നോമ്പുകാരന് സുന്നത്തായ കാര്യങ്ങള്‍
1. രാത്രിയുടെ പകുതിക്ക് ശേഷം അത്താഴം കഴിക്കുക (ഇടയത്താഴം)
രാത്രിയുടെ പകുതിക്ക് മുമ്പ് കഴിക്കുന്ന അത്താഴം നോമ്പിന്റെ സുന്നത്തായ അത്താഴമായി പരിഗണിക്കുകയില്ല. പ്രഭാതത്തിന്റെയും അത്താഴ വിരാമത്തിന്റെയും ഇടയില്‍ ഏകദേശം 30 മിനിട്ട് ഇടവേളയുണ്ടാകല്‍ സുന്നത്താണ്. ഒരിറക്ക് പച്ചവെള്ളം കുടിച്ചാലും അത്താഴമെന്നസുന്നത്ത് കിട്ടുന്നതാണ്. നബി(സ) പറയുന്നു. നിങ്ങള്‍ അത്താഴം കഴിക്കുക. തീര്‍ച്ചയായും അതില്‍ നിങ്ങള്‍ക്ക് ബറക്കത്തുണ്ട് (ഹദീസ്)
2. അസ്തമയം ഉറപ്പായാല്‍ വേഗത്തില്‍ നോമ്പ് തുറക്കുക
നബി(സ) മഗ്‌രിബ് നമസ്‌കാരത്തിന് മുമ്പ് തന്നെ നോമ്പ് തുറക്കാറുണ്ടായിരുന്നു. എന്ന് അനസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. നോമ്പുതുറക്കലിനെ ഉളരിക്കുമ്പോഴെല്ലാം (വേഗത്തിലാക്കുക) ജനങ്ങള്‍ നന്മയിലാണെന്ന് പ്രവാചകന്‍(സ്വ) പഠിപ്പിക്കുന്നു.
3. നോമ്പു തുറക്കല്‍ കാരക്ക കൊണ്ടോ പച്ചവെള്ളം കൊണ്ടോ ആക്കുക.
വെള്ളം കൊണ്ട് തുറക്കുമ്പോള്‍ ഏറ്റവും നല്ലത് സംസം വെള്ളമാണ്.
4. നോമ്പു തുറക്കുന്ന അവസരത്തില്‍ അല്ലാഹുമ്മ ലക സുംതു വഅലാ രിസ്‌കിക അഫ്തര്‍തു (അല്ലാഹുവേ നിനക്ക് വേണ്ടി ഞാന്‍ നോമ്പനുഷ്ഠിക്കുകയും നിന്റെ ഭക്ഷണത്തിലായി ഞാന്‍ നോമ്പ് മുറിക്കുകയും ചെയ്യുന്നു) വെള്ളം കൊണ്ടാണ് നോമ്പ് മുറിക്കുന്നതെങ്കില്‍ “ദഹബ ളമഉ വബ്തല്ലത്തില്‍ ഉറൂഖു വസബതല്‍ അജ്‌റു ഇന്‍ശാ അല്ലാഹ് ” എന്ന് കൂടി അധികരിപ്പിക്കല്‍ സുന്നത്താണ് (ദാഹം ശമിക്കുകയും ഞരമ്പുകള്‍ ഉണരുകയും ചെയ്തിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലം ഉറപ്പാകുന്നു)
5. നോമ്പുകാരനെ നോമ്പ് തുറപ്പിക്കുക
വിശപ്പകറ്റുന്ന രൂപത്തില്‍ നോമ്പുതുറപ്പിക്കാന്‍ കഴിവില്ലാത്തവര്‍ ഒരു കീറ് കാരക്ക കൊണ്ടോ അതിനും കഴിവില്ലാത്തവര്‍ ഒരിറക്ക് വെള്ളംകൊണ്ടോ നോമ്പ് തുറപ്പിക്കുവാന്‍ പ്രവാചകന്‍ (സ) പഠിപ്പിക്കുന്നു. ആരെങ്കിലും നോമ്പുകാരന്റെ നോമ്പ് തുറപ്പിച്ചാല്‍ അവന് നോമ്പ്കാരന്റെ പ്രതിഫലത്തിന് തുല്യമായത് ലഭിക്കുന്നതാണ്. നോമ്പ്കാരന്റെ പ്രതിഫലത്തില്‍ നിന്ന് ഒന്നും ചുരുങ്ങുന്നതല്ല (ഹദീസ്)
6) ഖുആന്‍ പാരായണം അധികരിപ്പിക്കുക
വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാണ് റമദാന്‍. അതിനാല്‍ റമദാനില്‍ ഖുര്‍ആന്‍ പാരായണം അധികരിപ്പിക്കുകയും കൂടുതല്‍ പഠിക്കുവാന്‍ ശ്രമിക്കുകയും ചെയ്യേണ്ടത് നമുക്കനിവാര്യമാണ്. അത് പുണ്യകരവുമാണ്. റമദാനില്‍ ഖുര്‍ആന്‍ ആദ്യാവസാനം ജിബ്‌രീല്‍(അ) നബി(സ)ക്ക് ഓതികേള്‍പ്പിക്കുമായിരുന്നുവെന്ന് ഹദീസുകളില്‍ കാണാവുന്നതാണ്. ഖുര്‍ആന്‍ അവതരിപ്പിച്ചതിന്റെ വാര്‍ഷികമായ റമദാനില്‍ ഖുര്‍ആന്‍ പാരായണം വളരെയധികം അധികരിപ്പിക്കുക. നാഥന്‍ തൗഫീഖ് നല്‍കുമാറാകട്ടെ. ആമീന്‍
7) ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുക
റമദാനിലെ അതിവിശിഷ്ടമായ ഒരു രാവാണ് ലൈലത്തുല്‍ഖദ്ര്‍. ഈ രാവില്‍ ആരെങ്കിലും ഇബാദത്ത് ചെയ്താല്‍ തുടര്‍ച്ചയായി ആയിരം മാസം ഇബാദത്തെടുത്ത പ്രതിഫലം അവന് ലഭിക്കുന്നതാണ്. നമ്മുടെ പൂര്‍വ്വ പ്രവാചകന്മാരും അവരുടെ അനുയായികളും ആയിരത്തോളം വര്‍ഷങ്ങള്‍ ജീവിച്ചിരുന്നു. അവര്‍ക്ക് നാഥന്‍ കനിഞ്ഞരുളിയ ദീര്‍ഘായുസ്സ് അല്ലാഹുവിനെ ആരാധിക്കുവാനും വഴിപ്പെടുവാനുമായി അവര്‍ വിനിയോഗിച്ചു. എന്നാല്‍ ഉത്തമസുദായമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ ജീവിത നാളുകള്‍ അവരുടേതിനേക്കാള്‍ എത്രയോ കുറവാണ്! പക്ഷെ കാരുണ്യവാനായ റബ്ബ് നമുക്ക് അനുഗ്രഹം ചെയ്തു. എല്ലാ വര്‍ഷവും ലൈലത്തുല്‍ ഖദ്ര്‍ എന്ന വിശിഷ്ട രാവിനെ നമുക്കവന്‍ നല്‍കി. ആ രാത്രി ആരെങ്കിലും ഇബാദത്തെടുത്താല്‍ ആയിരം മാസം ഇബാദത്തെടുത്ത പുണ്യം നല്‍കപ്പെടുമെന്ന് വിശുദ്ധ ഖുര്‍ആനിലൂടെ നമുക്കവന്‍ വാഗ്ദാനം ചെയ്തു. ഈ മഹനീയ രാവ് എന്നാണെന്ന കാര്യത്തില്‍ അഭിപ്രായ വിത്യാസമുണ്ടെങ്കിലും അവസാനത്തെ പത്തിലെ ഒറ്റൊയൊറ്റ രാവുകളില്‍ അതിനെ പ്രതീക്ഷിക്കുക എന്ന പ്രവാചക വചനത്തിന്റെ അടിസ്ഥാനത്തില്‍ ആ രാവുകളെ ഇബാദത്ത്‌കൊണ്ട് സമ്പുഷ്ടമാക്കുക. അല്ലാഹു തുണക്കട്ടെ. ആമീന്‍.
8. പള്ളിയില്‍ ഇഅ്ത്തികാഫ് ഇരിക്കലിനെ അധികരിപ്പിക്കുക
നവയ്ത്തുല്‍ ഇഅ്ത്തികാഫ ഫീ ഹാദല്‍ മസ്ജിദി ലില്ലാഹി തആല (അല്ലാഹുവിന് വേണ്ടി ഈ പള്ളിയില്‍ ഞാന്‍ ഭജനം ഇരിക്കുന്നു.) എന്ന നിയ്യത്തോടെ പള്ളിയില്‍ കിടന്നുറങ്ങിയാലും ഇതിന്റെ പ്രതിഫലം ലഭിക്കുന്നതാണ്.
9. നോമ്പിന്റെ പ്രതിഫലത്തിന് കോട്ടമുണ്ടാക്കുന്ന വിനോദങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുക.