"Never in history was their another victor who showed such love and mercy for the fallen foe'
എ.ഡി.629-ാം ആണ്ടിലെ റമളാന്‍ മാസമാണ്; വിശുദ്ധ മക്കാ നഗരത്തിന്റെ മണല്‍പ്പരപ്പില്‍ നമ്രശിരസ്‌കനായി മുഹമ്മദ് നിന്നു. പതിനായിരക്കണക്കിന് കണ്ഠങ്ങളില്‍ നിന്ന് തക്ബീര്‍ധ്വനികള്‍ മുഴങ്ങി. മുറിവില്‍ തീക്കനല്‍ സ്പര്‍ശം എന്ന പോല്‍ ഓര്‍മ്മകള്‍ മനസ്സിനെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു. പരാജയം സമ്മതിച്ച് ആയുധം താഴെവച്ച ശത്രുക്കളുടെയും ചരിത്രവിജയത്തിന്റെ അഭൗമമായ ആഹ്ലാദം മത്തുപിടിപ്പിച്ച തന്റെ സംഘാംഗങ്ങളുടെയും, വേദനകള്‍ പകര്‍ന്ന ഓര്‍മ്മകളുടെയും മധ്യത്തില്‍ പ്രവാചകന്‍ നിലയുറപ്പിച്ചു. ജനിച്ച മണ്ണില്‍ നിന്ന് തന്നെ നിര്‍ദ്ദയം ആട്ടിപ്പായിച്ചവര്‍, യാത്രികനെ മരുഭൂമി അക്രമിക്കുന്നതിനേക്കാള്‍ ക്രൂരമായി തന്നോട് പെരുമാറിയവര്‍, തന്റെ വാക്കുകളെ പിന്‍പറ്റിയതിന് എത്രയോ പേരെ ഇവിടെ ഈ മരുഭൂമിയില്‍ അരിഞ്ഞുവീഴ്ത്തി. ജീവനോടെ കുഴിച്ചുമൂടപ്പെട്ടവര്‍, അക്രമിക്കപ്പെട്ട, അപമാനിക്കപ്പെട്ട സ്ത്രീകള്‍ - സമാനതകളില്ലാത്ത ക്രൂരത തന്നോടുകാട്ടിയ ഒരു സമൂഹം മാപ്പര്‍ഹിക്കാത്ത കുറ്റവാളികള്‍ - തന്റെ മുന്നില്‍ ഇതാ കീഴടങ്ങി നില്‍ക്കുന്നു. നബിയുടെ സംഘത്തിലൊരാള്‍ വാളുയര്‍ത്തി ആവേശത്തോടെ പ്രഖ്യാപിച്ചു, ഇത് പ്രതികാരത്തിന്റെ ദിനമാണ്. വിജയം ത്രസിച്ചു നിന്ന ആയിരങ്ങളുടെ കണ്ഠങ്ങളിലേക്ക് വിദ്യുത്പ്രവാഹം പോലെ ആ ശബ്ദം പ്രവഹിച്ചു. എന്നാല്‍ പ്രാവചകന്‍ പ്രതിവചിച്ചു. ''അല്‍ യൗവ്മു യൗവ്മു അല്‍ മര്‍ഹമ്മ'' (ഇത് കാരുണ്യത്തിന്റെ ദിനമാണ്). തന്നോട് മൃഗതുല്യമായി പെരുമാറിയ ശത്രുക്കളോട് മുഹമ്മദ് പറഞ്ഞു 'നിങ്ങള്‍ക്ക് പോകാം നിങ്ങള്‍ സ്വതന്ത്രരാണ്' കാരുണ്യത്തിന്റെ, മാനവികതയുടെ ഈ ചരിത്ര അദ്ധ്യായത്തിനരികിലാണ് ലേഖനാദ്യത്തില്‍ സൂചിപ്പിച്ച ഉദ്ധരണി ഏതോ ചരിത്രാന്വേഷി രേഖപ്പെടുത്തി വച്ചത്.
