നോമ്പിന്റെ ഫര്‍ളുകള്‍
1) നിയ്യത്ത് : നിയ്യത്തെന്നാല്‍ ഹൃദയം കൊണ്ടുള്ള കരുതലാണ്. അപ്പോള്‍ കരുതലില്ലാതെ നിയ്യത്തിന്റെ വചനങ്ങള്‍ നാവുകൊണ്ടു പറയുക മാത്രം ചെയ്താല്‍ അവന്റെ നോമ്പ് ശരിയാവുകയില്ല. നാവ് കൊണ്ട് പറയാതെ, ഹൃദയംകൊണ്ട് കരുതല്‍ മാത്രം ഉണ്ടായാല്‍ മതിയാകുന്നതാണ്. നോമ്പുപോലെ ഇതര കര്‍മ്മങ്ങളിലെ നിയ്യത്തിനും ഈ നിബന്ധന ബാധകമാണ്. സൂര്യാസ്തമയത്തിന് ശേഷം മുതല്‍ ഫജ്‌റ്‌സ്വാദിഖ് (സുബ്ഹിയുടെ സമയം ആരംഭിക്കുന്നത്) വരെയുള്ള സമയത്താണ് ഫര്‍ളായ നോമ്പിന്റെ നിയ്യത്ത് ഉണ്ടാകേണ്ടത്. എന്നാല്‍ സുന്നത്ത് നോമ്പിന് മദ്ധ്യാഹ്നത്തിന് (ളുഹറിന്) മുമ്പ് നിയ്യത്ത് ചെയ്താല്‍ മതിയാകുമെങ്കിലും പ്രഭാതം മുതല്‍ തന്നെ നോമ്പിനെ മുറിക്കുന്ന കാര്യങ്ങളെ വര്‍ജ്ജിക്കേണ്ടതാണ്.
നിയ്യത്ത് ചെയ്തതിന്‌ശേഷം സുബഹിക്കുമുമ്പായി ആഹാരം കഴിക്കുകയോ, ഭാര്യാഭര്‍ത്താക്കള്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടുകയോ ചെയ്തതിന്റെ പേരില്‍ നിയ്യത്തിനെ മടക്കേണ്ടതില്ല.
റമദാനിലെ രാത്രികളില്‍ ഭാര്യാഭര്‍തൃ ബന്ധങ്ങള്‍ അനുവദനീയമാണ്. അങ്ങനെ അവര്‍ വലിയ അശുദ്ധിക്കാരനായിത്തീര്‍ന്നാലും നോമ്പിന്റെ നിയ്യത്ത് വച്ച് നോമ്പില്‍ പ്രവേശിക്കണം. എന്നാല്‍ സുബഹിക്ക് വേണ്ടി കുളിച്ച് ശുദ്ധിയാകേണ്ടതാണ്. കാരണം വലിയ അശുദ്ധികൊണ്ട് നോമ്പ് പിടിക്കല്‍ ഹറാമില്ലെങ്കിലും നമസ്‌കാരം ഹറാമാകുന്നതാണ്.
ഒരാള്‍ രാത്രി സമയത്തില്‍ സുബഹിക്ക് മുമ്പായി നോമ്പിന്റെ നിയ്യത്ത് ചെയ്യാന്‍ മറന്ന് പോയാല്‍ അവന്‍ നോമ്പിന്റെ പകലില്‍ നോമ്പുകാരനെ പോലെ കഴിയേണ്ടതും പിന്നീട് ആ നോമ്പ് ഖളാഅ് വീട്ടേണ്ടതുമാണ്. ഒരു വ്യക്തി നിയ്യത്ത് വച്ചോയെന്നോ, അല്ലെങ്കില്‍ നിയ്യത്ത് പ്രഭാതത്തിന് മുമ്പാണോ, ശേഷമാണോ സംഭവിച്ചത് എന്നോ സൂര്യാസ്തമയത്തിന് (നോമ്പ് തുറക്കുന്നതിന്) മുമ്പ് സംശയിച്ചാല്‍ ആ നോമ്പ് ശരിയാകുന്നതല്ല. സുര്യാസ്തമയത്തിന് ശേഷമാണ് (നോമ്പ് തുറന്നതിന് ശേഷമാണ്) ഈ സംശയങ്ങള്‍ ഉണ്ടായതെങ്കില്‍ അവകള്‍ അപ്രസക്തവും നോമ്പ് ശരിയാകുന്നതുമാണ്. നിയ്യത്തില്‍ ഞാന്‍ നോമ്പനുഷ്ഠിക്കുന്നു എന്ന് കരുതലും ഫര്‍ളായ നോമ്പാണെങ്കില്‍ ഫര്‍ളായ നോമ്പ് എന്ന് നിജപ്പെടുത്തലും നിര്‍ബന്ധമാണ്. അതായത് റമദാന്‍ നോമ്പാണെങ്കില്‍ റമദാന്‍ നോമ്പാണെന്നും നേര്‍ച്ച നോമ്പാണെങ്കില്‍ നേര്‍ച്ച നേമ്പാണെന്നും കരുതണം. ഫര്‍ളായ നോമ്പ് എന്ന് മാത്രം കരുതിയാല്‍ മതിയാവുകയില്ല. റമദാനിലെ ഓരോ നോമ്പിനും പ്രത്യേകം നിയ്യത്ത് വെക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ റമദാന്‍ ആദ്യ രാവില്‍ എല്ലാ ദിവസത്തെയും നോമ്പിനെ പിടിച്ചു വീട്ടുന്നു എന്ന് കരുതിയാല്‍ നിയ്യത്ത് മറന്നു പോകുന്ന ദിവസത്തെ നോമ്പ് ലഭിക്കുന്നതാണ്.