തറാവീഹ്

തറാവീഹ്
റമദാനിലെ പ്രധാനപ്പെട്ട ഒരു സുന്നത്തായ കര്‍മ്മമാണ് തറാവീഹ് നമസ്‌കാരം. ഇത് 20 റകഅത്താണെന്ന് സ്വഹാബത്തിന്റെ ഇജ്മാഅ് (ഐക്യകണ്‌ഠേനയുള്ള അഭിപ്രായം) കൊണ്ട് സ്ഥിരപ്പെട്ടതാണ്. നബി(സ) പറയുന്നു. ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി റമദാനില്‍ (തറാവീഹ്) നമസ്‌കരിച്ചാല്‍ അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടും (ബുഖാരി, മുസ്ലിം) നബി(സ) പറയുന്നു. റമദാനിലെ വ്രതം അല്ലാഹു നിങ്ങള്‍ക്ക് ഫര്‍ളാക്കുകയും അതിലെ (തറാവിഹ്) നമസ്‌കാരം (അവന്റെ ആജ്ഞ പ്രകാരം) ഞാന്‍ നിങ്ങള്‍ക്ക് സുന്നത്താക്കുകയും ചെയ്തിട്ടുണ്ട്. തന്നിമിത്തം അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച്‌കൊണ്ടും ദൃഢവിശ്വാസത്തോട് കൂടിയും ആരെങ്കിലും അതിലെ നോമ്പനുഷ്ഠിക്കുകയും തറാവീഹ് നമസ്‌കരിക്കുകയും ചെയ്താല്‍ അവനെ അവന്റെ മാതാവ് പ്രസവിച്ച ദിവസം പോലെ അവന്‍ പാപങ്ങളില്‍ നിന്ന് മോചിതനായിത്തീരും (അഹമദ്, ഇബ്‌നുമാജ)
തറാവീഹ് 20 റകഅത്താണ് നമസ്‌കരിക്കേണ്ടത്. സാഇബ്(റ)വില്‍ നിന്ന് നിവേദനം ഉമര്‍(റ) വിന്റെ കാലത്ത് താറാവീഹ് നമസ്‌കരിച്ചിരുന്നത് 20 റകഅത്തായിരുന്നു. അവര്‍ നമസ്‌കാരത്തിന്റെ ദൈര്‍ഘ്യത്താല്‍ വടിയൂന്നിയായിരുന്നു നമസ്‌കരിച്ചിരുന്നത് (9 സുനനൂല്‍ ബൈഹഖി പേജ് 4960)
മാലിക്(റ) പറയുന്നു. ഉമര്‍(റ) വിന്റെ കാലത്ത് ജനങ്ങള്‍ റമദാനില്‍ ഇരുപത്തിമൂന്ന് റകഅത്ത് നമസ്‌കരിച്ചിരുന്നു. (മുവത്വ 1-139) ഇബ്‌നു അബ്ദുള്‍ റഹ്മാനുസ്സലമിയ്യിനെ തൊട്ട് റിപ്പോര്‍ട്ട്. അലി(റ) റമദാനില്‍ ഖുര്‍ആന്‍ മനപാഠമുള്ളവരെ വിളിച്ച് വരുത്തി. അവരില്‍ നിന്ന് ഒരാളെ ജനങ്ങള്‍ക്ക് ഇമാമായി ഇരുപത് റകഅത്ത് നമസ്‌കരിക്കുവാന്‍ നിയമിക്കുകയും, വിത്‌റ് നമസ്‌കാരം തന്റെ ഇമാമത്തിലായിത്തന്നെ നടത്തുകയും ചെയ്തിരുന്നു. (മിന്‍ഹാജുസ്സുന്നത്തിന്നവവി 4-222) ഇപ്രകാരം ഒട്ടനവധി നിവേദനങ്ങളില്‍ നിന്ന് തറാവീഹ് 20 റകഅത്തായിരുന്നു സ്വഹാബത്ത് നിര്‍വ്വഹിച്ചിരുന്നത് എന്ന് മനസ്സിലാക്കാം.

Tweet