മലയാളം കമ്പ്യൂട്ടിങ്ങ്

മലയാളം കമ്പ്യൂട്ടിങ്ങ്

" മിണ്ടിത്തുടങ്ങുന്ന പിഞ്ചിളം ചുണ്ടില്‍ അമ്മിഞ്ഞപ്പാലോടൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലോ സമ്മേളിച്ചീടുന്നതൊന്നാമതായ്‌ "

പ്രകൃതിയിലേക്ക് കണ്‍തുറക്കുന്ന കുഞ്ഞു ജീവിതം ജീവിച്ച് തീര്‍ത്ത് മണ്ണിലേക്ക് മടങ്ങുന്ന മനുഷ്യന് അവന്റെ വ്യക്തിത്വവും പാരമ്പര്യവും നിലനിര്‍ത്താനാവുന്നത് അമ്മിഞ്ഞപ്പാലിന്റെ അതേ മഹത്വമുള്ള മാതൃഭാഷയിലാണ്. “മാതൃ” എന്ന പ്രയോഗം തന്നെ അമ്മയുടെ മുലപ്പാലിലൂടെ കുഞ്ഞിന്റെ ഹൃദയത്തിലേക്ക് പകര്‍ത്തിയ അമൂല്യ സ്വത്താണ് അതിനെ പുതിയ കാലഘട്ടത്തില്‍ നിലനിര്‍ത്തണമെങ്കില്‍ വിവരസാങ്കേതികവിദ്യയുടെ പുത്തന്‍ സാധ്യതകളുപയോഗപ്പെടുത്തണം. ആശയ വിനിമയത്തിന് ഭാഷയ്ക്ക് സുപ്രധാന സ്ഥാനമാണുള്ളത്. പക്ഷേ ആ ഭാഷ പറയുന്നവനും കേള്‍ക്കുന്നവനും കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ആശയവിനിമയം പൂര്‍ണ്ണമാവുകയുള്ളൂ. സാക്ഷര സുന്ദര കേരളം എന്ന പ്രയോഗത്തില്‍ നിന്ന് വിവരസാങ്കേതിക വിദ്യാരംഗത്ത് മുന്നേറ്റം നടത്തുന്ന കേരളത്തിന് പുതിയ മുദ്രാവാക്യം എഴുതിച്ചേര്‍ത്തിരിക്കുന്നു.

 ഇന്ന് ലോകത്ത് 6912 ഭാഷകളാണ് ഉള്ളത്. അതില്‍ മലയാളത്തിന്റെ സ്ഥാനം 30 ഉം , മലയാളം സംസാരിക്കുന്നത് 3,53,51,000 പേരും. മലയാളഭാഷയുടെ കാലങ്ങളിലൂടെയുള്ള അതിജീവനം നമ്മള്‍ മലയാളികളിലൂടെയാണ്. മാറിവരുന്ന ആഗോളീകരണത്തിന്റെ ഭാഗമായി നമ്മുടെ ഭാഷയും നിലനില്‍ക്കപ്പെടണം. നമ്മുടെ പാരമ്പര്യവും നിലനില്‍ക്കപ്പെടണം. 1998- ല്‍ ആരംഭിച്ച രചന അക്ഷര വേദി 2004 -ല്‍ ആദ്യമായി ഒരു മലയാളം ഫോണ്ടിന് രൂപം നല്‍കി. ഇത് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്ഥാപകന്‍ ശ്രീ റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാന്‍ പ്രകാശനം ചെയ്തു. 2001- ല്‍ ബൈജു എം നേതൃത്വത്തില്‍ രൂപീകൃതമായ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് മലയാള ഭാഷയുടെ ഡിജിറ്റല്‍ യുഗത്തിന് നിസ്തൂലമായ സംഭാവനകളാണ് നല്കിയത്. 2008 ജൂണ്‍ മാസം 8-ആം തിയതി കണ്ണൂരില്‍ ആണ് മലയാളം കമ്പ്യൂട്ടിങ്ങ് പദ്ധതിയുടെ ആരംഭം. ശേഷം കേരളത്തിലുടെനീളം മലയാളം കമ്പ്യൂട്ടിങ്ങ് പരിശിലനവും പരിപാടികളും ജനശ്രദ്ധ പിടിച്ചുപറ്റി.

