നോമ്പ് മുറിയുന്ന കാര്യങ്ങള്‍

നോമ്പ് മുറിയുന്ന കാര്യങ്ങള്‍

1. അറിഞ്ഞ് കൊണ്ടോ സ്വമനസ്സാലെയോ വായ, നാസ്ഥികദ്വാരം, ചെവിയുടെ ദ്വാരം, മലമൂത്രദ്വാരങ്ങള്‍ എന്നിവയില്‍കൂടി (തുറക്കപ്പെട്ടദ്വാരം) വല്ല വസ്തുക്കളും (തടിയുള്ള ) അകത്തേക്ക് കടത്തുക. അപ്പോള്‍ സുറുമ ഇടുക, കണ്ണില്‍ മരുന്നൊഴിക്കുക, വെള്ളം, എണ്ണ മുതലായവ രോമക്കുഴിയിലൂടെ അകത്തേക്ക് പ്രവേശിക്കുക, ഇഞ്ചക്ട് ചെയ്യുക, യാത്ര ചെയ്യുമ്പോഴോ മറ്റോ അറിയാതെ പ്രാണികള്‍ വായ്ക്കകത്തേക്കു കടക്കുക മുതലായ കാര്യങ്ങള്‍ കൊണ്ട് നോമ്പ് മുറിയുന്നതല്ല. എന്നാല്‍ ബീഡി, സിഗരറ്റ് എന്നിവയുടെ പുക അകത്തേക്ക് കടന്നാല്‍ നോമ്പ് മുറിയുന്നതാണ്. വുളൂഅ് ചെയ്യുമ്പോള്‍ വായ് കുപ്ലിച്ച് തുപ്പിക്കളഞ്ഞതിന് ശേഷം ഉമിനീരിനോട് കലര്‍ന്ന വെള്ളം ഇറക്കല്‍കൊണ്ട് നോമ്പ് മുറിയുന്നതല്ല.

കുളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

നോമ്പുകാരന്‍ മുങ്ങിക്കുളിക്കല്‍ കറാഹത്താണ്. മുങ്ങിക്കുളികാരണം ഉള്ളിലേക്ക് വെള്ളം കടന്നാല്‍ നോമ്പ് മുറിയുന്നതാണ്. എന്നാല്‍ നിര്‍ബന്ധകുളി (കുളി നിര്‍ബന്ധമായ അവസരത്തില്‍) കോരിയൊഴിച്ച് കുളിക്കുമ്പോള്‍ അല്പം വെള്ളം അകത്ത് കടന്നാല്‍ നോമ്പ് മുറിയുന്നതല്ല. പക്ഷെ ഉന്മേഷത്തിന് വേണ്ടിയോ തണുപ്പിന് വേണ്ടിയോ മറ്റോ കുളിക്കുമ്പോള്‍ കോരിയൊഴിച്ച് കുളിച്ചാലും അല്പം വെള്ളം ഉള്ളിലേക്ക് കടക്കല്‍ കൊണ്ട് നോമ്പ് മുറിയുന്നതാണ്. കുളിച്ചാല്‍ ഉള്ളിലേക്ക് വെള്ളം പ്രവേശിക്കുമെന്ന് ഉറപ്പുള്ളവന് നോമ്പ് സമയം നിര്‍ബന്ധ കുളിയല്ലാത്ത കുളി ഹറാമാണ്. റമദാനില്‍ രാത്രി കുളിക്കലാണ് സുന്നത്ത്.

2. ഇന്ദ്രിയ സ്ഖലനം ഉണ്ടാക്കല്‍

സ്വയം ഭോഗത്താലും (അതു സ്വവര്‍ഗ്ഗ സംഭോഗമായാലും) അന്യരെ വികാരത്തോടെ സ്പര്‍ശിക്കുന്നതിനാലും സ്ഖലനം ഉണ്ടായാല്‍ നോമ്പ് മുറിയുന്നതാണ്.