നൂറ്റാണ്ടുകള്‍ക്കിപ്പുറം ഛേദിക്കപ്പെട്ട അദ്ധ്യാപകന്റെ കൈപ്പത്തിക്കരികില്‍ 'പ്രാവചകശിഷ്യര്‍' കുറിച്ചിട്ടു. 'ഇത് താക്കീത്, പ്രവാചകനെ വാക്കുകള്‍ കൊണ്ടുപോലും നിന്ദിച്ചവര്‍ക്കുള്ള താക്കീത്'. വെട്ടിമാറ്റപ്പെട്ടത് അദ്ധ്യാപകന്റെ കൈപ്പത്തിമാത്രമല്ല; കാരുണ്യത്തിന്റെ പൈതൃകം പേറുന്ന ഒരു പ്രത്യയശാസ്ത്രം കൂടിയാണ്.
ഇസ്ലാം പൂര്‍വ അറേബ്യ, അജ്ഞതയുടെ ഇടമായിരുന്നു. അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍ രൂഢമൂലമായ ഒരു സമൂഹം. അവിടെയായിരുന്നു ഇസ്ലാം ആവിര്‍ഭവിച്ചത്. സമൂഹത്തെ പുതച്ചിരുന്ന ഇരുട്ടിനെ മറികടക്കുവാനുള്ള വെളിച്ചമായിരുന്നു ഖുര്‍-ആന്‍. ഹിറാഗുഹയില്‍ വച്ച് മുഹമ്മദിന് ആദ്യത്തെ ദൈവീക സന്ദേശമെത്തി.
''മുഹമ്മദ്, നീവായിക്കുക
നിന്നെ സൃഷ്ടിച്ച നിന്റെ
നാഥന്റെ നാമത്തില്‍ വായിക്കുക''
ഇസ്ലാം വായിക്കാനാണ് ആഹ്വാനം ചെയ്തത്. സത്യവിശ്വാസിയാകുന്നതിനോടൊപ്പം സത്യാന്വേഷിയാകാന്‍ കൂടിയാണ് ഖുര്‍-ആന്‍ ആവശ്യപ്പെട്ടത്. രണോത്സുകതയല്ല, കാരുണ്യമാണ് ഇസ്ലാമിന്റെ ആത്മാവ്. അതിനാല്‍ ഇസ്ലാമിന്റെ പേരില്‍ വാളെടുക്കുന്നവര്‍ ഇസ്ലാമിനു നേരെയാണ് പോര്‍വിളി മുഴക്കുന്നത്. ജിഹാദിന്റെ ആക്രോശങ്ങള്‍ക്കിടയില്‍ അപമാനിക്കപ്പെടുന്ന മതം, സമൂഹത്തിന്റെ സംശയകരമായ നോട്ടം ഏറ്റുവാങ്ങേണ്ടി വരുന്ന വിശ്വാസികള്‍. എന്തൊരവസ്ഥയാണ്!
രണ്ട്
തൊടുപുഴ ന്യൂമാന്‍ കോളേജിലെ അദ്ധ്യാപകനായ പ്രൊഫ.ടി.ജെ. ജോസഫിന്റെ കൈവെട്ടിയപ്പോള്‍, പള്ളികളില്‍ നിന്നുള്‍പ്പെടെ ആയുധങ്ങള്‍ പിടിച്ചപ്പോള്‍ ഇതിനെ, രാഷ്ട്രീയ സംഘര്‍ഷങ്ങളോടും കൊലപാതകങ്ങളോടും താരതമ്യം ചെയ്ത്, 'ഇവിടെ കൈവെട്ടുക മാത്രമേ ചെയ്തുള്ളൂ' എന്ന് വിലയിരുത്തിയവരുണ്ട്! കൈവെട്ടിയതിനേക്കാള്‍ ആപല്‍ക്കരമാണ് ഈ അഭിപ്രായ പ്രകടനങ്ങള്‍. ഇന്ത്യയെപ്പോലെ ബഹുസ്വരമായ ഒരു രാഷ്ട്രത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കിയേക്കാവുന്ന സര്‍വ്വതിനോടും നാം അകലം പാലിച്ചേ മതിയാകൂ. സൂഷ്മതയോടെ മാത്രമേ പ്രശ്‌നങ്ങളില്‍ നിലപാടുകള്‍ രൂപപ്പെടുത്താവൂ.
ഇന്ത്യ, സ്വാതന്ത്ര്യം നേടിയത് ലോകചരിത്രത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹത്തിനു നടുവിലായിരുന്നു. മതം കറുപ്പിനേക്കാള്‍ ശക്തിയോടെ ഒരു ജനതയുടെ മസ്തിഷ്‌കത്തില്‍ രാസപ്രവര്‍ത്തനം നടത്തിയകാലം. 64 സംവത്സരങ്ങള്‍ക്കിപ്പുറം ആ ദിനരാത്രങ്ങള്‍ നിഴല്‍പോലെ രാജ്യത്തെ ഇന്നും പിന്‍തുടരുന്നു. മുറിവുണക്കാന്‍, മതേതരത്വം ശക്തിപ്പെടുത്താന്‍ ഇന്ത്യ ഭരിച്ചുപോന്നവര്‍ എന്തുചെയ്തു?