 മലയാളിക്ക് സ്വന്തം ഭാഷയില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ പ്രാപ്തി നേടിക്കൊടുക്കുന്നതിലൂടെ മലയാളഭാഷയും സംസ്ക്കാരവും നമ്മില്‍തന്നെ നിലനിര്‍ത്താന്‍ മലയാളം കമ്പ്യൂട്ടിംഗ് പദ്ധതിയിലൂടെ സാധിക്കും. വിവരസാങ്കേതികവിദ്യയുടെ പുത്തന്‍‌ സാധ്യതകള്‍ ഉപയോഗപ്പെടുത്തി മലയാളഭാഷയെ ശക്തിപ്പെടുത്തുകയും ഭാഷയുടെ അതിരുകളില്ലാതെ വിവരസാങ്കേതികവിദ്യയുടെ നേട്ടം‌ എല്ലാ മലയാളികള്‍ക്കും എത്തിക്കുകയുമാണ് മലയാളം കമ്പ്യൂട്ടിങ്ങ് പ്രചാരണ പരിപാടിയുടെ ഉദ്ദേശ്യം.

 എന്റെ ഭാഷ എന്റെ കമ്പ്യൂട്ടറിന് എന്ന ഒരു പ്രയോഗം തന്നെ മലയാളിയുടെ വളര്‍ച്ചയെയും പുതിയ ചിന്തയെയും പ്രകാശിപ്പിക്കുന്നതാണ്. അടുത്തകാലം വരെ ഇംഗ്ലീഷ്, മറ്റിതര യൂറോപ്യന്‍ ഭാഷകള്‍ ഉപയോഗിച്ചിരുന്നപ്പോള്‍ അതിനനുസൃതമായ വിഷയങ്ങള്‍ മാത്രമെ കമ്പ്യൂട്ടര്‍, ഇന്റര്‍ നെറ്റ് തുടങ്ങിയ മാധ്യമങ്ങളിലുണ്ടായിരുന്നുള്ളൂ കാരണം കമ്പ്യൂട്ടറില്‍ ഈ ഭാഷകളിലെ 256 അക്ഷരങ്ങള്‍ മാത്രം രേഖപ്പെടുത്തുന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ, മലയാളത്തില്‍ രേഖകള്‍ തയ്യാറാക്കാന്‍, കമ്പ്യൂട്ടറില്‍ പ്രത്യേകം പ്രതിഷ്ഠിച്ച ചില സോഫ്റ്റ്‌വെയറുകളെ ആശ്രയിക്കേണ്ടിവരുന്നു. ഇത്തരം സോഫ്റ്റ്‌വെയറുകള്‍ ഇല്ലെങ്കില്‍, മലയാളത്തില്‍ രേഖ തയ്യാറാക്കാന്‍ കഴിയുകയില്ല, മാത്രമല്ല മലയാളത്തില്‍ തയ്യാറാക്കിയ രേഖകള്‍, മറ്റൊരു സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്ന വ്യക്തിക്ക് വായിക്കുവാന്‍ കഴിയുകയില്ല. വിവിധതരം മലയാളം സോഫ്റ്റ്‌വെയറുകള്‍ ലഭ്യമായതിനാല്‍ അവയെല്ലാം തന്നെ വലിയ വിലകൊടുത്തു് വാങ്ങുക പ്രായോഗികവുമല്ല. പുതിയ ഒരു തലമുറയെപോലും കമ്പ്യൂട്ടറില്‍ നിന്നും അകറ്റുന്ന ഈ അവസ്ഥക്ക് സമൂലമായ മാറ്റം വരുത്തുന്നത് മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒരു പ്രധാന മേന്മയാണ്. ഇന്റര്‍ നെറ്റിലും മറ്റും ഉള്ളടക്കം പരമാവധി മലയാളത്തില്‍ വരുത്തുന്നതിലൂടെയും അത് കൃത്യമായി സിസ്റ്റത്തില്‍ ക്രമീകരിക്കുകയും മലയാളം കമ്പ്യൂട്ടിങ്ങ് പ്രോഗ്രാം യാഥാര്‍ത്ഥ്യമാക്കുകയും ചെയ്താല്‍ തീര്‍ച്ചയായും വരുംകാലം മലയാളിയുടെ വായന മുറിയില്‍ കൂടുതലും ഡിജിറ്റല്‍ മാധ്യമമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല.

 മലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രാധാന്യം

 അറിവിന്റെ ശേഖരണം പലഭാഷകളിലായാണ് നടക്കുന്നത്. ഒരു പക്ഷേ ഭാഷയുടെ അടിസ്ഥാനധര്‍മ്മങ്ങളിലൊന്നാണത്. ഭാഷയുടെ കാലങ്ങളിലൂടെയുള്ള അതിജീവനം സംസാരത്തിലൂടെയും എഴുത്തിലൂടെയും, സാഹിത്യത്തിലൂടെയുമാണ്. പക്ഷേ അതുപയോഗിക്കുന്നവരുടെ ജീവിത രീതികളും സാഹചര്യങ്ങളും മാറുമ്പോള്‍ അത് അവരുടെ ഭാഷയെയും ബാധിക്കുന്നു. ആഗോളീകരണത്തിന്റെ പുതിയ ലോകത്ത് ലോകഭാഷയായ ഇംഗ്ലീഷിലേക്ക് നാം ചേക്കേറുമ്പോള്‍ നാം ഉപേക്ഷിച്ച് പോകുന്നത് നമ്മുടെ മാതൃഭാഷയെ മാത്രമല്ല, പാരമ്പര്യമായി നേടിയ നമ്മുടെ അറിവുകളാണ്. ഭാഷ നഷ്ടപ്പെടുന്നത് അറിവ് നഷ്ടപ്പെടുന്നതിനു തുല്യമാണെന്ന് ഈ രംഗത്തു പഠനം നടത്തിയ ശ്രീ ഡേവിഡ് ഹാരിസണ്‍ എന്ന ലിംഗ്വിസ്റ്റിക്സ് വിദഗ്ധന്‍ അഭിപ്രായപ്പെടുന്നു. ലിവിങ്ങ് ടങ്ങ്സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായ ശ്രീ ഗ്രിഗറി ഡി എസ് ആന്‍ഡേഴ്സണ്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നു: "ഭാഷയ്ക്ക് പരിക്കേല്ക്കുന്നത് അതുപയോഗിക്കുന്നവര്‍ ആ ഭാഷ പുരോഗമനത്തിന് തടസ്സമാണെന്ന് കരുതുമ്പോഴാണ്. ഭാഷ ഉപയോഗിക്കുന്ന ഒരു തലമുറയെ വാര്‍‌ത്തെടുക്കുകയാണ് ഇതിനുള്ള ഏക പരിഹാരം". ഇതിനുള്ള ആദ്യപടി, വരും തലമുറയും ഇനിയുള്ള കാലഘട്ടങ്ങളില്‍ നമ്മളും ഉപയോഗിക്കാന്‍ പോകുന്ന വിവരസാങ്കേതിക വിദ്യകള്‍ക്കായി നമ്മുടെ ഭാഷയെ സജ്ജമാക്കുകയെന്നതാണ്. നിയതമായ ലിപിയോ രചനകളോ നിഘണ്ടുവോ ഇല്ലാതെ മരിച്ചുപോയ ഭാഷകള്‍ നമ്മള്‍ കടലാസുകളുടെ കാലഘട്ടത്തില്‍ കണ്ടു. ഡിജിറ്റല്‍ യുഗത്തില്‍ വേണ്ടത്ര സാങ്കേതിക മുന്നേറ്റം നടത്താത്ത ഒരു ഭാഷയുടെയും ഗതി അതാണ് എന്ന് നാം വളരെ നേരത്തെ തന്നെ മനസ്സിലാക്കണം.

