ചുവന്ന നക്ഷത്രം വരച്ച വെള്ളക്കൊടി

വൈകീട്ട് സ്‌കൂൾ വിട്ട് വീട്ടിലേയ്‌ക്കെത്തുമ്പോൾ സ്വീകരണമുറിയിൽ രണ്ട് ഖദർധാരികൾ അച്ഛനോടൊപ്പം ഇരിക്കുന്നു. കവലയിൽ ത്രിവർണ്ണ പതാക കൊടിമരത്തിൽ ഉയർത്തിയിരിക്കുന്ന ഓഫീസിനു മുന്നിൽ മിക്കവാറും കാണാറുള്ള മുഖം. പേരറിയില്ല. അച്ഛന്റെ സുഹൃത്തുക്കളാണെന്ന് തോന്നുന്നു.

പുറത്ത് തൂക്കിയിരുന്ന ബാഗ് കട്ടിലിലേയ്ക്ക് വലിച്ചെറിഞ്ഞ് അടുക്കളയിലേയ്‌ക്കോടി. വയറുകത്തുന്നു. അമ്മ അടുപ്പിന്റെ അരികിൽ നിന്ന് പഴംപൊരി വറുത്തുകോരുന്നു. അരികിലിരിക്കുന്ന പാത്രത്തിൽ നല്ല ചൂടൻ പഴംപൊരി.

ഓടിച്ചെന്ന് ഒരെണ്ണം എടുത്തു. കൈത്തണ്ടയ്ക്ക് ഒരടി.

"പോയി കൈകഴുകിയിട്ട് വാടാ."

എടുത്ത പഴംപൊരി പാത്രത്തിലേക്ക് തന്നെയിട്ട് ഓടിപ്പോയി കൈ കഴുകി തിരിച്ചുവന്നു. വീണ്ടും പഴംപൊരി എടുക്കാൻ വന്നപ്പോൾ അമ്മയുടെ ശബ്ദം.

"പോയി ഊണുമേശയിലേയ്ക്കിരിക്കടാ. അവിടെയിരുന്ന് കഴിച്ചാൽ മതി."

ഇതെന്താ പതിവില്ലാത്ത ഒരു രീതി എന്നു ചിന്തിച്ച് ഞാൻ പതിയെ കസേര വലിച്ചിട്ട് ഊണുമേശയ്ക്ക് മുന്നിലിരുന്നു. ഒരു പാത്രത്തിൽ രണ്ട് പഴം പൊരിയും കട്ടൻചായയും മുന്നിൽ കൊണ്ടുവന്നു വച്ചു. അഞ്ച്-ആറ് പഴം പൊരി നിന്ന നിൽപ്പിൽ അകത്താക്കുന്ന എന്റെ മുന്നിൽ വെറും രണ്ട് പഴംപൊരി. എന്തോ പന്തികേടുണ്ടല്ലോ അമ്മയുടെ പെരുമാറ്റത്തിൽ ഞാൻ അപകടം മണത്തു.

പഴംപൊരി സാവധാനം കഴിച്ചുതീർത്ത് കട്ടൻചായയും വലിച്ചുകുടിച്ച് മുറിയിൽപ്പോയി യൂണിഫോം മാറ്റി. കട്ടിലിന്റെ അടിയിൽ നിന്നും ക്രിക്കറ്റ് ബാറ്റ് കയ്യിലെടുത്തു പതുക്കെ പുറത്തേക്ക് നടന്നു.

അച്ഛനും ഖദർധാരികളും അവിടെത്തന്നെ ഇരിക്കുന്നുണ്ട്.

"കണ്ണാ അവിടെ നിൽക്ക്." അച്ഛന്റെ ശബ്ദത്തിന് നല്ല കനമുണ്ട്.

കയ്യിലിരുന്ന ബാറ്റ് പതുക്കെ ഭിത്തിയിൽ ചാരിവച്ച് അച്ഛന്റെ നേരെ നോക്കി.

"നീ ഇലക്ഷനിൽ മത്സരിച്ചോടാ ?" അച്ഛന്റെ ചോദ്യം കേട്ട് ഞാൻ നടുങ്ങി വിറച്ചു.

വീട്ടിലറിയില്ലായെന്ന് പറഞ്ഞ് ഒൻപതാം ക്ലാസ്സിലെ രാജു ചേട്ടൻ ചെയ്യിപ്പിച്ച പണി വീട്ടിലറിഞ്ഞിരിക്കുന്നു.

