സൂപ്പര്‍മാര്‍ക്കറ്റ് ബോയ്സ്

കണ്ടത്തില്‍ ക്രിക്കറ്റും ഫുട്ബോളും കളിച്ചിരുന്ന വെള്ളൂര്‍ക്കുന്നത്തെ പിള്ളേര്, സൂപ്പര്‍ മാര്‍ക്കറ്റ് ബോയ്സായി മാറിയത് പെട്ടെന്നാണ്. പാടശേഖരം ഇ. ഇ. സി. മാര്‍ക്കറ്റായി രൂപാന്തരം പ്രാപിച്ചത് പോലെയുള്ള ഒരു രൂപാന്തരപ്പെടലായിരുന്നു അത്. തട്ടുകളായി തിരിച്ച കൃഷിയിടങ്ങളില്‍ കൊയ്ത്തു കഴിഞ്ഞ് കുത്തിമറിഞ്ഞിരുന്നവര്‍ ഏക്കറുകളോളം ഒരേ പരപ്പില്‍ കിടക്കുന്ന മൈതാനസമാനമായ പ്രദേശത്തേയ്ക്ക് മാറ്റപ്പെടുന്നത് തീര്‍ച്ചയായും ഒരു രൂപാന്തരപ്പെടല്‍ തന്നെയാണ്.
ഞങ്ങളുടെ കൂട്ടായ ന്യൂ ഇയര്‍ ആഘോഷങ്ങളും കൊച്ചു കൊച്ചു കുസൃതികളും സായംകാല നേരമ്പോക്കുകളും എല്ലാം ഏതൊരു നാട്ടിന്‍പുറകൂട്ടായ്മയുടേത് പോലെ തന്നെ ഈ പ്രദേശത്ത് തന്നെയായിരുന്നു. ഞങ്ങളുടെ ആദ്യകാല യാത്രകള്‍ ആരംഭിച്ചതും അവസാനിച്ചതും ഇവിടെയായിരുന്നു. ഉത്സവങ്ങളും നൈരാശ്യങ്ങളും പങ്കുവച്ചതും ഇവിടെ തന്നെ. രഹസ്യങ്ങള്‍ പങ്കുവച്ചതും കൗമാരകാല കൗതുകങ്ങള്‍ ചര്‍ച്ച ചെയ്തതും പ്രേമസങ്കല്‍പ്പങ്ങള്‍ നെയ്തതും ഇവിടെ. സിനിമകളെയും താരങ്ങളെയും കൊണ്ടാടിയതും പക്ഷം തിരിഞ്ഞ് മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ജയ് വിളിച്ചതും ഇവിടെ തന്നെ. ഏപ്രില്‍ ഫൂളിന് കുസൃതികള്‍ ആവിഷ്ക്കരിച്ചതും ക്രിസ്തുമസ് കരോളിന് പാട്ട് പാടി പഠിച്ചതും ഇവിടെ മാത്രം. സാമൂഹ്യജീവിതത്തിന്റെ ആദ്യപാഠങ്ങള്‍ അഭ്യസിപ്പിച്ച ഭൂമികതന്നെയാണ് ഞങ്ങള്‍ക്കിവിടം. എന്റെ കൂട്ടുകാര്‍ എന്നോട് യോജിക്കുമെന്ന് കരുതട്ടെ.
ജെ. സി. ബി. യെന്ന ഇരുമ്പാന
ഇ. ഇ. സി. മാര്‍ക്കറ്റിനായി സ്ഥലം ഒരുക്കിയത് പെരുന്തോടിന്റെ ദിശ മാറ്റി, അതിരുകള്‍ ഡി. ആര്‍. കെട്ടി തിരിച്ച്, മണ്ണിട്ട് ഉയര്‍ത്തിയാണല്ലോ. ഇന്നാണെങ്കില്‍ ഒരുപക്ഷേ ഈ പദ്ധതി ഇവിടെ നടപ്പാവില്ല. തണ്ണീര്‍ത്തടങ്ങളും പാടങ്ങളും മണ്ണിട്ട് നികത്തുന്നതിനെതിരെ പരിസ്ഥിതി സംഘടനകള്‍ ശക്തമായി ഇടപെട്ടേനെ. നിയമങ്ങളും അന്ന് എതിരായിരുന്നില്ല. അന്ന് ടിപ്പറുകളില്‍ ഇടതടവില്ലാതെ മണ്ണ് കൊണ്ടിറക്കി, ജെ. സി. ബി. യുടെ സഹായത്തോടെ അതിവേഗം പാടം നികത്തി. മൂവാറ്റുപുഴക്കാര്‍ ജെ. സി. ബി. എന്ന ഇരുമ്പാനയെ ആദ്യമായി കാണുന്നത് ഇവിടെയായിരിക്കണം. (ഇരുമ്പാന എന്ന് ജെ. സി. ബി. യെ വിശേഷിപ്പിച്ചത് എന്റെ പുത്രനാണ്. സംസാരിക്കാന്‍ തുടങ്ങി, കളിവണ്ടികളെ ഇഷ്ടപ്പെടുന്ന പ്രായം മുതല്‍ ഇരുമ്പാന അവന്റെ ഇഷ്ട വാഹനമാണ്. വാക്കിന് കടപ്പാട് സൂര്യയ്ക്ക്) ജോസഫ് സിറില്‍ ബാംഫോര്‍ഡ് എന്ന പേരിന്റെ ഇംഗ്ലീഷ് അക്ഷരങ്ങളുടെ ചുരുക്കെഴുത്താണ് ജെ. സി. ബി. ഇംഗ്ലണ്ടില്‍ ആരംഭിച്ച്, പിന്നീട് നിര്‍മ്മാണ ഉപകരണങ്ങള്‍ ഉണ്ടാക്കുന്ന ബഹുരാഷ്ട്ര കമ്പനിയായി വളര്‍ന്ന ജെ. സി. ബി. യെന്നത് ആദ്യം ഞങ്ങള്‍ക്ക് അത്ഭുതമായിരുന്നു. കമ്പനിയുടെ സ്ഥാപകന്റെ പേരാണ് കമ്പനിയ്ക്കും നല്‍കിയത്. നെല്ലിയ്ക്കല്‍ സണ്ണി ചേട്ടന്റെ ലോഡ്ജിലാണ് ഇതിന്റെ ഡ്രൈവര്‍ താമസിച്ചിരുന്നത്. വെള്ള ഷര്‍ട്ടും വെള്ള പാന്റ്സും ഷൂസുമിട്ട കറുത്ത ഒരാള്‍. ചാലക്കുടിക്കാരന്‍ പീറ്റര്‍ എന്നോ മറ്റോ ആണെന്ന് തോന്നുന്നു ഈ കഥാപാത്രം. മണിക്കൂറിന് ഉയര്‍ന്ന ശമ്പളവും പറ്റി, ശീതീകരിച്ച ക്യാബിനിലിരുന്ന് പത്ത് പേരുടെ പണി