ഹിമാലയൻ വിശേഷങ്ങൾ

ഹിമാലയൻ വിശേഷങ്ങൾ

 
അസ്ത്യുത്തരസ്യാം ദിശി ദെവതാത്മൊ
ഹിമാലയോ നമ   നഗാധി രാജ
എന്ന കാളിദാസ വർണ്ണനയാണ്  ഹിമാവാനെ സംബന്ധിച്ച്  എന്നും മനസ്സിൽ  മനസ്സിൽ പതിഞ്ഞു കിടന്നിരുന്നത്.
പെട്ടൂ  മോളെ പെട്ടൂ

ഹിമാലയൻ യാത്രയുടെ  പ്രത്യേകത അതിന്റെ ആകസ്മിത ആണ്
ആടുണ്ടോ അറിയുന്നു അങ്ങാടി വാണിഭം എന്നത് പോലെ ആണ് എന്റെ കാര്യങ്ങൾ.
ഒരു ദിവസം ഒന്ന് ബംഗ്ലൂർ പോയി
പിന്നൊരിക്കൽ,20 കൊല്ലം മുൻപ് ഒന്ന്   മൈസൂർ പോയി
ഒരു ഓഫീസ് ട്രിപ്പ്‌ ചെന്നൈക്ക്
ബിസിനെസ്സ് ആവശ്യത്തിനു ഒരു ഡൽഹി യാത്ര
അത്രയുമേ  കേരളത്തിനു വെളിയിൽ  ഇന്നേ വരെ പോയിട്ടുള്ളൂ

അസ്ത്യുത്തരസ്യാം ദിശി ദെവതാത്മൊ
ഹിമാലയോ നമ   നഗാധി രാജ

എന്ന കാളിദാസ വർണ്ണനയാണ്  ഹിമാവാനെ സംബന്ധിച്ച്  എന്നും മനസ്സിൽ  മനസ്സിൽ പതിഞ്ഞു കിടന്നിരുന്നത്

ഒരിക്കലെങ്കിലുംഹിമാലയം  ഒന്ന് കാണണം  എന്നൊരു മോഹം പണ്ടെക്കും പണ്ടേ  മനസ്സിൽ  ഉണ്ടായിരുന്നൂ  താനും
അങ്ങിനെയാണ് ഹിമാചൽ പ്രദേശിലെ കുഫ്രിയിൽ  എത്തിയത്
21 ടൂറിസ്റ്റുകളും  ഗൈഡ് ശ്രീമാൻ ഒസ്കാറും , താടി വടിച്ച   പരിമെന്ദർ സിംഗ് എന്ന ഡ്രൈവറും ,ഉച്ചിയിൽ  കുടുമയുള്ള പ്രമോദ് എന്ന ചെറുപ്പക്കാരനായ കിളിയും ആണ് സംഘത്തിൽ  ഉണ്ടായിരുന്നത്
കുടുമയുള്ളതിനാൽ  ഞങ്ങൾ അവനെ കുടുമി എന്നാണു വിളിച്ചിരുന്നതും
ഓസ്‌കാർ നേവിയിൽ നിന്നും പോന്ന ഒരു നാവികനാണ്
നല്ല ധൈര്യവും നേതൃത്ത്വ പാടവവും ദൈവ വിശ്വാസവും പോസിറ്റീവ് തിങ്കിങ്ങ്ങ്ങും ഒക്കെ ഉള്ള  വ്യക്തി
ഈ മേഖലയിൽ  നല്ല അറിവും സ്ഥല പരിചയവും ഉള്ള ആളാണ്‌ അദ്ദേഹം.


