'നാരായണ' എന്ന് ഇംഗ്ലീഷില്‍ ആലേഖനം ചെയ്ത, പൂര്‍ണ്ണമായും മരത്തിന്റെ ഫ്രെയിം ഉള്ള ഷട്ടില്‍ ബാറ്റ് കൊണ്ട് കളിച്ചിട്ടുള്ളവര്‍ക്ക് സമര്‍പ്പണം.
നല്ല കനമുള്ള, തുണികൊണ്ട് പിടി പൊതിഞ്ഞ, ദീര്‍ഘവത്താകൃതിയില്‍ ഉള്ള, മഞ്ഞ നിറമുള്ള മരം കൊണ്ടുള്ള ബാറ്റ് - 'നാരായണ' എന്ന എഴുത്തും. എല്‍. പി. സ്ക്കൂളില്‍ പഠിക്കുമ്പോള്‍ എവിടുന്നോ എന്റെ ജ്യേഷ്ഠന്‍ കൊണ്ടുവന്നാണ് ഈ ബാറ്റ് ഞാന്‍ കാണുന്നതും, കളിക്കുന്നതും. ഇന്നാലോചിക്കുമ്പോള്‍ 'മിഥുനം' എന്ന പ്രിയദര്‍ശന്‍ ചിത്രത്തില്‍ "ഇക്കാലത്ത് ബിസ്ക്കറ്റ് കമ്പനിയ്ക്ക് ആരെങ്കിലും ദാക്ഷായണി ബിസ്ക്കറ്റ്സ് എന്ന് പേരിടുവോടാ" എന്ന് ജനാര്‍ദ്ദനന്‍ മോഹന്‍ലാലിനോട് ചോദിച്ച ചോദ്യമാണ് മനസ്സില്‍ വരുന്നത്. 'നാരായണ' ബാറ്റ് നിര്‍മ്മാണ കമ്പനിയുടെ ഉടമയോടും വേണമെങ്കില്‍ ഈ ചോദ്യം ചോദിക്കാവുന്നതാണ്. കളി കഴിയുമ്പോള്‍ മരം കൊണ്ടുണ്ടാക്കിയ ചതുരാകൃതിയിലുള്ള പ്രത്യേകതരം ഫ്രെയിമിലിട്ട് ഇരുവശത്ത് നിന്നും ബോള്‍ട്ട് ഇട്ട് മുറുക്കി വയ്ക്കാറാണ് പതിവ്, വട്ടയ്ക്കാതിരിക്കാന്‍.
പല വീടുകളുടേയും മുറ്റത്തും തുറസ്സിലുമൊക്കെ ഞാനന്ന് ഷട്ടില്‍ കോര്‍ട്ട് കണ്ടിട്ടുണ്ട്. ആരക്കുഴ റോഡിലെ ഡോ. ചാണ്ടി പോളിന്റെ വീടിന് മുന്നിലും കാവുപടിയിലെ പി.ഡബ്ല്യു.ഡി. ഓഫീസിന്റെ പിന്നിലും എന്റെ അയല്‍പക്കത്ത് കൃഷ്ണസ്വാമിയുടെ വീടിന് പിന്നിലും ഒക്കെ ഷട്ടില്‍ കോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇവിടെയെല്ലാം ആവേശപൂര്‍വ്വം കളികള്‍ നടക്കുന്നതും അവിടുത്തെ കളിക്കാരുടെ വിവധ തരം ബാറ്റുകളും പലപ്പോഴും കണ്ടിട്ടുണ്ട്. ഭാരക്കൂടുതല്‍ കൊണ്ടും കളിക്കാന്‍ സമപ്രായക്കാരില്ലാത്തത് കൊണ്ടും 'നാരായണ' ബാറ്റ് കൊണ്ടുള്ള കളി തുടര്‍ന്നില്ല. ഈ ബാറ്റുമായുള്ള പരിചയം എനിക്ക് തുണയായത് അമ്പലമുകളിലെ എന്റെ വിദ്യാഭ്യാസകാലത്താണ്. ഇതേ 'നാരായണ'യുടെ ഒരു ജോടി ബാറ്റുകള്‍ അവിടെ എന്റെ അയല്‍പക്കക്കാരനായ കാര്‍ത്തിക്കിന്റെ കൈവശം ഉണ്ടായിരുന്നു. അംഗഭംഗം സംഭവിച്ചവയും, എന്ന് വച്ചാല്‍ പിടി ഒടിഞ്ഞതും, വലുപ്പത്തില്‍ വളരെ ചെറുതുമായിരുന്നു ഇവ. പോരാത്തതിന് അയഞ്ഞ ഗട്ട്സും. വിരസമായ വൈകുന്നേരങ്ങള്‍ മറ്റ് നിവൃത്തിയില്ലാതെ ഈ ബാറ്റുകള്‍ കൊണ്ട് തന്നെ സമ്പന്നമാക്കാന്‍ ഞങ്ങള്‍ നിശ്ചയിച്ചു.
