തപാൽ ഓർമ്മകൾ

പോസ്റ്റ്മാന്‍ ആശാന്‍

ആശാന്‍ എന്ന് അറിയപ്പെടുന്ന കുമാരന്‍ എന്ന് പേരായ ഒരാളാണ് എന്റെ ചെറുപ്പകാലത്ത് വെള്ളൂര്‍ക്കുന്നം ഭാഗത്ത് കത്തുകളെത്തിച്ചിരുന്നത് - ഞാനാദ്യം കാണുന്ന പോസ്റ്റ്മാന്‍. വീട്ടിലേയ്ക്ക് മിക്കവാറും എല്ലാദിവസവും എന്തെങ്കിലും കത്തുണ്ടാകും. കത്തുകളൊന്നും ഇല്ലെങ്കിലും ആശാന്‍ അമ്മയോട് രണ്ട് വാക്ക് കുശലപ്രശ്നം നടത്തിയാണ് പോവുക. കാപ്പിപ്പൊടി നിറമുള്ള സഫാരി സ്യൂട്ട് പോലുള്ള വേഷം ധരിച്ച് സൈക്കിള്‍ ചവുട്ടിയെത്തുന്ന ആശാന്റെ കൈയ്യില്‍ നിന്നും സ്വന്തം പേരിലൊരു കത്ത് വാങ്ങാന്‍ കൊതിച്ചിരുന്നു. ഇറക്കമുള്ള മുറിക്കൈയ്യന്‍ ഷര്‍ട്ടിന്റെ പിന്നിലും വശങ്ങളിലും വെട്ടുണ്ട്. വയറിന്റെ ഭാഗത്ത് അതേ നിറമുള്ള തുണി കൊണ്ടുള്ള ബെല്‍റ്റും. അന്നത്തെ പോസ്റ്റമാന്റെ യൂണിഫോമായിരുന്നു അത്. എണ്ണതേച്ച് ചീകിയൊതുക്കിയ മുടിയും കട്ടി ഫ്രെയിമുള്ള കണ്ണടയും ധരിച്ച് കാലന്‍ കുടയുമായി ആശാന്‍ ഉച്ചസമയത്താണ് വരിക. എത്തിയാലുടന്‍ സൈക്കിളിന്റെ ബെല്ല് മുഴങ്ങും. കറുത്ത ഫോള്‍ഡറില്‍ അടുക്കിവച്ച ഇന്‍ലന്റുകളും കവറുകളും മണിയോര്‍ഡറുകളും, അപൂര്‍വ്വം ടെലഗ്രാമുകളും പരതി നമ്മുടേത് എടുത്ത് തരും. മുറുക്കാന്‍ ചവച്ച് ചുവപ്പിച്ച വായില്‍ നിറഞ്ഞ ചിരിയോടെ... ഒന്നാംതരം സംഘടനാപ്രവര്‍ത്തകനാണ് ആശാനെന്ന് ഇന്നറിയാം. ഏതാണ്ട് 82 വയസ്സിന്റെ ചെറുപ്പവുമായി ഇന്നും നഗരത്തില്‍ ഇടയ്ക്കൊക്കെ ഞങ്ങളുട ഈ പഴയ ആശാനെക്കാണാറുണ്ട്.

അഞ്ചല്‍മാന്‍ ചാക്കോ ചേട്ടന്‍

മൂവാറ്റുപുഴയിലെ പ്രമുഖവ്യക്തിത്വങ്ങളില്‍ ഒരാളായ പി. സി. അനന്തപ്പന്‍ ചേട്ടന്റെ ഓര്‍മ്മകളില്‍ നിന്നാണ് അഞ്ചല്‍മാന്‍ ചാക്കോ ചേട്ടനെ ഞാനറിയുന്നത്. ഇന്നത്തെ പോസ്റ്റാഫീസ് അഞ്ചലാപ്പീസായിരുന്ന കാലം. തിരുവിതാകൂര്‍ അഞ്ചല്‍ ആയിരുന്നു അന്നത്തെ പോസ്റ്റല്‍ സേവന ദാതാക്കള്‍. മണികെട്ടിയ വടി കുത്തി, അഞ്ചല്‍ഉരുപ്പടികള്‍ തലച്ചുമടായി ചുമന്ന്, നഗ്നപാദനായി ഓടുന്ന സാക്ഷാല്‍ അഞ്ചലോട്ടക്കാരന്റെ കാലം. ഇന്നത്തെ പോസ്റ്റാഫീസ് ജംഗ്ഷന്‍ അന്ന് അഞ്ചലാപ്പീസ് കവലയാണ്. ലിറ്റില്‍ ഫ്ലവര്‍ സ്ക്കൂള്‍, ഹോളി മാഗി പള്ളി, മാത്തു പൗലോ ബാങ്ക്, ആശുപത്രി, മൂലമറ്റം ദേവസ്യായുടെ ചായക്കട, ജോസ് ആന്റ് കോ., അണ്ണാച്ചിയുടെ സ്റ്റേഷണറിക്കട, പാപ്പച്ചന്റെ തുണിക്കട, ഇല്ലില്ലി മേത്തരുടെ സൈക്കിള്‍ വര്‍ക്ക്ഷോപ്പ്, കുന്നപ്പിള്ളി വൈദ്യശാല, എസ്. എന്‍. നായരുടെ പച്ചമരുന്ന് കട, പൂവന്‍ ഫോട്ടോ സ്റ്റുഡിയോ, മൂക്കഞ്ചേരി വക്കീലിന്റെ വീട്, പെണ്‍ പള്ളിക്കൂടം, തെറ്റിറ്റാമ്പടി വക്കീലിന്റെ വീട്, എക്സൈസ് ഓഫീസ്, രണ്ട് ബാര്‍ബര്‍ ഷോപ്പുകള്‍, മൊട്ട എന്ന് വിളിച്ചിരുന്നയാളുടെ ഒരു പെട്ടിക്കട, ഇത്രയുമാണ് അന്ന് അഞ്ചലാപ്പീസ് കവലയിയുണ്ടായിരുന്നത്. വെറ്റില മുറുക്കിയ കറവീണുണങ്ങിയ ബട്ടണിടാത്ത കാക്കികോട്ട് ധരിച്ച്, തലയിലൊരു കെട്ടുമായി, വാ നിറയെ മുറുക്കിച്ചുവപ്പിച്ച രൂപം... തലയിലൊരു മുഴയും കുടവയറും - അതായിരുന്നു അഞ്ചല്‍മാന്‍ ചാക്കോ ചേട്ടന്‍. കോട്ടയം ആലുവാ മോട്ടോര്‍ യൂണിയന്‍, മലയാളരാജ്യം, സ്വരാജ് മുതലായ ബസ്സുകളിലാണ് മെയില്‍ ബാഗുകള്‍ എത്തിയിരുന്നത്. ഇരുപതോളം ഉദ്യോഗസ്ഥര്‍ ജോലി ചെയ്തിരുന്ന അഞ്ചലാഫീസില്‍ നിന്നും സോര്‍ട്ടിംഗ് കഴിഞ്ഞ് ചാക്കോച്ചേട്ടനെ ഏല്‍പ്പിക്കുന്ന കത്തുകള്‍ വിതരണം ചെയ്തിരുന്ന ചാക്കോച്ചേട്ടന്റെ ശൈലി രസാവഹമാണ്. സോര്‍ട്ടിംഗിന് ശേഷം അടുക്കിയെടുക്കുന്ന കത്തുകളുമായി സാവധാനം പുറത്തേയ്ക്ക് വരുന്ന ഇദ്ദേഹത്തെ കാത്ത് വലിയൊരു ജനാവലി വരാന്തയിലും പുറത്തുമായി കാത്തു നില്‍പ്പുണ്ടാകും. മുറ്റത്തെ വലിയ മരത്തണലില്‍ കെട്ടുകള്‍ നിരത്തി, സര്‍ക്കാര്‍ ഓഫീസുകള്‍, സ്ക്കൂളുകള്‍, വക്കീലന്മാര്‍, പൗരപ്രമുഖര്‍, വ്യക്തികള്‍ എന്ന ക്രമത്തില്‍ പേരുകള്‍ വായിച്ച് അവിടെ നിന്നും വന്നിട്ടുള്ള പ്രതിനിധികള്‍ക്കോ പേരുകാര്‍ക്കോ കത്തുകള്‍ വിതരണം ചെയ്യും. ഭൂരിഭാഗം ഉരുപ്പടികളും ഇപ്രകാരം വിതരണം ചെയ്ത ശേഷം കാലന്‍ കുടയും ബാക്കിയുള്ള ഉരുപ്പടികള്‍ നിറച്ച തോള്‍സഞ്ചിയുമായി കച്ചേരിത്താഴം ഭാഗത്തേയ്ക്ക് പോകും. നാലുമണിയോടെ വിതരണം പൂര്‍ത്തിയാക്കി തിരിച്ചെത്തുന്ന ചാക്കോച്ചേട്ടന്‍ അഞ്ച് മണിക്ക് അഞ്ചലാപ്പീസ് വിടും. നിര്‍മ്മലാ സ്ക്കൂളിന് സമീപമായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ മക്കള്‍ ഹോളി മാഗി പള്ളിയിലെ ക്വയര്‍ ഗ്രൂപ്പില്‍ സജീവമായിരുന്നു. പെന്‍ഷന്‍ പറ്റി പിരിഞ്ഞ ശേഷം കുറേക്കാലം വീടിനടുത്തുള്ള ചാപ്പലില്‍ തന്റെ പിതാവിനെപ്പോലെ തന്നെ ആശാന്‍ കളരിയും (നിലത്തെഴുത്ത്) അദ്ദേഹം നടത്തിയിരുന്നു. അഞ്ചല്‍മാന്‍ എന്ന നിലയിലുപരി ഒരു പൊതുസേവകന്‍ കൂടിയായിരുന്നു ചാക്കോച്ചേട്ടന്‍. നഗരത്തിലെ എല്ലാതരക്കാരുമായും നല്ല ബന്ധമുണ്ടായിരുന്ന ഇദ്ദേഹം തന്റെ പക്കല്‍ സഹായമഭ്യര്‍ത്ഥിച്ചെത്തുന്നവരുടെ ന്യായമായ ആവശ്യങ്ങള്‍ ഈ ബന്ധമുപയോഗിച്ച് നടത്തിക്കൊടുക്കും. തൊഴിലിനോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തിയിരുന്ന ഒരു ഉത്തമനായ ജനസേവകന്‍. വെള്ളൂര്‍ക്കുന്നം ഭാഗത്തേയ്ക്ക് കത്തുകള്‍ എത്തിച്ചിരുന്ന ഒരു മേനോനെപ്പറ്റിയും അനന്തപ്പന്‍ ചേട്ടന്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ, അദ്ദേഹത്തെക്കുറിച്ച് അന്വേഷിച്ചതില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ല.

മൂവാറ്റുപുഴ പോസ്റ്റാഫീസ്

വള്ളക്കാലില്‍ ജംഗ്ഷനില്‍ ഇപ്പോള്‍ ബി. എസ്. എന്‍. എല്‍. കസ്റ്റമര്‍ സേവന കേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലത്തെ ഒരു ഓടിട്ട കെട്ടിടത്തിലാണ് പോസ്റ്റ് ആന്റ് ടെലഗ്രാഫ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. പോസ്റ്റാഫീസ് ജംഗ്ഷനിലെ കെട്ടിടത്തില്‍ തിരുവിതാംകൂര്‍ അഞ്ചലും. എന്നു വച്ചാല്‍ അഞ്ചലാപ്പീസും പോസ്റ്റാഫീസും കുറച്ചുകാലത്തേയ്ക്ക് എങ്കിലും ഒരേ സമയം പ്രവര്‍ത്തിച്ചരുന്നു എന്നര്‍ത്ഥം. അഞ്ചലാപ്പീസിരുന്ന സ്ഥലത്ത് മുന്‍പ് തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ഒരു ഉപ്പ് പണ്ടികശാല ഉണ്ടായിരുന്നു. നീലകണ്ഠന്‍ എന്നൊരാള്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന് പണ്ടികശാലയ്ക്കായി ഇഷ്ടദാനം നല്‍കിയതാണ് ഈ സ്ഥലം. ഇഷ്ടദാനം നടന്ന കാലയളവ് കൃത്യമായി അറിവില്ല. ആ ഉപ്പ് പണ്ടികശാലയാണ് അഞ്ചലാപ്പീസായി മാറിയത്. ലയനത്തെ തുടര്‍ന്ന് 1953ല്‍ വള്ളക്കാലില്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചുവന്ന പോസ്റ്റാഫീസും, പോസ്റ്റോഫീസ് ജംഗ്ഷനിലെ അഞ്ചലാഫീസും ഒറ്റക്കെട്ടിടത്തിലായി. ഡിപ്പാര്‍ട്ടമെന്റ് വാടക നല്‍കി അഞ്ചലാപ്പീസിലേയ്ക്ക് മാറുകയായിരുന്നു. ഇതേ വളപ്പില്‍ എക്സൈസ് വകുപ്പിനും ഒരോഫീസ് അനുവദിക്കപ്പെട്ടു. വള്ളക്കാലില്‍ ജംഗ്ഷനിലെ കെട്ടിടം പിന്നീട് കുറച്ച് കാലം പോസ്ററല്‍ ഇന്‍സ്പെക്ടറാഫീസായും പ്രവര്‍ത്തിച്ചു. 1958ലെ സ്വാതന്ത്ര്യദിനത്തില്‍ സ്വന്തം കെട്ടിടം പണി പൂര്‍ത്തിയാക്കി പോസ്റ്റാഫീസ് പ്രവര്‍ത്തനം തുടര്‍ന്നു. 01-01-1960ല്‍ ഹെഡ് പോസ്റ്റാഫീസായി ഉയര്‍ത്തപ്പെട്ട മൂവാറ്റുപുഴ ആദ്യകാലത്ത് കോട്ടയം ഡിവിഷന് കീഴിലും 1964ല്‍ എറണാകുളത്തിന് കീഴിലുമായി. ഇന്ന് മൂവാറ്റുപുഴ ആലുവ ഡിവിഷന് കീഴിലാണ്. 1981ലെ സെന്‍സസ്‍ പ്രകാരം 6.71 ചതുരശ്ര കിലോമീറ്ററിലായി പ്രവര്‍ത്തന പരിധി വ്യാപിച്ചു കിടക്കുകയും 1,11,123 പേര്‍ക്ക് തപാല്‍ സേവനങ്ങള്‍ എത്തിക്കുകയും ചെയ്തിരുന്ന കേന്ദ്രമായിരുന്നു ഇത്. ആരക്കുഴ, ഇലഞ്ഞി, കല്ലൂര്‍ക്കാട്, കോലഞ്ചേരി, കൂത്താട്ടുകുളം, കുന്നയ്ക്കാല്‍, മുടവൂര്‍, മൂവാറ്റുപുഴ ബസാര്‍, മൂവാറ്റുപുഴ മാര്‍ക്കറ്റ്, പിറവം, പോത്താനിക്കാട്, രാമമംഗലം, വാഴക്കുളം, പാമ്പാക്കുട എന്നീ 14 പോസ്റ്റോഫീസുകള്‍ ഈ ഹെഡ് പോസ്റ്റോഫീസിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്നു. ആര്‍. എം. എസ്. മൂവാറ്റുപുഴയില്‍ വരുന്നത് 1970കളിലാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ പ്രധാന ട്രാന്‍സിറ്റ് ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന ഈ കേന്ദ്രം ഏറെ പ്രതിഷേധങ്ങളെ അവഗണിച്ച് നിര്‍ത്തലാക്കിയിട്ട് ഏഴെട്ട് വർഷങ്ങളേ ആയിട്ടുള്ളൂ. തിരുവിതാംകൂര്‍ അഞ്ചലിന്റെ മുദ്ര ആലേഖനം ചെയ്ത, ചരിത്ര സ്മാരകങ്ങളായ മൂന്ന് എഴുത്തു പെട്ടികള്‍ ഹെഡ് പോസ്റ്റോഫീസ് പരിസരത്ത് നിന്നും അവഗണിക്കപ്പെട്ട നിലയില്‍ 1996കാലത്ത് കണ്ടെടുക്കുകയും സംരക്ഷിച്ച് സൂക്ഷിക്കുകയും ചെയ്തു. ഇതില്‍ ഒരണ്ണം ഇവിടെത്തന്നെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ബാക്കിയുണ്ടായിരുന്ന രണ്ടെണ്ണത്തില്‍ ഒരെണ്ണം രാമമംഗലത്തിനും മറ്റൊരെണ്ണം ആലുവയ്ക്കും കൊണ്ടുപോയി. പോസ്റ്റാഫീസ് സംബന്ധിച്ച വിവരങ്ങള്‍ പലപ്പോഴായി എനിക്ക് പറഞ്ഞു തന്നത് ദീര്‍ഘകാലം ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥരായിരുന്ന കൃഷ്ണന്‍ നായര്‍ സാര്‍, ഗോപി ചേട്ടന്‍, അന്നലക്ഷ്മി മാഡം തുടങ്ങിയവരാണ്. ചരിത്രമന്വേഷിച്ച് പലകാലങ്ങളിലായി ഇവരും ഗവേഷണം നടത്തിയിരിക്കുന്നു.

