മാറാടിക്കാവ്‌

മാറാടിക്കാവ്
ഏകദേശം നാനൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുരാതനകൊച്ചിയിലെ ഐരാണിക്കുളം എന്ന സ്ഥലം ഒരു അഗ്രഹാരമായിരുന്നു. അവിടെ ഉണ്ടായിരുന്ന അനേകം നമ്പൂതിരി ഇല്ലങ്ങളില്‍ ഒരു കൂട്ടര്‍ കുണ്ടൂരിലെ കോമലക്കുന്നില്‍ അധിവസിച്ചിരുന്നു. കോമല നമ്പൂതിരി ഇല്ലം എന്ന് പില്‍ക്കാലത്ത് അറിയപ്പെട്ട ഇവര്‍ക്ക് വേദാധികാരമോ ആഢ്യത്വമോ ജന്മിത്വമോ കല്‍പ്പിക്കപ്പെട്ടിരുന്നില്ല. ഈ ഗ്രാമത്തിന്റെ സമതലഭാഗത്ത് സ്ഥിതിചെയ്തിരുന്ന ഒരു ശിവക്ഷേത്രത്തിലെ പൂജ മാത്രമായിരുന്നു ജീവിതവൃത്തിക്കുള്ള ഏക ആശ്രയം. അത് നിര്‍വിഘ്‌നം നിര്‍വ്വഹിച്ചുപോരുകയും ചെയ്തിരുന്നു.

കാലാന്തരത്തില്‍ ഈ കുടുംബത്തില്‍ വിധവയായ ഒരു അമ്മയും അവിവാഹിതകളായ രണ്ടുപെണ്‍കുട്ടികളും മാത്രമായിത്തീര്‍ന്നു. എവിടെ നിന്നോ എത്തിച്ചേര്‍ന്ന ഒരു തുളുബ്രാഹ്മണനെ തല്‍ക്കാലത്തേക്ക് ക്ഷേത്രപൂജാദികള്‍ ഏല്‍പ്പിക്കുകയും അദ്ദേഹമത് മുടക്കം വരാതെ നടത്തിപ്പോരുകയും ചെയ്തു.

ഒരു ദിവസം ജ്യേഷ്ഠാനുജന്മാരായ രണ്ടു നമ്പൂതിരി യുവാക്കള്‍ ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞ് കുണ്ടൂരില്‍ എത്തിച്ചേരാനിടയായി. സന്ധ്യാവന്ദനാദി, നിത്യകര്‍മ്മങ്ങള്‍ക്കുള്ള സൗകര്യം അനേ്വഷിച്ച അവര്‍ക്ക്, ആ പ്രദേശത്ത് കോമല ഇല്ലം എന്ന ബ്രാഹ്മണഇല്ലം മാത്രമേയുള്ളൂ എന്നറിയാന്‍ കഴിഞ്ഞു. അവര്‍ അവിടെ എത്തി സന്ധ്യാവന്ദനവും ഭക്ഷണവും കഴിഞ്ഞ് അന്ന് അവിടെ തന്നെ വിശ്രമിച്ചു. 

 

 

അവര്‍ രണ്ടുപേരും അവിടുത്തെ സഹോദരിമാരെ വേളികഴിക്കുകയും അവരില്‍ ഒരാള്‍ പത്‌നീസമേതം സ്വഗൃഹമായ വൈക്കത്ത് വെച്ചൂര്‍ നടമ്പറമ്പില്ലത്തേയ്ക്ക് മടങ്ങുകയും അപരന്‍ ദത്ത് ആയി അവിടെത്തന്നെ താമസിക്കുകയും ചെയ്തു. സംസ്‌കൃതത്തില്‍ അഗാധമായ അവഗാഹമുണ്ടായിരുന്ന അദ്ദേഹം കോമല ഇല്ലത്തിനടുത്തായി ഒരു പാഠശാലയും ഗുരുകലവും സ്ഥാപിച്ചു. ഈ പ്രസ്ഥാനങ്ങളുടെ അത്യുന്നതിക്കായി കൊച്ചി മഹാരാജാവ് ആ നാട്ടിലെയും സമീപപ്രദേശങ്ങളിലെയും ധാരാളം ഭൂമി ദാനം ചെയ്യുകയുണ്ടായി.  കോമല ഇല്ലം പില്‍ക്കാലത്ത് കരിങ്ങംമ്പിള്ളി സ്വരൂപമായിത്തീര്‍ന്നു. ഈശ്വരവൃത്തിക്കും വിദ്യാഭ്യാസത്തിനുമായി ആദായത്തിന്റെ ഭൂരിഭാഗവും ഇവര്‍ ചിലവ് ചെയ്യുകയും തലമുറകള്‍ അത് പിന്തുടരുകയും ചെയ്തുപോന്നു.