കുഫ്രി
ഒരിക്കലും മറക്കാനാവാത്തതയിരുന്നു ഞങ്ങളുടെ കുഫ്രി സന്ദർശനം
സിംലയിൽ നിന്നുമാണ്   ഞങ്ങൾ കുഫ്രിയിൽ എത്തിയത്
സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 9000 അടി ഉയരത്തിൽ  ഒരു ചെറിയ പട്ടണം അതാണ്‌   കുഫ്രി
ദേശീയ പാത 22ന്ന്റെ  അരികിൽ സ്ഥിതി ചെയ്യുന്നു
മഞ്ഞിൽ ഉറഞ്ഞു പോയ ഒരു  ചെറു പട്ടണം നമ്മെ ഓർമ്മിപ്പിക്കുക ആ പഴയ  നാടോടി ക്കഥയാണ്.
ദുർ മന്ത്ര വാദിനിയുടെ ശാപമേറ്റു ഉറങ്ങി ശിലപോലെയായ ആ നഗരവും രാജകുമാരിയും പോലെ.ഏതോ മാന്ത്രിക സ്പര്ശം കാത്തു കിടക്കുന്ന ശിലപോലെ ...തണുത്തു ഉറഞ്ഞു നിർജ്ജീവമായിപോയ പട്ടണം
മഞ്ഞു മാസങ്ങളിൽ ഉരുളക്കിഴങ്ങ് പാടങ്ങൾക്ക് നടുവിലെ ഒരു നാട്ടു വഴിയിലൂടെ സ്കെറ്റു  ചെയ്യ് നീങ്ങാം.അതാണ്‌ ഈ  പർവത വാസികളുടെ ഒരു മഞ്ഞു കാല വിനോദം.

മഹാസു കൊടുമുടി
മഹാസു കൊടുമുടി ആയിരുന്നു  ഞങ്ങളുടെ ലക്‌ഷ്യം
അങ്ങോട്ടേക്ക് പോകാൻ  ഉള്ള ഏക മാർഗം ഒരു ചെറിയ റോഡു മാത്രമാണ്
റോഡ്‌ എന്ന് പറയുമ്പോൾ നിങ്ങളുടെ മനസ്സിൽ വരുന്നത് എന്താണ് എന്നെനിക്കറിയാം .
.അല്ലെ അല്ല
കല്ലുകൾ  പൊങ്ങി നിൽക്കുന്ന  ഇടയ്ക്കു വെള്ളം കെട്ടി നിൽക്കുന്ന ഒരു ഇടുങ്ങിയ വഴി
 സഞ്ചാരികളെ അവിടെ എത്തിക്കാൻ ഏതാണ്ട് 1400 കുതിരകൾ ഉണ്ട്.
അവ അങ്ങോട്ടും  ഇങ്ങോട്ടും കൂട്ടം കൂട്ടമായിട്ട് കയറി ഇറങ്ങി നടന്നു മഞ്ഞു മൂടിയ വഴിത്താര കുണ്ടും കുഴിയും നിറഞ്ഞു   യാത്ര തീർത്തും ദുർഘട മായി ത്തീർന്നിരുന്നു
മഹാസു കൊടിമുടിയിൽ എത്താൻ ഏതാണ്ട്   ഒന്നര മണിക്കൂർ  കുതിരപ്പുറത്തു കയറി ഈ വഴിയിലൂടെ യാത്ര ചെയ്യണം
കുതിരപ്പുറത്തും മഞ്ഞിലും യാത്ര ചെയ്യാൻ യോജിച്ച വലിയ റബർ ഗം ബൂട്ടും ധരിച്ചു ഞങ്ങൾ കുതിരപ്പുറത്തു കയറാൻ തയ്യാർ ആയി.
നാല് കുതിരകൾ ,അവയ്ക്ക് നാലും കൂടി ഒരു കുതിരക്കാരൻ
ഡോക്ടർ എന്നറിയപ്പെടുന്ന ഒരു 48  കാരൻ ആയിരുന്നു ഞങ്ങളുടെ സാരഥി
ആദ്യം പുഷ്പ കയറിയ പെണ്‍കുതിര ബിജലീ
പിറകിൽ എന്നെ കയറ്റിയ ആണ്‍ കുതിര .ബാദുഷ
എനിക്ക്  പിറകിൽ  ആതിരയുടെ പെണ്‍ കുതിര ..
അവളിത്തിരി  പിശകാണ് എന്ന് പിന്നീടറിഞ്ഞു

