പെരുന്നാള്‍

പെരുന്നാള്‍
വിശുദ്ധ റമദാന് തിരശ്ശീല വീഴ്ത്തിക്കൊണ്ട് പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ശവ്വാലില്‍ അമ്പിളിക്കല പുഞ്ചിരി തൂകുമ്പോള്‍, വ്രതത്തിന്റെ നിര്‍വൃതിയില്‍ ലയിച്ചുപോയ മുസ്‌ലിം ലോകം തക്ബീറിന്റെ അലയൊലികളാല്‍ അന്തരീക്ഷത്തെ മുഖരിതമാക്കി കൊണ്ട് ഈദുല്‍ഫിത്വറ് ആഘോഷിക്കുന്നു. കാരണം ലോക മുസ്‌ലിംകളുടെ രണ്ട് ആഘോഷസുദിനങ്ങളാണ് ഈദുല്‍ഫിത്വറും (ചെറിയപെരുന്നാള്‍) ഈദുല്‍ അള്ഹയും (വലിയപെരുന്നാള്‍) ഇത് ഹദീസ് കൊണ്ട് സ്ഥിരപ്പെട്ടതാണ്. ഈദ് എന്ന വാക്കിനര്‍ത്ഥം അനുഗ്രഹം എന്നാണ്. അല്ലാഹുവിങ്കല്‍ നിന്നുള്ള അളവറ്റ അനുഗ്രഹം ലഭിക്കുന്നതിനാലാണ് ആ ദിനത്തിന് ഈദ് എന്ന പേര് ലഭിച്ചത്. പെരുന്നാള്‍ സുദിനത്തിലെ സുപ്രധാന ആരാധന പെരുന്നാള്‍ നമസ്‌കാരമാണ്. ഹിജ്‌റ രണ്ടാം വര്‍ഷമാണ് പെരുന്നാള്‍ നമസ്‌കാരം ശറആക്കപ്പെട്ടത്. റസൂല്‍ കരിം(സ) പതിവായി അനുഷ്ഠിച്ച് പോന്നിരുന്ന നമസ്‌കാരമായതിനാല്‍ പെരുന്നാള്‍ നമസ്‌കാരം പ്രബലമായ സുന്നത്താണെന്നതിന് പുറമേ അതിനെ ഉപേക്ഷിക്കല്‍ കറാഹത്തുമാണ്.

പുരുഷന്‍-സ്ത്രീ, യാത്രക്കാര്‍- അല്ലാത്തവര്‍, അടിമ-സ്വതന്ത്രര്‍ എന്നിങ്ങനെയുള്ള യാതൊരു വ്യത്യാസവും കൂടാതെ എല്ലാവര്‍ക്കും പെരുന്നാള്‍ നമസ്‌കാരം സുന്നത്താണ്. ജമാഅത്തായി നിര്‍വ്വഹിക്കല്‍ പ്രത്യേകം സുന്നത്തും മഹത്വമേറിയതുമാണ്. സൂര്യോദയം ആരംഭിച്ചത് മുതല്‍ മദ്ധ്യാഹ്ന സമയം വരെയാണ് പെരുന്നാള്‍ നമസ്‌കാരത്തിന്റെ സമയം. സ്ത്രീകള്‍ വീടുകളില്‍ ജമാഅത്തായി പെരുന്നാള്‍ നമസ്‌കാരം നിര്‍വ്വഹിക്കല്‍ സുന്നത്താണ്. അവര്‍ ഖുത്ബ നിര്‍വഹിക്കേണ്ടതില്ല.

പെരുന്നാള്‍ നമസ്‌കാരം പുരുഷന്മാര്‍ പള്ളിയില്‍ ഒരുമിച്ച് കൂടി ജമാഅത്തായിട്ട് നിര്‍വ്വഹിക്കലാണ് സുന്നത്ത്. പള്ളിയില്‍ സൗകര്യം ഉള്ളതിനോട് കൂടെ ഈദ്ഗാഹുകള്‍ സംഘടിപ്പിക്കല്‍ ശരിയല്ല. എല്ലാവര്‍ക്കും ഒരുമിച്ച് കൂടുവാന്‍ സൗകര്യമുള്ള പള്ളിയുണ്ടെങ്കില്‍ അവിടെ വച്ച് നമസ്‌കാരം നടത്തലാണ് ഏറ്റവും നല്ലത്. പള്ളി സൗകര്യപ്പെടാത്തപക്ഷം വിശാലമായ മൈതാനത്ത് ഒരുമിച്ച് കൂടലാണ് ഉത്തമം. എങ്കിലും വൃദ്ധരും ബലഹീനരും രോഗികളുമായ ജനങ്ങള്‍ക്ക് വേണ്ടി പള്ളിയില്‍ പ്രത്യേകം ഇമാമിനെ തയ്യാറാക്കി കൊടുക്കേണ്ടതുണ്ട്. പ്രവാചകന്‍(സ) പെരുന്നാള്‍ നമസ്‌കാരം പള്ളിയ്ക്ക് വെളിയില്‍ നിര്‍വ്വഹിച്ചത് എല്ലാവരും പള്ളിയില്‍ ഒരുമിച്ച് കൂടല്‍ ബുദ്ധിമുട്ടായതിനാലാണെന്ന് മഹാനായ ഇമാം ഇബ്‌നു ഹജര്‍(റ) തന്റെ വിശ്വവിഖ്യാതമായ തുഹ്ഫയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈദ്ഗാഹുകള്‍ സ്ത്രീകള്‍ക്ക് അനുവദിനീയമല്ലെന്നാണ് പ്രവാചകന്‍(സ) പഠിപ്പിക്കുന്നത്.

Tweet