അലുമ്നി അസ്സോസിയേഷനുകള്‍ ഉണ്ടാക്കലും, അതിന്റെ കൂട്ടായ്മ സംഘടിപ്പിക്കലും ഇപ്പോ ഒരു പതിവ് പരിപാടിയായി മാറിയിട്ടുണ്ട്. ഒന്നാം ക്ലാസ് മുതല്‍ കണക്കാക്കിയാല്‍, പത്ത് വര്‍ഷം കൊണ്ട് അഞ്ച് സ്ക്കൂളുകളില്‍ പഠിച്ചതുകൊണ്ടാവണം ഒരിടത്തും എനിക്ക് സ്ഥായീഭാവം കിട്ടിയില്ല. അതുകൊണ്ടെന്തായി? ഒരു അലുമ്നിയിലും നമ്മളെ ആരും ഓര്‍ക്കാറില്ല. പക്ഷേ, ഞാന്‍ പഠിച്ച സ്ക്കൂളുകളിലെല്ലാം ഞാന്‍ എപ്പോഴെങ്കിലും ഒക്കെ പോകും. ഞാന്‍ ഇരുന്ന ക്ലാസ്സ് മുറികളും, നടന്ന വരാന്തയും, വിശ്രമിച്ച തിണ്ണയും മരത്തണലും, സുന്ദരിമാരെ കാണാറുണ്ടായിരുന്ന ഇടങ്ങളും, കലാമത്സരങ്ങള്‍ നടത്തുന്നതിനുള്ള താത്ക്കാലിക സ്റ്റേജായി മാറുന്ന ക്ലാസ്സ് മുറികളും, അദ്ധ്യാപകരെ ചുറ്റിപ്പറ്റി ഗോസിപ്പുകള്‍ മണക്കുന്ന സ്റ്റാഫ് റൂമും, മേല്‍ക്കൂരയില്ലാത്ത മൂത്രപ്പുരയും അങ്ങിനെ എല്ലാം നടന്നു കാണും. എല്ലായിടത്തും എന്തെങ്കിലുമൊക്കെ ഓര്‍മ്മകള്‍ ബാക്കി വച്ചിട്ടുണ്ട് ഞാന്‍.
ഇന്നലെ എന്റെ ശാരദ ടീച്ചറെ ഞാന്‍ ഫോണില്‍ വിളിച്ചിരുന്നു. വ്യക്തമായ ശബ്ദത്തില്‍ ആഢ്യത്വം തുളുമ്പുന്ന ഭാഷയില്‍ സംസാരിക്കുന്ന ടീച്ചര്‍. ‘മോഹനാ... പഠിപ്പിച്ച കുട്ടികള് വിളിക്കുമ്പോ അത് വലിയ സന്തോഷാ... സത്ത്യായിട്ടും... സ്വന്തം മക്കള് വിളിക്കണേനെക്കാള് സന്തോഷാണ് അപ്പോ തോന്നാ... കാരണം മക്കള്‍ക്ക് അമ്മമാരെ വിളിക്കാനും കാര്യന്വേഷിക്കാനും ഒക്കെ ബാധ്യതണ്ടല്ലോ... പഠിച്ച് പോയോര്‍ക്ക് എന്താപ്പോ???’ എന്നു തുടങ്ങി ടീച്ചര്‍ ഒരു കാച്ച്... എന്നെ പത്തിരുപത്താറ് വര്‍ഷം പിറകോട്ട് വലിച്ചുകൊണ്ട് പോയി ടീച്ചര്‍ ആ സംഭാഷണത്തിലൂടെ. എന്റെ ക്ലാസ്സ് ടീച്ചറായിരുന്ന ഷേര്‍ലി ടീച്ചറോളം തന്നെ എന്നെ പരിഗണിച്ചിരുന്ന എന്റെ ഹിസ്റ്ററി അദ്ധ്യാപിക - ഒന്‍പതിലും പത്തിലും - അതായിരുന്നു ശാരദ ടീച്ചര്‍. ബയോളജി പഠിപ്പിച്ചിരുന്ന കുമാരി ടീച്ചറേയും ജ്യോഗ്രഫി പഠിപ്പിച്ചിരുന്ന ഗോവിന്ദന്‍ നമ്പൂതിരി സാറിനേയും മറക്കാന്‍ വയ്യ.