ഞങ്ങൾ  യാത്രക്ക് തയ്യാർ എടുത്തു
പുഷ്പ്പയെ അയാൾ  എളുപ്പം കുതിരപ്പുറത്തു കയറ്റി
എന്നാൽ എനിക്ക് വന്നപ്പോൾ കാര്യം കുറച്ചു കൂടി ബുദ്ധിമുട്ടായി എന്ന് പറഞ്ഞാൽ മതിയല്ലോ
നല്ല ഉയരമുള്ളതാണ് എന്റെ കുതിര
താഴേക്ക് തൂങ്ങി  ക്കിടക്കുന്ന ഒരു ബെൽറ്റിൽ കാൽ കുരുക്കി പൊങ്ങി ക്കയറിയാൽ മതി
ജീൻസ് അല്പ്പം മുറുക്കമുള്ളതാണ്
കാരണം രണ്ടു വൂളെൻ പാന്റുകൾ അതിന്റെ അടിയിൽ ഇട്ടിട്ടുണ്ട്
കൂടെ ഗം ബൂട്ടിന്റെ വഴങ്ങായ്കയും
എനിക്ക് അങ്ങ് പൊങ്ങാൻ സാധിച്ചില്ല
ഡോകടറും ഞാനും കൂടി ആഞ്ഞു പിടിച്ചു ഒരു വിധം കുതിരപ്പുറത്തു കയറി.  എന്റെ തോളൊപ്പൊം ഉയരമുള്ള ആ കൊച്ചു മനുഷ്യൻ എന്നെ ഒരു വിധം എടുത്തു  ഉയർത്തി അവിടെ എത്തിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ
നെഞ്ചിൽ  ഇടതു ഭാഗത്ത് മുലയുടെ  അടിയിൽ ഒരു കൊളുത്തി പ്പിടുത്തം വന്നു
എന്റെ ഒരു "ആക്കില്ലസ് ഹീൽ "ആണ് അവിടം
സ്ഥിരം ഉളുക്കുന്ന സ്ഥലം
ഉളുക്കിയാൽ  ആ ഭാഗം ഏതാണ്ട് മരിച്ചു പോകുന്ന രീതിയിൽ ഉള്ള ഒരു വേദന ആണ് ഫലം
രാവിലെ ഒരു പാരസിറ്റമോൾ കഴിച്ചതാണ്
എന്നിട്ടും വേദന വന്നപ്പോൾ ഭയന്ന് പോയി
യാത്ര  മുഴുവൻ ഇത് നിന്നാൽ താങ്ങാൻ കഴിയില്ല എന്നൊരു ഭയം മനസ്സിൽ കൊടുംകാറ്റു പോലെ വന്നു
വേണ്ടിയിരുന്നില്ല എന്നാദ്യമായി തോന്നി
അത് സത്യ മാവുകയും ചെയ്തു.


ആ കുതിര സവാരി
വേണ്ടത്രഗൃഹപാഠം  ചെയ്യാത്ത എടുത്തു ചാടി ചെയ്യുന്ന തീരുമാനങ്ങൾ പലപ്പോഴും എന്നെ കുഴപ്പത്തിൽ   ചാടിച്ചിട്ടുണ്ട് . ഇത്ര കഠിനമായ   ഒരു അബദ്ധം ആദ്യമായാണ് പറ്റുന്നത് .ഒന്ന് തുമ്മിയാൽ ഗൂഗിൾ സേർച്ച്‌ ചെയ്യുന്ന തരക്കാരാണ് ഞങ്ങൾ .വീട്ടിൽ മക്കൾ അടക്കം എല്ലാവരും കമ്പ്യൂട്ടർ വിദഗ്ധർ ആണ് താനും .എന്നിട്ടും ഞങ്ങൾ ആരും ഈ കുതിര സവാരിയെ  കുറിച്ച് അന്വേഷിച്ചതെ ഇല്ല .. .അപകടകരമാണ് ഈ റോഡും കുതിര യാത്രയും എന്ന് ഗൂഗിളിൽ  ശുദ്ധ ഇംഗ്ലീഷിൽ മുന്നറിയിപ്പ് ഉണ്ടായിരുന്നു .അത് ആരും കണ്ടില്ല .വണ്ടിയിൽ കയറി കഴിഞ്ഞാണ്  അന്നത്തെ ഡസ്റ്റിനെഷൻ  ഏതാണ് എന്ന് പറയുക പതിവ് .അത് കൊണ്ട് പോകുന്ന സ്ഥലത്തെ കുറിച്ച്  മുൻകൂട്ടി വായിച്ചു നോക്കാൻ ഒന്നും പാവം യാത്രക്കാർക്ക്  കഴിയുകയില്ല .