വിഷപ്പാമ്പ് പ്രസവിച്ചു കൂട്ടുന്നതു പോല്‍ അസംഖ്യം വര്‍ഗ്ഗീയ-മതതീവ്രവാദ സംഘങ്ങള്‍ രാജ്യത്താകെ വ്യാപിച്ചു. ഒരു ബഹുമതരാഷ്ട്രത്തിന്റെ ഏകത്വം കാത്തുസൂക്ഷിക്കുവാന്‍ സൂഷ്മതയോടെ ഇടപെടേണ്ടവര്‍ പലയാവര്‍ത്തി വംശഹത്യയുടെ സ്‌പോണ്‍സര്‍മാരായി. '1948 ജനുവരി 30, 1992 ഡിസംബര്‍ 6' കലണ്ടറിലെ ഈ ദിനങ്ങള്‍ രാഷ്ട്രത്തെ പതിറ്റാണ്ടുകള്‍ പിന്നോട്ടാക്കി. രാമജന്മഭൂമി വികാരം ആളിക്കത്തിച്ചു സംഘപരിവാരം ഭാരതത്തിന്റെ അധികാരം കയ്യേറി, മുഖ്യ പ്രതിപക്ഷമായി ഇന്നും തുടരുന്നു. 64 വര്‍ഷങ്ങള്‍ക്കിടയില്‍ നിരവധി വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിക്കേണ്ടി വന്നു. ഹിന്ദു-ഇസ്ലാം ഭീകരസംഘടനകള്‍ നടത്തിയ സ്‌ഫോടനങ്ങളില്‍ നിരവധി തവണ നാട് വിറങ്ങലിച്ചു. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗ്ഗീയത പരസ്പരം വെള്ളവും വളവും വലിച്ചെടുത്തു ശക്തിപ്രാപിച്ചു.
'മതനിരപേക്ഷത വിജയിക്കുന്നോ എന്നറിയാന്‍ ഭൂരിപക്ഷം എന്ത് ചിന്തിക്കുന്നു എന്നല്ല, ന്യൂനപക്ഷത്തിന് എന്ത് തോന്നുന്നു എന്നാണ് നോക്കേണ്ടത്.' ജവഹര്‍ലാല്‍ നെഹ്‌റു - (ജവഹര്‍ലാല്‍ നെഹ്‌റു ആന്റ് ഇന്ത്യാസ് ക്വിസ്റ്റ് ഫോര്‍ സെക്കുലര്‍ ഐഡന്റിറ്റി) ഈ നിരീക്ഷണം ശ്രദ്ധേയമാണ്. രാജ്യത്തുണ്ടായ ചില സംഭവങ്ങള്‍-ബാബറി മസ്ജിദിന്റെ തകര്‍ച്ച, ഗുജറാത്ത് വംശഹത്യ തുടങ്ങിയവയുടെ പേരില്‍ മുസ്ലീം തീവ്രവാദം ശക്തിപ്പെട്ടു.
1980 കളില്‍ സിമിക്ക് ലഭിക്കാതിരുന്ന സ്വീകാര്യത ഇന്ന് പോപ്പുലര്‍ ഫ്രണ്ടിന് നേടിക്കൊടുത്തത് മേല്‍ സൂചിപ്പിച്ച സാഹചര്യമാണ്. പോപ്പുലര്‍ ഫ്രണ്ട് സംഘടിതമായ ഒരു തീവ്രവാദ പ്രസ്ഥാനമാണ്. രൂപീകരണം, വളര്‍ച്ച, ധനാഗമനമാര്‍ഗ്ഗങ്ങള്‍ എന്നിങ്ങനെ അടിമുടി നിഗൂഢതകള്‍ നിറഞ്ഞ ലക്ഷണമൊത്ത മതതീവ്രവാദസംഘടനയാണ് ഇവര്‍. ഇവരെ കരുതലോടെ ചെറുത്തുതോല്‍പ്പിക്കേണ്ടത് വര്‍ത്തമാനകാലത്തെ രാജ്യസ്‌നേഹികളുടെയാകെ കടമയാണ്. ഈ ക്രിമിനല്‍ സംഘത്തെ ഒറ്റപ്പെടുത്തുവാനുള്ള ബാധ്യത സ്വയം ഏറ്റെടുക്കേണ്ടത് മതേതരത്വം ആഗ്രഹിക്കുന്ന ഭൂരിപക്ഷം വരുന്ന വിശ്വാസിസമൂഹവുമാണ്.
