ധര്‍മ്മരാജയും ഇന്ദുലേഖയും

മഴക്കാലത്ത് ഭുമിയിലേയ്ക്ക് പെയ്തിറങ്ങുന്ന മഴത്തുള്ളികളെ നോക്കിയിരിക്കുന്നത് ഒരനുഭൂതിയാണ്. പ്രീഡിഗ്രിക്കാലത്ത് കൂട്ടുകൂടി ഇങ്ങനെ മഴ കണ്ടിരിക്കാറുണ്ടായിരുന്നു. ഭൂമിക്ക് താഴെയുള്ള എന്തിനെക്കുറിച്ചും സംസാരിക്കുന്ന ചുരുക്കം സുഹൃത്തുക്കള്‍. നിമിഷങ്ങള്‍ കൊണ്ട് ഞങ്ങളുടെ പ്രണയവും നൈരാശ്യവും പ്രതികാരവും വിദ്വേഷവും ഉദിച്ചസ്തമിക്കും. പതിവ് കുട്ടിത്തരങ്ങള്‍ കൂടാതെ വായിച്ച പുസ്തകങ്ങളെക്കുറിച്ചും, സിനിമകളെ കുറിച്ചും ചര്‍ച്ചയുണ്ട്. പത്താം ക്ലാസ്സില്‍ രണ്ടാം പാഠമായി പഠിച്ച ധര്‍മ്മരാജയേയും ഇന്ദുലേഖയേയും പാഠപുസ്തകം എന്നതിലുപരിയായി പരിചയപ്പെടുന്നതും ചര്‍ച്ച ചെയ്യുന്നതും ആദ്യമായി ഈ കൂട്ടായ്മയിലായിരുന്നു. ധര്‍മ്മരാജ സിനിമയായി കാണണമെന്ന് അന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. അതില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടുന്ന നടീ-നടന്മാരെക്കുറിച്ചും അന്ന് വെറുതെ ചര്‍ച്ച ചെയ്തു, യാഥാര്‍ത്ഥ്യത്തില്‍ നിന്ന് കാതങ്ങള്‍ അകലെയാണ് ഞങ്ങളുടെ നില്‍പ്പ് എന്ന് അറിഞ്ഞുകൊണ്ട് തന്നെ.
കുറേക്കാലം സ്റ്റേഡിയത്തിന് അഭിമുഖമായുള്ള പണിതീരാത്ത ഒരു മൂന്ന് നില കെട്ടിടത്തിന്റെ രണ്ടാം നിലയായിരുന്നു ഞങ്ങളുടെ താവളം. തൂണുകളും തട്ടും മാത്രം വാര്‍ത്ത് നിര്‍ത്തിയിരുന്ന ഒരു അസ്ഥികൂടം പോലുള്ള കെട്ടിടം. അവിടെ നിന്നും നോക്കിയാല്‍ സ്റ്റേഡിയത്തിന്റെ ഭാഗികമായ ആകാശക്കാഴ്ച കാണാം. മൂവാറ്റുപുഴയില്‍ വച്ച് നടത്തിയ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണത്തിന്റെ ഒരുക്കങ്ങള്‍ ഞങ്ങള്‍ ഇവിടെയിരുന്നാണ് കണ്ടത്. ടോമിന്‍ തച്ചങ്കരി സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിക് ചാം ചിറകടി എന്ന ആല്‍ബത്തിലെ ഗാനങ്ങളാണ് അന്നവിടെ ആവര്‍ത്തിച്ച് കേള്‍പ്പിച്ചത്. റഹ്മാൻ ഗാനങ്ങളെ ഓർമ്മപ്പെട്ടത്തുന്ന റിക്കാര്‍ഡിംഗ് മികവ് കൊണ്ട് ഈ ആല്‍ബം അന്നെന്നെ അത്ഭുതപ്പെടുത്തിയിരുന്നു. എ. ആര്‍. റഹ്മാന്റെ സംഗീതം വീടുകളില്‍ അന്നുവരെ ഉപയോഗിച്ചിരുന്ന കാസറ്റ് പ്ലെയറുകളെ അപ്രസക്തമാക്കിയതും മികച്ച റിക്കാര്‍ഡിംഗ്-പ്ലേ ബാക്ക് സംവിധാനങ്ങള്‍ പ്രചാരത്തിലാക്കിയതും ഇന്ന് ചരിത്രം. അപ്സര തിയറ്ററില്‍ നിന്നും മാറ്റിനി കഴിഞ്ഞ് സ്റ്റേഡിയത്തിലൂടെ നടന്ന് പാടവരമ്പേറി വരുന്ന അനൂപിനേയും പ്രദീപിനേയും ദൂരെ നിന്ന് തന്നെ കാണുന്നതും ഇവിടെ നിന്നു തന്നെ. കെട്ടിടത്തിന്റെ തൊട്ടു താഴെ ഒരു വശത്ത് ചെറിയ കുളമുണ്ട്. തൊട്ടു മുന്നില്‍ തോടും. കുളത്തേയും തോടിനെയും വേര്‍തിരിക്കുന്നത് ഒരു വരമ്പ് മാത്രം. വരമ്പിനപ്പുറം സ്റ്റേഡിയത്തേക്കാള്‍ താഴെ നിരപ്പില്‍ കിടക്കുന്ന പാടമാണ്.