കൈയും കാലും തളർന്നുപോകുന്നതു പോലെ തോന്നി. സ്‌കൂളിൽ മോണോ ആക്ടും മിമിക്രിയും അവതരിപ്പിച്ച് താരമായി നിൽക്കുന്ന രാജു.സി.വി എന്ന ചേട്ടൻ ഉച്ചയ്ക്ക് എന്റെ ക്ലാസ്സിനു മുന്നിലെത്തി എന്നെ പുറത്തേയ്ക്ക് വിളിച്ചിറക്കിയപ്പോൾ തോന്നിയ സന്തോഷവും അഭിമാനവും എല്ലാം അച്ഛന്റെ നോട്ടത്തിനു മുന്നിൽ ഒലിച്ചുപോയിരിക്കുന്നു.

"ചോദിച്ചതു കേട്ടില്ലേടാ.? നീ സ്‌കൂളിൽ ഇലക്ഷനു മത്സരിച്ചോടാ ?" അച്ഛന്റെ ശബ്ദം വീണ്ടും ഉയർന്നു.

"ഉം.." അച്ഛനു കഷ്ടിച്ചു കേൾക്കാൻ മാത്രം കഴിയുന്ന ശബ്ദത്തിൽ ഞാൻ മൂളി.

"ഏയ്. അവനെ വഴക്കൊന്നും പറയണ്ടാ മോഹനൻ ചേട്ടാ." താടിവച്ച ഖദർകാരൻ പറഞ്ഞു.

അപ്പൊ ഈ കാലമാടനാണ് ഞാൻ സ്‌കൂൾ ഇലക്ഷനിൽ മത്സരിച്ചു ജയിച്ച കാര്യം വീട്ടിൽ വന്നു പറഞ്ഞത്. പണി വന്ന വഴി എനിക്ക് പിടികിട്ടി.

"മോഹനൻ ചേട്ടാ, അവനോട് ഞാൻ കാര്യം പറയാം. ചേട്ടൻ ചൂടാവേണ്ട. അവനറിയാതെ പറ്റിയതായിരിക്കും." ഖദർധാരി അച്ഛനോടായി പറഞ്ഞു. തൽക്കാലം ഒരു ആശ്വാസം വന്നു.

"മോനേ, നാളെ സ്‌കൂൾ ലീഡർ തെരഞ്ഞെടുപ്പാണ്. മോൻ വോട്ടു ചെയ്താലേ നമ്മുടെ ആൾ ലീഡർ ആവുകയുള്ളൂ. മോൻ മോൻസിക്ക് വോട്ടു ചെയ്യണം." താടിക്കാരന്റെ അഭ്യർത്ഥന.

എനിക്ക് കണ്ണെടുത്താൽ കാണാൻ പാടില്ലാത്ത അലവലാതി മോൺസിക്ക് ഞാൻ വോട്ടു ചെയ്യണമെന്നാണ് താടിക്കാരന്റെ അഭ്യർത്ഥന.

ഞങ്ങൾ സ്‌കൂൾഗ്രൗണ്ടിൽ പന്ത് കളിക്കാൻ ചെല്ലുമ്പോൾ ഞങ്ങളെ ചീത്ത പറഞ്ഞ് ഗ്രൗണ്ടിന്റെ മൂലയിലേക്ക് ഓടിക്കുന്ന ഒരു മുഷ്‌കനാണ് മോൺസി.

"അവൻ വോട്ടു ചെയ്‌തോളും ഏലിയാസേ." അച്ഛൻ അവർക്ക് ഉറപ്പുകൊടുത്തു.

ചെയ്യില്ല എന്നുപറയാനുള്ള ധൈര്യം എനിക്കില്ലാത്തതു കൊണ്ട് ഒന്നും മിണ്ടാതെ നിന്നു.

"ഇനി മോൻ പോയി കളിച്ചോ." കൂടെയുണ്ടായിരുന്ന ഖദർകാരൻ പറഞ്ഞു.

ഞാൻ അച്ഛന്റെ മുഖത്തേയ്ക്ക് നോക്കി. വലിയ കുഴപ്പമില്ല. ചാരിവച്ച ബാറ്റ് എടുത്ത് പതുക്കെ ഞാൻ പുറത്തേയ്ക്കിറങ്ങി. അച്ഛന്റെ കൺവെട്ടത്തു നിന്നു മാറിയതിനു ശേഷം ഗ്രൗണ്ടിലേയ്ക്ക് പറപറന്നു.

രാജു.സി.വിയേയും മോൺസിയേയും താടിക്കാരൻ ഏലിയാസിനെയുമെല്ലാം ഞാൻ മറന്നു. സന്ധ്യയാകുന്നതു വരെ തകർത്തു കളിച്ച ശേഷം വീട്ടിലെത്തി.