 സാങ്കേതികവിദ്യ മുന്നേറും തോറും നമ്മുടെ സംസ്കാരത്തിലും അതിന്റേതായ നിയതമായ മാറ്റങ്ങള്‍ കാണും. സംസ്കാരത്തിന്റെ പ്രധാനകണ്ണിയായ ഭാഷയിലും ഈ മാറ്റങ്ങള്‍ കാണും. മാതൃഭാഷയെ മാറ്റി നിര്‍ത്തി പാശ്ചാത്യ സംസ്കാരങ്ങള്‍ ഒപ്പിയെടുക്കുവാന്‍ ആംഗലേയ ഭാഷകളെ ദത്തെടുക്കുന്ന ഇന്നത്തെ സമൂഹം; അവിടെ നമ്മള്‍ മറന്നിട്ടു പോകുന്നത് നമ്മുടെ മാതൃഭാഷയാണ്. എഴുത്തോലകള്‍ കടലാസിനു വഴിമാറിയ പോലെ കടലാസ് ഡിജിറ്റല്‍ മീഡിയക്കും വഴിമാറിക്കൊടുക്കും. അവിടെ അന്യഭാഷാപ്രേമമല്ല കാണിക്കേണ്ടത് ഭാഷാ സാങ്കേതിക വിദ്യ വികസിപ്പിക്കുകയാണ്. സ്വന്തം ഭാഷയില്‍ മാത്രം നിലനില്‍ക്കുന്ന ഇത്തരം അറിവുകളെയും രചനകളെയും ഡിജിറ്റല്‍ ഭാവിയിലേക്ക് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ് വേണ്ടത്. ഇത് മലയാളം കമ്പ്യൂട്ടിങ്ങിലൂടെ സാധ്യമാകുമെന്നത് നിസ്സംശയം പറയാം.‌

മലയാളവും സാങ്കേതികതയും

1, 0 എന്നീ ബൈനറി ഗണിതം മാത്രം മനസ്സിലാക്കാവുന്ന കമ്പ്യൂട്ടറിനെ ഇംഗ്ലീഷ് മനസ്സിലാക്കിപ്പിച്ചത് ഓരോ അക്ഷരങ്ങള്‍ക്കും ഒരു സംഖ്യ കൊടുത്തിട്ടായിരുന്നു. 8 ബിറ്റുകളുടെ ഒരു കൂട്ടം അതായത് A എന്നെഴുതാന്‍ 95 എന്ന് ഉപയോഗിക്കുക. വിവര സാങ്കേതിക വിദ്യ ജന്മം കൊണ്ടത് പടിഞ്ഞാറന്‍ നാടുകളില്‍ ആയിരുന്നതിനാല്‍ സ്വാഭാവികമായും ലാറ്റിന്‍ അക്ഷരങ്ങള്‍ക്കാണ് ഈ സംഖ്യകള്‍ കൊടുത്തത് അതായത് 2^8=256 അക്ഷരങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന രീതി. 256 ലാറ്റിന്‍ അക്ഷരങ്ങളില്‍ താന്താങ്ങളുടെ ഭാഷകളെ ഒതുക്കാന്‍ പലരും പലരീതികളും ഉപയോഗിച്ചു. അതായത് ആന്തരികമായി കമ്പ്യൂട്ടറില്‍ ശേഖരിയ്ക്കുന്ന വിവരം ലാറ്റിന്‍ രൂപത്തില്‍ തന്നെയെങ്കിലും പ്രദര്‍ശിപ്പിക്കുന്ന അക്ഷരരൂപങ്ങള്‍ അതത് ഭാഷയായിരിക്കും.

 വളരെ ലളിതമായ ഒരുദാഹരണം പറഞ്ഞാല്‍ A എന്നു ശേഖരിക്കപ്പെടുകയും ആ വിവരം പ്രദര്‍ശിപ്പിക്കുമ്പോള്‍ A എന്നതിന് പകരം അ എന്ന അക്ഷരമെടുത്ത് കാണിക്കുകയും ചെയ്യുക. അ എന്നതിന് പകരം A എന്നു തന്നെ ശേഖരിക്കുകയും ഉപയോക്താവിനെ ഈ വിവരങ്ങള്‍ കാണിക്കുമ്പോള്‍ A വരുന്നിടത്തെല്ലാം അ എന്നെടുത്തു കാണിക്കുകയും ചെയ്യാം. ഒരു ASCII അധിഷ്ടിത ഫോണ്ടില്‍ 900- ത്തോളം അക്ഷരചിത്രങ്ങളുള്ള മലയാളം ഒതുങ്ങില്ല. പ്രായോഗികമായി 256 ല്‍ താഴെ അക്ഷരചിത്രങ്ങളേ ഒതുങ്ങൂ. അപ്പോള്‍ വളരെ പെട്ടെന്ന് തോന്നുന്നതും ആത്മഹത്യാപരവുമായ ഒരു പരിഹാരമാണ് അക്ഷരങ്ങളെ വെട്ടിച്ചുരുക്കുക എന്നത് . വേറൊരു രീതില്‍ പറഞ്ഞാല്‍ സാങ്കേതിക വിദ്യയുടെ ശേഷിക്കുറവ് മറച്ചു വെയ്ക്കാന്‍ ഭാഷയെ വെട്ടിച്ചെറുതാക്കുക. ചില കൂട്ടക്ഷരങ്ങളേയും അധികം ഉപയോഗിക്കാത്ത അക്ഷരങ്ങളേയും നീക്കം ചെയ്ത് ഭാഷയെ ചെറുതാക്കുക. കൂട്ടക്ഷരങ്ങള്‍ക്ക് പകരം അവയെ ഇടക്ക് ചന്ദ്രക്കലയിട്ട് കാണിക്കുക എന്നിങ്ങനെയാണ് അതു സാധ്യമാകുക. "മലയാളത്തനിമ" എന്ന പേരില്‍ 1997 ല്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഇത്തരത്തിലൊരു ലിപി പരിഷ്കാര ശ്രമം നടത്തുകയുണ്ടായെങ്കിലും കാലക്രമത്തില്‍ പുതിയ സാങ്കേതിക വിദ്യകള്‍ വന്നതോടെ അവ അമ്പേ പരാജയപ്പെട്ടു. രചനാ അക്ഷരവേദി 6 ASCII ഫോണ്ടുകള്‍ ഒരുമിച്ച് ഉപയോഗിച്ച് മലയാളത്തിന്റെ തനതു ലിപി നിലനിര്‍ത്തിക്കൊണ്ട് 900 ത്തോളം അക്ഷരരൂപങ്ങളുള്ള രചന എന്ന പേരിലുള്ള ഫോണ്ട് പുറത്തിറക്കിക്കൊണ്ട് ഭാഷയുടെ മരണത്തിലേക്ക് വഴിതെളിക്കുമായിരുന്ന ആ നീക്കത്തെ പ്രതിരോധിച്ചു. ‌ASCII ഫോണ്ടുകളുപയോഗിച്ച് നടത്തിയ മുകളില്‍ പറഞ്ഞ എളുപ്പവഴി പലരും പലരീതിയിലാണ് ചെയ്തത്. പക്ഷേ ആന്തരിക ശേഖരം ലാറ്റിനില്‍ ആയതിനാല്‍ സവിശേഷമായ വിവര സംസ്കരണം എന്ന സൗകര്യം ഉപയോഗിക്കാന്‍ അത്യധികം വിഷമകരമാവുന്നു. ഇന്നും മലയാളത്തിലെ പ്രധാന പത്രങ്ങളെല്ലാം പിന്തുടരുന്ന സാങ്കേതിക വിദ്യ ഇതാണ്. ഒരു പത്രത്തിന്റെ വെബ്സൈറ്റില്‍ വാര്‍ത്ത വായിക്കണമെങ്കില്‍ അവിടെ മാത്രമുപയോഗിക്കാവുന്ന ഒരു ഫോണ്ട് വേണം. വേറൊരു പത്രത്തിന്റെ വെബ്സൈറ്റില്‍ പോയാല്‍ ഈ ഫോണ്ട് ഉപയോഗിക്കാന്‍ പറ്റില്ല. പഴയ വാര്‍ത്തകള്‍ തെരയാനോ അവയില്‍ നിന്ന് പുതിയ വിവരങ്ങള്‍ വേര്‍തിരിച്ചെടുക്കാനോ കഴിയില്ല. ഇതിന് കാരണം സോഫ്റ്റ്‌വെയറുകള്‍ വിവരങ്ങള്‍ മലയാളത്തില്‍ ആണ് എന്നുള്ള വസ്തുത അറിയുന്നില്ല എന്നതാണ്. കാണിക്കുമ്പോള്‍ മാത്രമേ മലയാളം ഉള്ളല്ലോ. ആന്തരികശേഖരണം ലാറ്റിനില്‍ തന്നെ.