സങ്കുചിത വംശീയതയുടെ കറപുരണ്ട ചുമരുകള്‍ക്കുള്ളില്‍ മുസ്ലീം യൗവ്വനത്തെ ഒരു സൈന്യത്തെപ്പോലെ എന്‍.ഡി.എഫ് സജ്ജീകരിച്ചപ്പോള്‍ കണ്ണീര്‍ പൊഴിക്കേണ്ടി വന്നവരിലേറെയും മുസ്ലീം ഉമ്മമാരായിരുന്നു. മുസ്ലീം ഭവനങ്ങളില്‍ പോലീസിനെ കയറ്റിയ എന്‍.ഡി.എഫ് കാലാന്തരത്തില്‍ മസ്ജിദുകളില്‍ പോലീസ്‌നായയെ ക്ഷണിച്ചുവരുത്തി. ബോംബും വടിവാളും സംഭരിക്കാന്‍ ആരാധനാലയങ്ങളെ ഉപയോഗിച്ചവര്‍ വെല്ലുവിളിക്കുന്നത് സമാധാനജീവിതം ഇഷ്ടപ്പെടുന്ന ഭൂരിപക്ഷം വരുന്ന സാധാരണ വിശ്വാസിയെയാണ്.
ആഗോളവല്‍ക്കരണത്തിന്റെ ഉപോല്‍പന്നമായ അരാഷ്ട്രീയ വല്‍ക്കരണം, സാര്‍വ്വദേശീയ-ദേശീയ സാഹചര്യങ്ങള്‍, മുസ്ലീം ജനവിഭാഗത്തിനിടയില്‍ പ്രദാനം ചെയ്യുന്ന അരക്ഷിതാവസ്ഥ- ഈ രണ്ട് യാഥാര്‍ത്ഥ്യങ്ങളാണ് ഇസ്ലാമിക തീവ്രവാദം ശക്തിപ്പെടാന്‍ കാരണം. മേല്‍സൂചിപ്പിച്ച മൂര്‍ത്തമായ സാമൂഹ്യയാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കിയാല്‍ മാത്രമേ മതതീവ്രവാദത്തെ ശിഥിലമാക്കുവാനുളള പോരാട്ടം അര്‍ത്ഥപൂര്‍ണ്ണമാകൂ.
തങ്ങളുടെ സമുദായം അരക്ഷിതമാണെന്ന പ്രതീതി ജനിപ്പിച്ചു മാത്രമേ മതതീവ്രവാദത്തിന് പിന്തുണ സംഭരിക്കാന്‍ സാധിക്കൂ. എന്‍.ഡി.എഫിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ ക്യാംപസ് ഫ്രണ്ടിന്റെ പ്രഥമ സംസ്ഥാനസമ്മേളനത്തിന്റെ മുദ്രാവാക്യം 'അതിജീവനത്തിനുള്ള പടയൊരുക്കം' എന്നായിരുന്നു. 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്നായിരുന്നു സിമിയുടെ മുദ്രാവാക്യം. പ്രത്യക്ഷത്തില്‍ തന്നെ തീവ്രതയും ദേശവിരുദ്ധതയും ഉള്‍ച്ചേര്‍ന്നിരുന്നു സിമിയുടെ മുദ്രാവാക്യത്തില്‍. അതുകൊണ്ടാണ് അധികം പേരെ സിമിക്ക് സ്വാധീനിക്കാന്‍ സാധിക്കാതിരുന്നതും. എന്നാല്‍ ഒരു ദശാബ്ദത്തിനിപ്പുറം എന്‍.ഡി.എഫ് ആയി സിമി പുനരവതരിച്ചപ്പോള്‍ 'ഇന്ത്യയുടെ മോചനം' 'ഇന്ത്യയിലെ അതിജീവനം' എന്നാക്കി മാറ്റി. 'അതിജീവനം' 'പ്രതിരോധം' എന്നിവയ്‌ക്കെല്ലാം സമൂഹത്തില്‍ ലഭിക്കുന്ന അനുകമ്പയും സ്വീകാര്യതയുമാണ് എന്‍.ഡി.എഫ് ബോധപൂര്‍വ്വം പ്രയോജനപ്പെടുത്തിയത്. മനുഷ്യാവകാശ സംഘടനയായായിരുന്നു കേരളത്തില്‍ എന്‍.