ഒറ്റയ്ക്ക് ചെയ്യുന്ന ആള്‍. അഴുക്ക് പുരളാത്ത, ഉടയാത്ത വസ്ത്രവുമായി ഒറ്റയ്ക്ക് മണ്ണില്‍ പണിയെടുക്കുന്ന ഇരുമ്പാനയുടെ പാപ്പാന്‍ - ജെ. സി. ബി. യുടെ ഓപ്പറേറ്റര്‍ ശരിക്കും ഒരു സംഭവമായിരുന്നു. ജെ. സി. ബി. പാര്‍ക്ക് ചെയ്ത് അതില്‍ നിന്നും ഇറങ്ങി വരുന്ന ആ ശുഭ്രവസ്ത്രധാരിയുടെ രൂപം ഇന്നും ഓര്‍മ്മയിലുണ്ട്. ഐസക്ക് മാത്യു ആന്റ് കമ്പനി എന്നെഴുതിയ ടിപ്പറുകള്‍ രാപ്പകലില്ലാതെ പണിയെടുത്തു. പിന്നീട് ജെ. സി. ബി. കളുടെ എണ്ണം കൂടി. ക്രമേണ ട്രാക്ടറുകള്‍ ഉപയോഗിച്ച് ലെവലിംഗ് നടത്തി തുടങ്ങി. ഇവയുടെയും എണ്ണം ക്രമേണ കൂടി വന്നു. പിന്നെ റോളറുകള്‍. അങ്ങിനെ റോഡും മാര്‍ക്കറ്റും ഇന്ന് കാണും വിധം ഉയര്‍ന്നു വന്നു. പാട വരമ്പിലൂടെ നടന്ന് വീട് പിടിച്ചിരുന്ന ഈ പ്രദേശത്തെ വീട്ടുകാര്‍ക്ക് വീടിന് മുന്‍പില്‍ നൂറടി വീഥിയുടെ ചാരിതാര്‍ത്ഥ്യം. മണ്ണ് വീഴുമ്പോള്‍ അടിയില്‍ പെട്ട തവളയും പാമ്പും മീനും ഒക്കെ ചത്തു. ജന്തു ജീവജാലങ്ങള്‍ മണ്ണിനടിയില്‍ ഒടുങ്ങി. അവറ്റകള്‍ക്ക് ഇത് ഒരു പ്രകൃതി ദുരന്തമായി അനുഭവപ്പെട്ടിരിക്കാം. ചതുപ്പുകളില്‍ അവശേഷിച്ചവ ജീവനും കൊണ്ട് കൂട്ടമായി അടുത്ത പ്രദേശങ്ങളിലേയ്ക്ക് പലായനം ചെയ്തു. നിശബ്ദമായി അവറ്റയും കീഴടങ്ങി.
നഗരത്തിന്റെ കുതിപ്പിന് സഹായിക്കുമെന്ന ഉത്തമ വിശ്വാസത്തില്‍ അന്നത്തെ ഭരണാധികാരികൾ മുൻകൈയ്യെടുത്ത് കൊണ്ടുവന്ന പദ്ധതിയാണിത്. കേരളത്തിൽ തന്നെ ഇത്തരം മാർക്കറ്റുകൾ വിരലിൽ എണ്ണാവുന്നവയേ ഉള്ളൂ. നല്ല വേഗതയില്‍ പണി തീര്‍ത്തു എന്നതു കൊണ്ടും സമയബന്ധിതമായി പണി പൂര്‍ത്തിയാക്കി എന്നതുകൊണ്ടും ഒരു പദ്ധതി രക്ഷപെടില്ല എന്നതിന് തെളിവാണ് ഈ മാര്‍ക്കറ്റ്.
