്ചുള്ള പ്രശസ്തിയാണ് അവിടെ ദൂരങ്ങളിൽ നിന്നുപോലും വിദ്യാർത്ഥികളെ അഅകർഷിച്ചുകൊണ്ടിരുന്നത്.

മേള രൂപപ്പെട്ടതെങ്ങനെയെന്നും അതിൽ പി.ശങ്കരൻ നായർക്കുള്ള പങ്കെന്തെന്നും എനിയ്ക്കറിഞ്ഞുകൂടാ. എങ്കിലും ഞാനവിടെ താമസിച്ചിരുന്ന കാലത്തുതന്നെ കഥാസമിതിയ്ക്കും സാഹിത്യ സമിതിയ്ക്കും ചർച്ചകൾക്കും ക്യാമ്പുകൾക്കും സെമിനാറുകൾക്കും താവളം ഓക്‌സ്‌ഫോർഡായിരുന്നു. കലയും സാഹിത്യവും കൈകാര്യം ചെയ്യുവാനുള്ള ഒരു സ്ഥാപനവും പ്രസിദ്ധീകരണശാലയും ആരംഭിക്കേണ്ടതിനെക്കുറിച്ച് അദ്ദേഹം അനേകംവട്ടം ഞാനുമായി ചർച്ച ചെയ്തിട്ടുണ്ട്. (വാഗ്മിയായ ശങ്കരൻനായരു സാറിന്റെ കൂടെ സഹപ്രാസംഗികനായി പല സ്ഥലങ്ങളിലും പോകേണ്ടിവരുമ്പോൾ യാത്രയ്ക്കിടയിൽ കാറിലിരുന്നാണ് ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്തുകൊണ്ടിരുന്നത്. ഒരു ക്ലാസ്സിൽ നിന്ന് മറ്റൊരു ക്ലാസ്സിലേയ്ക്കു മാറി ഇടതടവില്ലാതെ പഠിപ്പിച്ചുകൊണ്ടിരുന്ന ശങ്കരൻനായരു സാറിന് പ്രസംഗിക്കുവാൻ വേണ്ടിയുള്ള യാത്രയായിരുന്നു യഥാർത്ഥത്തിൽ വിശ്രമമായിരുന്നത്.)

ഞാൻ മുൻകൈയ്യെടുത്താൽ മേൽപ്പറഞ്ഞ കാര്യങ്ങൾ ചെയ്യുവാൻ സാറ് ഒരുക്കം. അവസരങ്ങൾ മുതലെടുക്കുവാൻ അന്നും ഞാൻ വിമുഖനായിരുന്നു. അതുകൊണ്ട് ഒന്നിനും മുൻകൈ എടുത്തില്ലെന്നുമാത്രമല്ല, പൊടുന്നനെ ഒരു ദിവസം ഞാൻ തീരുമാനിച്ചത് എരമല്ലൂരു ചെന്ന് അമ്മയുടെ കൂടെ താമസിക്കണമെന്നും അവിടെ തന്നെ ക്ലാസ്സ് തുടങ്ങണമെന്നുമാണ്. അനുവാദം ചോദിച്ചപ്പോൾ സാർ പറഞ്ഞു:-

"പിരിഞ്ഞു പോകുവാനുള്ള സാറിന്റെ സ്വാതന്ത്ര്യത്തെ ഞാൻ നിഷേധിയ്ക്കുന്നില്ല. പക്ഷേ, എന്റെ സമ്മതത്തോടുകൂടി സാറ് പോവുകയില്ല."

അങ്ങനെ പറഞ്ഞെങ്കിലും സാറിന്റെ സമ്മതം വാങ്ങിച്ചുകൊണ്ടുതന്നെയാണു ഞാൻ പിരിഞ്ഞത്. യാത്ര പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു.:-

"എപ്പോൾ വേണമെങ്കിലും വീണ്ടും സാറിനിവിടെ വരാം. ഈ സ്ഥാപനം ഇവിടെ ഉള്ളിടത്തോളംകാലം എന്റെ അനുവാദം ചോദിക്കാതെ സാറിനിവിടെ സ്റ്റാഫിൽ ചേരാം."അതൊരു ഭംഗിവാക്കായിരുന്നില്ലെന്ന് ഏതാനും വർഷങ്ങൾക്കുള്ളിൽ എനിക്ക് ബോധ്യമായി. എന്റെ ഒരു വിദ്യാൻ ശിഷ്യന് മൂവാറ്റുപുഴയിൽ ഭാഷാധ്യാപക ട്രെയിനിങ്ങിന് സെലക്ഷൻ കിട്ടിയെങ്കിലും സാമ്പത്തികസൗകര്യമില്ലാത്തതു കൊണ്ട് ട്രെയിനിങ്ങ് വേണ്ടെന്നു വയ്ക്കാൻ ഭാവം. ഒരു പരീക്ഷണം നടത്താമെന്നു പറഞ്ഞു അയാളെയും കൂട്ടി ഞാൻ ഓക്‌സ്‌ഫോർഡിൽ ചെന്നു. ചെന്നവഴി എന്റെ ചോദ്യം.

"ഹിന്ദിയ്‌ക്കോ മലയാളത്തിനോ വേക്കൻസിയുണ്ടോ സാറേ?"

ശങ്കരൻനായരു സാറിന്റെ മറുപടി.

"വേക്കൻസിയുടെ കാര്യം സാറെന്തിനറിയുന്നു. സാറിപ്പോൾ തന്നെ സ്റ്റാഫിൽ ചേർന്നുകൊള്ളൂ."

ശിഷ്യനുവേണ്ടിയാണെന്നു പറഞ്ഞപ്പോൾ ആദ്യം വിസമ്മതിച്ചു. ശിഷ്യന്റെ പരിതസ്ഥിതിയെക്കുറിച്ചു പറഞ്ഞപ്പോൾ അല്പം ആലോചിച്ചതിനുശേഷമുള്ള മറുപടി.

സാറിന്റെ ശിഷ്യന് കിട്ടിയ ചാൻസ് നഷ്ടപ്പെടുത്തരുത്. കോഴ്‌സ് തീരുന്നതുവെര ജീവിതച്ചെലവിനും പഠിത്തച്ചെലവിനുമള്ള രൂപാ ഞാൻ കൊടുത്തുകൊള്ളാം. പത്തിനുമുമ്പോ, നാലിനു ശേഷമോ ഉള്ള ക്ലാസ്സുകളിൽ പഠിത്തത്തിനു തടസ്സം വരാതെ ഹിന്ദി എടുത്താൽ മതി. കോഴ്‌സു കഴിയുമ്പോൾ തുടരണമെന്നു പറയരുത്.

എന്റെ ശിഷ്യന് പ്രതീക്ഷിച്ചതിലും കൂടുതൽ തുകയാണു സാറു കൊടുത്തുകൊണ്ടിരുന്നത്. അന്നത്തെ സ്‌നേഹം അദ്ദേഹം ഇന്നും എന്നോടു കാണിക്കുന്നു. കൂട്ടത്തിൽ പറയട്ടെ എന്റെ ശിഷ്യൻ ഡബിൾ എം.എ.യ്ക്കുള്ള അദ്ധ്യാപകനാണിപ്പോൾ. ശങ്കരൻ നായരു സാറിനോടുള്ള നന്ദിയും സ്‌നേഹവും കൂടി അദ്ദേഹം എന്നോടു കാണിയ്ക്കാറുമുണ്ട്.

മൂവാറ്റുപുഴയുടെ സാംസ്‌കാരിക പശ്ചാത്തലം പരാമർശിക്കാതെ വിടുന്നു.

Tweet