മൂവാറ്റുപുഴ വാട്ടർ സപ്ലൈ സ്‌കീം

1974 ഫെബ്രുവരി മാസം പ്രസിദ്ധീകരിച്ചത് കടപ്പാട് - വോയ്‌സ് ഓഫ് മേള

കാൽനൂറ്റാണ്ടിനു മുൻപ് - മൂവാറ്റുപുഴ പട്ടണം വില്ലേജ് യൂണിയൻ ആയിരുന്ന സമയത്ത് ആരംഭം കുറിച്ച ഈ സ്‌കീം - മൂവാറ്റു‘പുഴ’എന്ന പേര് വാട്ടർ സപ്ലൈ സ്‌കീം നടപ്പാക്കുന്നതിന് ഒരു തടസ്സം. ‘പുഴ’യുള്ള മൂവാറ്റുപുഴയിൽ ജലക്ഷാമം എങ്ങിനെ ഉണ്ടാകും എന്ന് അധികൃതർക്ക് സംശയം ഉണ്ടായതിന്റെ പേരിലും ഒരു കാലത്ത് ഉപേക്ഷിച്ചിരുന്ന ഈ പദ്ധതി - മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ അടുത്ത കാൽ നൂറ്റാണ്ട് കാലത്തെ വർദ്ധനവിനെ മുന്നിൽ കണ്ടുകൊണ്ട് രൂപം കൊടുത്ത ഇപ്പോഴത്തെ ഈ പദ്ധതി അടുത്ത ഒന്നു രണ്ടു മാസത്തിനകം പൂർത്തിയാക്കുവാൻ പോകുകയാണ്. ഇതിനു മുൻപ് പല രൂപത്തിൽ ഭാവന ചെയ്ത ഈ സ്‌കീം ഇപ്പോഴത്തെ മുനിസിപ്പൽ കൗൺസിലിന്റെ അധികൃതസ്ഥാനങ്ങളിലുള്ള നിരന്തരമായ സമ്മർദ്ദങ്ങളുടെയും നിവേദനങ്ങളുടെയും ഫലമായി എൽഐസിയുടെ സാമ്പത്തികസഹായത്തോടെ വിപുലമായ രീതിയിലുള്ള ഇപ്പോഴത്തെ പദ്ധതിയുടെ പണികൾ 1971 ൽ ആരംഭിച്ചു.

മുനിസിപ്പൽ പ്രദേശത്തെ എല്ലാ ജനങ്ങൾക്കും ഒരുപോലെ പ്രയോജനം ലഭിക്കത്തക്ക വിധത്തിലും വർദ്ധിച്ചുവരുന്ന ജനസംഖ്യയെ മുന്നിൽ കണ്ടുകൊണ്ടും ശരാശരി ഒരാൾക്ക് ഒരു ദിവസം 20 ഗ്യാലൻ വെള്ളം വേണ്ടി വരും എന്നു കണക്കാക്കി 2001-ാം ആണ്ട് വരെ വലിയ വ്യത്യാസം വരാത്ത വിധത്തിലും ഉള്ള ഇപ്പോഴത്തെ പദ്ധതിയുടെ പ്രാരംഭപ്രവർത്തനം 1970 ൽ അഅരംഭിച്ചു. മാറാടി, ആരക്കുഴ, മൂവാറ്റുപുഴ, വെള്ളൂർക്കുന്നം എന്നീ വില്ലേജുകൾ ഉൾപ്പെടുന്നതും 12 സ്‌ക്വയർ മീറ്ററിൽപ്പരം വിസ്തീർണ്ണമുള്ളതും ഉദ്ദേശം 22000 ജനസംഖ്യയുള്ളതുമായ മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്ത് ‘ശിവൻകുന്നത്ത്’ എന്ന സ്ഥലം പറ്റിയതാണെന്ന് തീരുമാനിച്ച് 1971 ൽ പണികൾ ആരംഭിച്ചു. ഈ ഭാഗം സമുദ്രനിരപ്പിൽ നിന്ന് ഉദ്ദേശം 54.18 മീറ്റർ ഉയരത്തിലും പുഴ ലെവലിൽ നിന്ന് 33.5 മീറ്റർ ഉയരത്തിലും സ്ഥിതി ചെയ്യുന്ന സ്ഥലമാണ്. വിതരണത്തിനാവശ്യമായ വെള്ളം പമ്പ് ചെയ്യുന്നതിനുള്ള പമ്പിംഗ് സ്റ്റേഷന്റെ ദൂരം ഈ സ്ഥലത്തുനിന്ന് ഉദ്ദേശം 250 മീറ്റർ മാത്രമേയുള്ളൂ. ഗവണ്മെന്റ് വക പുറമ്പോക്ക് സ്ഥലം ഇല്ലാത്തതിന്റെ പേരിൽ ഉദ്ദേശം 3 ഏക്കറോളം സ്ഥലം പ്രൈവറ്റ് പാർട്ടികളിൽ നിന്നും എടുക്കേണ്ടതായി വന്നിട്ടുണ്ട്.

