പെരുന്നാള്‍ നമസ്‌കരിക്കേണ്ട വിധം

പെരുന്നാള്‍ നമസ്‌കരിക്കേണ്ട വിധം
നിയ്യത്ത് : ഈദുല്‍ ഫിത്തറിന്റെ രണ്ട് റകഅത്ത് സുന്നത്ത് നമസ്‌കാരം അല്ലാഹുവിന് വേണ്ടി ഇമാമോടുകൂടി ഞാന്‍ നമസ്‌കരിക്കുന്നു എന്ന നിയ്യത്തോടെ തക്ബീര്‍ ചൊല്ലി കൈ കെട്ടുക. പിന്നെ സാധാരണ നമസ്‌കാരത്തിലെ പോലെ വജ്ജഹ്തു ഓതിയതിന് ശേഷം ഒന്നാം റകഅത്തില്‍ ഏഴ് തക്ബീറും രണ്ടാം റകഅത്തില്‍ അഞ്ച് തക്ബീറും ചൊല്ലുക. ഓരോ തക്ബീറിന്റെയും ഇടയില്‍ സുബ്ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ (അല്ലാഹു വലിയവന്‍, അവന്‍ പരിശുദ്ധന്‍, അവന് സര്‍വ്വ സ്തുതിയും അവനല്ലാതെ ആരാധ്യനില്ല) എന്ന് ചൊല്ലല്‍ സുന്നത്താണ്. ഒന്നാമത്തെ തക്ബീറിന് മുമ്പും ഏഴാമത്തെ തക്ബീറിന് ശേഷവും ഇവകള്‍ ചൊല്ലല്‍ സുന്നത്തില്ല എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ആദ്യത്തെ റകഅത്തില്‍ ഏഴ് തക്ബീറിന് ശേഷം ഫാത്തിഹ ഓതല്‍ നിര്‍ബന്ധവും ഒരു സൂറത്തോതല്‍ സുന്നത്തുമാണ്. ശേഷം റുക്കുഉം സുജൂദും മറ്റുമെല്ലാം കഴിഞ്ഞ് രണ്ടാമത്തെ സുജൂദില്‍ നിന്നെഴുന്നേറ്റതിന് ശേഷം രണ്ടാമത്തെ റകഅത്തില്‍ അഞ്ച് തക്ബീര്‍ ചൊല്ലണം. എഴുന്നേല്‍ക്കുമ്പോള്‍ ചൊല്ലുന്ന തക്ബീര്‍ ഇതില്‍പെടുകയില്ല. പിന്നെ ഫാത്തിഹയ്ക്ക് ശേഷം സൂറത്ത് ഓതണം. ആദ്യ റകഅത്തില്‍ ഖാഫ് എന്ന സൂറത്തോ അഅ്‌ലാ എന്ന സൂറത്തോ ഓതണം. രണ്ടാമത്തെ റകഅത്തില്‍ യഥാക്രമം ഇഖ്തറബത്ത് (ഖമര്‍) സൂറത്തോ ഹല്‍ അതാക (ഗാശിയ) സൂറത്തോ ഓതണം. ഒറ്റയ്ക്ക് നമസ്‌കരിക്കുന്നവരും ഇമാമും; ഫാത്തിഹയും സൂറത്തും ഉറക്കെയാണ് ഓതേണ്ടത്. നമസ്‌കാരത്തിന്റെ ഇടയില്‍ തക്ബീറുകള്‍ ചൊല്ലുവാന്‍ മറന്ന് പോവുകയോ എണ്ണത്തില്‍ കുറവ് വരുകയോ ചെയ്താല്‍ നമസ്‌കാരത്തിന് ഒരു കുഴപ്പവും സംഭവിക്കുന്നതല്ല. ഇമാമിനെ ഉണര്‍ത്തുകയോ സഹ്‌വിന്റെ സുജൂദ് ചെയ്യുകയോ വേണ്ട.

നമസ്‌കാരാനന്തരം രണ്ട് ഖുതുബ ഓതല്‍ സുന്നത്താണ്. ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ ബഹു. റസൂല്‍ കരിം(സ) സിദ്ധീഖുല്‍ അക്ബര്‍(റ) എന്നിവരെല്ലാം രണ്ടു ഖുതുബയുടെ മുമ്പായിരുന്നു പെരുന്നാള്‍ നമസ്‌കരിച്ചതെന്ന് വന്നിട്ടുണ്ട്.

Tweet