എന്തരോ മഹാനുഭാവലു... (ഷട്കാല ഗോവിന്ദ മാരാരെക്കുറിച്ച്)

കേരളം ജന്മം നല്‍കിയ, സംഗീതലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച ശ്രേഷ്ഠന്മാരില്‍ ഒരാളത്രെ ഷട്കാല ഗോവിന്ദ മാരാര്‍. ഈശ്വരനെന്ന പരിപൂര്‍ണ്ണതയിലേക്ക് മനുഷ്യരാശിയെ ഉയര്‍ത്താന്‍ കഴിവുള്ള ഒന്നാണ് പരിശുദ്ധമായ സംഗീതം. ലോകത്തിന്‍റെ നാനാഭാഗങ്ങളിലും അതര്‍ഹിക്കുന്ന ആദരവ് നേടാന്‍ സംഗീതത്തിന്‍റെ വ്യാഖ്യാതാക്കള്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇവിടുത്തെ സംഗീതപ്രേമികള്‍ ഉള്‍പ്പടെയുള്ള ഭൂരിപക്ഷത്തിനും അദ്ദേഹം അപരിചിതനാണിന്നും. കേരള മണ്ണില്‍ പിറവിയെടുത്തിട്ടുള്ള സംഗീതസാമ്രാട്ടുകളില്‍ കേമന്‍ ആരെന്ന ചോദ്യത്തിന് ഷട്കാല ഗോവിന്ദ മാരാര്‍ എന്ന് നിസ്സംശയം ഉത്തരം പറയേണ്ടിയിരിക്കുന്നു. വ്യക്തിഗതനേട്ടങ്ങളെ വിലകുറച്ച് കാണുകയും അതംഗീകരിക്കാന്‍ വിമുഖത പ്രകടിപ്പിക്കുകയും ചെയ്യുന്ന മലയാള മണ്ണില്‍ അദ്ദേഹം ഭൂജാതനായി എന്നതാവാം ഒരുപക്ഷേ ഈ അറിവില്ലായ്മക്ക് കാരണം. സാധാരണമനുഷ്യപ്രകൃതിയി‌ല്‍ നിന്നും ഉയര്‍ന്ന് വിഹരിക്കുന്ന ആത്മാവിനെ ദൈവീകരിക്കുകയും, അനന്തരഫലമായി അവിടെ അന്ധമായ ആരാധന സൃഷ്ടിക്കപ്പെടുകയും ചെയ്യുക എന്നത് ബൗദ്ധീകമായ പക്വത അവകാശപ്പെടുന്ന സമൂഹത്തില്‍ ആരോഗ്യകരമായ പ്രവണതയല്ല. പക്ഷേ, യാഥാര്‍ത്ഥ്യമായതും അംഗീകരിക്കപ്പെടേണ്ടതുമായ ഔന്നിത്യം, നിഷ്ഠുരമായ ഉദാസീനത മൂലം സ്വീകരിക്കപ്പെടാതെപോവുകയെന്നത് വേദനാജനകമാണ്. അവഗണനയുടെ ഈ പാപഭാരത്താല്‍ കേരളം ഈ മഹാസംഗീതജ്ഞന്‍റെ പുണ്യസ്മരണക്ക് മുന്‍പില്‍ ശിരസ്സ് താഴ്ത്തട്ടെ. ഈ മഹാനുഭാവന്‍റെ വിയോഗത്തിന് ഒന്നരനൂറ്റാണ്ടുകള്‍ക്ക് ശേഷവും സാംസ്ക്കാരിക കേരളം വേണ്ടവിധത്തില്‍ ഈ പുണ്യാത്മാവിന്‍റെ സ്മരണ നിലനിര്‍ത്തുന്നതിനായി യാതൊരു ശ്രമവും നടത്തുന്നില്ല എന്നതാണ് ശോചനീയമായ സത്യം. മൂവാറ്റുപുഴക്ക് പതിനെട്ട് കിലോമീറ്റര്‍ അകലെ രാമമംഗലം എന്ന ചെറുഗ്രാമത്തില്‍ 1798 ല്‍ ഗോവിന്ദമാരാര്‍ ജനിച്ചു. ഗ്രാമത്തിലെ ബാലനരസിംഹസ്വാമി ക്ഷേത്രത്തിലെ അഷ്ടപദി ഗായകനായാണ് അദ്ദേഹം സംഗീതജീവിതം ആരംഭിച്ചത്. സംഗീതത്തിന്‍റെ വിസ്തൃതചക്രവാളങ്ങളിലേക്ക് എത്തിപ്പെടുവാനുള്ള ഉത്ക്കടമായ ആഗ്രഹം അദ്ദേഹത്തെ ഈ ഗ്രാമത്തിന്‍റെ ഏകാന്തതക്ക് പുറത്തേക്ക് നയിച്ചു. വിധിയെന്നേ പറയേണ്ടൂ, തന്‍റെ സ്വന്തം മണ്ണിലേക്ക് അദ്ദേഹം പിന്നീടൊരിക്കലും തിരികെ വന്നില്ല. സംഗീതസാഗരത്തിന്‍റെ ആഴങ്ങളെ അടുത്തറിയാനുള്ള വ്യഗ്രതയാവാം സംഗീതലോകത്തെ ശ്രേഷ്ഠവ്യക്തിത്വമായിരുന്ന സ്വാതിതിരുനാളിന്‍റെ സംഗീത സദസ്സില്‍ അദ്ദേഹത്തെ എത്തിച്ചത്. തിരുവിതാംകൂറിന്‍റെ ആസ്ഥാനഗായകനെന്ന സ്ഥാനം അദ്ദേഹത്തിന്‍റെ കഴിവിന്‍റെ ആദ്യ അംഗീകാരമാണ്. കര്‍ണ്ണാടക സംഗീതത്തില്‍ പതിവായി പാടിയിരുന്ന മൂന്നുകാലങ്ങളില്‍ നിന്നും വിഭിന്നമായി ആറ് കാലങ്ങളില്‍ പാടുന്ന തന്‍റേതായ ഒരു ശൈലി അദ്ദേഹം രൂപപ്പെടുത്തി. പതിഞ്ഞ കാലത്തില്‍ പാടുന്ന അതി-അതി വിളംബകാലത്തില്‍ തുടങ്ങി, അതിവിളംബിതകാലം, വിളംബിതകാലം, മധ്യമം, ദ്രുതം, അതിദ്രുതം എന്നിങ്ങനെ ആറുകാലങ്ങളില്‍ പാടുന്ന ശൈലിയിലൂടെ, ഷട്കാല ഗോവിന്ദ മാരാര്‍ എന്നദ്ദേഹം അറിയപ്പെട്ടു തുടങ്ങി. ഭക്തിയിലൂടെ പരബ്രഹ്മത്തെ പ്രാപിക്കുക എന്ന ലക്ഷ്യവുമായി, തനിക്ക് പ്രിയപ്പെട്ട ഏഴ് തന്തികള്‍ കെട്ടിയ തംബുരുവുമായി ക്ഷേത്രങ്ങളില്‍ നിന്നും ക്ഷേത്രങ്ങളിലേക്ക് ആ താപസഗായകന്‍ യാത്ര തുടര്‍ന്നു. ആ യാത്രയില്‍ സാക്ഷാല്‍ ത്യാഗരാജസ്വാമികളുടെ തിരുവൈയ്യാറിലും ഗോവിന്ദമാരാര്‍ എത്തിച്ചേര്‍ന്നു. പന്തുവരാളി രാഗത്തില്‍ ചിട്ടപ്പെടുത്തിയ ‘ചന്ദന ചര്‍ച്ചിത’ എന്ന് തുടങ്ങുന്ന അഷ്ടപദി തന്‍റെ അനനുകരണീയമായ ഷട്കാല ശൈലിയില്‍ ത്യാഗരാജ സന്നിധിയില്‍ അവതരിപ്പിച്ചു. പരമാനന്ദലഹരിയിലായ സ്വാമികള്‍ മറുപടിയായി സ്വയം ചിട്ടപ്പെടുത്തിയ ‘എന്തരോ മഹാനുഭാവുലു’ എന്ന കീര്‍ത്തനം ഗോവിന്ദമാരാരെ പ്രകീര്‍ത്തിച്ചുകൊണ്ട് ആലപിക്കുകയും ചെയ്തു. സംഗീതം നല്‍കുന്ന ഹര്‍ഷവിസ്മൃതിയിലൂടെ ഈശ്വരചൈതന്യം യാഥാര്‍ത്ഥ്യമാക്കുവാനുള്ള വ്യഗ്രത ഈ താപസസഞ്ചാരിയില്‍ ത്യാഗരാജസ്വാമികള്‍ ദര്‍ശിച്ചുവെന്നതില്‍ അത്ഭുതപ്പെടാനില്ല. സംഗീതമെന്നത് അദ്ദേഹത്തിന് പ്രാര്‍ത്ഥനയായിരുന്നു. ഉത്തരേന്ത്യയുള്‍പ്പടെ അദ്ദേഹം സഞ്ചരിച്ച സ്ഥലങ്ങളിലെല്ലാം തന്നെ തന്‍റെ ശുദ്ധസംഗീതത്തിന് ശ്രോതാക്കളെ നേടുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഭൗതീകജീവിതത്തിലെ സുഖങ്ങള്‍ ത്യജിച്ച ആ സംഗീതജ്ഞന്‍ ജീവിതപൂര്‍ത്തീകരണം സംഗീതാതിഷ്ഠിതമായ ഈശ്വരോപാസനയിലാണെന്ന് വിശ്വസിച്ചിരുന്നു. സംഗീതത്തിലൂടെ ഭാരതത്തിലുടനീളം അദ്ദേഹം ആര്‍ജ്ജിച്ച യശസ്സ് നമ്മുടെ സാംസ്ക്കാരിക ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമാണ്. കേരളത്തിന് പുറത്ത് പ്രസാധനം ചെയ്യപ്പെട്ടിട്ടുള്ള പല പുസ്തകങ്ങളിലും അദ്ദേഹത്തിന്‍റെ ഉത്കൃഷ്ടമായ കലാനൈപുണ്യത്തെ ആദരവോടെ പരാമര്‍ശിച്ചിട്ടുണ്ട്. പുണ്യനഗരമായ ബനാറസ്സിലെ വിശ്വനാഥക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച് മടങ്ങവേ, മഹാരാഷ്ട്രയിലെ പൂനെയിലുള്ള പണ്ഢരീപുരം ക്ഷേത്രത്തി‌ല്‍ പ്രാര്‍ത്ഥനാനിരതനായി ധ്യാനമനുഷ്ഠിക്കവേ, അദ്ദേഹം തന്‍റെ നാല്‍പ്പത്തിയഞ്ചാം വയസ്സില്‍ സമാധിയായി. ദൈവത്തിനും സംഗീതത്തിനുമായി ഒരുപോലെ സമര്‍പ്പിക്കപ്പെട്ട ആ തേജസ്സുറ്റ ജീവിതം അങ്ങിനെ പര്യവസാനിച്ചു. കര്‍ണ്ണാടക സംഗീതത്തിനുള്ള കേരളത്തിന്‍റെ പ്രൗഢഗംഭീരമായ സംഭാവനയാണ് ഷട്കാല ഗോവിന്ദ മാരാര്‍. അല്‍പം വൈകിയാണെങ്കിലും ഈ യാഥാര്‍ത്ഥ്യം കേരളീയര്‍ മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നുവെന്നത് ശുഭസൂചകമാണ്.
Tweet