പി. ആന്റ് ടി.യും ചില പേരുകളും

പി. ആന്റ് ടി. എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മ്മയിലെത്തുന്ന ചില പേരുകളുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 'യൂറീക്ക' എന്ന മാസിക എനിക്ക് പരിചയപ്പെടുത്തിയ വേലപ്പന്‍ സാറിന്റെ പേരാണ് അതിലൊന്ന്. ഒറ്റമുണ്ടും പ്ലെയിന്‍ മുറിക്കൈയ്യന്‍ ഷര്‍ട്ടും ധരിക്കുന്ന, കൈയ്യില്‍ ബാഗും കുടയും സ്ഥിരമായുണ്ടായിരുന്ന ഇതേ വേലപ്പന്‍ സാറാണ് 'എങ്ങിനെ എങ്ങിനെ എങ്ങിനെ' എന്നൊരു പുസ്തകവും എനിക്ക് എത്തിച്ച് തന്നത്. അച്ഛനുണ്ടായിരുന്നകാലത്ത് വീട്ടിലെ സന്ദര്‍ശകനായിരുന്ന സാറിനെ അവസാനമായിക്കണ്ടത് കൃഷ്ണസ്വാമിയുടെ വീട്ടില്‍ വച്ചാണ്. അക്കാലത്തെ ഞങ്ങളുടെ അയല്‍ക്കാരായി താമസിച്ചിരുന്ന മേരി ചേച്ചിയും (ഭര്‍ത്താവ് മത്തായി സാര്‍) ഇതേ വകുപ്പിലായിരുന്നു. ഇവരുടെ മക്കള്‍ എറെക്കുറെ എന്റെ സമപ്രായക്കാരും സുഹൃത്തുക്കളുമാണ്. മൊബൈലുകളുടെയും സാറ്റലൈറ്റ് ഫോണുകളുടെയും കാലം മാത്രമറിയുന്ന തലമുറയ്ക്കായി ഒരു കാര്യം കൂടി... അന്ന് ദീര്‍ഘദൂരകോളുകള്‍ക്കായി ട്രങ്ക് കോളും, വിളിക്കുന്നയാളെ മാത്രം കണക്ട് ചെയ്യുന്നതിന് പി. പി. കോളും അത്യാവശ്യ ഘട്ടങ്ങളില്‍ ഉടനടി കണക്ട് ചെയ്യുന്ന ലൈറ്റ്നിംഗ് കോളുമാണ് ഉപയോഗിച്ചിരുന്നത്. ഈ കോളുകള്‍ക്കെല്ലാം ആദ്യം എക്സ്ചേഞ്ചില്‍ വിളിച്ച് കോള്‍ ബുക്ക് ചെയ്യണമായിരുന്നു. തുടര്‍ന്ന് എക്സ്ചേഞ്ചില്‍ നിന്നും ബുക്ക് ചെയ്തയാളെ തിരികെ വിളിച്ചാണ് കോളുകള്‍ കണക്ട് ചെയ്തിരുന്നത്.

അവസാനത്തെ കത്തും ആദ്യത്തെ ഇ-മെയിലും

അവസാനമായി കത്തെഴുതിയതും ആദ്യമായി ഇ-മെയില്‍ അയച്ചതും എന്റെ തലമുറയാണ്. കത്തെഴുതുന്നതും മറുപടിയ്ക്കായി കാത്തിരിയ്ക്കുന്നതും പ്രത്യേക രസമുള്ള പരിപാടിയായിരുന്നു. ഇന്ന്, ഇ-മെയില്‍ക്കാലത്ത് അങ്ങനെയൊരു കാത്തിരിപ്പിന്റെ രസം എന്താണെന്ന് പറഞ്ഞറിയിക്കുക പ്രയാസം. സുഹൃത്തുക്കള്‍ നടത്തുന്ന കത്തിടപാടുകള്‍ കൂടാതെ മറുവശത്ത് ആരെന്ന് കൃത്യമായി അറിയാതെ കത്തുകളിലൂടെ മാത്രം പരിചയപ്പെട്ട് ആശയവിനിമയം നടത്തുന്ന പരിപാടിയും അന്നുണ്ടായിരുന്നു. അവരാണ് പെന്‍ ഫ്രണ്ട്സ്. ഇന്നത്തെ ചാറ്റ് ഫ്രണ്ട്സിനെപ്പോലെയാണ് പെന്‍ ഫ്രണ്ട്സ്. മറുവശത്ത് ചാറ്റ് ചെയ്യുന്നയാള്‍ തന്നെക്കുറിച്ച് വെളിപ്പെടുത്തുന്ന വിവരങ്ങള്‍ വിശ്വസിച്ച് ചാറ്റ് ചെയ്യുന്ന പോലെ അപ്പുറത്തിരുന്ന് കത്തെഴുതുന്നയാള്‍ പറയുന്ന വിവരങ്ങളെ വിശ്വസിച്ചാണ് കത്തിടപാടുകള്‍ പുരോഗമിക്കുക. ചിലപ്പോഴെങ്കിലും തെറ്റായ ഐഡന്റിറ്റിയില്‍ ദീര്‍ഘകാലം കത്തെഴുതി ഒരു സുപ്രഭാതത്തില്‍ എഴുത്തവസാനിപ്പിക്കുന്നവരും ഉണ്ടായിരുന്നു, ചാറ്റിംഗിലെന്ന പോലെ. തൂലികാ സൗഹൃദം തേടുന്നു എന്ന പേരില്‍ പത്രങ്ങളിലും ആനുകാലീകങ്ങളിലും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നതോര്‍മ്മയുണ്ട്. സ്റ്റാമ്പ് ശേഖരണം ഹോബിയായിട്ടുള്ളവരാണ് ഇത്തരം സൗഹൃദങ്ങള്‍ കൂടുതലും പുലര്‍ത്തിയിരുന്നത്. വിവിധ രാജ്യങ്ങളുടെ സ്റ്റാമ്പുകള്‍ അവരങ്ങനെ കരസ്ഥമാക്കിയിരുന്നു. തൂലികാസൗഹൃദങ്ങളില്‍ പ്രണയകല്‍പ്പനകള്‍ മെനഞ്ഞ് നിരാശരായവരുമുണ്ട്. എന്റെ ഉത്തമ സുഹൃത്തുക്കള്‍ക്കും ജ്യേഷഠനും മാത്രമാണ് ഞാന്‍ ഇക്കാലയളവില്‍ കത്തെഴുതിയിരുന്നത്.
കത്തെഴുത്ത് വ്യത്യസ്തമാക്കാന്‍ വേണ്ടി പല പണിയും ചെയ്തിട്ടുണ്ട്. കത്തുകളില്‍ ചിത്രം വരയ്ക്കും, വലിയ അക്ഷരങ്ങള്‍ ഉപയോഗിക്കും. വെറുതെ ഒറ്റ വരിയില്‍ അവസാനിപ്പിക്കും... അങ്ങിനെയങ്ങിനെ... സ്ക്കൂള്‍ പഠനകാലത്ത് ന്യൂസ് പേപ്പറിന്റെ രൂപത്തില്‍ ലേഔട്ട് ചെയ്ത് - വാര്‍ത്തകള്‍ അച്ചടിക്കുന്ന പോലെ - വിശേഷങ്ങള്‍ കുരുകുരായെഴുതി കത്തുകള്‍ തയ്യാറാക്കി അയച്ചിട്ടുണ്ട്. ഒരുപാട് സമയമെടുത്താണ് ഇത് ചെയ്യുക. വ്യത്യസ്തതയ്ക്ക് വേണ്ടി എഴുത്തിന്റെ ഭാഷ വാര്‍ത്താ റിപ്പോര്‍ട്ടിംഗിന്റെ ശൈലിയിലേയ്ക്ക് മാറ്റും. സ്ക്കെച്ച് പേനകള്‍ കൊണ്ട് ചിത്രങ്ങള്‍ വരച്ചും, സംഭാഷണ രൂപത്തിലെഴുതിയും, നേര്‍ത്ത വരകള്‍ കൊണ്ട് ഇന്‍ലന്റില്‍ അവിടവിടെയായി മാത്രം വിശേഷങ്ങളെഴുതിയും കൂട്ടുകാരും എനിക്ക് പുതുമ നിറഞ്ഞ കത്തുകളയച്ചു. എനിക്കവസാനം കിട്ടിയ കത്ത് സ്വരൂപ് എന്ന പ്രിയ കൂട്ടുകാരന്‍ സൗദി അറേബ്യയില്‍ ജോലി തേടി എത്തി ഏതാനും ദിവസങ്ങള്‍ക്കകം മഞ്ഞക്കടലാസിലെഴുതി എയര്‍മെയിലില്‍ അയച്ച കത്താണ്. പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും കത്തുകള്‍ തീര്‍ച്ചയായും പറഞ്ഞാല്‍ തീരാത്ത ഗൃഹാതുരസ്മരണകളാണെന്നറിയാം.