മുകുന്ദപുരം താലൂക്കില്‍ കരിങ്ങംമ്പിള്ളി സ്വരൂപം എന്ന പേരുകേട്ട ഒരു ഇല്ലമുണ്ടെന്നും, അവര്‍ ദാനധര്‍മ്മങ്ങള്‍ക്ക് തല്‍പ്പരരാണെന്നും അവര്‍ കൊച്ചി മഹാരാജാവിന്റെ പ്രജകളാണെന്നും തിരുവതാംകൂര്‍ മഹാരാജാവ് അറിയാനിടയാവുകയും അവരെ തന്റെ പ്രജകളാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തദനന്തരം മൂവാറ്റുപുഴ, മോനിപ്പിള്ളി, വെമ്പിള്ളി, വെച്ചൂര്‍, ആലുവ, അമ്പാട്ടുകാവ് തുടങ്ങിയ പ്രദേശങ്ങളിലായി അദ്ദേഹം ധാരാളം സ്വത്തും ഭൂമിയും ദാനം ചെയ്യുകയുണ്ടായി. ഇങ്ങനെ ദാനം ചെയ്യപ്പെട്ട ഭൂമികളിലെ ക്ഷേത്രങ്ങള്‍ പരിപാലിക്കുവാന്‍ ഏര്‍പ്പാടുമായി. അവയില്‍ ഒരു ക്ഷേത്രമാണ് മാറാടി ഭഗവതി ക്ഷേത്രം. ഈ പ്രദേശങ്ങളിലെ ഭരണം, പൂജ മുതലായവയുടെ അവകാശവും അധികാരവും കരിങ്ങംമ്പിള്ളി സ്വരൂപത്തില്‍ നിക്ഷിപ്തമായിരുന്നു.

ക്ഷേത്രത്തിലെ പൂജാദികാര്യങ്ങള്‍ പട്ടരുമഠത്തില്‍ ഇടമന ഇല്ലത്തെ കാരണവരായിരുന്ന ദാമോദരന്‍ ഇളയതിനെ ഏല്‍പ്പിക്കുകയും ചെയ്തു. ക്ഷേത്രത്തിലെ നിത്യനിദാന പാട്ടക്കാരില്‍ നിന്നും ഇടമനഇല്ലത്ത് പാട്ടം അളക്കുന്നതിനുള്ള ഏര്‍പ്പാടാക്കുകയും ചെയ്തു. ഇത് കൊല്ലവര്‍ഷം 800 - മാണ്ടിലാണ്. കൊല്ലവര്‍ഷം 955 ല്‍ ക്ഷേത്രത്തില്‍ അഗ്നിബാധയുണ്ടാവുകയും പീഠത്തിന് വിളളലേല്‍ക്കുകയും ചെയ്തു. 

ഭൂനിയമം നടപ്പിലായതിനെത്തുടര്‍ന്ന് ക്ഷേത്രാവശ്യങ്ങള്‍ക്കുള്ള നെല്ല് പാട്ടക്കാരില്‍ നിന്ന് ലഭിക്കാതെ വരികയും ക്ഷേത്രത്തിലെ നിത്യച്ചെലവുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്തു. സ്വരൂപത്തില്‍ നിന്നും ക്ഷേത്രകാര്യങ്ങള്‍ നേരിട്ട് നോക്കി നടത്തുന്നതിനുണ്ടായ പ്രായോഗിക ബുദ്ധിമുട്ട് കാരണം ക്ഷേത്രഭരണം ഒരു ഉടമ്പടി പ്രകാരം കരിങ്ങംമ്പിള്ളി സ്വരൂപത്തിലെ അന്നത്തെ കാരണവരായിരുന്ന നാരായണ്‍ ത്രാതരു നമ്പൂതിരിപ്പാട് ഇടമന ഇല്ലത്തെ അന്നത്തെ കാരണവരായ നാരായണന്‍ ഇളയതിനെ ഏല്‍പ്പിക്കുകയും ചെയ്തു.