മേലുകഴുകിയ ശേഷം ഹോം വർക്ക് ചെയ്യാൻ ബുക്കെടുത്ത് ഇരുന്നു.

"നീയെന്തിനാടാ ഇലക്ഷനിൽ മത്സരിച്ചത് ?" തീർന്നിട്ടില്ല. അമ്മയുടെ വക ചോദ്യം.

"ആറാം ക്ലാസ്സിലായിട്ടേയുള്ളൂ അപ്പൊഴേയ്ക്കും രാഷ്ട്രീയം കളിക്കാൻ എറങ്ങിക്കോണം."

ഇത്തരം സന്ദർഭങ്ങളിൽ മിണ്ടാൻ പാടില്ല എന്ന കാര്യം എനിക്കന്നേ അറിയാമായിരുന്നതു കൊണ്ട് വാ തുറന്നില്ല. അമ്മയുടെ വക കിട്ടാനുള്ളതു കിട്ടി.

കണക്കു മാഷ് പൈലിസാറാണ്. 'സൈക്കിൾ ചവിട്ടിക്കൽ' എന്ന കുപ്രസിദ്ധമായ പീഠനമുറ സ്‌കൂളിൽ സ്ഥിരമായി നടപ്പിലാക്കുന്ന അദ്ധ്യാപകൻ. ആ പീഠനം ഏൽക്കേണ്ടി വരാത്ത അപൂർവ്വം കുട്ടികളിലൊരാളായ ഞാൻ കണക്ക് ഹോം വർക്ക് കൃത്യമായി ചെയ്തു തീർത്തു. കാണാതെ പഠിക്കാനുള്ള മലയാളപദ്യഭാഗം തുറന്നുവച്ച് വെറുതെ അതിലേയ്ക്ക് നോക്കിയിരുന്നു. മലയാളം പഠിപ്പിക്കുന്നത് രാജമ്മ ടീച്ചറാണ്. കാര്യമായ പീഠനമുറകളൊന്നുമില്ല. ശാസനയിലും ഇമ്പോസിഷനിലും കാര്യം അവസാനിപ്പിക്കും.

"ചോറെടുത്തു വച്ചിരിക്കുന്നു. രണ്ടാളും വന്നു കഴിക്ക്." അമ്മയുടെ ശബ്ദം എന്നെ ചിന്തയിൽ നിന്നുണർത്തി.

ചോറുണ്ട് കൈകഴുകി കഴിഞ്ഞപ്പോഴേയ്ക്കും ഞാൻ കോട്ടുവാ ഇട്ടു തുടങ്ങി. ഒട്ടും താമസിയാതെ ഞാനെന്റെ കട്ടിലിൽ കയറി ചുരുണ്ടു കൂടി. 

നേരം പുലർന്നു. തലേന്നു കഴിഞ്ഞതെല്ലാം ഞാൻ മറന്നു. രാവിലത്തെ കാര്യങ്ങൾ എല്ലാം പൂർത്തിയാക്കി ഞാൻ സ്‌കൂളിലേയ്ക്ക് നടന്നു. സ്‌കൂൾ ഗേറ്റിന്റെയടുത്ത് മോൺസിയും കൂട്ടുകാരും നിൽക്കുന്നു.

"ഡാ.. ഇങ്ങോട്ടു വന്നേ." മോൺസി എന്നെ കൈകാട്ടി വിളിച്ചു.

അൽപ്പം പേടിച്ചിട്ടാണെങ്കിലും ഞാൻ അടുത്തേയ്ക്ക് ചെന്നു.

"ഇന്ന് അവസാനത്തെ പീരിയഡ് ഇലക്ഷനാണ്. വോട്ട് എനിക്ക് ചെയ്‌തേക്കണം. മനസ്സിലായോ?" മോൺസി എന്നെ വിരട്ടി.

ഞാൻ ചുറ്റും നോക്കി. രാജു ചേട്ടനോ കൂട്ടുകാരോ ആരും ആ പരിസരത്തില്ല. ഫസ്റ്റ് ബെല്ലടിച്ചു. ഞാൻ ഓടി ക്ലാസ്സിൽക്കയറി എന്റെ സീറ്റിലിരുന്നു.

പതിവു പോലെ ക്ലാസ്സുകളെല്ലാം നടന്നു. 3 മണിയായി. "ക്ലാസ്സ് ലീഡർ ദിലീപ്.കെ.എം ഓഫീസിലേയ്ക്ക് വരണം." പ്യൂൺ കൊണ്ടുവന്ന അറിയിപ്പ് രാജമ്മ ടീച്ചർ വായിച്ചു.