പത്താം ക്ലാസ് ഒരു വലിയ സംഭവമാണല്ലോ. സത്യത്തില്‍ പത്തല്ല, പന്ത്രണ്ടാണ് (അന്നത്തെ പ്രീഡിഗ്രി) ആണ് വലിയ സംഭവം. വീട്ടുകാര്‍ക്കും അച്ഛനമ്മമാര്‍ക്കും ഒക്കെ അന്ന് അതറിയാമായിരുന്നോ എന്നെനിക്കറിയില്ല. ഒന്‍പതാം ക്ലാസിന്റെ വെക്കേഷന്‍ ഒരുമാസമായി വെട്ടിച്ചുരുക്കി ക്ലാസ്സുകള്‍ നേരത്തെ ആരംഭിക്കുന്നു. വൈകുന്നേരത്തെ കളികള്‍ക്ക് നിയന്ത്രണം വരുന്നു. സിനിമ, വല്ലപ്പോഴുമുള്ള യാത്രകള്‍, കലാമത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള അവസരം തുടങ്ങി സകലമാന മേഖലകള്‍ക്കും അടിയന്തിരാവസ്ഥ ഏര്‍പ്പെടുത്തി പുസ്തകത്തിലേയ്ക്ക് നമ്മളെ ചുരുക്കുന്ന ഒരു ശൈലിയായിരുന്നു എനിക്ക് നേരിടേണ്ടി വന്നത്. (പലര്‍ക്കും ഈ കാലയളവിലെ അനുഭവം ഇതിലും കഠിനമായിരിക്കും, ചിലര്‍ക്ക് ലളിതവും) ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും രാവിലെ 4.30ന് ഉള്ള ഉറക്കമുണര്‍ത്തല്‍ - മാനസീകമായി എന്നെ ഏറ്റവും തളര്‍ത്തിയ അനുഭവങ്ങളിലൊന്നാണ്. ആകെയൊരു പീഢനപര്‍വ്വത്തില്‍ ആയിരുന്നു അക്കാലം കടന്നുപോയത് എന്നതാണ് സത്യം. പല കാരണങ്ങള്‍ കൊണ്ടും, വിധിയുടെ വിളയാട്ടം കൊണ്ടും, സ്വന്തം നാട്ടില്‍ നിന്ന് മാറി വല്യച്ഛനോടൊപ്പം അദ്ദേഹത്തിന്റെ ക്വാര്‍ട്ടേഴ്സില്‍ താമസിച്ച് പഠിക്കേണ്ടി വന്നതിന്റെ വിഷമവും ഒക്കെ അന്ന് എന്നെ വല്ലപ്പോഴുമെങ്കിലും അലട്ടിയിരുന്നു.
ക്ലാസ്സില്‍ എന്റെ സുഹൃത്തുക്കളായിട്ടുള്ളവര്‍ രണ്ട് സത്യപ്രകാശുമാരാണ്. ഒരാള്‍ പഠിപ്പില്‍ കേമന്‍, മറ്റേയാള്‍ പാഠ്യേതരവിഷയങ്ങളില്‍ കേമന്‍. കണക്കില്‍ മോശമായ എനിക്ക് അസ്സാരം സഹായങ്ങള്‍ ഇങ്ങോട്ടും, ഭാഷാ വിഷയങ്ങളില്‍ ഭേദപ്പെട്ട ഞാന്‍ അസ്സാരം സഹായം അങ്ങോട്ടും കൊടുക്കല്‍വാങ്ങല്‍ നടത്തി സത്യപ്രകാശ് ഒന്നാമന്‍ എനിക്ക് തുണയായി. പത്താം ക്ലാസിന്റെ അവസാന ആഴ്ചകള്‍. മോഡല്‍ പരീക്ഷ എഴുതിയും ഓട്ടോഗ്രാഫ് കൈമാറിയും കൊച്ച് കൊച്ച് സമ്മാനങ്ങള്‍ പങ്കുവച്ചും ഇനി എവിടെ പഠിക്കുമെന്നും എവിടെയെങ്കിലും വച്ച് കാണുമോ എന്നുമൊക്കെ ആലോചിച്ച് ദിവസങ്ങള്‍ പോയി. ഒരു ദിവസം കൂട്ടുകാരെല്ലാവരും ചേര്‍ന്ന് തീരുമാനിച്ചു; സത്യപ്രകാശ് രണ്ടാമന്റെ വീട്ടില്‍ പോകാം. അവന്‍ എല്ലാവരുടേയും ഇഷ്ടക്കാരനാണ്. അവന്റെ നിര്‍ബന്ധത്തിന് ഞങ്ങള്‍ വഴങ്ങി. ഇന്ന് നേരത്തെ ക്ലാസ്സ് പിരിയും. ഇന്നില്ലെങ്കില്‍ പിന്നെ ഇല്ല. അപ്പോഴങ്ങിനെ തന്നെ. മറ്റൊന്നും ആലോചിച്ചില്ല. ക്വാര്‍ട്ടേഴ്സില്‍ പോയി അനുവാദം വാങ്ങി വരാന്‍ സമയമില്ല, സാധാരണ സമയമാകുമ്പോഴേയ്ക്കും തിരികെ എത്തുകയും ചെയ്യാം. അല്‍പം താമസിച്ചാലും വല്ല്യമ്മയോട് പറയാമല്ലോ. ഞാനും പോയി. ടാര്‍ വഴിയിലൂടെ വര്‍ത്തമാനം പറഞ്ഞും ചിരിച്ചും കളിച്ചും ഞങ്ങള്‍ പത്ത്-പന്ത്രണ്ട് പേര്‍ സംഘമായി നടന്നു. ടാര്‍ റോഡ് മണ്‍ വഴിയിലേയ്ക്ക് പിരിഞ്ഞു. പിരിയുന്ന ഓരത്ത് ചെറിയ കട. എല്ലാവരും ദാഹം തീര്‍ക്കാന്‍ നാരങ്ങാവെള്ളം കുടിച്ചു. എന്റെ കൈയ്യില്‍ പൈസയൊന്നുമില്ല. എല്ലാവരുടേയും ഓഹരിയില്‍ ഞാനും കുടിച്ചു നാരങ്ങാവെള്ളം. മണ്‍വഴിയിലൂടെ അല്‍പം നടന്നെത്തിയപ്പോഴേയ്ക്കും കടക്കാരന്‍ പിന്നില്‍ നിന്നും വിളിച്ചു. എന്നെയാണ്. മറ്റുള്ളവരോട് നടന്നോളാന്‍ പറഞ്ഞിട്ട് ഞാനും എന്റെ സുഹൃത്ത് രമേശനും കൂടി കടയിലേയ്ക്ക് ചെന്നു. അവിടെ ക്രുദ്ധനായി വല്യച്ഛന്‍ നില്‍ക്കുന്നു. കമ്പനി യൂണിഫോമില്‍ പച്ച ലാംബി സ്ക്കൂട്ടറില്‍ കുപിതനായി സംസാരിക്കാനാവാതെ നില്‍ക്കുകയാണ് അദ്ദേഹം. എന്നോട് സ്ക്കൂട്ടറില്‍ കയറാന്‍ പറഞ്ഞു. ഒന്നും മനസ്സിലാവാതെ ഞാന്‍ കയറി. രമേശന് അപ്പോഴും ഒന്നും മനസ്സിലായില്ല. വല്യച്ഛനെ രമേശന് കണ്ടാലറിയാമെന്ന് മാത്രം. അനുവാദമോ അറിയിപ്പോ ഇല്ലാതെ സ്ക്കൂളില്‍ നിന്നും സഹപാഠികളോടൊപ്പം കൂട്ടുകാരന്റെ ഭവനസന്ദര്‍ശനത്തിന് പുറപ്പെട്ടതാണ് അബദ്ധമെന്ന് അപ്പോള്‍ എനിക്ക് മനസ്സിലായില്ല. എന്നെയും പിന്നിലിരുത്തി സ്ക്കൂട്ടര്‍ സ്ക്കൂള്‍ ഗേറ്റ് കടന്നു. അനുസരണക്കേട് കാട്ടിയവനെ അദ്ധ്യാപകരുടെ സമക്ഷം കൈയ്യോടെ ഹാജരാക്കി. വല്യച്ഛന്‍ ഒരക്ഷരം എന്നോട് മിണ്ടാത്തതിനാലും, അദ്ദേഹത്തിന്റെ വെളുത്ത മുഖം കോപം കൊണ്ട് ചുവന്ന് തുടുത്തിരുന്നതിനാലും ഞാന്‍ അരുതാത്തതെന്തോ ചെയ്തിരിക്കുന്നുവെന്ന് മനസ്സിലായി. സ്റ്റാഫ് റൂമിന് മുന്നില്‍ വണ്ടി നിന്നു. ഷേര്‍ലി ടീച്ചര്‍, ശാരദ ടീച്ചര്‍, കുമാരി ടീച്ചര്‍... സ്ക്കൂള്‍ നേരത്തെ വിട്ടെങ്കിലും ഈ മൂവര്‍ സംഘം മാത്രം പോയിട്ടില്ല. അനുവാദമില്ലാതെ സുഹൃത്തിന്റെ വീട്ടിലേയ്ക്ക് പോയ എന്റെ അനുസരണക്കേടിനെക്കുറിച്ച് ടീച്ചര്‍മാരോട് പരാതിപ്പെടുകയും എന്റെ വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് അവരോട് അന്വേഷിക്കുകയും ചെയ്ത വല്യച്ഛന്‍ അവരുടെ മുന്നില്‍ വച്ച് എന്നെ നിസ്സാരനാക്കി, പരിഹസിച്ചു. ‘നിനക്ക് ഞാന്‍ മുറുക്കാന്‍ കടയിട്ട് തരാന്‍ പറയാം നിന്റെ ചേട്ടനോട്... മൂവാറ്റുപുഴയില്‍... ഈ പോക്ക് പോയാല്‍ വീടിന് മുന്നില്‍ തന്നെയിടാം കട...’ വാക്കുകള്‍ കത്തിമുന പോലെ ആഴ്ന്നിറങ്ങി... പക്ഷേ, ചോര വാര്‍ന്നില്ല... പതിവായി പിന്നെ പറയാറുള്ളത് എന്തുകൊണ്ടോ അവിടെ വച്ച് തുടര്‍ന്ന് പറഞ്ഞില്ല... ‘വീട്ട്ക്ക് മുന്നാലെ ഇടമിരുക്കേ, അങ്കെയേ പോരും... ഒരു മുറുക്കാന്‍കടൈ പോടലാം... അതുതാന്‍ ഒനക്ക് ലായക്ക്...’ പറഞ്ഞില്ലെങ്കിലും എന്റെ കാതില്‍ അത് മുഴങ്ങി. എപ്പോഴുമെന്നപോലെ നിര്‍വ്വികാരനായി ഞാന്‍ നിന്നു.
ടീച്ചര്‍മാര്‍ക്ക് സംഭവം പൂര്‍ണ്ണമായും പിടികിട്ടിയില്ലെന്ന് തോന്നി. അവര്‍ വല്യച്ഛനെ സമാധാനിപ്പിക്കാനെന്നവണ്ണം എന്നോട് നാലഞ്ച് ചോദ്യങ്ങള്‍ ചോദിച്ചു. ആരുടെ വീട്ടിലാണ് പോയതെന്നും ആരൊക്കെ ഒപ്പം ഉണ്ടായിരുന്നു എന്നും അവര്‍ ചോദിച്ചു. കണക്കിലൊഴികെ മറ്റെല്ലാ വിഷയങ്ങള്‍ക്കും 40ന് മുകളില്‍ മാര്‍ക്ക് വാങ്ങിയിരുന്ന, സ്ക്കൂളിലെ ചുരുക്കം ഡിസ്റ്റിംഗ്ഷന്‍ പ്രതീക്ഷകളില്‍ ഒരാളായിരുന്ന എന്നെ അവര്‍ ഒട്ടും വിഷമിപ്പിച്ചില്ല. നന്നായി പഠിക്കാന്‍ ഉപദേശിച്ച് അവര്‍ ഞങ്ങളെ യാത്രയാക്കി. വീടെത്തിയ ഉടന്‍ എന്നോട് എന്റെ തുണിയും പുസ്തകങ്ങളും സഞ്ചിയിലാക്കാന്‍ വല്യച്ഛന്‍ പറഞ്ഞു. കലങ്ങിയ കണ്ണുകളുമായി വല്യമ്മ സാക്ഷിയായി. അമ്പരന്നു നിന്ന എന്നെ കൂടുതല്‍ അമ്പരപ്പിച്ചു കൊണ്ട് ഒരു കാര്‍ ക്വാര്‍ട്ടേഴ്സിന് മുന്നില്‍ വന്ന് നിന്നു. ചേട്ടനാണ്. എന്നെ കൂട്ടിക്കൊണ്ട് പോകാന്‍ വല്യച്ഛന്‍ വിളിച്ചറിയിച്ചതിന്‍ പടി എത്തിയതാണ്. എട്ട് ദിവസം മാത്രം പത്താം ക്ലാസ് പരീക്ഷയ്ക്ക്. എങ്കിലും ഞാന്‍ നാട് കടത്തപ്പെട്ടു, എന്ന് വച്ചാല്‍ എന്നെ ക്വാര്‍ട്ടേഴ്സില്‍ നിന്നും പുറത്താക്കി. സ്വന്തം വീട്ടിലെത്തിയ ഞാന്‍ പെട്ടിക്കട തുടങ്ങാനായി വല്യച്ഛന്‍ കണ്ടെത്തിയ മൂലയില്‍ ആരും കാണാതെ ചെന്ന് നിന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം, ഇന്ന് ഞാന്‍ ആ മൂലയില്‍ വീണ്ടും നില്‍ക്കുകയാണ്. സ്ഥലം ഇന്നും തരക്കേടില്ല.