ത്രിവേണി-

മൂവാറ്റുപുഴയിലെ എക്കാലത്തേയും പ്രശസ്ത ഹോട്ടല്‍ ബ്രാന്‍ഡായ ത്രിവേണി ഹോട്ടലിന്റെ ഉടമയായിരുന്ന നാരായണ പിള്ളയുടെ തറവാട്ടുവകയാണ് കുളം. പിന്നീട് ഒരു പ്രാദേശിക ബ്രാന്‍ഡെന്ന നിലയില്‍ മൂവാറ്റുപുഴക്കാര്‍ക്ക് പരിചിതമായത് ഒരു പക്ഷേ ഇന്ത്യന്‍ ബേക്കറിയാവണം. ബ്രാന്‍ഡിംഗ് അവിടെ നില്‍ക്കട്ടെ. തറവാടിന്റെ സ്വീകരണ മുറിയില്‍ നിന്നും നോക്കയാല്‍ കുളത്തിന്റെ മുകള്‍പ്പരപ്പിലൂടെ തോട് കടന്നുള്ള പാടത്തിന്റെ കൃത്യമായ ദൃശ്യമാണ്. എന്റെ ഓര്‍മ്മയില്‍ നാരായണ പിള്ള വിശ്രമജീവിതം നയിക്കുകയായിരുന്നു. സ്വീകരണമുറിയിലെ ചാരുകസേരയില്‍ ഒറ്റമുണ്ട് മാത്രമുടുത്ത് അദ്ദേഹം വിശ്രമിക്കുന്ന കാഴ്ച എന്റെ ഓര്‍മ്മയിലുണ്ട്. ധാരാളം അംഗങ്ങളുള്ള ഒരു കുടുംബത്തിന്റെ അമരക്കാരനായിയിരുന്ന്, അധ്വാനിക്കാവുന്ന കാലം മുഴുക്കെ പണിയെടുത്ത്, കീര്‍ത്തി നേടിയ പ്രസ്ഥാനം കെട്ടിപ്പടുത്ത്, വെല്ലുവിളികളെ അതിജീവിച്ച്, ജീവിത സായാഹ്നത്തിലെത്തിയ ഒരാള്‍. പൂര്‍ണ്ണ തൃപ്തിയോടെ 'മതി'യെന്ന് ഒരാളെക്കൊണ്ട് പറയിക്കാന്‍ സാധിക്കുന്നത് ഭക്ഷണം നില്‍കി മാത്രമാണെന്ന് അദ്ദേഹം കൊച്ചുമക്കളോട് പറയുമായിരുന്നു. ഹോട്ടല്‍ വ്യവസായത്തിലും അദ്ദേഹം പിന്‍തുടര്‍ന്നത് ഈ ശൈലിയായിരുന്നിരിക്കണം. മൂവാറ്റുപുഴയെക്കുറിച്ച് സംസാരിക്കുന്ന അന്യനാട്ടുകാര്‍ക്കെല്ലാം പരിചിതമായ ഒരു ഹോട്ടല്‍ ത്രിവേണിയാണ്. ദൂര ദേശങ്ങളില്‍ നിന്നുള്ള ശബരിമല യാത്രികര്‍ക്ക് ഹോട്ടല്‍ രാജേശ്വരിയും പരിചിതം.