ആ കുതിര യാത്രയെ ക്കുറിച്ച് പറയാം .
കുതിരകൾ  പതുക്കെ മുന്നോട്ടു നീങ്ങി .മെയിൻ റോഡിൽ നിന്നും ഒരു ഇടവഴിയിലേക്ക് തിരിഞ്ഞു .മുൻപേയുള്ള കുതിരകൾ ആ വഴിയിലേക്ക് കയറുന്നത് കണ്ടപ്പോഴേ  നെഞ്ചു ഒന്ന് കാളി .കാരണം  .വഴി .ചെരിഞ്ഞാണ്‌ കിടക്കുന്നത് .ചെളിയും വെള്ളവും നിറഞ്ഞു കിടക്കുന്നു .മുൻപേ പോകുന്ന കുതിരകളുടെ കാലുകൾ  ഉറച്ചു പോയ  മഞ്ഞിൽ വഴുതുന്ന പേടിപ്പെടുത്തുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത് .ആ മലമ്പാത മഞ്ഞിൽ ഉറഞ്ഞു പോയിരിക്കുന്നു .രാവിലെ 10 മണിയാണ് സമയം .മഞ്ഞു കുറേശ്ശെ ഉരുകി  തുടങ്ങിയിട്ടുണ്ട് ..അത് ചാല് വച്ച് ഒഴുകി ഇടവഴിയുടെ നടുക്ക് ഒരു തോട് രൂപം കൊണ്ടിരിക്കുന്നു .അരികിൽ  ചിലസ്ഥലങ്ങളിൽ  ഒരു കുതിരക്കു പോകാൻ അൽപ്പം  സ്ഥലമുണ്ടാവും. എങ്കിലും കുതിരകളുടെ കാലുകൾ. ഈ തോടിലേക്ക്  തെന്നിപ്പോവും.മുൻപ് പോയ കുതിരകളുടെ ചാണകവും മൂത്രവും വഴിയിൽ ഉടനീളം ഉണ്ട് ..കുനുകുനെ മഞ്ഞു പെയ്യുന്നു 

കുതിരക്കാരനുമായി ലോഹ്യമായി . അറിയാവുന്ന ഹിന്ദിയിൽ  സംസാരം തുടങ്ങി .ഹിന്ദിയിലെ വാക്കുകളും അർഥങ്ങളും ഒക്കെ അറിയാം .
എന്നാൽ സ്ത്രീലിംഗത്തിൽ ചോദിക്കേണ്ടുന്ന ചോദ്യങ്ങൾ മറ്റേ ലിംഗത്തിൽ ആകും എന്നതാണ് ഒരു കുഴപ്പം.അത് കൊണ്ട് ഹിന്ദിയിൽ അത്ര സംസാരം എനിക്കിഷ്ട്ടമല്ല .
ജീവൻ നില നിർത്തുകയാണോ വ്യാകരണ ശുദ്ധി നില നിർത്തുകയാണോ വേണ്ടത് എന്നൊരു സുപ്രധാന ചോദ്യമാണ്
ജീവനാണല്ലോ പ്രധാനം .അത് കൊണ്ട് പുള്ളിയോട് മുറി ഹിന്ദിയിൽ സംസാരിച്ചു കൂട്ടായി