കാലത്തിന്റെ കുത്തൊഴുക്കില്‍ ജീര്‍ണ്ണാവസ്ഥയെ പ്രാപിച്ചുതുടങ്ങിയ ഈ ക്ഷേത്രത്തെ പുനരുദ്ധരിക്കുന്നതിലേക്കായി 1977 ല്‍ ഒരു ചുറ്റമ്പലം പണിയുകയും ചുറ്റമ്പലത്തിന്റെ പണിപൂര്‍ത്തായായപ്പോള്‍ ശ്രീകോവില്‍ അതിന് യോജിച്ചതല്ല എന്നുള്ള വിദഗ്ദ്ധാഭിപ്രായപ്രകാരം ശ്രീകോവില്‍ പുതുക്കിപ്പണിത് 1982 മെയ് 19ന് തന്ത്രിമുഖ്യന്‍ ബ്രഹ്മശ്രീ എം.ടി.വാസുദേവന്‍ നമ്പുതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പുനഃപ്രതിഷ്ഠ നടത്തുകയും ചെയ്തു. അതേത്തുടര്‍ന്ന് കലശവും കോടിയാര്‍ച്ചനയും നടത്തി. പുനഃപ്രതിഷ്ഠാദിനാചരണവും കലശവും ലക്ഷാര്‍ച്ചനയും ഇപ്പോഴും ആണ്ടുതോറും നടന്നുവരുന്നു.

ക്ഷേത്രത്തിന്റെയും പുനഃപ്രതിഷ്ഠയുടെയും കലശദിനാഘോഷങ്ങളുടെയും കോടിയര്‍ച്ചനയുടെയും നടത്തിപ്പിലേക്ക് ഭീമമായ ചിലവ് വേണ്ടിവന്നു. മേത്താനത്ത് ശ്രീ.എം.എസ്.വിശ്വംഭരന്‍ ആണ് ഈ ചെലവുകള്‍ മുഴുവന്‍ നിര്‍വ്വഹിച്ചത്. ക്ഷേത്രത്തിലെ ഉത്സവങ്ങളുടെയും മറ്റു പുരോഗമനപ്രവര്‍ത്തനങ്ങളുടെയും സുഗമമായ നടത്തിപ്പിനു വേണ്ടി രജിസ്റ്റര്‍ ചെയ്ത ഒരു ക്ഷേത്രസംരക്ഷണ സമിതിയുണ്ട്. ഈ സമിതിയുടെ നേതൃത്വത്തിലാണ് ക്ഷേത്രഗോപുരം, കാണിയ്ക്ക മണ്ഡപം, സ്റ്റേജ്, ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തില്‍ എത്തുന്നതിനുള്ള പാത എന്നിവ നിര്‍മ്മിച്ചത്.

ക്ഷേത്രത്തിലെ പ്രതിഷ്ഠകള്‍
ദാരികാസ്സുര ശിരസ്സേന്തിയ ചതുരബാഹുസ്വരൂപിണിയായ ശ്രീ ഭദ്രകാളിയാണ് ക്ഷേത്രത്തിലെ പ്രധാനമൂര്‍ത്തി. പുനഃപ്രതിഷ്ഠയ്ക്കു ശേഷം പഞ്ചലോഹനിര്‍മ്മിതമായ വിഗ്രഹത്തിലാണ് ദേവി ഇരുന്നരുളന്നത്. ശ്രീകോവിലിനടുത്ത് നാലമ്പലത്തിനകത്തു തന്നെ ഗണപതിയുടെയും പരമശിവന്റെയും പ്രതിഷ്ഠകളുണ്ട്. നാലമ്പലത്തിന് വെളിയിലായി ശ്രീധര്‍മ്മശാസ്താവ്, ക്ഷേത്രപാലകന്‍, യക്ഷി, നാഗരാജാവ്, നാഗയക്ഷി, ബ്രഹ്മരക്ഷസ്, വെളിച്ചപ്പാട്, കളരിമൂര്‍ത്തികള്‍ എന്നീ ഉപപ്രതിഷ്ഠകളും ഉണ്ട്.

വിശേഷദിവസങ്ങളും ഉത്സവങ്ങളും
ചൊവ്വ, വെള്ളി ദിവസങ്ങള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ചിങ്ങപ്പുലരിയും നിറപുത്തരിയും കഴിഞ്ഞാല്‍ ഈ ക്ഷേത്രത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ദിവസങ്ങളാണ് ദുര്‍ഗ്ഗാഷ്ടമിയും മഹാനവമിയും വിജയദശമിയും.

മണ്ഡലക്കാലം
വൃശ്ചികപുലരി മുതല്‍ 41 ദിവസവും കളമെഴുത്തും പാട്ടും ഈ ക്ഷേത്രത്തില്‍ നടന്നുവരുന്നു. അതിനുള്ള അവകാശം രണ്ട് കുടുംബക്കാരില്‍ നിക്ഷിപ്തമാണ്. ഒന്ന് പെരുമ്പല്ലൂരില്‍ ഉള്ള വാരുശ്ശേരി കുടുംബക്കാര്‍ക്കും മറ്റൊന്ന് മാറാടിയിലുള്ള താനത്തു കുടുംബക്കാര്‍ക്കും. മാറാടി കാവിലെ ദേവി  നിര്‍മ്മിച്ച താനത്തു ശ്രീ.രാമക്കുറുപ്പിന്റെ അനന്തരാവകാശികളാണ് ക്ഷേത്രത്തിലെ കളമെഴുത്തും പാട്ടും നടത്തുന്നത്. കളമെഴുത്തും പാട്ടും വിശേഷാല്‍ ദീപാരാധനയോടും കൂടി മണ്ഡലക്കാലം സമാപിക്കുന്നു. ഒപ്പം ദേവിയുടെ ഭൂതഗണങ്ങളുടെ പ്രീതിക്കായി 41 ന് പുറത്ത് വലിയ ഗുരുതിയും നടക്കുന്നു.