വികാര പാരവശ്യം കൊണ്ടോ വികാരത്തോടുകൂടിയുള്ള ദര്‍ശനം കൊണ്ടോ സ്ഖലനം ഉണ്ടായാല്‍ നോമ്പ് മുറിയുന്നതല്ല. പക്ഷെ ഇത്തരം കാര്യങ്ങളില്‍ തനിക്ക് സ്ഖലനം ഉണ്ടാകുമെന്ന് നിശ്ചയമുള്ളവര്‍ ഇവകളില്‍ നിന്ന് മാറി നില്‍ക്കല്‍ നിര്‍ബന്ധമാണ്. സ്വപ്നസ്ഖലനം ഉണ്ടായാല്‍ നോമ്പ് മുറിയുന്നതല്ല.

3. സംയോഗം ചെയ്യല്‍

സ്വമനസ്സാലെ നിഷിദ്ധമാണെന്ന അറിവോടെയും നോമ്പുകാരനാണെന്ന ഓര്‍മയോടും കൂടി മനുഷ്യരുടെയോ മൃഗത്തിന്റെയോ ഗുദത്തിലോ യോനിയിലോ സംയോഗം ചെയ്താല്‍ നോമ്പ് മുറിയുന്നതാണ്. ഉറ ഉപയോഗിച്ചാണെങ്കിലും സ്ഖലനം ഉണ്ടായില്ലെങ്കിലും നോമ്പ് മുറിയുന്നതാണ്.

എന്നാല്‍ ആഹാരപാനീയങ്ങള്‍ അനുവദിക്കപ്പെട്ട സമയമത്രയും ഭാര്യാ ഭര്‍തൃശാരീരിക ബന്ധം ഇസ്‌ലാം അനുവദിക്കുന്നുണ്ട്. ഇപ്രകാരം വലിയ അശുദ്ധിയുണ്ടായവര്‍ കുളിച്ചില്ലെങ്കിലും നോമ്പ് പിടിക്കല്‍ നിര്‍ബന്ധമാണ്.

റമദാന്റെ പകലുകളില്‍ ഭാര്യമാരുമായി സംയോഗം നടത്തല്‍ കൊണ്ട് നോമ്പ് നഷ്ടപ്പെടുന്നതാണ്. ഇപ്രകാരം ആരെങ്കിലും ചെയ്താല്‍ നോമ്പിനെ ഖളാഅ് വീട്ടുന്നതിനോട് കൂടെ ഒരു അടിമയെ മോചിപ്പിക്കണം. അല്ലെങ്കില്‍ തുടര്‍ച്ചയായി രണ്ട് മാസം നോമ്പനുഷ്ഠിക്കണം. അതിനും കഴിയില്ലെങ്കില്‍ അറുപത് സാധുക്കള്‍ക്ക് ഒരു മുദ്ദ് (625 ഗ്രാം) വീതം ഭക്ഷണം ദാനം ചെയ്യണം.

4. ഉണ്ടാക്കി ഛര്‍ദ്ദിക്കുക.

വായിലോ, അണ്ണാക്കിലോ, കൈവിരലോ മറ്റ് വസ്തുക്കളോ പ്രവേശിപ്പിച്ച് മനപ്പൂര്‍വ്വം ഛര്‍ദിച്ചാല്‍ നോമ്പ് മുറിയുന്നതാണ്. എന്നാല്‍ രോഗം കാരണമായോ മറ്റോ ഛര്‍ദിച്ചാല്‍ നോമ്പുമുറിയുന്നതല്ല. ഇപ്രകാരം തലച്ചോറില്‍ നിന്നോ, നെഞ്ചില്‍ നിന്നോ കഫം വലിച്ചെടുത്ത് തുപ്പിക്കളയല്‍കൊണ്ടും നോമ്പു മുറിയുന്നതല്ല.