ഞാൻ ക്ലാസ്സിനു വെളിയിലേയ്ക്കിറങ്ങി സ്റ്റാഫ് റൂമിനടുത്തേക്ക് നടന്നു. ഹെഡ്മാസ്റ്ററുടെ മുറിയോടു ചേർന്നുള്ള വലിയ ക്ലാസ്സ് റൂമിനു മുന്നിൽ കുട്ടികൾ കൂട്ടം ചേർന്നു നിൽക്കുന്നു. രാജു ചേട്ടനും മോൺസിയും ഒക്കെയുണ്ട്. ഞാൻ ആരോടും പരിചയഭാവം കാണിക്കാതെ ക്ലാസ്സിൽക്കയറി ഒരു ബെഞ്ചിന്റെ മൂലയ്ക്ക് സ്ഥാനം പിടിച്ചു. 

ഏറെ താമസിച്ചില്ല. രാജു ചേട്ടൻ എന്റെ തൊട്ടടുത്ത് വന്നിരുന്ന് എന്നോട് സംസാരിച്ചു തുടങ്ങി. വോട്ടു ചെയ്യുന്ന കാര്യം ഒന്നുപറയുന്നില്ല. ഹെഡ്മാസ്റ്ററും രണ്ടുമൂന്ന് അദ്ധ്യാപകരും ബാക്കി വിദ്യാർത്ഥികളും ക്ലാസ്സിലേക്ക് കയറി വന്നു. ഓരോ ക്ലാസ്സുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ലീഡർമാരായിരുന്നു വിദ്യാർത്ഥികളെല്ലാവരും.

വോട്ടു ചെയ്യേണ്ട രീതിയേക്കുറിച്ചെല്ലാം ഹെഡ്മാസ്റ്റർ വിശദീകരിച്ചു പറഞ്ഞു തന്നു. 

സ്‌കൂൾ ലീഡറായി രണ്ടുപേരാണ് മത്സരിക്കുന്നത്. ഒന്ന് രാജു.സി.വി, രണ്ട് മോൺസി. നിങ്ങൾ വോട്ടു ചെയ്യുന്നവരുടെ പേര് പേപ്പറിൽ എഴുതി ആ മേശപ്പുറത്തിരിക്കുന്ന പെട്ടിയിൽ ഇടണം.

പത്ത്, ഒൻപത്, എട്ട് എന്നിങ്ങനെ മുകളിലെ ക്ലാസ്സുകളിൽ നിന്നും താഴോട്ടുള്ള ക്രമത്തിലാണ് പേരു വിളിക്കുന്നത്. ആറാം ക്ലാസ്സുകാരുടെ പേര് വിളിച്ചു തുടങ്ങി.

എന്റെ ചങ്കിടിപ്പും കൂടി. ഹെഡ്മാസ്റ്റർ ഉറക്കെ എന്റെ പേരു വിളിച്ചു. 

"ദിലീപ്.കെ.എം."

ഞാൻ പതുക്കെ എഴുന്നേറ്റ് സാറിന്റെ അടുക്കലേക്ക് ചെന്നു. വോട്ടു ചെയ്യാനുള്ള പേപ്പർ കഷണം വാങ്ങി. വോട്ടു ചെയ്യാൻ ക്രമീകരിച്ചിട്ടുള്ള സ്ഥലത്ത് ചെന്ന് നിക്കറിന്റെ പോക്കറ്റിൽ നിന്നും പേനയെടുത്ത് എഴുതി.

'രാജു.സി.വി.'

പേപ്പർ കഷണം മടക്കി ഹെഡ്മാസ്റ്ററിന്റെ മുന്നിലിരിക്കുന്ന മേശയിൽ കൊണ്ടുചെന്ന് ഇട്ട ശേഷം എന്റെ സീറ്റിൽ മടങ്ങിപ്പോയി ഇരുന്നു.

അൽപ്പസമയത്തിനകം വോട്ടെടുപ്പ് പൂർത്തിയായി. ഞങ്ങൾ ചെറിയ കുട്ടികൾ എല്ലാവരും അവരവരുടെ ക്ലാസ്സുകളിലേക്ക് മടങ്ങി. രാജു ചേട്ടനും മോൺസിയും അടക്കമുള്ളവർ അവിടെത്തന്നെ നിന്നു.

