മൂവാറ്റുപുഴ ജില്ല - ഇനിയും സാക്ഷാത്ക്കരിക്കപ്പെടാത്ത ആഗ്രഹം

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊന്നില്‍ - അതായത് ഉദ്ദേശം പതിന‌‍ഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രസിദ്ധീകരിച്ച വോയ്സ് ഓഫ് മേള അടുത്തയിടെ കാണുവാനിടയായി. ഓഫ്‌സെറ്റ് പ്രസ്സും, ആധുനീക സാങ്കേതികവിദ്യയുടെ പിന്‍ബലവുമൊന്നുമില്ലാതെ കൈയ്യിലൊതുങ്ങുന്ന ചെറിയ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ആ ലക്കത്തിന്‍റെ എഡിറ്റോറിയലി‌ല്‍‍ അന്നത്തെ ചീഫ് എഡിറ്ററായിരുന്ന ശങ്കരന്‍ നായര്‍ സാ‌ര്‍ മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തെക്കുറിച്ച് ആശങ്കപ്പെടുന്നുണ്ട്. ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും നമുക്ക് സാക്ഷാത്ക്കരിക്കാനാവാത്ത ഒരു ആഗ്രഹമായി തുടരുന്ന ഒന്നു തന്നെയാണ് ഇന്നും ജില്ലാ രൂപീകരണം. ഒരു റവന്യു ഡിവിഷണല്‍ ഹെഡ് ക്വാര്‍ട്ടേഴ്സായ മൂവാറ്റുപുഴയി‌‌ല്‍‍ അരങ്ങേറുന്ന മാമാങ്കങ്ങളും ഉത്സവാഘോഷങ്ങളും ഒരു ജില്ലാ ആസ്ഥാനത്തെ അതിശയിക്കുന്നവയാണെന്നതി‌ല്‍ തര്‍ക്കമില്ല. യൂറോപ്യന്‍ സാമ്പത്തീക സമൂഹത്തിന്‍റെ സഹകരണത്തോടെ കേരളത്തി‌ല്‍ നിര്‍മ്മിച്ച ആറ് കാര്‍ഷിക മാര്‍ക്കറ്റുകളി‌ല്‍ ഒന്ന് മൂവാറ്റുപുഴയിലാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തേയ്ക്കെത്താനുള്ള ദൂരക്കുറവും യാത്രാ സൗകര്യങ്ങളും ഫലപ്രദമായി പ്രയോജനപ്പെടുത്തി, പച്ചക്കറിയും പഴങ്ങളും പൂക്കളും കയറ്റുമതി ചെയ്യുന്നതിനായുള്ള സംഭരണ കേന്ദ്രമായി മാര്‍ക്കറ്റ് വളരേണ്ടിയിരിക്കുന്നു. സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തണം; സാഹചര്യമൊരുങ്ങണം. മേല്‍പ്പറഞ്ഞത് നമ്മുടെ നഗരത്തിന്‍റെ സാദ്ധ്യതകളില്‍ ഒന്നു മാത്രം. വ്യാപാരരംഗത്ത്, സമീപ നഗരങ്ങള്‍ നമ്മെക്കാ‌ള്‍ ഏറെ മുന്‍പിലാണ്. മൂവാറ്റുപുഴ കേന്ദ്രീകരിച്ച് നടന്നുകൊണ്ടിരുന്ന വ്യാപാരങ്ങള്‍ പലതും ഇന്ന് വഴിമാറിയിരിക്കുന്നു. ഏങ്കിലും ആശങ്കകളെ അകറ്റി നിര്‍ത്തി പുതിയ വഴിക‌ള്‍ തേടി, നമുക്ക് മുന്നേറാം. കൊച്ചി ഇന്നൊരു മെട്രോ നഗരമായി വളര്‍ന്നിരിക്കുന്നു. നഗരം വികസിച്ച് കാക്കനാട് വരെയും, ഇപ്പുറത്ത് തൃപ്പൂണിത്തുറ വരെയും എത്തി നില്‍ക്കുന്നു. നഗരത്തില്‍ സൂചി കുത്താ‌ന്‍ ഇടമില്ലാതെയാകുന്ന സാഹചര്യത്തിലാണ് നവോന്മേഷം നല്‍കി വല്ലാര്‍പാടം കണ്ടെയ്ന‌ര്‍ ടെര്‍മിന‌ല്‍, ഗോശ്രീ തുടങ്ങിയ പദ്ധതികള്‍ മുന്നേറുന്നത്. ആ ഭാഗങ്ങളിലുണ്ടായിരിക്കുന്ന മാറ്റം നേരില്‍ കാണേണ്ടത് തന്നെ. ഈ സാഹചര്യത്തില്‍ മൂവാറ്റുപുഴയ്ക്ക് ഒരുക്കാവുന്നത്, നഗരത്തി‌ല്‍‌ ജോലി ചെയ്യുന്നവര്‍ക്ക്, സ്വസ്ഥമായ, പ്രകൃതിയോട് ഇണങ്ങിയ, താമസ സൗകര്യങ്ങളാണ്. നല്ല സൗകര്യങ്ങളുള്ള, അന്തരീക്ഷ മലിനീകരണമില്ലാത്ത, വൃത്തിയുള്ള നിരത്തുകള്‍ ഉള്ള, വിനോദ-വിജ്ഞാന പരിപാടികള്‍ നടക്കുന്ന, അല്ലലില്ലാത്ത, സ്വസ്ഥമായ ജനവാസ കേന്ദ്രം – അത് മൂവാറ്റുപുഴയി‌ല്‍ ഒരുക്കുവാന്‍ കഴിയും. ഈ തരത്തില്‍ ആസൂത്രിതമായ ഒരു ഹൗസിംഗ് സിസ്റ്റം ഇവിടെ ഉണ്ടായാല്‍, എറണാകുളത്ത് നിന്നും വെറും മുക്കാ‌ല്‍ മണിക്കൂര്‍ യാത്രയി‌ല്‍ എത്താവുന്ന ഇവിടം ശ്രദ്ധേയമാകും, എല്ലാ അര്‍ത്ഥത്തിലും. വന്‍ നഗരങ്ങളില്‍ മണിക്കൂറുക‌ള്‍ ഇലക്ടിക് ട്രെയിനി‌ല്‍ യാത്ര ചെയ്ത് ജീവിതവൃത്തി നടത്തുന്ന കാലമാണിത്. കാലാകാലങ്ങളി‌ല്‍ ജില്ലാ രൂപീകരണവും മറ്റും നമ്മുടെ രാഷ്ട്രീയ പ്രകടനപത്രികകളി‌ല്‍ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും ഈ ദാഹത്തിനൊരു സാര്‍വത്രീകതയുണ്ട്. ഒപ്പം, വരും വര്‍ഷങ്ങളി‌ല്‍ വികസന വ്യത്യസ്തതയിലൂടെ മുന്നേറാന്‍ തദ്ദേശ-സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും, സംസ്ഥാന സര്‍ക്കാരിനും കഴിയട്ടെ. നമ്മുടെ ജനപ്രതിനികള്‍ ഈ വിഷയം ശ്രദ്ധിയ്ക്കും എന്ന് പ്രത്യാശിക്കുന്നു.

Tweet

Comments

Hi mister- any update on muvattupuzha district. by the way, please follow skyscrapercity forum. there are interesting comments about muvattupuzha district like this:
http://www.skyscrapercity.com/showpost.php?p=95701314&postcount=6658

Add new comment