മുകളില്‍ പറഞ്ഞകാര്യങ്ങള്‍ നോമ്പിനെ മുറിക്കുമെന്ന് അറിയാതെയോ, അല്ലെങ്കില്‍ താന്‍ നോമ്പുകാരനാണെന്ന് ഓര്‍ക്കാതെയോ, അതുമല്ലെങ്കില്‍ നിര്‍ബന്ധിതനായോ (ഇപ്രകാരം ചെയ്തില്ല എങ്കില്‍ ജീവന് ആപത്ത് വരുമെന്ന് ഒരാള്‍ ഭയപ്പെടുന്നതുപോലെ) ചെയ്താല്‍ നോമ്പ് മുറിയുന്നതല്ല.

5. ഋതു രക്തം പുറപ്പെടുക (ഹയ്‌ള്)
6. പ്രസവ രക്തം പുറപ്പെടുക
7. പ്രസവിക്കുക
നോമ്പുകാരിയായ സ്ത്രീക്ക് ഋതുരക്തം പുറപ്പെടുകോ, പ്രസവരക്തം പുറപ്പെടുകയോ, പ്രസവിക്കുകയോ ചെയ്താല്‍ നോമ്പ് മുറിയുന്നതാണ്. സൂര്യാസ്തമയത്തിന് സെക്കന്റുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ഇപ്രാകാരം സംഭവിക്കുന്നതെങ്കില്‍ നോമ്പ്കാരിയെ പോലെ വസിക്കുകയും പിന്നീട് ഖളാഅ് വീട്ടുകയും ചെയ്യണം. പൂര്‍ണമല്ലാത്ത കുഞ്ഞിനെയോ, ചെറിയ മാംസകട്ടയോ അതുമല്ലെങ്കില്‍ ഒരു രക്തകട്ടയോ ആണ് പ്രസവിച്ചതെങ്കിലും നോമ്പ് മുറിയുന്നതാണ്.
8. ഭ്രാന്തുണ്ടാവുക
പകല്‍ അല്പ സമയമെങ്കിലും ബുദ്ധിഭ്രമം സംഭവിച്ചാല്‍ നോമ്പ് മുറിയുന്നതാണ്.
9. മതഭ്രഷ്ടനാവുക
10. പകലില്‍ ഇടവിടാതെ ബോധക്ഷയമുണ്ടാവുക
അല്പനേരമെങ്കിലും ബോധം തെളിഞ്ഞാല്‍ നോമ്പ് ബാത്വിലാവുകയില്ല. അതേസമയം ഒരാള്‍ പകല്‍ മുവുവനും കിടന്നുറങ്ങിയതിന്റെ പേരില്‍ നോമ്പ് മുറിയുന്നതല്ല.

ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോഴോ, സംയോഗത്തിലേര്‍പ്പട്ടുകൊണ്ടിരിക്കുമ്പോഴോ ആണ് സുബ്ഹി സമയമാകുന്നതെങ്കില്‍ ഉടന്‍ തന്നെ അതില്‍ നിന്നും വിരമിക്കേണ്ടതാണ്. ഭക്ഷണം ഇറക്കിയതിനെ ഉണ്ടാക്കി ഛര്‍ദ്ദിച്ച് പുറത്ത് കളയേണ്ടതില്ല. എന്നാല്‍ വായില്‍ കിടക്കുന്ന ഭക്ഷണത്തെ തുപ്പിക്കളയുകയും സംയോഗത്തിലാണെങ്കില്‍ ലിംഗങ്ങളെ വേര്‍പെടുത്തുകയും ചെയ്യേണ്ടതാണ്. മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷം ശുചീകരണം ചെയ്യുമ്പോഴോ മറ്റോ കൈവിരല്‍ മലദ്വാരത്തിലോ യോനിയിലോ പ്രവേശിപ്പിക്കല്‍ കൊണ്ട് നോമ്പ് മുറിയുന്നതാണ്.

Tweet