ആലി സഹോദരന്മാർ

ജോസ് കരിമ്പന

ഇവര്‍ ആലി സഹോദരന്മാര്‍;

അമ്പതുകളില്‍ തിരു-കൊച്ചിയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വേദികളില്‍ ആലിസഹോദരന്മാരുടെ വിപ്ലവഗാനങ്ങള്‍ മുഴങ്ങിക്കേട്ടിരുന്നു. സമകാലിക രാഷ്ട്രീയസംഭവങ്ങളും കൃഷിക്കാരുടെയും തൊഴിലാളികളുടെയും ജീവിതം വരച്ചുകാട്ടുന്ന ഗാനങ്ങള്‍. മാപ്പിളപ്പാട്ടിന്റെ ഇശലുകളില്‍ പ്രാസനിബന്ധനകള്‍ പാലിച്ചുകൊണ്ടെഴുതിയതായിരുന്നു ആ ഗാനങ്ങള്‍. വേദികളില്‍ അവര്‍ പാടിക്കഴിയുമ്പോള്‍ ജനങ്ങള്‍ കയ്യടിക്കുകയായിരുന്നില്ല. ആവേശപൂര്‍വ്വം എഴുന്നേറ്റുനിന്ന് മുദ്രാവാക്യങ്ങള്‍ മുഴക്കും. 

മൂവാറ്റുപുഴ കാവുങ്കരയിലെ ഒരു സംഘം യുവാക്കളാണ് ആലിസഹോദരന്മാര്‍ എന്നറിയപ്പെട്ടിരുന്നത്. പി.എം.അലിയാരും പി.ഇ.അലിയാരും ടി.എം.യൂസഫും ടി.കെ.ഉമ്മറും ചേര്‍ന്ന കൂട്ടായ്മ. ഇവരില്‍ ഗാനരചയിതാവായിരുന്ന പി.എം.അലിയാരൊഴികെയുള്ളവരെല്ലാം കാവുങ്കരയിലെ ബീഡിക്കമ്പനി തൊഴിലാളികളായിരുന്നു. ബീഡിത്തൊഴിലാളി യൂണിയനാണ് ആലിസഹോദരന്മാര്‍ക്ക് താങ്ങും തണലുമായി നിലകൊണ്ടിരുന്നത്.

ആദ്യമൊക്കെ പാവപ്പെട്ട മുസ്ലീംവീടുകളിലെ കല്ല്യാണങ്ങള്‍ക്കാണ് മാപ്പിളപ്പാട്ടിന്റെ ശീലുകളില്‍ ആലിസഹോദരന്മാര്‍ പാടിയിരുന്നത്. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ വേദിയില്‍ ആലിസഹോദരന്മാര്‍ ആദ്യമായി പാടുന്നത് 1950 കളിലാണ്. ജയില്‍മോചിതരായി പുറത്തുവന്ന ടി.വി.തോമസ്, ഗൗരിയമ്മ, ആര്‍.സുഗതന്‍, കെ.ടി.ജേക്കബ് തുടങ്ങിയ സഖാക്കള്‍ക്ക് മൂവാറ്റുപുഴയില്‍ നല്‍കിയ സ്വീകരണസമ്മേളനമായിരുന്നു വേദി. സമ്മേളനം ആരംഭിച്ചത് ആലിസഹോദരന്മാരുടെ വിപ്ലവഗാനത്തോടെയായിരുന്നു. 

 സിപി പോയി കോണ്‍ഗ്രസ് വന്നു.
കോളറ, വസൂരി വന്നു
കൊള്ളലാഭക്കൂട്ടരാണ്
കൊള്ളിവെപ്പിന്‍ അഗ്രഗണ്യര്‍
എന്നുതുടങ്ങുന്ന ഗാനം. 

സഖാവ് ടിവി അടക്കമുള്ള നേതാക്കളുടെ പ്രശംസ പിടിച്ചുപറ്റാന്‍ അവര്‍ക്ക് കഴിഞ്ഞു. അതോടെയാണ് ആലിസഹോദരന്മാരുടെ മാപ്പിളപ്പാട്ടുകള്‍ പാര്‍ട്ടിവേദികളില്‍ പതിവായി കേള്‍ക്കാന്‍ തുടങ്ങിയത്. അക്കാലത്ത് ഉച്ചഭാഷിണിയും ആലിസഹോദരന്മാരുടെ വിപ്ലവഗാനങ്ങളും ഉണ്ടായിരിക്കുമെന്ന് നോട്ടീസില്‍ പ്രതേ്യകം അച്ചടിക്കാറുണ്ടായിരുന്നു.