കൂലിക്കത്ത്

എന്റെ അമ്പലമുകള്‍ താമസക്കാലത്ത് ഒരു ദിവസം സ്ക്കൂളിലേയ്ക്ക് എനിക്കൊരു കത്ത് വന്നു. സാധാരണ സ്ക്കൂളില്‍ വരുന്ന കത്തുകള്‍ അദ്ധ്യാപകര്‍ പൊട്ടിച്ച് വായിക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട്. എന്റേത് പൊട്ടിച്ചിരുന്നില്ല. ഹെഡ്മാസ്റ്ററായിരുന്ന ജേക്കബ് സാര്‍ എന്നെ മുറിയിലേയ്ക്ക് വിളിപ്പിച്ചാണ് കത്ത് തന്നത്. ആരാണ് കത്തയച്ചതെന്ന് മാത്രമേ എന്നോട് ചോദിച്ചുള്ളൂ. അല്‍പ്പസമയത്തെ മൗനത്തിന് ശേഷം ഒന്നും മിണ്ടാതെ നിന്ന എന്നോട് കവര്‍ കണ്ടിട്ട് എന്തെങ്കിലും പ്രശ്നം തോന്നുന്നുണ്ടോ എന്നദ്ദേഹം ചോദിച്ചു. കവറില്‍ ശ്രദ്ധിച്ച് നോക്കിയിട്ടും അസാധാരണമായി ഒന്നും എനിക്ക് തോന്നിയില്ല. അഡ്രസ്സിലെ കൈയ്യക്ഷരം കണ്ടപ്പോള്‍ത്തന്നെ എനിക്കാളെ മനസ്സിലായെങ്കിലും ഞാന്‍ മിണ്ടിയില്ല. "നാളെ വരുമ്പോള്‍ നീ നാല് രൂപാ എനിക്ക് തരണം", അദ്ദേഹം പറഞ്ഞു. എന്നിട്ട് ചിരിച്ചുകൊണ്ട് അദ്ദേഹം വിശദികരിച്ചു. കത്ത് കൂലിയടിച്ചാണ് വന്നിട്ടുള്ളത്. അയച്ചയാളുടെ വിലാസം കവറില്‍ ഇല്ലാത്തതിനാല്‍ കൂലിയടിച്ച് തിരിച്ചയക്കാനും നിവൃത്തിയില്ല. അങ്ങിനെയാണ് വിലാസക്കാരനായ എന്നെ തേടിത്തന്നെ കത്ത് എത്തിയത്. സ്റ്റാമ്പ് ഉണ്ടായിട്ടും എന്തിനാണ് കൂലിയടിച്ചതെന്ന് എനിക്കറിയില്ലായിരുന്നു. കവറില്‍ ഒട്ടിച്ചിരുന്നത് റവന്യൂ സ്റ്റാമ്പാണെന്നും സര്‍ക്കാര്‍ ഇടപാടുകള്‍ക്ക് മാത്രം ഉപയോഗിക്കാന്‍ അനുവാദമുള്ളവയാണ് ഇതെന്നും ജേക്കബ് സാര്‍ പറഞ്ഞു തന്നു. കത്തയച്ച എന്റെ സുഹൃത്ത് അതറിയാതെയാവണം റവന്യൂ സ്റ്റാമ്പ് ഒട്ടിച്ച് എനിക്ക് കത്തയച്ചത്. ചെല്‍പാര്‍ക്കിന്റെ കറുത്ത മഷിപ്പേനകൊണ്ട് ഫുള്‍സ്ക്കാപ്പ് പേപ്പറില്‍ എഴുതിയ കത്ത് നാട്ടിലെ കൊച്ചു കൊച്ചു വിശേഷങ്ങളും കുഞ്ഞുണ്ണിക്കവിതകളും നിറഞ്ഞതായിരുന്നു. കൂലിക്കത്തുകള്‍ പലവിധമുണ്ടെങ്കിലും റവന്യൂസ്റ്റാമ്പ് ഒട്ടിച്ച്, കത്ത് കൂലിയാക്കിയതിന്റെ ക്രെഡിറ്റ് ഒരുപക്ഷേ എന്റെ ഈ സുഹൃത്തിന് മാത്രമവകാശപ്പെട്ടതായിരുക്കും. പേര് മനഃപൂര്‍വ്വം ഒഴിവാക്കാന്‍ ഞാന്‍ തീരുമാനിച്ച സ്ഥിതിയ്ക്ക് ആരും ഇനി അത് ചോദിക്കേണ്ട കേട്ടോ.
