നവരാത്രി ബൊമ്മക്കൊലു-സമര്‍പ്പണത്തിന്‍റെ കലാസ്പര്‍ശം

ദുഷ്ടശക്തിതള്‍ക്കെതിരെ ശക്തിയാ‌ര്‍ജ്ജിച്ച്, മനസ്സിനും ശരീരത്തിനും ഉണര്‍വ്വേകുന്ന ആത്മസംസ്ക്കരണത്തിന്‍റെ ദിനങ്ങളാണ് നവരാത്രി. ദുര്‍ഗ്ഗാദേവിയുടെ വിജയാഘോഷങ്ങളായാണ് നവരാത്രിയെ കണക്കാക്കുന്നത്. രാജ്യത്തെമ്പാടും നവരാത്രിയാഘോഷങ്ങളുണ്ട്. കേരളത്തില്‍ ദുര്‍ഗ്ഗാഷ്ടമിക്കും വിജയദശമിക്കുമാണ് പ്രാധാന്യം. കേരളത്തിലെ തമിഴ്-ബ്രാഹ്മണരാകട്ടെ ഒന്‍പത് ദിവസങ്ങളും വിവിധ പരിപാടികളോടെ നവരാത്രി ആഘോഷിക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ശേഖരിക്കുന്ന പലതരം ബൊമ്മക‌ള്‍ പ്രത്യേകതരത്തി‌ല്‍ അണിനിരത്തി ഒരുക്കുന്ന ബൊമ്മക്കൊലു, ദിവസേന അരങ്ങേറുന്ന വിവിധ കലാപരിപാടികള്‍, പൂജ, നിവേദ്യ സമര്‍പ്പണം, പ്രസാദവിതരണം, സുമംഗലികളായ സ്തീകള്‍ക്ക് താംബുല വിതരണം തുടങ്ങി ഇവരുടെ ആഘോഷങ്ങള്‍ക്ക് തനതായ ഒരു ശൈലി തന്നെയുണ്ട്. കടല, പയര്‍, ചെറുപയര്‍ എന്നിവകൊണ്ട് ഉണ്ടാക്കുന്ന സവിശേഷ പലഹാരങ്ങളാണ് നിവേദ്യമായി സമര്‍പ്പിക്കുന്നത്. സ്ത്രീകള്‍ തന്നെയാണ് എല്ലാ ദിവസവും പൂജക‌ള്‍ ചെയ്യുന്നതും നിവേദ്യം സമര്‍പ്പിക്കുന്നതും. പൊതുവെ ബ്രാഹ്മണ സമൂഹമഠങ്ങളിലും, അപൂര്‍വ്വം ബ്രാഹ്മണ ഗൃഹങ്ങളിലും ഒരുക്കുന്ന ബൊമ്മക്കൊലു കാണുന്നതിനായി ജാതി-മത ഭേദമന്യേ നിരവധിപേ‌ര്‍ എത്താറുണ്ട്. ഇവര്‍ പാട്ട്, നൃത്തം തുടങ്ങിയവ അവതരിപ്പിക്കുകയും ചെയ്യുന്നു. കര്‍ണ്ണാടക സംഗീതത്തിലെ കുലപതികളായ വെങ്കടകവി, മുത്തുസ്വാമി ദീക്ഷിതര്‍, സ്വാതി തിരുനാ‌ള്‍ എന്നിവരുടെ നവാവരണ-നവരാത്രി കൃതികള്‍ നവരാത്രികാലത്ത് പാടുന്നതിനായി ചിട്ടപ്പെടുത്തിയവയാണ്. ശക്തിയുടെയും ഊര്‍ജ്ജത്തിന്‍റെയും പ്രതീകമായ ദുര്‍ഗ്ഗാ ദേവിയെയാണ് നവരാത്രിയുടെ ആദ്യ മൂന്ന് ദിവസം (പ്രഥമ, ദ്വിതീയ, ത്രിതീയ) ആരാധിക്കുക. ഐശ്വര്യത്തിന്‍റെയും സമ്പത്തിന്‍റെയും പ്രതീകമായ ലക്ഷ്മി ദേവിയെ പിന്നീടുള്ള മൂന്ന് ദിവസങ്ങളിലും (ചതുര്‍ഥി, പഞ്ചമി, ഷഷ്ഠി) വിദ്യയുടെയും