കുറച്ചുകഴിഞ്ഞപ്പോൾ ഉച്ചത്തിൽ മുദ്രാവാക്യം വിളികൾ കേട്ടു തുടങ്ങി.

"ഈങ്ക്വിലാബ് സിന്ദാബാദ്

എസ്എഫ്‌ഐ സിന്ദാബാദ് "

മുദ്രാവാക്യം വിളി തുടങ്ങി മിനിട്ടുകൾക്ക് കൂട്ടമണി അടിച്ചു. കുട്ടികൾ എല്ലാവരും ബാഗുമെടുത്ത് പുറത്തേക്കോടി. അവരുടെ കൂടെ ഞാനും. സ്‌കൂൾ ഗേറ്റിന്റെ അരികിൽ ഞാൻ ചെന്നു നിന്നു. രാജു ചേട്ടന്റെ ഒരു കൂട്ടുകാരൻ ഓടി വന്ന് എന്റെ കൈപിടിച്ച് ആ പ്രകടനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. പ്രകടനത്തിന്റെ പിൻഭാഗത്ത് ഞാൻ നിന്നു. 

ഉച്ചത്തിൽ വീണ്ടും വീണ്ടും മുദ്രാവാക്യം മുഴങ്ങുകയാണ്.

"സ്വാതന്ത്ര്യം, ജനാധിപത്യം,

സോഷ്യലിസം സിന്ദാബാദ്

എസ്എഫ്‌ഐ സിന്ദാബാദ്" 

കേട്ട മുദ്രാവാക്യങ്ങൾ ആവേശപൂർവ്വം ഏറ്റുവിളിച്ച് ഞാൻ അവരോടൊപ്പം നടന്നു.

കവലയിൽ എത്തിയപ്പോൾ ഇടതുവശത്ത് മുകളിലായി കോൺഗ്രസ് ഓഫീസിനു മുന്നിലായി ഒരു കൂട്ടം ഖദർധാരികൾ നിൽക്കുന്നു.അന്നു വീട്ടിലെത്തിയവർ രണ്ടുപേരും എന്നെത്തന്നെയാണ് ശ്രദ്ധിക്കുന്നത്. അവരുടെ കണ്ണിൽപ്പെടാതിരിക്കാൻ ഞാൻ പ്രകടനത്തിന്റെ ഉള്ളിലേക്ക് കയറിനിന്നു.

പിന്നീടാണ് കാര്യങ്ങളൊക്കെ എനിക്ക് മനസ്സിലായത്. ഒരു വോട്ടിനാണ് എസ്എഫ്‌ഐ ജയിച്ചിരിക്കുന്നത്. എന്റെ ഒരു വോട്ടിന്റെ വില അത്രയ്ക്ക് വലുതായതു കൊണ്ടാണ് കോൺഗ്രസ്സിന്റെ നേതാക്കൾ വീട്ടിലെത്തി അച്ഛനെ കണ്ടത്. 

ഞാൻ 'പണി തന്നു' എന്ന്‌ എസ്എഫ്‌ഐയുടെ വിജയത്തോടു കൂടി അച്ഛനും കോൺഗ്രസ്സിന്റെ നേതാക്കൾക്കും മനസ്സിലായി. എന്തോ എന്റെ ഭാഗ്യം, പിന്നീട് വീട്ടിൽ അക്കാര്യം ചർച്ചയ്ക്ക് വന്നില്ല.

അങ്ങനെ രാജു.സി.വി എന്ന ചേട്ടനോടുള്ള ഇഷ്ടം ഞാൻ അറിയാതെ എന്നെ ഒരു എസ്എഫ്‌ഐക്കാരനാക്കി എങ്കിലും എന്റെ ഇലക്ഷനും സ്‌കൂളിലെ രാഷ്ട്രീയവും അന്നത്തോടെ നിലച്ചു.

പിന്നീട് നിരവധി വർഷങ്ങൾ കഴിഞ്ഞാണ് എസ്എഫ്‌ഐ എന്താണെന്നു ഞാൻ മനസ്സിലാക്കുന്നതും എസ്എഫ്‌ഐയുടെ സജീവ പ്രവർത്തകനായി മാറുന്നതും.

അന്ന് ആ പ്രകടനത്തിന്റെ പിന്നിൽ നിൽക്കുമ്പോൾ മുൻനിരയിൽ ഉയർന്നു പാറിയിരുന്ന ചുവന്ന നക്ഷത്രം വരച്ച ആ വെള്ളക്കൊടി എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് ഞാനന്ന്‌ കരുതിയിരുന്നില്ല.

Tags: 
sfi
Tweet