ഒരു നൂറ്റാണ്ടിലേറെ നാടിന്റെ രുചിപ്പെരുമയായിരുന്ന ത്രിവേണി ഹോട്ടല്‍ പക്ഷേ ഇന്നില്ല. അടുത്ത തലമുറ പലകാരണങ്ങള്‍ കൊണ്ടും ഹോട്ടല്‍ വ്യവസായത്തില്‍ നിന്നും അകന്നു. നഗരത്തിലെ ആദ്യകാല സഹൃദയ കൂട്ടായ്മകള്‍ക്ക് ത്രിവേണി ഹോട്ടലിന്റെ ചുവരുകള്‍ സാക്ഷിയാണ്. സാഹിത്യ സാംസ്ക്കാരീക സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ഇവിടുത്തെ ബഞ്ചുകളിലിരുന്ന് ആവി പറക്കുന്ന ചായക്കോപ്പകളെ സാക്ഷിയാക്കി സൗഹൃദം പങ്കുവച്ചു, നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. അതില്‍ നിന്നും ഒരുപാട് കൂട്ടായ്മകളും പ്രസ്ഥാനങ്ങളും ഉടലെടുത്തു. അതില്‍ ദീര്‍ഘായുസ്സുകളും അല്‍പ്പായുസ്സുകളും ഉണ്ടായിരുന്നുവെന്നത് ചരിത്രം. ഇന്ന് ആ സ്ഥാനം കച്ചേരിത്താഴത്തെ നാന ഹോട്ടലിന് അവകാശപ്പെട്ടതാണ്. നഗരത്തിലെ സഹൃദയരുടെ മുഖ്യസംഗമകേന്ദ്രമായി അറിഞ്ഞോ അറിയാതെയോ ഇന്ന് നാന മാറിയിരിക്കുന്നു.

ഇന്നെല്ലാവരും അവരവരുടെ നിലയില്‍ അണുകുടുംബവ്യവസ്ഥയിലേയ്ക്ക് ചേക്കേറിയിട്ടുണ്ടെങ്കിലും എന്റെ ഓര്‍മ്മയില്‍ ഞാന്‍ അവസാനമായി കണ്ട കൂട്ടുകുടുംബങ്ങളിലൊന്ന് ത്രിവേണി ഹോട്ടലിന്റെ ഉടമ നാരായണപിള്ളയുടേതാണ്. അദ്ദേഹത്തിന്റെ കൊച്ചുമക്കളില്‍ ഒരാള്‍ - സ്വരൂപ് - എന്റെ ഏറ്റവുമടുത്ത സുഹൃത്താണ്. ന്യായമായും അവന്റെ സഹോദരന്‍ സ്വരാജും എന്റെ സുഹൃത്ത് തന്നെ. തറവാടിന്റെ സ്വീകരണ മുറിയില്‍ വിശ്രമിക്കുന്ന ഇവരുടെ അപ്പൂപ്പനേക്കാള്‍ കൂടുതല്‍ അമ്മൂമ്മയാണ് കുട്ടികളുമായി ഇടപഴകിയിരുന്നത്. തഴുതാമയില കൊണ്ട് അമ്മൂമ്മയുണ്ടാക്കുന്ന കറിയെപ്പറ്റി ഞങ്ങളോട് സ്വരൂപ് പറയുമായിരുന്നു. ഈ കറിയാണത്രെ അമ്മൂമ്മയുടെ ആരോഗ്യ രഹസ്യം. പറമ്പിലെ നാട്ടുമാവും പുളിയും കായ്ക്കുന്ന കാലം അമ്മൂമ്മ സന്തോഷവതിയായി കണ്ടു. ഏതൊരു അമ്മൂമ്മയേയും പോലെ സ്വന്തം കൊച്ചുമക്കളുടെ മേല്‍ എപ്പോഴും ആ കണ്ണുകള്‍ ഉണ്ടായിരുന്നു. പറമ്പിന്റെ ഏത് കോണില്‍ നിന്നാലും അവരുടെ ശ്രദ്ധ കുട്ടികളുടെ മേലുണ്ടാകും. മറ്റ് കുട്ടികളുടെ കളിചിരികള്‍ പരിധി ലംഘിച്ചുവെന്ന് തോന്നിയാല്‍ ആ സാന്നിദ്ധ്യം ഉടനുണ്ടാകും. കുട്ടിക്കൂട്ടം നിശബ്ദമായി ചിതറും.