ദേവേന്ദ്ര സിംഗ് എന്നാണു കക്ഷിയുടെ .പേര് 48 വയസ്സേ ഉള്ളൂ .എങ്കിലും മുഖത്തു നിറയെ ചുളിവുകൾആണ്.മഞ്ഞിൽ  ജീവിക്കുന്നവർക്ക് മുഖം എപ്പോഴും മൂടുക അസാദ്ധ്യമാണല്ലോ .കടുത്ത തണുപ്പിനെ പ്രതിരോധിച്ചു അവരുടെ മുഖത്തു ആഴങ്ങളിൽ ഉള്ള ചുളിവുകൾ രൂപം കൊള്ളുന്നത്‌ സാധാരണമാണ്
കുഫ്രിയിൽ നിന്നും 10 കിലൊമീറ്റർ അകലെ ഒരു ഗ്രാമത്തിൽ ആണ് താമസം
ഭാര്യയും മൂന്നു മക്കളും മകളെ വിവാഹം ചെയ്യിച്ചയച്ചു .ആണ്‍ മക്കളിൽ ഒരാള് ബിരുദം എടുത്തു ഡൽഹിയിൽ ജോലി ചെയ്യുന്നു .രണ്ടാമൻ ഡിഗ്രിക്ക് പഠിക്കുന്നു .സിംഗിന്റെ അല്ല കുതിരകൾ  .  മുതലാളിക്കു 180 കുതിരകൾ ഉണ്ട്.
ഡോക്ടർ സീനിയർ ആണ് ..22 വർഷമായി ഈ തൊഴിലിൽ ആണ് .മാസം 12000 രൂപ ആണ് ശമ്പളം ..നാല് കുതിരയെ ഒരുമിച്ചു കൊണ്ട് പോകുന്നത് കൊണ്ട് ആണ് ഇത്ര വേതനം കൂടുതൽ .. സാധാരണ ഗതിയിൽ 4000 രൂപ മുതൽ 7000 വരെ ആണ് വേതന നിരക്ക് ..
ഇത് കൊണ്ട് കുടുമ്പം കഴിഞ്ഞു പോകുമോ എന്ന് ചോദിച്ചപ്പോൾ വീട്ടിൽ  നാലഞ്ചു പശുക്കൾ ഉണ്ട് ..അത് കൊണ്ടും കൂടി സുഖമായി ജീവിക്കുന്നു എന്നാണയാൾ മറുപടി പറഞ്ഞത്
10 വയസോക്കെയുള്ള കുട്ടികൾ കുതിരകളെയും കൊണ്ട് മുകളിൽ പോകുന്നുണ്ടായിരുന്നു ..അപ്രേന്റിസുകൾ ആണ് അവർ .
ഞാൻ അങ്ങേരോട് എന്റെ ഭയം തുറന്നു പറഞ്ഞു
വഴിക്ക് വലിയ വഴുക്കൽ ഉണ്ട്.കുത്തനെ കയറ്റം ആണ് .ആരെങ്കിലും താഴെ വീണിട്ടുണ്ടോ
അങ്ങേരു മറുപടി പറഞ്ഞു
ദീദി ഭയക്കേണ്ട .ഞങ്ങൾ സ്ത്രീകളേയും കുട്ടികളെയും വീഴിക്കില്ല .വീഴാൻ അനുവദിക്കില്ല . വലിയ ശരീര ഭാരമുള്ള നഗരത്തിലെ പുരുഷന്മാരാണ് വീഴുക പതിവ്
വീണ്ടും ഒന്ന് ഞെട്ടി ..അപ്പോൾ ആളുകൾ വീഴാറുണ്ടല്ലേ  എന്നാ ചോദ്യത്തിന് എല്ലാം ദൈവത്തിന്റെ കൈകളിൽ അല്ലേ എന്നൊരു മറുപടിയാണ് കിട്ടിയത്.