കൊച്ചിന്‍ റിഫൈനറിയിലെ ഉദ്യോഗസ്ഥര്‍ താമസിച്ചിരുന്ന ജ്വാലഗിരി എന്ന് പേരുള്ള ക്വാര്‍ട്ടേഴ്സിലായിരുന്നു എന്റെ താമസം, എന്റെ വല്ല്യച്ഛനൊപ്പം. രണ്ടാം സെക്ടറിലെ ഒരു വീട്ടിലാണ് ഞാന്‍ രണ്ട് വർഷം ചിലവിട്ടത്. ജീവിതത്തിലന്നുവരെ സേഫ് സോണില്‍ മാത്രം കിടന്നു കളിച്ച എന്റെ തൊലിക്ക് അല്‍പ്പം കനം വച്ചത് ഈ രണ്ട് വര്‍ഷം കൊണ്ടാണ്. മൂവാറ്റുപുഴയിലെ പരിചിതരായ അയല്‍പക്ക ചേട്ടന്‍-ചേച്ചി ബന്ധങ്ങളില്‍ നിന്നും അങ്കിള്‍-ആന്റി സെറ്റപ്പിലേയ്ക്കുള്ള ദൂരം താണ്ടുന്നതിന് എനിക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല - ബുദ്ധിമുട്ട് തോന്നിയിട്ട് കാര്യമില്ല എന്ന ഉത്തമ ബോധ്യമുള്ളതിനാലാവും.
ഹിന്ദി പ്രചാര്‍ സഭയുടെ പ്രാഥമിക്, മധ്യമ പരീക്ഷകള്‍ക്ക് ഞങ്ങളെ തയ്യാറെടുപ്പിച്ച് പരീക്ഷയെഴുതിച്ചിരുന്നത് കാര്‍ത്തിക്കിന്റെ അമ്മ വിജയമാമി ആയിരുന്നു. അവരുടെ ശിക്ഷണത്തില്‍ ഞങ്ങള്‍ ഒരു സംഘം കുട്ടികള്‍ ഈ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുകയും ആവേശപൂര്‍വ്വം പഠിക്കുകയും ചെയ്തു. സി. ബി. എസ്. ഇ. സിലബസ്സില്‍ നടന്നിരുന്ന റിഫൈനറി സ്ക്കൂളില്‍ നിന്നുള്ള കുട്ടികളുടെ ഇടയില്‍ സ്റ്റേറ്റ് സിലബസ്സിലെ ഏക വിദ്യാര്‍ത്ഥി ഞാനായിരുന്നു. അന്ന് സി. ബി. എസ്. ഇ. സിലബസ്സ് സ്ക്കൂളുകള്‍ ഇത്രയും പ്രചാരം നേടിയിരുന്നില്ല. ക്വാർട്ടേഴ്സിന് പുറത്തെ സർക്കാർ സ്കൂളിലാണ് ഞാൻ പഠിച്ചിരുന്നത്. കാര്‍ത്തിക്കിനെ കൂടാതെ ആനന്ദ്, കുട്ടു, അനൂപ് തന്ത്രിയും അവന്റെ സഹോദരനും, സ്ക്കന്ധന്‍, ഗുരുമൂര്‍ത്തി, ഗോവിന്ദ്, തുടങ്ങി നിരവധി സൂഹൃത്തുക്കളെ എനിക്ക് അവിടെ നേടാനായി. പക്ഷി നിരീക്ഷണം എന്നൊരു പരിപാടി എനിക്ക് പരിചയപ്പെടുത്തിയത് ആനന്ദാണ്. ക്വാര്‍ട്ടേഴ്സില്‍ അവിടുത്തെ താമസക്കാര്‍ക്കല്ലാതെ മറ്റാര്‍ക്കും പ്രവേശനമില്ല. താമസിക്കാനുള്ള വീടുകള്‍ ഒരു കുന്നിന്റെ ചെരുവിലും താഴ്വരയിലുമായി ഒരുക്കിയിരിക്കുന്നു. വീടുകളൊഴിച്ചുള്ള ഭാഗം നല്ല കാടാണ്. നിരവധി പക്ഷികളെ അവിടെ കാണാമായിരുന്നു. പല പക്ഷികളുടെയും ശാസ്ത്രനാമവും മറ്റും ഞാന്‍ കേള്‍ക്കുന്നതും ആനന്ദില്‍ നിന്ന് തന്നെ. ഇന്ന് ക്വാര്‍ട്ടേഴ്സ് ഉള്‍പ്പടെയുള്ള ഭാഗത്തിന് റിഫൈനറിയുടെ വിപുലീകരണവുമായി ബന്ധപ്പെട്ട് രൂപമാറ്റം വന്നു കഴിഞ്ഞു. കുട്ടു ഒരു വടക്കന്‍ വീരഗാഥയെന്ന ചിത്രത്തിലെ ഉണ്ണിഗണപതി തമ്പുരാനെ... എന്ന ഗാനരംഗത്തിലൊക്കെ അഭിനയിച്ച് ഞങ്ങളുടെ ഇടയില്‍ അന്ന് താരമായിരുന്നു. ക്വാര്‍ട്ടേഴ്സിലെ താമസക്കാരുടെ ക്ലബ്ബ് ആഘോഷവേളയില്‍ ഇന്ദുലേഖ കണ്‍തുറന്നു... എന്ന ഗാനം ഇവന്‍ നന്നായി പാടിയത് ഓര്‍ക്കുന്നു. ഇതവന്റെ താര പരിവേഷം ഒന്നുകൂടി വര്‍ദ്ധിപ്പിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ക്വാര്‍ട്ടേഴ്സിന് മുറ്റത്തെ ദീര്‍ഘചതുരാകൃതിയിലുള്ള പുല്‍ത്തകിടിയില്‍ അംഗഭംഗം വന്ന ബാറ്റ് കൊണ്ട് ഞങ്ങള്‍ കളിയാരംഭിച്ചു. പേപ്പര്‍ ചുരുട്ടി, അതിന് മുകളില്‍ ചാക്ക് വള്ളി ചുറ്റി പന്തുണ്ടാക്കി ഞങ്ങള്‍ തട്ടിക്കളിച്ചു. സ്വെറ്റര്‍ തുന്നാന്‍ ഉപയോഗിക്കുന്ന നിറമുള്ള വള്ളി വലിച്ചുകെട്ടി, അതില്‍ മാല പോലെ കനമുള്ള കളര്‍നൂല്‍ തൂക്കിയിട്ട് നെറ്റാക്കി. കളിക്കിടെ ചെറിയ പിഴവുകള്‍ക്ക് വരെ തര്‍ക്കിച്ചു. പോയിന്റുകള്‍ക്കായി ഇഞ്ചോടിഞ്ച് പൊരുതി. കാര്‍ത്തിക്ക് ചൂടനായിരുന്നു. പെട്ടെന്ന് ദേഷ്യപ്പെടുന്ന പ്രകൃതം. ബാറ്റ് വലിച്ചെറിയും, കളി നിര്‍ത്തി പോകും. പെട്ടെന്ന് തന്നെ തണുത്ത് തിരികെ വരും, കളി തുടരും. ടെന്നീസ് കളി ഏറെ ഇഷ്ടപ്പെട്ടിരുന്ന വല്ല്യച്ഛന്‍ അവനെ മെക്കന്റ്റോ എന്ന് വിളിച്ച് കളിയാക്കി. ഇങ്ങനെ കുറച്ച് നാള്‍ കടന്നു പോയി. ഒടിഞ്ഞ ബാറ്റുമായി കളിക്കുന്ന ഞങ്ങളെ എല്ലാവരും ശ്രദ്ധിക്കും. പക്ഷേ, ഞങ്ങള്‍ക്ക് ഒരു കൂസലും ഉണ്ടായിരുന്നില്ല.