നിരനിരയായ് നിണനദി നീന്തി
നിതരാം നിന്നടരാടീടാം
പുതുപുതു പിറവികള്‍, പുതുലോകത്തിന്‍
പുളകം കൊള്ളാം മുന്നേറാം...

പോലീസിന്റെയും ജന്മിഗുണ്ടകളുടെയും കടന്നാക്രമണങ്ങളെ അവഗണിച്ച് തൊഴിലാളികളുടെയും കൃഷിക്കാരുടെയും അവകാശപ്പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ധീരസഖാക്കളെ അഭിവാദ്യം ചെയ്തുകൊണ്ടുള്ള ഈ ഗാനം അമ്പത്തിനാലിലെ തെരഞ്ഞെടുപ്പു കാലത്ത് തിരു-കൊച്ചിയിലെങ്ങും അലയടിക്കുകയുണ്ടായി.

മട്ടാഞ്ചേരി വെടിവയ്പ് കഴിഞ്ഞയുടന്‍ ഫോര്‍ട്ട് കൊച്ചിയില്‍ എകെജി പ്രസംഗിക്കുന്ന യോഗം. എകെജിക്ക് അന്ന് തിരുകൊച്ചിയില്‍ നിരോധനമുണ്ടായിരുന്നതിനാല്‍ അതിര്‍ത്തിയിലെങ്ങും ശക്തമായ പൊലീസ്‌കാവലുണ്ടായിരുന്നു. പൊലീസിന്റെ കണ്ണില്‍പ്പെടാതെ ബ്രട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ഫോര്‍ട്ട് കൊച്ചിയിലെത്തി. സമ്മേളനവേദിയില്‍ ആലിസഹോദരന്മാര്‍ വിപ്ലവഗാനങ്ങള്‍ ആലപിച്ചു. മട്ടാഞ്ചേരി സംഭവങ്ങള്‍ പ്രമേയമാക്കി എഴുതിയ ഗാനങ്ങള്‍. എകെജിയുടെ ക്ഷണമനുസരിച്ച് അമ്പത്തേഴില്‍ മലബാറിലെത്തിയ ആലിസഹോദരന്മാര്‍ നൂറുകണക്കിന് തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ വിപ്ലവഗാനങ്ങള്‍ പാടി. മലബാറിലെ പാവപ്പെട്ട മുസ്ലീംജനത കേട്ടുശീലിച്ച മാപ്പിളപ്പാട്ടുകളുടെ ഈണത്തിലുള്ള ഗാനങ്ങള്‍.

തൊള്ളായിരത്തി അമ്പത്തിയാറില്‍ പാലക്കാട് പാര്‍ട്ടികോണ്‍ഗ്രസ് നടക്കുമ്പോള്‍ മുസാഫര്‍ അഹമ്മദ്, ആലി സര്‍ദാര്‍ ജാഫ്രി, ഇസഡ്.എ.അഹമ്മദ് തുടങ്ങിയ നേതാക്കളെ പരിചയപ്പെടുകയും ആ സഖാക്കളുടെ ആവശ്യപ്രകാരം വിപ്ലവഗാനങ്ങള്‍ പാടിക്കേള്‍പ്പിക്കുകയും ചെയ്തു. കൂട്ടത്തില്‍ ഉറുദു വശമുണ്ടായിരുന്ന എ.ജെ.അബ്ദുള്‍റഹിമാനാണ് ഈ ഗാനങ്ങള്‍ പരിഭാഷപ്പെടുത്തിക്കൊടുത്തത്. ഈ ഗാനങ്ങള്‍ ഉറുദുവില്‍ അച്ചടിക്കുന്നതിനുള്ള അനുവാദവും വാങ്ങിയാണ് മുസാഫര്‍ അഹമ്മദ് മടങ്ങിപ്പോയത്. ആലി സഹോദരന്മാരില്‍ ടി.കെ.ഉമ്മര്‍ നിര്യാതനായി. ഈ ഗാനങ്ങളുടെ പാട്ടുപുസ്തകങ്ങള്‍ അക്കാലത്ത് ചൂടപ്പം പോലെ വിറ്റഴിച്ചിരുന്നെങ്കിലും ഇന്ന് കോപ്പി പോലും കിട്ടാനില്ല.

 
Tweet