 ഇന്ന് ലോകഭാഷകള്‍ക്കെല്ലാം വേണ്ടി അംഗീകരിക്കപ്പെട്ട ഏകീകൃത കോഡിങ്ങ് സമ്പ്രദായം യൂണിക്കോഡാണ്. യൂണിക്കോഡിന്റെ ആന്തരികവിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. ആസ്കി സമ്പ്രദായത്തില്‍ ലാറ്റിന്‍ അക്ഷരങ്ങള്‍ക്ക് പ്രത്യേകം കോഡുള്ള പോലെ ലോകഭാഷകളിലെ എല്ലാ അക്ഷരങ്ങള്‍ക്കും പ്രത്യേകം കോഡുള്ള സമ്പ്രദായമാണ് യൂണിക്കോഡ് എന്നു ചുരുക്കത്തില്‍ പറയാം.

ഇന്‍സ്ക്രിപ്റ്റ്

ഭാരത സര്‍ക്കാരിന്റെ കീഴിലുള്ള സി-ഡാക്ക് (Centre for Development of Advanced Computing) എല്ലാ ഭാരതീയ ഭാഷകള്‍ക്കുമായി ഉണ്ടാക്കിയ ഔദ്യോഗിക നിവേശക രീതിയാണ് ഇന്‍സ്ക്രിപ്റ്റ് അഥവാ ഇന്‍ഡിക് സ്ക്രിപ്റ്റ്. ഭാരതീയ ഭാഷകളുടെ ലിപിയിലെ സാമ്യത അവലംബിച്ചുണ്ടാക്കിയ ഈ രീതിയില്‍ എല്ലാ ഭാരതീയ ഭാഷകള്‍ക്കും ഒരേ കീ സ്ഥാനങ്ങളാണ്. നമ്മുടെ കമ്പ്യൂട്ടറിന്റെ കീബോര്‍ഡിലുളള ഓരോ കീയും ഓരോ മലയാള അക്ഷരവുമായി ബന്ധിപ്പിക്കുന്ന രീതിയാണ് ഇന്‍സ്ക്രിപ്റ്റ്.ഏതു പ്രവര്‍ത്തക സംവിധാനത്തിലും ലഭ്യമായ സാമാന്യ ലിപി വിന്യാസവും ഇതുതന്നെയാണ്. ഇന്‍സ്ക്രിപ്റ്റ് രീതിക്ക് ഒരുപാടു ഗുണങ്ങളുണ്ട്. ഒന്നാമത്തേത്, എല്ലാ ഭാരതീയ ഭാഷകള്‍ക്കും ഒരേ വിന്യാസമാണ് ഇന്‍സ്ക്രിപ്റ്റ് രീതിയിലുപയോഗിക്കുന്നത്. അതുകൊണ്ട് ഒരു ഭാഷ അറിയാമെങ്കില്‍ എല്ലാ ഭാഷകള്‍ക്കും വേണ്ട വിന്യാസവും മനസ്സിലാക്കാം. കൂടാതെ, അക്ഷരങ്ങളുടെ വിന്യാസം ശാസ്ത്രീയമായി എളുപ്പം ഓര്‍ത്തിരിക്കാനും വേഗത്തില്‍ ഉപയോഗിക്കാനും കഴിയുന്ന രീതിയാണിത്. സര്‍ക്കാരും സാമാന്യരീതിയായി അംഗീകരിച്ച ഇന്‍സ്ക്രിപ്റ്റ് രീതി പരിശീലിക്കുന്നതായിരിക്കും, ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്തവര്‍ക്ക് കമ്പ്യൂട്ടര്‍ ഉപയോഗിച്ച് തുടങ്ങുമ്പോള്‍ നല്ലത്. മറ്റുപ്രധാനരീതികള്‍ എല്ലാം ലിപ്യന്തരണം അനുസരിച്ച് ഇംഗ്ലീഷില്‍ മലയാളം എഴുതാനുള്ള രീതികളാണ്. നേരിട്ട് മലയാളം എഴുതാന്‍ പഠിക്കാന്‍ ഏറ്റവും നല്ലത് ഇന്‍സ്ക്രിപ്റ്റ് തന്നെ.