ഈ പ്രകടനം നിര്‍ബാധം തുടരവേ, ഒരു ദിവസം വീട്ടില്‍ അപ്രതീക്ഷിതമായി ഒരു അതിഥിയെത്തി - വൈകുന്നേരത്തെ ഞങ്ങളുടെ കളിക്കിടയില്‍. ആറടിയിലേറെ ഉയരമുള്ള സുമുഖനായ ഒരു മധ്യവയസ്ക്കന്‍. ക്ലീന്‍ ഷേവ് ചെയ്ത മുഖത്തെ ചെറുതായ കൃതാവുകളില്‍ മാത്രം നര പടര്‍ന്നിരുന്നു. ഒടിഞ്ഞ ബാറ്റും കടലാസ് പന്തും ചാക്ക് വള്ളി നെറ്റും മറയ്ക്കാനാവുന്നതെല്ലാം ഞങ്ങള്‍ ചെയ്തു. ആവേശപൂര്‍വ്വം കളിച്ചിരുന്ന ഞങ്ങള്‍ ഒന്നും മിണ്ടാതെ കളി നിര്‍ത്തി. ചമ്മല്‍ മറയ്ക്കാന്‍ എന്തൊക്കെയോ ചെയ്ത് കൂട്ടി. കാറില്‍ നിന്നിറങ്ങിയ സുമുഖന്‍ ഞങ്ങളെ അഭിവാദ്യം ചെയ്ത് പരിചയപ്പെട്ടു. വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കളിയെപ്പറ്റി ഒരക്ഷരം മിണ്ടിയില്ല. ഞങ്ങളുടെ പരാധീനതകള്‍ കണ്ടതായും ഭാവിച്ചില്ല. കാര്‍ത്തിക്കിനും എനിക്കും മനസ്സില്‍ അങ്കലാപ്പും നാണക്കേടും തോന്നി. എന്റെ വല്ല്യമ്മ ഇതെല്ലാം കണ്ട് ചിരിയടക്കി നിന്നു. അതിഥിയുടെ മുന്‍പില്‍ ചമ്മിയ വിഷമത്തില്‍ ഞങ്ങള്‍ രണ്ട്-മൂന്ന് ദിവസം കളിച്ചില്ല. ആനന്ദിനൊപ്പം പക്ഷി നിരീക്ഷണവുമായി കൂടാന്‍ നിശ്ചയിച്ചു. ബേര്‍ഡ് വാച്ചിംഗിന് പോകുമ്പോള്‍ ഒരു ബൈനോക്കുലറും ആനന്ദിന്റെ ഒപ്പം ഉണ്ടാകും. പൈഡ് കിംഗ്ഫിഷറിനെയും ലോംഗ് ടെയില്‍ഡ് കുക്കുവിനെയും സമീപത്തെ അമ്പലമേട് ലെയ്ക്കിലെത്തുന്ന സൈബീരിയന്‍ ക്രെയിന്‍സിനെയും പിന്നെ പേരറിയാത്ത അനവധി പക്ഷികളെയും അങ്ങിനെ ആനന്ദിന്റെ ബൈനോക്കുലറിലൂടെ കണ്ടു. ഇവയുടെ ശാസ്ത്രീയനാമവും ഓരോ പക്ഷികളെയും കണ്ട പ്രദേശവും അവന്‍ ഒരു നോട്ട്ബുക്കില്‍ രേഖപ്പെടുത്തി വയ്ക്കും. എനിക്കിതൊക്കെ പുതിയ അനുഭവങ്ങളായിരുന്നു.