എനിക്കീ  യാത്ര അങ്ങ് ഇഷ്ട്ടമായി കേട്ടോ ഉമേ
എന്ന പുഷ്പയുടെ ഒരു പ്രസ്ഥാവന അപ്പോഴാണ്‌ വന്നത് ..ഞാനും സിങ്ങുമായി സംസാരിച്ചതൊന്നും പുഷ്പ്പക്ക് മനസിലായിട്ടില്ല .നന്നായി എന്ന് മനസ്സിൽ ഓർത്തു .കാരണം എന്റെ പിറകിൽ ഉള്ള കുതിരപ്പുറത്തു പുഷ്പ്പയുടെ മകനും മകളും ആണ് കയറി ഇരിക്കുന്നത് .20 വയസും 25 വയസും ഉള്ള രണ്ടു ശിശുക്കൾ .ലോകം കാണാത്ത പിഞ്ചു കുഞ്ഞുങ്ങൾ എന്ന് നിസംശയം പറയാവുന്ന രണ്ടു നിഷ്ക്കളങ്കർ .അമ്മ പറഞ്ഞത് കേട്ട് ഉടുപ്പും പെട്ടിയും  എടുത്തു യാത്രക്ക് പോന്നവരാണ്  അവർ .ഈ കുഴപ്പമൊന്നും പുഷ്പ അറിഞ്ഞിട്ടില്ല .ആ മനോ സൌഖ്യം അങ്ങിനെ തന്നെ നില്ക്കട്ടെ എന്ന് കരുതി .എന്തായാലും പെട്ടു .ഇനി പിടയ്ക്കുക തന്നെ .
എത്ര സമയം എടുക്കും മുകളിൽ എത്താൻ എന്ന് ചോദിച്ചപ്പോൾ ഏതാണ്ട് ഒന്നര മണിക്കൂർ ആകും എന്നാണു മറുപടി കിട്ടിയത് .വേറെ ഏതെങ്കിലും വഴിയുണ്ടോ മുകളിൽ എത്താൻ എന്ന് ചോദിച്ചപ്പോൾ  ഇല്ല എന്ന അതി ക്രൂരമായ മറുപടി കിട്ടി .മനസ് ഇടിഞ്ഞു
കുതിര കാലു തെന്നിയും ആടിയും ഉലഞ്ഞും പതുക്കെ മുന്നോട്ടു നീങ്ങുകയാണ്
മുകളിൽ നിന്നും കുതിരകൾ ധാരാളം താഴേക്കു വരുന്നുണ്ട് ..ഞങ്ങളുടെ കുതിരകൾ പതുക്കെയാണ് പോകുന്നത് .
എന്റെ ശ്രീമാൻ താഴെ ബസിൽ ഇരിക്കുകയാണ് .ഞാൻ വരുന്നില്ല എന്ന് അണ്ണൻ തീർത്തു പറഞ്ഞു .അത് നന്നായി .കാരണം ഈ ടെൻഷൻ അണ്ണന്റെ ഹൃദയം സഹിക്കുമായിരുന്നില്ല തന്നെ .എന്നാൽ പുഷ്പയുടെ ഭര്ത്താവ് മുകുന്ദൻ പിറകിൽ എവിടെയോ ഉണ്ട്.പാവം എന്ത് ചെയ്യുന്നോ ആവോ എന്ന് മനസ്സിൽ ഭയം തോന്നുകയും ചെയ്തു;
""ബായ് സാബ് ഈ വഴി എന്താണ് റിപ്പയർ ചെയ്യാത്തത് ..ഈ കല്ലൊക്കെ എന്താ ഇങ്ങനെ  കുത്ത നെ വഴിയുടെ നടുക്ക് നില്ക്കുന്നത്.ഇതൊക്കെ വെട്ടി നിരത്തി കൂടെ""
""ദീദി ഇതൊന്നും കല്ലുകൾ അല്ല ..മഞ്ഞു കട്ടപിടിച്ചു ഇരിക്കുന്നതാണ് .വേനലിൽ ഇതൊന്നും ഇവിടെ ഉണ്ടാവില്ല .ഇപ്പോൾ മഞ്ഞിന്റെ കാലമല്ലേ .കുതിരയുടെ കാൽ തെന്നുന്നത് കണ്ടില്ലേ .മൂന്നു നാല് അടി കനത്തിൽ മഞ്ഞു കട്ട പിടിച്ചു കിടക്കുകയാണ്"
മനസ് വീണ്ടും ഇടിഞ്ഞു .ആദ്യത്തെ അപകടം ഉണ്ടായത് പിന്നീടാണ്
എന്റെ കുതിര ആതിരയുടെ കുഞ്ഞി ക്കുതിരയെ ഒരു തൊഴി തൊഴിച്ചു
ഞാനും ആതിരയും ഒരുമിച്ചു ഉറക്കെ അമ്മെ എന്ന് വിളിച്ചു
താഴെ വീണു പോയി എന്ന് തന്നെ തോന്നി
അയാൾ  പിറകിൽ വന്നു കുഞ്ഞി ക്കുതിരയെ കുറച്ചു ഗുണ ദോഷിച്ചു ,ശാസിച്ചു .മലയാളം അറിയുമായിരുന്നെങ്കിൽ ഞാൻ ആ കുതിരക്ക് കുതിരകളുടെ പെരുമാറ്റ ചട്ടങ്ങളെ ക്കുറിച്ച് ഒരു ക്ലാസ് എടുത്തു കൊടുക്കുമായിരുന്നു .വലിയ പോത്തുകളെ വരെ നമ്മൾ നിയമം പഠിപ്പിച്ചിട്ടുണ്ട്.പിന്നെയാണ് ഒരു കുഞ്ഞി ക്കുതിര .എന്ത് ചെയ്യാം ..കുതിരക്കു മലയാളം അറിയില്ലല്ലോ .