ഡി.എഫ് അവതരിപ്പിക്കപ്പെട്ടത്. 'പ്രതിരോധം അപരാധമല്ല' എന്നാണ് തങ്ങളുടെ കായിക സംഘാടത്തിന് എന്‍.ഡി.എഫ് എക്കാലവും ന്യായീകരണം കണ്ടെത്തുന്നത്. ആക്രമണങ്ങള്‍ മതവിശ്വാസത്തിന്റെ അനിവാര്യതയാണെന്നിവര്‍ വ്യാഖ്യാനിച്ചു. എതിരാളിയുടെ പിടയ്ക്കുന്ന ശരീരത്തില്‍ നിന്നും വമിക്കുന്ന ചുടുചോരയുടെ ഗന്ധത്തില്‍ മനം മടുക്കാതിരിക്കാന്‍, ലഭിക്കാന്‍ പോകുന്നത് സ്വര്‍ഗ്ഗമാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു. വിശ്വാസത്തിന്റെ, പ്രതികാരത്തിന്റെ, സ്വപ്നത്തിന്റെ, പിന്നെ സമ്പത്തിന്റെയും നടുവില്‍ ഉന്മാദാവസ്ഥയിലെത്തിയ, എന്തിനും പോന്ന സംഘത്തെ എന്‍.ഡി.എഫ് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (SDPI) യായി പരിണാമം പ്രാപിച്ച ഒരു ദശാബ്ദത്തിനിടയില്‍ സംസ്ഥാനത്ത് സൃഷ്ടിച്ചെടുത്തു.
ഇന്ത്യ-മതനിരപേക്ഷതയും മതേതരത്വവും അനുവദിക്കുന്ന രാഷ്ട്രമാണ്. ഇസ്ലാം മതവിശ്വാസം അനുസരിച്ച് ജീവിക്കാന്‍ നിയമപരമായി തടസമൊന്നുമില്ല. ഇവിടെ ഇന്ത്യന്‍ ഫാസിസത്തെ രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടത്. മതേതര-ജനാധിപത്യ രാഷ്ട്രീയം ശക്തിപ്പെടുത്തുകയും പ്രതിരോധിക്കുകയുമാണ് വേണ്ടത്. കലാപകാരികള്‍ നാമമാത്രമാണ്. സമാധാനകാംക്ഷികളാണധികവും. കേരളത്തിലാണെങ്കില്‍ ദൃഢമായ മതേതര സമൂഹവുമാണ്. വിശ്വാസത്തിന്റെ പേരില്‍ എന്‍.ഡി.എഫ് വാളെടുക്കുമ്പോള്‍ സാമുദായിക സ്പര്‍ദ്ധവര്‍ദ്ധിപ്പിക്കാന്‍ അത്തരം അരക്ഷിതമായ സാഹചര്യത്തില്‍ സംഘപരിവാറിന് പിന്തുണ വര്‍ദ്ധിപ്പിക്കുവാന്‍ മാത്രമേ ഉപകരിക്കൂ. പലപ്പോഴും തങ്ങളുടെ ആക്രമണങ്ങള്‍ അതിജീവനത്തിനുള്ള അനിവാര്യതയാണെന്ന് സ്ഥാപിക്കാന്‍ നുണക്കഥകള്‍ എന്‍.ഡി.എഫ് പ്രചരിപ്പിച്ചിട്ടുണ്ട്. നാദാപുരത്ത് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ ബിനുവിനെ കൊലപ്പെടുത്താന്‍ മുസ്ലീം സ്ത്രീയുടെ മാനഭംഗക്കഥ ഇവര്‍ പ്രചരിപ്പിച്ചത് ഉദാഹരണം (ബലാല്‍സംഗക്കഥ സംസ്ഥാനത്താകെ യു.ഡി.എഫ് അന്നത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചു.)