 സോണുകൾ

 വിതരണസൗകര്യത്തെ ഉദ്ദേശിച്ച് നാലു സോണുകളായിട്ടാണ് തിരിച്ചിരിക്കുന്നത്. തൊടുപുഴ റോഡ്, മറ്റു ഭാഗങ്ങളും ഉൾപ്പെടുത്തി ഈസ്റ്റ് സോൺ എന്ന് , ടൗൺ പ്രദേശത്തെ സെൻട്രൽ സോൺ എന്നും പഴയ പോസ്റ്റ് ഓഫീസ് റോഡ് വഴി മാറാടിക്ക് പോകുന്ന റോഡിന്റെ ഭാഗങ്ങളും ട്രാൻസ്‌പോർട്ട് ആഫീസിന് സമീപം തെക്കോട്ട് പോകുന്ന റോഡും പിറവം റോഡും ഉൾപ്പെടുത്തി സൗത്ത് സോൺ എന്നും മൂവാറ്റുപുഴ വലിയ പാലത്തിന് വടക്കുവശം എല്ലാഭാഗങ്ങളും ഉൾപ്പെടുത്തി നോർത്ത് സോൺ എന്നും ആയിട്ടാണ് തിരിച്ചിരിക്കുന്നത്.

 പമ്പിംഗ് സ്റ്റേഷൻ

 6 ഡി.മീറ്റർ അളവും റോഡ് ലെവലിൽ നിന്ന് 15 മീറ്റർ താഴ്ചയും ഉള്ള കിണറാണ് പുഴയോട് ചേർന്ന് കുഴിച്ചിരിക്കുന്നത്. അതിന്റെ മുകളിൽ തന്നെയാണ് പമ്പ് ഹൗസ്. വലിയ പാലത്തിനും പുഴക്കരക്കാവിനും ഇടയ്ക്ക് പുഴയുടെ തെക്കേഭാഗത്ത് കച്ചേരിത്താഴത്തു നിന്നും കാവിൻപടി റോഡിലേക്ക് പോകുന്ന റോഡിന് സമീപമാണ് പമ്പിംഗ് സ്റ്റേഷൻ. 20 എച്ച്.പി ഉള്ള 3 ഇഞ്ച് ടർബൈൻ പൈപ്പുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ പ്രവർത്തനത്തിനായി ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്‌ഫോമറിനു പകരം പിഎച്ച്ഇഡി യുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ മറ്റൊരു ട്രാൻസ്‌ഫോർമർ സ്ഥാപിക്കുമെന്നാണറിവ്. ഇവിടെ നിന്നും 8 ഇഞ്ച് വ്യാസമുള്ള പമ്പിൽ കൂടിയാണ് 230 മീറ്റർ ദൂരമുള്ള ശിവൻകുന്നിൽ സ്ഥിതിചെയ്യുന്ന ശുദ്ധീകരണ പ്ലാന്റിലേക്ക് വെള്ളം പോകുന്നത്.

 ശുദ്ധീകരണം

 പമ്പിംഗ് സ്റ്റേഷനിൽ നിന്ന് വരുന്ന വെള്ളം ജലത്തിലുള്ള ഇരുമ്പിന്റെ അംശം നീക്കുന്നതിന് ആദ്യം ട്രീറ്റ്‌മെന്റ് പ്ലാന്റിലുള്ള ഏറിയേഷൻകാസ് കേഡിൽ കയറി സ്‌പ്രെ ചെയ്യുന്നു. അതിനുശേഷം വെള്ളം ക്ലാസിഫീയറിലേക്ക് പോകുന്നു അങ്ങിനെ പോകുന്ന വഴി വെള്ളത്തിൽ പൊങ്ങിയും താണും കിടക്കുന്ന മാലിന്യങ്ങൾ അടിയിൽ ഊറിക്കിട്ടുന്നതിന് പടിക്കാരവും ചുണ്ണാമ്പും മിക്‌സ് ചെയ്യുന്നു. അങ്ങിനെ സസ്‌പെൻസഡ് ഡിസ്റ്റിലറിയിസ് ഊറിച്ച ശേഷം വെള്ളം സാൻഡ്ഫിൽറ്ററിൽ ഫിൽറ്റർ ചെയ്ത ശേഷം ആവശ്യാനുസരണം നിശ്ചിത അളവിൽ ക്ലോറിൻ കടത്തിവിട്ട ജലം ഓവർഹെഡ് ടാങ്കിലേക്ക് പോകുന്നു. അവിടെ നിന്നും മേൽപ്പറഞ്ഞ 4 സോണുകളിലേക്ക് പോകുന്നതായിരിക്കും. 1 മണിക്കൂറിൽ 200 ക്യുബിക് മീറ്റർ വെള്ളം ശുദ്ധീകരിക്കുവാൻ കഴിയുമെന്നാണറിവ്.