ഭാഗം 3
എന്തായാലും കുതിര ഒന്നടങ്ങി
ഞങ്ങൾ പതുക്കെ കയറ്റം കയറി പോവുകയാണ്
മുകളിൽ  നിന്നും ഇതാ കുറച്ചു കുതിരകൾ  നല്ല വേഗത്തിൽ ഇറങ്ങി വരികയാണ്
ഞങ്ങൾക്ക് വഴി  തീരെ ഇല്ലാതായി .എന്റെ കുതിര വശത്തേക്ക് ഒതുങ്ങി .മുകളിൽ ഇരിക്കുന്ന എന്റെ കാലു വശത്തെ മതിലിൽ നല്ല ഊക്കോടെ ഒരിടി ഇടിച്ചു   .നക്ഷത്രം എണ്ണുക എന്ന് പറഞ്ഞാൽ എന്താണെന്ന് അപ്പോൾ തന്നെ അറിഞ്ഞു
രണ്ടു തെർമൽ  പാന്റും മീതെ ഒരു ജീൻസും ഉണ്ടായിരുന്നത് കൊണ്ട് തൊലി പൊളിഞ്ഞു ഇറങ്ങി വന്നില്ല .നല്ലസ്സലായി വേദനിച്ചു
അമ്മെ എന്നൊരു വിളി ഉയർന്നു
ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ പിറകിൽ ഭീകരമായ ഒരു കാഴ്ച കണ്ടു
ഓടി ഇറങ്ങിപ്പോകുന്ന കുതിരക്കൂട്ടത്തിന്റെ തട്ട് കൊണ്ട് കയറ്റം കയറുന്ന മറ്റൊരു കുതിര തെന്നി താഴെ വീണു ..ആ കുതിരയുടെ മുകളിൽ  ഇരുന്നത് ഞങ്ങളുടെ തന്നെ കൂട്ടത്തിലെ  നല്ല തണ്ടും  തടിയും ആരോഗ്യവും ഉള്ള ഒരു കന്നടക്കാരൻ ആണ്
വീണിതല്ലോ കിടക്കുന്നു ധരണിയിൽ സ്വറ്ററുമണിഞ്ഞയ്യോ ശിവ ശിവ
എന്ന് പറഞ്ഞ പോലെ അങ്ങേർ അതാ
താഴെ മലർന്നു കിടക്കുന്നു .കുതിര വിരണ്ടു പൊങ്ങി നിൽക്കുന്നു . ഒരു വല്ലാത്ത സ്വരത്തിൽ ചിനക്കുന്നും ഉണ്ട്
ഒരു സ്കൂളിലെ പ്രധാനാദ്ധ്യാപകൻ ആണ് കക്ഷി .ദത്താത്രേയൻ .50 നു മേൽ  പ്രായം കാണും
വ്യായാമം ചെയ്തു ഉറച്ച തന്റെ ശരീരം മാഷ് നിമിഷാർദ്ധം കൊണ്ട് പൊക്കി എടുത്തു .രണ്ടു കാലിൽ  നിന്ന്..ആരൊക്കെയോ ഓടി കൂടി
ഞങ്ങൾ മുന്നോട്ടു തന്നെ പോയി ..കാണേണ്ടിയിരുന്നില്ല ആ കാഴ്ച എന്ന് ഉടനെ തന്നെ മനസിലായി
കയ്യും കാലും എല്ലാം നന്നായി വിറയ്ക്കുന്നു .തല കറങ്ങുന്ന പോലെ ഒരു തോന്നൽ .സങ്കടവും വന്നു
പെട്ടു പോയി എന്നത് ഒരു പ്രയോഗം അല്ല
നിതാന്ത സത്യം ആണ് എന്ന് മനസിലായി
കാലിലെ വേദന, ഭയം ,നല്ല തണുപ്പ് ,വഴുതുന്ന വഴി ..
മനസ് നേരെ നിൽക്കുന്നില്ല
യോഗയിലെ മനസ് ജാഗ്രതയോടെ ഇരിക്കാൻ സഹായിക്കുന്ന ഓംകാര മന്ത്രം മനസിൽ ഉരുവിട്ട് നോക്കി ..വേദനിക്കുന്ന ഭാഗത്തിനോട് വേദന അകറ്റാൻ മനസു കൊണ്ട് ഒരു കല്പ്പന കൊടുത്ത്
വേദന കുറഞ്ഞില്ലെങ്കിലും മനസ് ഒന്ന് നിയന്ത്രണത്തിൽ ആയി

