വാര്‍ഡ് സഭകളെ വോട്ടര്‍മാ‌ര്‍ അറിയുമോ?

ജനങ്ങള്‍ക്ക് ഭരണ-വികസന കാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്നതിന് സാഹചര്യമുണ്ടാക്കുന്ന വേദിയാണ് വാര്‍ഡ് സഭക‌ള്‍. കേരളത്തി‍‌ല്‍ ഇവ വേണ്ടത്ര സജീവമല്ല. പേരിന് മാത്രം ചേര്‍ന്ന് പിരിയുന്ന, വാര്‍ഡിലെ അംഗങ്ങളുടെ പങ്കാളിത്തം തീരെയില്ലാത്ത, ഒരു വേദിയായി ഇത് മാറുന്നത് എന്തുകൊണ്ട്?

പ്രാദേശിക ഭരണ സംവിധാനത്തിന്‍റെ അടിത്തറ എന്ന് വിശേഷിപ്പിക്കാവുന്ന വാര്‍ഡ് സഭക‌ള്‍ സജീവമല്ല എന്നാല്‍ അതിനര്‍ത്ഥം ഭരണത്തി‌ല്‍ ജനകീയ പങ്കാളിത്തം തീരെയില്ല എന്നാണ്. അധികാര വികേന്ദ്രീകരണം എന്ന സങ്കല്പം അവിടെ ഇല്ലാതാവുകയും കേന്ദ്രീകൃത ഭരണത്തിന്റെ കുറവുകള്‍ അവിടെ പ്രത്യക്ഷപ്പെടുകയും ചെയ്യും. ഒരുപക്ഷേ, വാര്‍ഡ് സഭയുടെ ശക്തിയെക്കുറിച്ചോ, സഭയ്ക്കുള്ള അധികാരങ്ങളെക്കുറിച്ചോ വോട്ടര്‍മാ‌ര്‍ ബോധവാന്മാരല്ലാത്തതുകൊണ്ടാണ് ഇത്തരം സഭകള്‍ നിര്‍ജ്ജീവമാകുന്നത്. ഈ അധികാരങ്ങളോടൊപ്പം ഒരു പൗരന്‍ എന്ന നിലയിലുള്ള ത ന്‍റെ കടമകളെക്കുറിച്ചുകൂടി ബോധവാന്മാരാകാനും, ഒപ്പം ജനകീയവും സുതാര്യവുമായ ഭരണം നടത്തുവാ‌‌‌‌ന്‍‍ വാര്‍ഡ് സഭയിലൂടെ ഓരോരുത്തര്‍ക്കും തന്നാലാവുന്നത് ചെയ്യുവാന്‍ കഴിയുമെന്നതും അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

വാര്‍ഡ് സഭയെന്നത് ഓരോ വാര്‍ഡിലെയും വോട്ട‌ര്‍ പട്ടികയി‌ല്‍ പേരുള്ള എല്ലാവരും ഉള്‍പ്പെടുന്നതാണ്. അതാത് വാര്‍ഡിലെ കൗണ്‍സിലര്‍മാരാണ് ഈ സഭയുടെ കണ്‍വീനര്‍മാര്‍. മൂന്ന് മാസത്തിലൊരിക്കല്‍ നോട്ടീസ് നല്‍കി വാര്‍ഡ് സഭയുടെ യോഗം വിളിക്കേണ്ടതാണ്. തുടര്‍ച്ചയായി രണ്ട് തവണ ഇതിന് വീഴ്ച വരുത്തുന്നത് കൗണ്‍സിലര്‍മാരുടെ സ്ഥാനം നഷ്ടപ്പെടുത്താ‌ന്‍ ഇടയാക്കും. യോഗത്തി ന്‍റെ മിനിട്ട്‌സും തീരുമാനങ്ങളും യോഗസ്ഥലത്തു തന്നെ എഴുതി പൂര്‍ത്തിയാക്കി പാസ്സാക്കേണ്ടതുണ്ട്. ഇത്തരം സഭകളുടെ ഏതെങ്കിലും തീരുമാനം നടപ്പാക്കാതെ വന്നാ‌ല്‍, തദ്ദേശ സ്ഥാപനം അതിനുള്ള കാരണം വാര്‍ഡ് സഭയെ അറിയിക്കണം. മേല്‍പ്പറഞ്ഞതെല്ലാം വാര്‍ഡ് സഭാംഗങ്ങളായ ഓരോ വോട്ടറും അറിഞ്ഞിരിക്കേണ്ടതാണ്.

ഇത് കൂടാതെ പദ്ധതി ആസൂത്രണം, നിര്‍വ്വഹണം, പൊതു സൗകര്യങ്ങള്‍, മരാമത്ത് പണികള്‍, വിവിധ പദ്ധതികള്‍ക്കുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്ക‌ല്‍, ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം, വരവ്-ചിലവ് കണക്ക്, ഓഡിറ്റ് തുടങ്ങി എല്ലാ മേഖലകളിലും ഇടപെടുന്നതിനും പങ്കാളികളാകുന്നതിനുമുള്ള സാഹചര്യം ഇന്നത്തെ കേരളാ പഞ്ചായത്തീരാജ്-മുനിസിപ്പാലിറ്റി നിയമങ്ങളില്‍ ഉണ്ട്. ഇവയെ അറിഞ്ഞ്, ക്രിയാത്മകമായും കാര്യക്ഷമമായും ഉപയോഗപ്പെടുത്തുന്നതിനുള്ള ശ്രമം പക്ഷേ വോട്ടര്‍മാരുടെ ഭാഗത്തു നിന്നും ഇല്ല, അല്ലെങ്കില്‍ തീരെ കുറവാണ്.

ഇത്തരത്തിലുള്ള നിയമ വ്യവസ്ഥകള്‍ പ്രയോജനപ്പെടുത്തി സജീവമായ വാര്‍ഡ് സഭക‌ള്‍ ചേരുകയും, അതിലൂടെ നമ്മുടെ നാടിന് ആവശ്യമായ വികസന പ്രവര്‍ത്തനങ്ങളി‌ല്‍ പങ്കാളികളാവുകയും ചെയ്യുക എന്നത് ഓരോ പൗര ന്‍റെ യും കടമയാണ്.

കേവലം അധികാരങ്ങള്‍ കൂടാതെ, കടമകളും ഉത്തരവാദിത്വങ്ങളും നിറവേറ്റുവാന്‍ കൂടി ഇത്തരം വേദിക‌ള്‍ പ്രയോജനപ്പെടുത്തിയാ‌ല്‍ മാത്രമേ അധികാര വികേന്ദ്രീകരണം പൂര്‍ണ്ണമായ അര്‍ത്ഥത്തി‌ല്‍ പ്രാബല്യത്തിലാവുകയുള്ളൂ. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ വാര്‍ഡിന്റെ വികസനപ്രവര്‍ത്തനങ്ങളി‌ല്‍ സഹായിക്കാനാകണം ഇത്തരം വേദിക‌ള്‍ പ്രയോജനപ്പെടുത്തേണ്ടത്.

മൂവാറ്റുപുഴ നഗരസഭയും നമ്മുടെ വാര്‍ഡ് സഭകളെ കൂടുത‌ല്‍ സജീവമാക്കാനുള്ള ചില ശ്രമങ്ങ‌ള്‍ നടത്തിവരികയാണ്. ഈ ശ്രമങ്ങള്‍ സഫലമാകട്ടെയെന്നും ഇതുവഴി ഒരു പുത്തനുണര്‍വ്വ് നഗരസഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഉണ്ടാകട്ടെയെന്നും ആഗ്രഹിക്കുന്നു.

Tweet