 ഓവർഹെഡ് ടാങ്ക്

 ടാങ്കുകളുടെ തൂണുകളുടെ പൊക്കം തറയിൽ നിന്നും 6 മീറ്ററാണ്. അവിടെ നിന്നും 4 മീറ്റർ പൊക്കത്തിൽ ടാങ്കും സ്ഥിതി ചെയ്യുന്നു. ടാങ്കിന്റെ വ്യാസം 18.4 മീറ്ററാണെന്നാണറിവ്. ടാങ്കിൽ എപ്പോഴും 4 മീറ്റർ വെള്ളം കിടക്കുന്നതായിരിക്കും. 9 ലക്ഷം ലിറ്റർ സംഭരണശക്തി ഈ ടാങ്കിനുണ്ട്. 8 മണിക്കൂർ സംഭരണശേഷിയുമുണ്ട്.

 ടാങ്കിന്റെ പ്രതേ്യകത

 ടാങ്കിന്റെ അടിയും മുകളും അർദ്ധഗോളാകൃതിയായിട്ടാണ് പണിതിരിക്കുന്നത്. സ്‌പൈറൽ സ്റ്റെയർകേസ് ആണ് മുകളിലേക്ക് പണിതിട്ടുള്ളത്. ഇതുകാരണം കുട്ടികൾക്കും പ്രായമായവർക്കും ടാങ്കിന്റെ മുകൾഭാഗത്ത് കയറുന്നതിന് എളുപ്പമാണ്.

 വിതരണം

 14 ഇഞ്ച് മുതൽ 3 ഇഞ്ച് വരെ അളവിലുള്ള വിവിധതരം പൈപ്പുകൾ ഉദ്ദേശം 25 മൈലോളം നീളത്തിൽ മുനിസിപ്പാലിറ്റിയുടെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. 119 സ്ട്രീറ്റ് ടാപ്പുകളും തീപിടുത്തമുണ്ടായാൽ എളുപ്പത്തിൽ വെള്ളം എടുക്കുന്നതിന് വിവിധഭാഗങ്ങളിലായി 40 ഫയർ ഹൈഡ്രന്റും (എഫ്എച്ച്) സ്ഥാപിച്ചിട്ടുണ്ട്.

 പ്രതേ്യകത

 24 മണിക്കൂറും തുടർച്ചയായി ജലവിതരണം നടന്നുകൊണ്ടിരിക്കും. ജലശുദ്ധീകരണ ടാങ്കിന്റെ പണി ധൃതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. മിക്കവാറും മെയ് മാസത്തിൽ തീരുമെന്നാണറിവ്. അങ്ങിനെ തീർത്താൽ മെയ്മാസത്തിൽത്തന്നെ നാമെല്ലാം കാൽനൂറ്റാണ്ടായി പ്രതീക്ഷിച്ചുകൊണ്ടിരുന്ന മൂവാറ്റുപുഴ വാട്ടർസപ്ലൈ സ്‌കീം നടപ്പായി കഴിഞ്ഞു എന്ന് നമുക്ക് സന്തോഷിക്കാം. 25 ലക്ഷം രൂപയ്ക്ക് തീരുമെന്ന് കരുതിയ ഈ പദ്ധതി പൂർത്തിയാകുമ്പോഴേയ്ക്ക് ഉദ്ദേശം 40 ലക്ഷത്തോളം രൂപയോളം വരുമെന്നാണ് കേൾക്കുന്നത്. ഇത്ര മഹത്തായ ഒരു പദ്ധതി - മൂവാറ്റുപുഴയെ സംബന്ധിച്ചിടത്തോളം ഒരു മഹത് സംഭവം തന്നെയെന്ന് പറയാതെ തരമില്ല. ഇതിനുവേണ്ടി മുൻകൈ എടുത്ത മുനിസിപ്പാലിറ്റിയും മറ്റു ബന്ധപ്പെട്ടവരും അനുമോദാർഹരാണ്.

 ഒരു കാര്യം കൂടി

 119 സ്ട്രീറ്റ് ടാപ്പുകൾ മാത്രമാണുള്ളതെന്നാണറിവ്. ഈ പദ്ധതി കൊണ്ടുദ്ദേശിക്കുന്ന ലക്ഷ്യത്തിലെത്തണമെങ്കിൽ വീടുകളിലേക്ക് വെളളം എടുക്കുന്നതിനുള്ള കണക്ഷൻസും ഒട്ടും താമസിക്കാതെ കൊടുക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇതിന് കാലതാമസം നേരിട്ടാൽ ഇത്ര സാമ്പത്തികബാദ്ധ്യതയുള്ള പദ്ധതി നടപ്പിലാക്കിയിട്ടും ജനങ്ങൾക്ക് പ്രയോജനം ലഭിച്ചില്ലെന്നുള്ള പരാതി ബാക്കിനിൽക്കും. ഇത്രയും ഭാരിച്ച ബാദ്ധ്യത ഏറ്റെടുത്ത മുനിസിപ്പാലിറ്റിക്ക് തെല്ലൊരാശ്വാസം ലഭിക്കണമെങ്കിൽ - ഹൗസ് കണക്ഷൻസ് കൊടുക്കുന്നതിൽ ഒട്ടും താമസം വരുത്തുകയില്ലെന്ന് ന്യായമായി നമുക്ക് പ്രതീക്ഷിക്കാം.

 
Tags: 
Tweet