ഇന്‍സ്ക്രിപ്റ്റ് രീതിയുടെ വിന്യാസം

ഇന്ത്യന്‍ ഭാഷകളുടെ ചില പ്രത്യേകതകളും സമാനതകളുമാണ് ഇന്‍സ്ക്രിപ്റ്റ് രീതിയുടെ അടിസ്ഥാനം. ഭാരതീയ ഭാഷകളുടെ അക്ഷരമാലയെ സ്വരങ്ങളെന്നും വ്യഞ്ജനങ്ങളെന്നും തിരിച്ചിരിക്കുന്നു. ഇന്‍സ്ക്രിപ്റ്റ് രീതിയില്‍ സ്വരങ്ങള്‍ കീ ബോര്‍ഡിന്റെ ഇടതു ഭാഗത്തും വ്യഞ്ജനങ്ങള്‍ വലതു ഭാഗത്തും വരുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. മാത്രമല്ല ഒരേ വര്‍ഗ്ഗത്തില്‍‌പ്പെട്ട അക്ഷരങ്ങളെ രണ്ടു കീകളിലായി വിന്യസിച്ചിരിക്കുന്നു. ചിത്രത്തങ്ങളില്‍ നിന്നും വ്യക്തമാവുന്നതാണ്.

ഷിഫ്റ്റ് കീ അമര്‍ത്തുമ്പോള്‍ കീയുടെ മുകളിലുള്ള അക്ഷരവും അല്ലാതെ അമര്‍ത്തുമ്പോള്‍ താഴെയുള്ള അക്ഷരങ്ങളുമാണ് ലഭിക്കുന്നത്.

ഉദാഹരണമായി k= ; K=

ശരിയായ കീ ഉപയോഗപ്പെടുത്തികൊണ്ട് മലയാളവാക്കുകള്‍ ടൈപ്പ് ചെയ്യാവുന്നതാണ്. ഉദാഹരണമായി : ഞാന്‍ എന്ന വാക്ക് ടൈപ്പ് ചെയ്യാന്‍ } e v d ] എന്നീ കീകള്‍ ഉപയോഗിക്കാം.

Zero Width Joiner (ZWJ)

കീബോര്‍ഡിലെ ] കീയുടെ സ്ഥാനത്താണ് zwj. ചില്ലക്ഷരങ്ങല്‍ക്കു വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്.

ഉദാ: ല ് ] = ല്‍, ര ് ] = ര്‍, ന ് ] = ന്‍ etc..

Zero Width Space (ZWS)

X കീയുടെ സ്ഥാനത്താണ് zws. രണ്ട് അക്ഷരങ്ങള്‍ക്കിടയില്‍ അദൃശ്യമായ space വേണമെങ്കില്‍ ഇതുപയോഗിക്കാം.

ഉദാ: ക്ക എന്നത് ക്ക എന്നെഴുതാന്‍

Zero Width Non Joiner (ZWNJ)

\ കീയുടെ സ്ഥാനത്താണ് zwnj. അടുത്തുവരുന്ന രണ്ട് അക്ഷരങ്ങള്‍ യോജിപ്പിക്കെണ്ടെന്നുണ്ടെങ്കില്‍ ഇതുപയോഗിക്കാം.

ഉദാ: സോഫ്റ്റ്വെയര്‍ എന്നെഴുതാന്‍ 'സോഫ്റ്റ് ' ന് ശേഷം zwnj ഇല്ലെങ്കില്‍ സോഫ്റ്റ്വെയര്‍ എന്നാകും വരുക.