മൂന്ന്
മക്കയില്‍ നിന്നും പലായനം ചെയ്ത നബിക്കും അനുയായികള്‍ക്കും അഭയം നല്‍കിയത് മദീനാപട്ടണമായിരുന്നു. തുടര്‍ന്ന് ഇസ്ലാമിന് സ്വച്ഛന്ദമായി വളരാനുള്ള കാലാവസ്ഥ സൃഷ്ടിച്ചതും മദീനയായിരുന്നു. മദീന ബഹുസ്വരതയുടെ നാടായിരുന്നു. വിവിധ ഗോത്രങ്ങള്‍, മതങ്ങള്‍, വ്യത്യസ്ഥകുലങ്ങള്‍ എന്നിങ്ങനെ വൈവിദ്ധ്യപൂര്‍ണമായിരുന്നു അവിടം. അവരെയാകെ സഹിഷ്ണുതയോടെ ഇസ്ലാം സമീപിച്ചു. സാമുദായിക സ്പര്‍ദ്ധയും ധ്രുവീകരണവും ഉണ്ടാകാതിരിക്കാന്‍ മുഹമ്മദ് ഏറെ ശ്രദ്ധാലുവായിരുന്നു. അവിടെ നബി രൂപീകരിച്ച ഭരണഘടന തികച്ചും മതനിരപേക്ഷമായിരുന്നു. ഈ സന്ദര്‍ഭത്തില്‍ അവതരിച്ച ഖുറാന്‍ സൂക്തങ്ങളും ഹദീസുകളും ഇതിനുതെളിവാണ്.
''ഇവിടെത്തെ ഒരു അമുസ്ലീമിന്റെ മേലും നിങ്ങള്‍
കൈവയ്ക്കരുത്. അവന്റെ മേല്‍ കൈവച്ചാല്‍
എന്റെ മേല്‍ കൈവച്ചവനാണെന്നോര്‍മ്മ വേണം.
എന്റെ മേല്‍ കൈവച്ചാല്‍ പടച്ചവന്റെ മേല്‍
കൈവച്ചതാണെന്നും''. (ഹദീസ്)
ഒരു ബഹുമതസമൂഹത്തില്‍ എങ്ങനെയാണ് സൗഹൃദപരമായി കഴിയേണ്ടതെന്ന് ഇസ്ലാം പഠിപ്പിച്ചു. സഹിഷ്ണുതയും സൗഹൃദവും മുഖമുദ്രയാക്കിയാണ് ഇസ്ലാം വളര്‍ന്നതും. മതം എന്നതിനപ്പുറം ഇസ്ലാം ഒരു സാമൂഹ്യ ജീവിത ക്രമമാണ് വരച്ചുകാട്ടിയത്. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള തീവ്രവാദഗ്രൂപ്പുകളുടെ അജണ്ട മതപരമല്ല; രാഷ്ട്രീയമാണ്. ഇവരുടെ ബൗദ്ധിക വാദങ്ങളും ഇസ്ലാമിന്റെ മൂര്‍ത്തമായ സന്ദേശങ്ങളും തമ്മില്‍ പുലബന്ധമില്ല. അക്രമകാരികളും അരാജകവാദികളുമായിരുന്ന ഒരു ജനതയെ സംസ്‌കാരസമ്പന്നതയിലേക്ക് നയിച്ച അറിവിന്റെ പാതയായിരുന്നു ഇസ്ലാം. രാജ്യസ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്ന് പഠിപ്പിച്ച പ്രത്യയശാസ്ത്രം. രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷിതത്വം തകര്‍ക്കുന്ന, ഇസ്ലാമിക മതതീവ്രവാദസംഘങ്ങള്‍ക്കെതിരെയാണ് പോരാടേണ്ടത്. തന്റെ ഭവനത്തിലേക്ക്, ആരാധനാലയത്തിലേക്ക് തീവ്രവാദം കടന്നുവരാതിരിക്കാന്‍ ജാഗരൂകരാകേണ്ടത് മുസ്ലീം ജനവിഭാഗത്തിന്റെ കടമയാണ്. വിട്ടുവീഴ്ചയില്ലാത്ത സമീപനം വര്‍ഗ്ഗീയതയ്‌ക്കെതിരെ സ്വീകരിക്കാന്‍, ജനാധിപത്യ മതേതരരാഷ്ട്രീയത്തെ ശക്തിപ്പെടുത്താനുള്ള ബാധ്യത നിറവേറ്റാന്‍ മതവിശ്വാസികള്‍ തയ്യാറാകണം.