അങ്ങിനെ ഒന്നുരണ്ടാഴ്ച കഴിഞ്ഞ് വൈകുന്നേരം വല്ല്യച്ഛന്‍ ഓഫീസില്‍ നിന്നും വന്നത് ഒരു വലിയ പാഴ്സലുമായാണ്. അഞ്ച് മണിക്ക് കമ്പനിയുടെ സൈറണ്‍ മുഴങ്ങിയാല്‍ പത്ത് മിനിട്ടിനകം വല്ല്യച്ഛന്‍ വീട്ടിലെത്തും. പാഴ്സല്‍ എന്നെ ഏല്‍പ്പിച്ചു. ആകാംഷയോടെ പാക്കറ്റ് തുറന്നു. സ്വപ്നം പോലെ ഒരു വലിയ കിറ്റാണ് കണ്‍മുന്നില്‍. നാല് സ്റ്റീല്‍ ബാറ്റുകള്‍-താരതമ്യേന കനം കുറഞ്ഞവ, ഒരു മനോഹരമായ നെറ്റ്, ആല്‍ബട്രോസ് എന്ന കമ്പനിയുടെ ഷട്ടിലുകള്‍ - ഒന്നല്ല, ഒരു ടിന്നല്ല, പത്തിരുപത് ടിന്നുകള്‍. എന്റെ വിദ്യാഭ്യാസകാലം മുഴുവന്‍ കളിച്ചിട്ടും ഷട്ടില്‍ തീര്‍ന്നില്ല, സത്യം. അമ്പലമുകളിലെ എന്റെ ജീവിതത്തിന് തിരശീലവീണിട്ടും ഷട്ടിലുകള്‍ ബാക്കിയുണ്ടായിരുന്നു. അന്ന് സ്പോര്‍ട്ട്സ് കടകളില്‍ അന്വേഷിച്ചപ്പോള്‍ ആല്‍ബട്രോസിന്റെ ഷട്ടിലിന് നല്ല വിലയുണ്ടെന്നറിയാന്‍ കഴിഞ്ഞു. 'ഷാലു'വാണ് അന്നറിയാമായിരുന്ന ഏക ഷട്ടില്‍ ബ്രാന്റ്. പിന്നീട് സ്ക്കൈലാര്‍ക്കിന്റെ ഷട്ടിലുകള്‍ ഉപയോഗിച്ചിട്ടുണ്ട്. എന്തായാലും കിട്ടിയ സമ്മാനം നിധി പോലെയാണ് ഞാന്‍ സൂക്ഷിച്ചത്. അതില്‍ നിന്നും ആവേശമുള്‍ക്കൊണ്ടാണ് ക്വാര്‍ട്ടേഴ്സിലെ എന്റെ സമപ്രായക്കാരായ കുട്ടികള്‍ മുഴുവന്‍ ഷട്ടില്‍ കളിയുമായി ഞങ്ങളുടെ വീട്ടുമുറ്റത്ത് ഒത്തുകൂടിയത്. വീടിന് മുന്നിലെ ഈ കളി എനിക്ക് സമ്മാനിച്ച സുഹൃദ് വലയം ചെറുതല്ല. വീടിന് പുറത്ത് കളിക്കാന്‍ സുഹൃത്തുക്കളെ തേടുന്ന ഇന്നത്തെ തലമുറയെ കാണുമ്പോള്‍ അവര്‍ക്ക് നഷ്ടമായതെന്താണെന്ന് ഞാന്‍ തിരിച്ചറിയുന്നു. മുതിര്‍ന്നവര്‍, ഇന്ന് ഇക്കാര്യത്തില്‍ നിസ്സഹായരാണല്ലോ. കംപ്യൂട്ടറിലും ടാബിലും ടി.വി.യിലും മക്കള്‍ സമയം ചിലവഴിക്കുന്നു എന്ന് നാം വിലപിക്കുമ്പോളും ഒരു പകരം സംവിധാനം അവര്‍ക്കായി ഒരുക്കാന്‍ നമുക്ക് കഴിയുന്നില്ല.
നല്ലൊരു ബാഡ്മിന്റണ്‍ കളിക്കാരനായിരുന്ന എന്റെ ജ്യേഷ്ഠന്‍ വാങ്ങിയ കാര്‍ബണ്‍ ഷാഫ്റ്റ് ഉള്ള ബാറ്റാണ് ഞാന്‍ ഉപയോഗിച്ചിട്ടുള്ളതില്‍ ഏറ്റവും ഭാരം കുറഞ്ഞത്. ടി.വി. ഇത്രയും പ്രചാരത്തിലില്ലാതിരുന്നതിനാല്‍ പ്രത്യേകിച്ച് റോള്‍ മോഡലുകളും ഇല്ലായികുന്നു. പ്രകാശ് പദുക്കോണിന്റെയും ഗോപീചന്ദിന്റെയും പേരുകള്‍ കേട്ട പരിചയം മാത്രം. അമ്പലമുകള്‍ ജീവിതത്തിന് മുന്‍പുള്ള ചെറിയ കാലം എന്റെ സുഹൃത്ത് ദീപുവിന്റെ തറവാട്ടിലെ നെല്ലുണക്കിയിരുന്ന സിമിന്റ് തറയുള്ള കളം ഞങ്ങളുടെ ഷട്ടില്‍ കോര്‍ട്ടായി ഉപയോഗിച്ചിരുന്നു. കാവുപടിക്കാരനായ അന്നത്തെ ആംഗ്രി യംഗ് ബോയ് അയ്യപ്പന്‍ അവിടെ നിന്നും സൈക്കിള്‍ ചവുട്ടി ഇവിടെയെത്തി ഒപ്പം കൂടും. ധൃതിയില്‍ രണ്ട് ഗെയിം പൂര്‍ത്തിയാക്കി അപ്പോള്‍ തന്നെ സ്ഥലം കാലിയാക്കും.
പിന്‍കുറിപ്പ് - മുംബൈ ഐ. ഒ. സി.യിലെ കൊച്ചിന്‍ റിഫൈനറിയുടെ ലെയ്സണ്‍ ഓഫീസറായിരുന്ന ശ്രീധരന്‍ എന്ന കായിക പ്രേമിയാണ് നെറ്റും ബാറ്റുകളും ഷട്ടിലും അടങ്ങിയ പാഴ്സല്‍ അയച്ചു തന്നത്. ശ്രീധരന്‍ ആയിരുന്നു വൈകുന്നേരത്തെ ഞങ്ങളുടെ കളിക്കിടയില്‍ അതിഥിയായി എത്തിയ ആറടി ഉയരക്കാരന്‍. ആഘോഷമാക്കാതെയും കൊട്ടിഘോഷിക്കാതെയും കിട്ടിയ സമ്മാനത്തിന് അതിനേക്കാള്‍ ഉയര്‍ന്ന മാനം നല്‍കുന്നത് തീര്‍ച്ചയായും മറ്റു പലതുമാണ്. ഞങ്ങളുടെ ചമ്മല്‍ തിരിച്ചറിഞ്ഞ, കളിയുപകരണങ്ങള്‍ അയച്ച് എന്നെ അത്ഭുതപ്പെടുത്തിയ ശ്രീധരനെ ജീവിതത്തില്‍ പിന്നീടൊരിക്കലും കാണുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മ എന്നും എന്നില്‍ നിലനില്‍ക്കും. ജോലിയില്‍ നിന്നും വിരമിച്ച് കുടുംബത്തോടൊപ്പം ഈ ലോകത്തിന്റെ ഏതെങ്കിലും കോണില്‍ വിശ്രമജീവിതം നയിക്കുന്ന അദ്ദേഹത്തിനും കുടുംബത്തിനും ദീര്‍ഘായുസ്സും മംഗളങ്ങളും ഉണ്ടാകട്ടെ.