WWF-വേള്‍ഡ് റസ്ലിംഗ് ഫെഡറേഷന്‍-

വേള്‍ഡ് റസ്ലിംഗ് ഫെഡറേഷന്‍ (WWF) ഗുസ്തി ചാനലുകളിലൂടെ പ്രശസ്തമായി തുടങ്ങിയ കാലം. ഗുസ്തി തന്നെ കാണുന്നതാദ്യം, പിന്നെയാണ് ഈ കാടന്‍ ഗുസ്തി. പരിശീലനം നേടിയ ഗുസ്തിക്കാരുടെ പ്രകടനം വിസ്മയത്തോടെയാണ് അന്ന് കണ്ടിരുന്നത്. പ്രകടനം World's Wealthiest Fake ആണെന്ന് മനസ്സിലായതോടെ വിസ്മയമില്ലാതായി. പക്ഷേ ഞങ്ങളുടെ കൂട്ടത്തില്‍ രണ്ടു പേര്‍ ഇതിന്റെ ആരാധകരായിരുന്നു. ദീപുവും അനൂപും. ഇവരുടെ WWF താത്പര്യത്തിന് ബലിയാടുകളാവേണ്ടി വന്നത് സ്ക്കൂള്‍ കാലത്ത് മാത്രം ഇവിടെയുണ്ടായിരുന്ന ശ്രീക്കുട്ടനും ത്രിവേണിയിലെ സ്വരാജിനുമായിരുന്നു. സ്വരാജ് ദീപുവിന്റെ സഹപാഠിയായിരുന്നെങ്കില്‍ ശ്രീക്കുട്ടന്‍ ഇവരെക്കാള്‍ ചെറുപ്പം. പ്രായക്കുറവിന്റെ നിഷ്ക്കളങ്കതയും നുണക്കുഴിച്ചിരിയും ചീകിയാല്‍ ഒതുങ്ങാത്ത പീലിത്തലമുടിയുമായി അല്‍പ്പം ഭാരക്കൂടുതലുള്ള ശ്രീക്കുട്ടന്‍ അല്‍പ്പകാലം ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. മുനിസിപ്പല്‍ കമ്മീഷണറായിരുന്ന (അന്ന് മുനിസിപ്പല്‍ സെക്രട്ടറിയല്ല, മുനിസിപ്പല്‍ കമ്മീഷണറാണ്) ശ്രീക്കുട്ടന്റെ അച്ഛന്റെ പെട്ടെന്നുള്ള വേർപാടിനെ തുടര്‍ന്ന് ആ കുടുംബം മൂവാറ്റുപുഴ വിട്ടു. ശ്രീക്കുട്ടന് ഒരു മൂത്ത സഹോദരിയും ഉണ്ടായിരുന്നു. ഇരുവരും അവരുടെ നാട്ടില്‍ സുഖമായിത്തന്നെ കഴിയുന്നുണ്ടാകും.
സ്ക്കൂള്‍ ദിനങ്ങളില്‍ വൈകുന്നേരത്തെ കളിയ്ക്ക് മുന്‍പുള്ള നിമിഷങ്ങള്‍ കുസൃതികളുടേതാണ്. ഒരു ദിവസം പതിവുപോലെ, ശ്രീക്കുട്ടനും സ്വരാജും ദീപുവും മഴയൊഴിഞ്ഞ, നനഞ്ഞ് കുതിര്‍ന്ന പാടത്ത് ഗുസ്തി പിടിക്കുകയാണ് - WWF മാതൃകയില്‍. പാടത്തെ ചെളിയിലുരുണ്ടും പിരണ്ടും മൂവരും മല്‍പ്പിടുത്തത്തിലാണ്. സ്വരാജിന് ശാരീരികക്ഷമതയുള്ളതുകൊണ്ട് ദീപുവിനെ വിജയകരമായി പ്രതിരോധിക്കാന്‍ കഴിയുന്നുണ്ട്. മനസ്സില്ലാ മനസ്സോടെ ഗുസ്തിപിടിക്കാന്‍ നിര്‍ബന്ധിതനായ ശ്രീക്കുട്ടന് മല്‍പ്പിടുത്തം അല്‍പ്പം ബുദ്ധിമുട്ടായെന്ന് തോന്നി. കരച്ചിലിന്റെ വക്കത്തായി കക്ഷി. പക്ഷേ, ടി. വി. സ്ക്രീനില്‍ കണ്ടുപരിചയിച്ച ഗുസ്തി പൂട്ടുകളൊക്കെ പ്രയോഗിച്ച് ദീപു വില്ലാളി വീരനായി നില്‍ക്കുകയാണ്, പ്രതിരോധിക്കാനാവാതെ പാവം ശ്രീക്കുട്ടനും. കാഴ്ചക്കാരായി മൂന്ന്-നാല് പേരുണ്ട്. അത്യാവശ്യത്തിന് ഒച്ചയും ബഹളവുമൊക്കെയായി ചെറിയ രീതിയില്‍ ഗുസ്തി പ്രോത്സാഹിപ്പിക്കുന്നുമുണ്ട് കാഴ്ചക്കാര്‍. അപകടമൊന്നുമില്ലാതെ അവസാനിക്കാറാണ് പതിവെന്നതിനാല്‍ പൊതുവെ ആരും ഈ അഭ്യാസത്തില്‍ ഇടപെടാറില്ല. പെട്ടെന്ന് കളി കാര്യമാകുന്നത് പോലൊരു തോന്നല്‍.

