
തസ്ബീഹ് നമസ്‌കാരം
ഒരു മനുഷ്യന്‍ തന്റെ ജീവിതത്തില്‍ ഒരിക്കലെങ്കിലും നിര്‍വ്വഹിച്ചിരിക്കേണ്ട ഒരു ആരാധനയാണ് തസ്ബീഹ് നമസ്‌കാരം. എല്ലാ ദിവസവും നിര്‍വ്വഹിക്കലാണ് ഉത്തമമെങ്കിലും കഴിയാത്തവര്‍ ആഴ്ചയിലോ, മാസത്തിലോ, അല്ലെങ്കില്‍ വര്‍ഷത്തിലോ അതുമല്ലെങ്കില്‍ ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും തസ്ബീഹ് നമസ്‌കാരം നിര്‍വ്വഹിക്കണം. റമദാനില്‍ വളരെ ശ്രേഷ്ഠതയുള്ള കാര്യമാണിത്. തസ്ബീഹ് നമസ്‌കരിക്കുന്നവന്റെ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന നബിവചനം ഈ നമസ്‌കാരത്തിന്റെ ശ്രേഷ്ഠത എത്രമാത്രമാണെന്ന് മനസ്സിലാക്കിത്തരുന്നു.
നാല് റകഅത്തുള്ള ഈ നമസ്‌കാരം സാധാരണ സുന്നത്ത് നമസ്‌കാരങ്ങളെപ്പോലെ 2 റകഅത്തിന് ശേഷം സലാം വീട്ടിയാണ് നിര്‍വ്വഹിക്കേണ്ടത്. സുന്നത്തായ തസ്ബീഹ് നമസ്‌കാരം രണ്ട് റകഅത്ത് അല്ലാഹുവിന് വേണ്ടി ഞാന്‍ നമസ്‌കരിക്കുന്നു എന്ന നിയ്യത്തിന് ശേഷം തക്ബീര്‍ ചൊല്ലി കൈ കെട്ടുക. ശേഷം ഫാത്തിഹയും സൂറത്തും ഓതുക. അതിന്‌ശേഷം സുബ്ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ എന്ന തസ്ബീഹ് 15 പ്രാവശ്യം പറയുക. തുടര്‍ന്ന് റുകൂഇലും, ഇഅ്ത്തിദാലിലും, രണ്ട് സുജൂദിലും, സുജൂദുകള്‍ക്ക് ഇടയിലുള്ള ഇരുത്തത്തിലും, രണ്ട് സുജൂദ് കഴിഞ്ഞ് അടുത്ത റകഅത്തിലേക്ക് എഴുന്നേല്‍ക്കുന്നതിന് മുമ്പുള്ള ഇസ്തിറാഹത്തിന്റെ (വിശ്രമത്തിന്റെ) ഇരുത്തത്തിലും പത്ത് വീതം തസ്ബീഹ് ചൊല്ലുക. അവസാന റകഅത്തുകളില്‍ അത്തഹിയാത്തിന് മുമ്പ് 10 തസ്ബീഹ് ചൊല്ലുക. ഇങ്ങനെ ഓരോ റകഅത്തിലും 75 തസ്ബീഹ് വീതം ചൊല്ലേണ്ടതാണ്. തസ്ബീഹിന്റെ എണ്ണത്തിന് കൈവിരല്‍ ഉപയോഗിക്കുന്നതില്‍ വിരോധമില്ല. തസ്ബീഹിന്റെ എണ്ണം എവിടെയെങ്കിലും കുറഞ്ഞാല്‍ ശേഷമുള്ളതില്‍ അധികരിപ്പിക്കാവുന്നതാണ്. ഇപ്രകാരം 4 റകഅത്തിലുമായി 300 തസ്ബീഹ് പൂര്‍ത്തിയാക്കുക.
Add new comment