പിന്നെ വ്യത്യസ്തങ്ങളായ കത്തുകള്‍ എന്റെ ജ്യേഷ്ഠന്‍ തന്നെയാണ് എനിക്ക് അയച്ചിട്ടുള്ളത്. Rotring എന്ന ജര്‍മ്മന്‍ കമ്പനിയുടെ ഒരു സെറ്റ് പേനകള്‍ അക്കാലത്ത് ജ്യേഷ്ഠന്‍ സ്വന്തമാക്കിയിരുന്നു. ഈ പേനകള്‍ കൊണ്ട് മനോഹരമാക്കിയ, വിവിധ രൂപത്തിലുള്ള കത്തുകളില്‍ പലതും ഞാനിന്നും സൂക്ഷിച്ചിട്ടുണ്ട്. കേരളത്തിന് പുറത്ത് ഉപരിപഠനത്തിനായി പോയ വേളയില്‍, അച്ഛന്‍ മരിക്കുന്നതിന് തൊട്ട് മുന്‍പ് ഉപദേശരൂപേണ എനിക്കയച്ച കത്ത് അക്കൂട്ടത്തില്‍ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്റെ കോയമ്പത്തൂര്‍ വിദ്യാഭ്യാസകാലത്ത് വി. കെ. എന്നിന്റെ കഥകളും (വിവിധ മാസികകളില്‍ പ്രസിദ്ധീകരിച്ചവയുടെ കട്ടിംഗുകള്‍) സ്വന്തം ഉപദേശങ്ങളും സമം ചേര്‍ത്ത് വര മേമ്പൊടിയാക്കി അയച്ചവയും എനിക്ക് ഏറെ പ്രിയപ്പെട്ടവ തന്നെ. നെറ്റിപ്പട്ടം കെട്ടിയ ആനയും, വഴിയോരക്കാഴ്ചകളും പാലറ്റും ബ്രഷും തുടങ്ങി അമൂര്‍ത്തരേഖാചിത്രങ്ങള്‍ വരെ വാക്കുകളെ പൊതിഞ്ഞ് നിന്നു. ചുരുക്കം വാക്കുകളും കൂടുതല്‍ വരയുമായിരുന്നു ഈ കത്തുകളുടെ പ്രത്യേകത.
എഴുത്തിന് സ്വന്തമായി ഒരു ശൈലിയുണ്ടാകണം എന്ന് ഞാന്‍ പഠിച്ചത് എന്റെ വല്യച്ഛനില്‍ നിന്നാണ്. കൃത്യമായി കത്തുകളെഴുതുകയും, വരുന്ന കത്തുകള്‍ക്ക് മറുപടി അയയ്ക്കുകയും ചെയ്യുന്ന ശീലം അദ്ദേഹത്തിനുണ്ട്. വലുപ്പം കുറഞ്ഞ അക്ഷരങ്ങള്‍ കൊണ്ട് ഗാംഭീര്യമുള്ള ആശയങ്ങള്‍ ലളിതമായ ഇംഗ്ലീഷില്‍ അദ്ദേഹം എഴുതും - വെട്ടുതിരുത്തില്ലാതെ... സ്വന്തമായി റെമിംഗ്ടന്റെ ടൈപ്പ്റൈട്ടര്‍ ഉണ്ടായിരുന്നതിനാല്‍ പല കത്തുകളും ഇന്‍ലന്റില്‍ ടൈപ്പ് ചെയ്തയയ്ക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹം എനിയ്ക്കയച്ച പല കത്തുകളുടെയും ഉള്ളടക്കം പറയുന്നതിന് അദ്ദേഹം പ്രയോഗിച്ചിട്ടുള്ള ഭാഷാ ശൈലി ആകര്‍ഷകമാണ്. അമ്പലമുകള്‍ ജീവിതത്തില്‍ ഞാന്‍ പരിചയപ്പെട്ട പി. എം. എ. നമ്പൂതിരിപ്പാട് എന്ന ഞങ്ങളുടെ നമ്പൂതിരിപ്പാട് അങ്കിളിന്റെ കത്തെഴുത്ത് അദ്ദേഹത്തെ അറിയുന്നവര്‍ക്കിടയില്‍ പ്രസിദ്ധമാണ്. പോസ്റ്റ് കാര്‍ഡിലാണ് അദ്ദേഹം ഭൂരിപക്ഷം പേര്‍ക്കും കത്തയയ്ക്കുകയെന്നും അദ്ദേഹത്തെ ക്ഷണിച്ച വിവാഹം, പുരവാസം പോലുള്ള ചടങ്ങുകള്‍ക്ക് കൃത്യമായി അദ്ദേഹത്തിന്റെ ആശംസാ സന്ദേശമെത്തുമെന്നും പറഞ്ഞുകേട്ടതോര്‍ക്കുന്നു. ജീവിതാവസാനം വരെ മുടക്കമില്ലാതെ ഈ പതിവ് അദ്ദേഹം തുടര്‍ന്നിരുന്നു. വിവാഹജീവിതം സംബന്ധിച്ച ഉപദേശങ്ങളോടെ എന്റെ വിവാഹത്തിന് ആശംസകളറിയിച്ച് അദ്ദേഹമയച്ച കത്ത് ഈ അനുഭവത്തിന് സാക്ഷിയാണ്.
ഇന്ന് വീട്ടിലെത്തുന്നത് വര്‍ഗീസ് എന്ന പോസ്റ്റമാനാണ്. അദ്ദേഹത്തെ കാണുമ്പോള്‍ മിക്കവാറും ഞാന്‍ വെറുതേ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്... ആളില്ലാത്ത മണിയോര്‍ഡര്‍ വല്ലതുമുണ്ടോ?

Tweet