കലകളുടെയും പ്രതീകമായ സരസ്വതി ദേവിയെ അവസാനത്തെ മൂന്ന് ദിവസങ്ങളിലും‍ (സപ്തമി, അഷ്ടമി, നവമി) ആരാധിക്കുന്നു. ദുര്‍ഗ്ഗാ- ലക്ഷ്മീ-സരസ്വതി എന്നീ മൂന്ന് വ്യത്യസ്ത ഭാവങ്ങളെ ആരാധിക്കുന്നതിലൂടെ ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവ സ്വാംശീകരിക്കുമെന്നാണ് വിശ്വാസം. ഓരോ ഋതുക്കളിലും ഒരു നവരാത്രി എന്ന കണക്കില്‍ അഞ്ച് നവരാത്രികളുണ്ട്. മീനമാസത്തില്‍ വസന്തനവരാത്രി, മിഥുനമാസത്തില്‍ ഗായത്രിനവരാത്രി, കന്നിമാസത്തില്‍ ശരത്‌നവരാത്രി, ധനുമാസത്തില്‍ പൗഷ്യനവരാത്രി, മകരമാസത്തില്‍ മാഘനവരാത്രി എന്നിങ്ങനെയാണ് അഞ്ച് നവരാത്രികള്‍. ഇതില്‍ കന്നിമാസത്തിലെ ശരത്‌നവരാത്രിക്കാണ് ഏറ്റവും പ്രാധാന്യം. വനിതകളുടെ കുട്ടികളുടെയും സൃഷ്ടിപരമായ കൂട്ടായ്മയിലും കലാപരമായ മികവിലും അച്ചടക്കത്തോടെ ഒരുക്കുന്ന ബൊമ്മകളുടെ പൂജയാണ് ബൊമ്മക്കൊലു. മഹിഷാസുരനെ നിഗ്രഹിക്കാന്‍ പുറപ്പെടും മുന്‍പ് ചേര്‍ന്ന ദുര്‍ഗ്ഗാദേവിയുടെ സഭയെ ഇത് പ്രതീകാത്മകമായി ഓര്‍മ്മപ്പെടുത്ത‌ുന്നു. മരം കൊണ്ടള്ള പടികള്‍ നിരത്തി, അതിന്മേലാണ് ബൊമ്മകള്‍ നിരത്തുക. മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് എന്നിങ്ങനെ ബൊമ്മകളുടെ എണ്ണത്തിനനുസൃതമായി ഒറ്റസംഖ്യയിലാണ് പടിക‌ള്‍ തീര്‍ക്കുന്നത്. മുകളില്‍ നിന്നും തുടങ്ങി, ആദ്യ മൂന്ന് പടിക‌ള്‍ ദേവീ-ദേവന്മാരുടെയും, പിന്നീടുള്ള മൂന്ന് പടികളില്‍ ഗുരുക്കന്മാര്‍, ആത്മീയാചാര്യന്മാ‌ര്‍‍, എന്നിവരുടെ ശില്പങ്ങളാണ് അണിനിരത്തുക. നവോഥാന നായകര്‍, രാഷ്ട്രശില്പികള്‍ തുടങ്ങിയവരെയും ഇവിടെ ഉള്‍പ്പെടുത്തുന്നു. ഏഴാമത്തെ പടിയില്‍ സാമൂഹ്യപ്രസക്തിയുള്ളതും വിവിധ ആഘോഷങ്ങളുടെ സ്മരണയുണര്‍ത്തുന്ന ബൊമ്മകളാണ് സ്ഥാനം പിടിക്കുക. വിവാഹ ചടങ്ങുകള്‍, മറ്റ് ഉത്സവങ്ങ‌ള്‍ എന്നിവയെ സൂചിപ്പിക്കുന്ന ബൊമ്മകളും പ്രദര്‍ശിപ്പിക്കാറുണ്ട്. തിരക്കേറിയ നഗരവീഥിക‌ള്‍, കച്ചവട കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ അര്‍ത്ഥപൂര്‍ണ്ണമായ ആശയാവിഷ്ക്കാരങ്ങള്‍ എട്ടാമത്തെ പടിയി‌ല്‍ കാണാം. മരം കൊണ്ട് നിര്‍മ്മിച്ച ബൊമ്മക‌ള്‍ മാത്രം ഒന്‍പതാമത്തെ പടിയിലും പ്രദര്‍ശനത്തിനായി ഒരുക്കുന്നു. മനുഷ്യരുടെയും പക്ഷി-മൃഗാദികളുടെയും ബൊമ്മകളാണ് ഈ പടിയില്‍ സ്ഥാനം പിടിക്കുക. അഷ്ടലക്ഷ്മി, ദശാവതാരം, ആണ്ടാള്‍കല്യാണം, ശ്രീരാമ പട്ടാഭിഷേകം, രാസക്രീഡ, ഗീതോപദേശം, വിശ്വരൂപദര്‍ശനം, ഗോവര്‍ദ്ധനോത്ഥാരണം തുടങ്ങി, സ്വാതന്ത്ര്യസമരം വരെ ആലേഖനം ചെയ്യുന്ന ബൊമ്മക‌‌ള്‍ വ്യത്യസ്ത ദൃശ്യാനുഭവം തന്നെയാണ്. തമിഴ് ബ്രാഹ്മണര്‍ ഏറെയുള്ള ഇടങ്ങളി‌ല്‍ നവരാത്രിയാഘോഷങ്ങള്‍ക്ക് പ്രത്യേക പൊലിമതന്നെയുണ്ട്. ബൊമ്മക്കൊലുവില്‍ വച്ച് പൂജിച്ച ബൊമ്മകള്‍ക്ക് ദൈവികശക്തിയുണ്ടാകും എന്നാണ് വിശ്വസം. ഒന്‍പതു ദിവസത്തെ പൂജക്ക് ശേഷം, ദശമിനാളി‌ല്‍ ബൊമ്മകളെ എടുത്ത് പാനകനിവേദ്യത്തിനു ശേഷം കിടത്തും. എടുക്കുന്ന ഭൂരിപക്ഷം ബൊമ്മകളും വിശ്വാസിക‌‌ള്‍ സ്വന്തമാക്കുകയാണ് പതിവ്. ഇവ സൂക്ഷിക്കുന്ന വീടുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും ഐശ്വര്യം കൈവരുമെന്നും വിശ്വാസമുണ്ട്. ബാക്കിയള്ളവ അടുത്തവര്‍ഷത്തേക്കായി തുണിയി‌‌ല്‍ പൊതിഞ്ഞ് മരപ്പെട്ടിയി‌ല്‍ സൂക്ഷിക്കുന്നു. നവരാത്രി ദിനങ്ങളില്‍ ബൊമ്മക്കൊലുവിന് മുന്‍പി‌ലാണ് കലാപരിപാടിക‌ള്‍ അരങ്ങേറുന്നത്. കുട്ടികളുടെ കലാ-സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വേദി കൂടിയായി മാറുന്നു ഈ ഒന്‍പത് ദിനങ്ങ‌ള്‍. അറിവ്, കഴിവ്, യശസ്സ് എന്നിവയും അവ നേടുന്നതിന് സഹായിക്കുന്ന ആയുധങ്ങളുമുള്‍പ്പടെ സര്‍വ്വവും അതിന്റെ ആധാരമൂര്‍ത്തിക്ക് സമര്‍പ്പിക്കുന്നതാണ് പൂജവയ്പ്. പൂജയിലൂടെ ലഭിക്കുന്ന ചൈതന്യം സ്വാംശീകരിക്കുയാണ് വിജയദശമി ദിനത്തിലെ പൂജയെടുപ്പി‌ല്‍. തന്‍റേതായി ഒന്നുമില്ലെന്നും, എല്ലാം അമേയമായ ഒരു ശക്തിയില്‍ വിലയം പ്രാപിച്ചിരിക്കുന്നു എന്നുമുള്ള ഭാരതീയ ജ്ഞാനബോധത്തിന്‍റെ മഹത്വമാണ് നവരാത്രിയുടെ ശേഷിപ്പ്.

Tweet