നോമ്പ് ഒഴിവാക്കുവാന്‍ അനുവദിക്കപ്പെട്ടവര്‍

നോമ്പ് ഒഴിവാക്കുവാന്‍ അനുവദിക്കപ്പെട്ടവര്‍
1. പടുവൃദ്ധന്മാരായിരിക്കുക: വാര്‍ദ്ധക്യംകൊണ്ട് ശക്തിയും ഓജസ്സും നശിച്ചതിനാല്‍ നോമ്പനുഷ്ഠിച്ചാല്‍ അസഹ്യമായ ബുദ്ധിമുട്ട് നേരിടുന്ന പക്ഷം പടുവൃദ്ധന്മാര്‍ക്ക് നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമില്ല.
2. രോഗികള്‍: അസഹ്യമായ ബുദ്ധിമുട്ടുണ്ടാകുന്ന പക്ഷം രോഗികള്‍ക്ക് നോമ്പുപേക്ഷിക്കാവുന്നതാണ്. അത്‌പോലെ തന്നെ ശരീരത്തിന് നാശം സംഭവിക്കുമെന്ന് ഭയപ്പെടാവുന്ന രീതിയില്‍ മാരകമായ വിശപ്പും ദാഹവും നേരിട്ട നോമ്പുകാരന് നോമ്പ് ഉപേക്ഷിക്കാവുന്നതാണ്. എന്നാല്‍ സാധാരണ നിലയിലുള്ള വിശപ്പും ദാഹവും ഉണ്ടാകുമ്പോള്‍ നോമ്പ് ഉപേക്ഷിക്കല്‍ അനുവദനീയമല്ല. രോഗികള്‍ രോഗം സുഖമായതിനുശേഷം നോമ്പ് ഖളാഅ് വീട്ടേണ്ടതാണ്. വാര്‍ദ്ധക്യം കാരണമോ ഭേദമാകല്‍ പ്രതീക്ഷയില്ലാത്ത രോഗം കാരണമോ നോമ്പുപേക്ഷിച്ചാല്‍ ഓരോ നോമ്പിനും ഓരോ മുദ്ദ് (ഏകദേശം 625 ഗ്രാം) ധാന്യം ദാനം ചെയ്യല്‍ നിര്‍ബന്ധമാണ്.
3. ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും: ഗര്‍ഭിണികളും കുട്ടികള്‍ക്ക് മുലയൂട്ടുന്ന സ്ത്രീകളും അവരുടെ സ്വശരീരങ്ങള്‍ക്കോ കുട്ടികള്‍ക്കോ നോമ്പ് കാരണം വല്ല ഹാനിയും സംഭവിക്കുമെന്ന് ഭയന്നാല്‍ നോമ്പുപേക്ഷിക്കല്‍ അനുവദനീയമാണ്. ഈ അവസരങ്ങളിലെല്ലാം നോമ്പ് ഖളാഅ് വീട്ടല്‍ നിര്‍ബന്ധവുമാണ്. ഗര്‍ഭസ്ഥശിശുവിനോ മുലകുടിക്കുന്ന കുട്ടിക്കോ മാത്രം നാശമുണ്ടാകല്‍ ഭയന്ന് നോമ്പുപേക്ഷിക്കുന്നവര്‍ പിന്നീട് നോമ്പിനെ ഖളാഅ് വീട്ടുന്നതിനോടൊപ്പം ഒരു മുദ്ദ് ഭക്ഷണം (ഏകദേശം 625 ഗ്രാം) നഷ്ടപ്പെട്ട ഓരോ നോമ്പിനും പ്രായശ്ചിത്തമായി ദാനം ചെയ്യേണ്ടതാണ്.
4. യാത്രക്കാരന്‍: ഹലാലായ ദീര്‍ഘദൂര യാത്ര ചെയ്യുന്നവര്‍ക്ക് (ഏകദേശം 132 കിലോമീറ്റര്‍) നോമ്പ് കാരണം ബുദ്ധിമുട്ടുണ്ടാകുമെങ്കില്‍ നോമ്പുപേക്ഷിക്കാവുന്നതാണ്. വിഷമമില്ലെങ്കില്‍ യാത്രക്കാരന്‍ നോമ്പ് ഒഴിവാക്കുന്നതിനേക്കാള്‍ നല്ലത് അത് അനുഷ്ഠിക്കലാണ്. യാത്ര അവസാനിച്ചാല്‍ ഉപേക്ഷിക്കപ്പെട്ട നോമ്പുകള്‍ ഖളാഅ് വീട്ടല്‍ നിര്‍ബന്ധവുമാണ്. എന്നാല്‍ നോമ്പുകാരനായിരിക്കെ യാത്ര ആരംഭിച്ചാല്‍ നോമ്പ് മുറിക്കുവാന്‍ പാടുള്ളതല്ല.

Tweet