തറവാടിന്റെ സ്വീകരണ മുറിയില്‍ നിന്നും കുളത്തിന്റെ മുകള്‍പ്പരപ്പിലൂടെ തോട് കടന്നുള്ള പാടത്തിന്റെ കൃത്യമായ കാഴ്ചയില്‍ അമ്മൂമ്മ ചെളിയിലുരുളുന്ന കൊച്ചുമകനെ കണ്ടു. ഒട്ടും അമാന്തിച്ചില്ല, ഞൊടിയിടയില്‍ അമ്മൂമ്മ വരമ്പത്ത് പ്രത്യക്ഷപ്പെട്ടു. ചീത്തയുടെ പൂരമായിരുന്നു പിന്നെ... ആവേശക്കൂട്ടം ഒന്നും മിണ്ടിയില്ല. കൊണ്ടവനും കൊടുത്തവനും മിണ്ടിയില്ല. സര്‍വ്വത്ര മൗനം. എങ്ങും നിശബ്ദത. പെരുന്തോട് നിറഞ്ഞ് ഒഴുകിക്കൊണ്ടിരുന്നു.

ദീപുവിന് ശേഷം WWF ന്റെ അവസാനവാക്കായിത്തീര്‍ന്നത് പിന്നെ അനൂപാണ്. അനൂപ് പില്‍ക്കാലത്ത് AXN എന്നറിയപ്പെട്ടു. (AXN എന്ന പേരിന് കടപ്പാട് ആഷിറിന്)

Tweet