അതിരുകള്‍ ഭേദിച്ച കുട്ടിപ്പട്ടാളം
ഭൂമിശാസ്ത്രപരമായ വേര്‍തിരിവ് - കണ്ടത്തിന് അപ്പുറവും ഇപ്പുറവും - കാരണം അടുപ്പക്കുറവുണ്ടായിരുന്ന രണ്ട് കുട്ടിപ്പട്ടാളങ്ങള്‍ അതിരുകള്‍ ഭേദിച്ച് ഒന്നായി. ക്രിക്കറ്റിനും ഫുട്ബോളിനുമായി ഒന്നിച്ചിരുന്ന കുട്ടിക്കൂട്ടങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ അതിനപ്പുറത്തേയ്ക്ക് വളര്‍ന്നു. കൂട്ടുകാരും അവരുടെ കൂട്ടുകാരും വൈകുന്നേരങ്ങളില്‍ എത്തിത്തുടങ്ങി. അക്കാലത്തെ ഞങ്ങളുടെ സുഹൃത്തായിരുന്ന സെബിയെ മറക്കാനാവില്ല. രണ്ടുകൂട്ടരേയും പിണക്കുന്നതും ഇണക്കുന്നതും സെബിയായിരുന്നു. കളിക്കളത്തില്‍ സെബിയുടെ മേധാവിത്വം നിലനിര്‍ത്തുന്നതിനുള്ള നിര്‍ദ്ദോഷവും തന്ത്രപരവുമായ നിലപാടുകള്‍ മാത്രമായിരുന്നു അവയെന്നത് ഞങ്ങള്‍ പിന്നീട് തിരിച്ചറിഞ്ഞു. ഉച്ചയുറക്കത്തില്‍ നിന്നും എണീറ്റ് എന്തോ തെറ്റ് ധാരണയില്‍, ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന ഞങ്ങളുടെ ക്രീസിലെത്തി സ്റ്റംപ് പിഴുതെടുത്ത് അലറിയ രാജി ചേട്ടനെ ആ രൂപത്തില്‍ ഞങ്ങള്‍ അന്നുവരെ കണ്ടിട്ടില്ല.
മുനിസിപ്പല്‍ കമ്മീഷണറായിരുന്ന അന്തരിച്ച നാരായണന്‍ നായരുടെ മകന്‍ ശ്രീക്കുട്ടന്‍, അതേ വീട്ടില്‍ പിന്നീട് താമസിച്ച് വെള്ളൂര്‍ക്കുന്നംകാരനായി മാറിയ മാത്തന്‍ എന്ന് വിളിക്കുന്ന സനോജ്, കോഴിക്കോട് നിന്നും ഇവിടെയെത്തി ഞങ്ങളിലൊരാളായി മാറിയ ബാബു പി. റ്റി. യുടെ അനന്തിരവന്‍ ഇസ്ക്കൂളെന്ന ബിജു, സിറാജ്, ഇപ്പോള്‍ ഗള്‍ഫിലുള്ള യാമിസ്, ചാച്ചനെന്ന് ഞങ്ങള്‍ വിളിക്കുന്ന ടോം, കാവുപടിക്കാരനായ ജ്യോതിഷ്, പുതുപ്പാടിയില്‍ നിന്നുള്ള ബേസില്‍ അങ്ങിനെ ആ സംഘം വളര്‍ന്നു. സ്വരൂപ്, സ്വരാജ്, ദീപു, ജയേഷ്, വല്ല്യനൂപ്, കൊച്ചനൂപ്, ജോബിന്‍, ബോബി, ആഷിര്‍, ഗിരീഷ് ഭായി, കുട്ടന്‍, രാകേഷ്, ജിനീഷ് തുടങ്ങിയവര്‍ പ്രാദേശികപ്രഭുക്കളായി വാണരുളി. മുതിര്‍ന്ന തലമുറയിലെ പോള്‍ സ്റ്റീഫനും പ്രദീപും പലപ്പോഴും ക്രിക്കറ്റിനായി ഒപ്പം കൂടി. ക്രിക്കറ്റിനോടുള്ള ഇവരുടെ അഭിനിവേശം വാക്കുകള്‍ക്കതീതമാണ്. ഇന്നും കുട്ടികള്‍ ക്രിക്കറ്റ് കളിയ്ക്കാന്‍ ക്ഷണിച്ചാല്‍ സര്‍വ്വതും മറന്ന് അവര്‍ ഒപ്പം കൂടും. എനിക്ക് യൂണിവേഴ്സല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ അദ്ധ്യാപകനായി ജോലി കിട്ടുന്നതിന് കാരണക്കാരന്‍ സനോജാണ്.