ഉത്സവം - കുംഭമാസത്തിലെ അശ്വതി
കുംഭമാസത്തിലെ അശ്വതി നാളിന് ഇവിടെ വളരെ പ്രാധാന്യം ഉണ്ട്. അന്നാണ് മുടിയേറ്റ് നടക്കുന്നത്. അന്ന് ഉത്സവമായി ആഘോഷിക്കുന്നു.

മീനഭരണി
ശ്രീഭദ്രയുടെ ജന്മദിനാഘോഷമാണ് മീനഭരണി. ഈ ദിവസത്തില്‍ ഇവിടെ ഗരുഢന്‍ തൂക്കം നടക്കുന്നു. അന്നേ ദിവസം അത്താഴപൂജ കഴിഞ്ഞ് ദേവിയെ ഇളങ്കാവിലേക്ക് എഴുന്നള്ളിക്കുന്നു. തൂക്കം കഴിഞ്ഞ് ആറാട്ട്, പിന്നീട് പുണ്യാഹം എന്നിവയും നടന്നുവരുന്നു. തൂക്കം കുത്തിനുള്ള അവകാശം മാറാടിയിലുള്ള രണ്ട് കുടുംബക്കാരില്‍ നിക്ഷിപ്തമാണ്. ഒന്ന് മണ്ഡപത്തില്‍ കുടുംബത്തിനും മറ്റൊന്ന് തോണിപ്പാറ പുത്തന്‍പുരക്കാര്‍ക്കും.

വെളിച്ചപ്പാട്
ഭദ്രകാളി ക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം വെളിച്ചപ്പാടിന്റെ സാന്നിദ്ധ്യം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. നെടുംമ്പിള്ളി കുടുംബക്കാരായിരുന്നു ഈ ക്ഷേത്രത്തിലെ വെളിച്ചപ്പാട്. ഇപ്പോള്‍ അതിന്റെ പിന്‍തലമുറക്കാരനായി കൊള്ളിവീട്ടില്‍ രവി ആ സ്ഥാനമേറ്റെടുത്ത് നടത്തുന്നു.

മേടസംക്രമ വിഷുപ്പുലരി, പത്താമുദയം
ഈ ദിവസങ്ങളില്‍ ദേവി യഥാക്രമം മംഗല്യസ്ത്രീകള്‍ക്കും ബാലികാബാലന്മാര്‍ക്കും പ്രസന്നവദനയായി അനുഗ്രഹം ചൊരിയുന്നു എന്നാണ് വിശ്വാസം.

 

ക്ഷേത്രത്തിന് തെക്കുപടിഞ്ഞാറ് ഭാഗത്ത് ദേവിയുടെ ഭൂതഗണങ്ങളായി വീരഭദ്രനും കളരി ദൈവമൂര്‍ത്തികളും അധിവസിച്ചിരുന്നു. കുംഭമാസത്തിലെ അശ്വതിനാളില്‍ ദേവിയുടെ ഭൂതഗണങ്ങളുടെ പ്രീതിക്കായി അവിടെ വച്ച് പൂജാദികളും ഗുരുതിയും നടത്തിപ്പോന്നിരുന്നു. എന്നാല്‍ കാലാന്തരത്തില്‍ ഈ സ്ഥലം അന്യാധീനപ്പെട്ടതിനാല്‍ പൂജാദികളും ഗുരുതിയും ക്ഷേത്രത്തില്‍ തന്നെ നടത്തിവരികയാണ്.

ക്ഷേത്ര ഉടമ - കരിങ്ങംമ്പിള്ളി സ്വരൂപം ബ്രഹ്മശ്രീ പരമേശ്വരന്‍ നമ്പൂതിരിപ്പാട്
ക്ഷേത്രപ്രതിനിധി- ബ്രഹ്മശ്രീ പി.എന്‍. പരമേശ്വരന്‍ ഇളയത്.

ക്ഷേത്രസംരക്ഷണ സമിതി (രജി.നം ഇ.ആര്‍ 304)
പി.ജി.ദാമോദരന്‍-പ്രസിഡന്റ്
വി.എ.ബാലകൃഷ്ണന്‍-സെക്രട്ടറി

 
Tweet