ചില വാക്കുകള്‍ ടൈപ്പ് ചെയ്യുന്നത്

ല്‍ - ല ് zwj n+d+]

ക്ക - ക ് ക k+d+k

ണ്ട - ണ ് ട C+d+'

ങ്ക - ങ ് ക U+d+k

വേ - വ േ b+s

ഖ്യ - ഖ ് യ K+d+/

ന്റ - ന ് റ v+d+J

ന്റെ- ന ് റ െ v+d+J+z

റ്റ - റ ് റ J+d+J

മ്പ – മ ് പ c+d+h

ഇന്‍സ്ക്രിപ്റ്റ് രീതിയെ കൂടാതെ മലയാളം ടൈപ്പ് ചെയ്യാന്‍ മറ്റു് നിവേശക രീതികളുണ്ട്

 മലയാളം സ്വരസൂചകമായ (Phonetic) കീബോര്‍ഡ്

അക്ഷരങ്ങളുടെ ശബ്ദവമായി സാമ്യതയുള്ള ഇംഗ്ലീഷ് ലയാളം ലിപ്യന്തരണം കീ ബോര്‍ഡ് ആണിത്. ഈ കീബോര്‍ഡ് പരിശീലിക്കുവാന്‍ യാതൊരു മുന്‍പരിചയവം ആവശ്യമില്ല. ഇതുപയോഗിച്ച് ടൈപ്പ് ചെയ്യുന്ന രീതിയെ മംഗീഷ് എന്നാണ് പറയുന്നത് . മലയാളം ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്നു എന്നു ചുരുക്കം. താഴെ തന്നിരിക്കുന്ന ചിത്രത്തില്‍ മലയാളം അക്ഷരങ്ങള്‍ക്കു സമാനമായ ഇംഗീഷ് അക്ഷരങ്ങള്‍ ശ്രദ്ധിക്കുക. അനായാസം മലയാളം ഫൊണറ്റിക് കീ ബോര്‍ഡ് പഠിക്കാം. മൊഴി സ്വനലേഖ എന്നിവ സ്വരസൂചക കീബോര്‍ഡുകള്‍ക്കുദാഹരണമാണ്.

ഫൊണറ്റിക് കീബോര്‍ഡ്

മലയാളം കമ്പ്യൂട്ടിങ്ങിന്റെ സാദ്ധ്യതകള്‍

 ●മലയാളം ഇ-മെയിലിങ്ങ്
യൂണിക്കോട് പ്രാബല്യത്തില്‍ വന്നതോടെ മലയാളത്തിലും മെയിലുകള്‍ അയക്കുവാനും വായിക്കുവാനും സാധ്യമായിരിക്കുകയാണ്. ജി-മെയിലിനൊപ്പം ഇംഗ്ലീഷ് മലയാളം ലിപ്യന്തരണം കൂടിയുള്ളത് ഇന്‍സ്ക്രിപ്റ്റ് വശമില്ലാത്തവര്‍ക്ക് എളുപ്പത്തില്‍ ടൈപ്പ് ചെയ്യാനും വഴിയൊരുക്കുന്നു.
മലയാളം ചാറ്റിങ്ങ്
വിവിധ സൈറ്റികളില്‍ നിന്നും നമ്മുടെ സുഹൃത്തുക്കളുമായി സംവദിക്കുന്നതിനോടൊപ്പം മലയാളത്തില്‍ ചാറ്റ് ചെയ്യാവാനും ഇതുമൂലം സാധിക്കുന്നതാണ്.
മലയാളം ബ്ലോഗിങ്ങ്
വേര്‍ഡ്പ്രസ്സ് പോലുള്ളഒരു ഉള്ളടക്കപരിപാലന സംവിധാനത്തിന്റെ(Content Management System) സഹായത്തോടെ മലയാളത്തില്‍ ബ്ലോഗുകള്‍ ഉണ്ടാക്കുവാന്‍ കഴിയും.
മലയാളം വിക്കി
സ്വതന്ത്ര സര്‍വ്വ വിഞ്ജാന കോശം മലയാളം വിക്കീപീഡിയപോലെയുള്ള വിക്കി സംരഭങ്ങളില്‍ ഇടപെടാന്‍ ഏതുമലയാളിക്കും മലയാളം കമ്പ്യൂട്ടിങ്ങ് വാതില്‍ തുറന്നുകൊടുക്കുന്നു.

 ഭവ്യത:http://malayalam.kerala.gov.in/index.php/
http://ml.wikipedia.com

Tweet