കളിക്കളത്തിലിറങ്ങാതെയും കൂട്ടുകെട്ടുകളില്‍ പെടാതെയും വേറെയും ചിലര്‍. സനീഷ്, വേണു, വിജു, ജോര്‍ജ്ജ് സീനി സിറിയക്ക്, രാഹുല്‍ അങ്ങിനെയങ്ങിനെ... അവരെല്ലാവരും തന്നെ അവരവരുടെ മേഖലകളില്‍ മികവ് തെളിയിച്ച് ഉയര്‍ന്ന നിലകളില്‍ ഇന്ന് ജീവിക്കുന്നു. ഇവരില്‍ വേണുവും രാഹുലും ചിലപ്പോഴെങ്കിലും ഒക്കെ കളിക്കളത്തിലിറങ്ങുകയും നന്നായി കളിക്കാന്‍ കഴിയുമെന്ന് തെളിയിച്ചവരുമാണ്.
കോക്കാപ്പിള്ളി രാജിയെ ഈയവസരത്തില്‍ ഓര്‍മ്മവരുന്നു, അനുജന്‍ രാകേഷിനെയും. കോക്കാപ്പിള്ളി അയ്യപ്പന്‍ ചേട്ടന്റെ മക്കള്‍. പഴയ തലമുറ അയ്യപ്പന്‍ ചേട്ടനെ ഓര്‍മ്മിക്കുന്നുണ്ടാകും. പുസ്തകത്തില്‍ മാത്രം ശ്രദ്ധിച്ച്, വളരെ പതുക്കെ റോഡുവക്കിലൂടെ നടന്നു പോകുന്ന നിക്കറിട്ട രാജിയാണ് എന്റെ മനസ്സിലുള്ളത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ടപ്പോള്‍ വലിയ വാഹനങ്ങള്‍ മാത്രം ഓടിക്കുന്ന ഡ്രൈവറായാണ് രാജി ജോലി ചെയ്യുന്നത് എന്നറിഞ്ഞു, വൈക്കത്ത്. ഞങ്ങളുടെ സ്വകാര്യ സംഭാഷണങ്ങളിലെല്ലാം ഇവര്‍ മിക്കപ്പോഴും കടന്നു വരാറുണ്ട്.
വാല്‍ക്കഷണം
ഇന്നലെ വൈകുന്നേരം ഇ. ഇ. സി. മാര്‍ക്കറ്റിന് സമീപം നിയമ വിരുദ്ധമായി വേയ്സ്റ്റ് തള്ളുന്ന സാമൂഹ്യവിരുദ്ധരെ കണ്ടുപിടിക്കാന്‍ കുറച്ച് നാളുകള്‍ക്ക് ശേഷം അല്‍പസമയം ചിലവിട്ടു. സത്യമായും ഈ ബോയ്സിന്റെ അടുത്ത തലമുറ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം ചിന്തിച്ചുപോയി. ഓരോ വീടിനെയും വീട്ടുകാരെയും അറിയുന്ന, അവരുടെ പ്രതിനിധികള്‍ കൂടി ഉള്‍പ്പെട്ട കുട്ടിക്കൂട്ടങ്ങള്‍ ഇന്ന് ഇല്ലാതായിരിക്കുന്നു. ഈ കൂട്ടം ഉണ്ടായിരുന്നെങ്കില്‍ വെയിസ്റ്റ് എന്നല്ല, യാതൊരു 'മാലിന്യങ്ങളും' ഈ പരിസരത്തുണ്ടാവില്ലായിരുന്നു. ഇവരാണ് ക്യാമറാക്കണ്ണുകള്‍. മൊബൈലും സര്‍വൈലന്‍സ് ക്യാമറകളുമില്ലാത്ത കാലത്ത് ഇവരറിയാതെ ഒരു പ്രദേശം കാത്തവര്‍. ഇതാണ് അര്‍ബനൈസേഷന്‍ അഥവാ നഗരവത്ക്കരണം...

Tweet