ഈ സമയം  പുഷ്പ്പ പറയുന്നത് കേട്ടു
ഉമേ എതെങ്കിലും ഒക്കെ മിണ്ടിയും പറഞ്ഞു പോകാം നമുക്ക്
ടെൻഷൻ പുഷ്പ്പക്കും ഉണ്ടെന്നു മനസിലായി
ഉടനെ ഞാൻ ഞങ്ങളുടെ പ്രസിദ്ധമായ വിഷയം എടുത്തിട്ടു
ടാർജെട്റ്റ് എത്തുമോ പുഷ്പ്പേ
ചിലപ്പോൾ  എത്തിയേക്കും ഉമേ,ഏതാണ്ട് 90 ശതമാനമായി
അതോടെ എന്റെ ഗ്യാസ് പോയി
എനിക്ക് കഷ്ട്ടി 80%  ആണ്  ടാർജെറ്റ്‌ എത്തിയിരിക്കുന്നത്
ഇനി അതിൽ ചർച്ചയില്ല എന്ന് ഉടനെ തീരുമാനിച്ചു

മൂന്നാമത്തെ അപകടം പിന്നീടാണ് ഉണ്ടായത് .കുതിരകൾ  കുറച്ചെണ്ണം പിന്നെയും മുകളിൽ  നിന്നും വന്നു .ഞങ്ങളുടെ കുതിരകൾക്കു   പോകാൻ വഴിയെ ഇല്ല .ഒരു കുതിര വന്നു എന്നെ ഇടിച്ചു .ഉലഞ്ഞു ആടി  കടന്നു പോയി.എന്റെ കുതിര താഴെ വീണു എന്ന് തന്നെ ഞാൻ ഓർത്തു .ദത്താത്രേയൻ (നമ്മടെ ഹെഡ് മാഷ്‌ ) വീണു കിടന്ന കിടപ്പും ഓര്മ്മ വന്നു .കുതിര ഒന്ന് നന്നായി ആടി ..ചരിഞ്ഞു ..പിന്നെ ബാലൻസ്  വീണ്ടെടുത്തു .വീണ്ടും ആര്ത്ത നാദവും ഒച്ചയും ഉയര്ന്നു.ആദ്യം  ഇടതു കാലിനു കിട്ടി അടി.അപ്പോൾ വലതു കാലൊന്നു വിഷമിച്ചു കാണും. എന്തായാലും .ആ വിഷമം തീര്ന്നു കിട്ടി .വലതു കാലിനും അടി കിടിയപ്പോൾ സമാധാനമായി .
കൂട്ടത്തിലെ ഒരു പയ്യന്റെ തുടയിൽ ഈ കൂട്ട ഇടി കൊണ്ട് നല്ല മുറിവ് തന്നെ ഉണ്ടായി  എന്ന് പിന്നീട് അറിഞ്ഞു ..എന്തായാലും ചോര കണ്ടില്ല എനിക്ക് എന്നത് സമാധാനം ആയി
ആധി പിടിച്ചു ശക്തിയായി അമര്ത്തി വച്ച് രണ്ടു കാലും ഏതാണ്ട് മരവിച്ചിരുന്നു .ഞാൻ പതുക്കെ കാൽ വിരലുകൾ  കൂച്ചുകയും നിവർത്തുകയും ചെയ്തു നോക്കി .നിവരാനും കുനിയാനും വിരലുകൾക്ക്  വലിയ വിഷമം പോലെ .എങ്കിലും അത് ഇടയ്ക്കു ആവര്ത്തിച്ചു കൊണ്ടിരുന്നു
കുതിരയുടെ പോക്കും വഴുതലും ഒക്കെയായി മനസു ഒന്ന് പാക പ്പെട്ട് വരികയാണ്‌  മുകളിലേക്ക് കയറുമ്പോൾ പിറകിലേക്ക് ഞെളിഞ്ഞു ഇരിക്കണം
ഇറക്കം ഇറങ്ങുമ്പോൾ മുന്നോട്ടേക്ക് ചാഞ്ഞിരിക്കണം
മുകളിലേക്കു ഞങ്ങളെ കടന്നു   കുതിരകളും കുതിരക്കാരും പാഞ്ഞു പോകുന്നു
ഞങ്ങൾ സിംഗിന്റെ ഭാഷയിൽ പറഞ്ഞാൽ ന്യൂട്രലിൽ ആണ് പോകുന്നത്
അത്രയ്ക്ക് പതുക്കെ ആണ് സവാരി
ഹണി മൂണ്‍ ദമ്പതികൾ ഒക്കെ പൊട്ടി ചിരിച്ചും റിലാക്സും ചെയ്തു സന്തോഷിച്ചും കടന്നു പോകുന്നത് ഞങ്ങൾ ഒട്ടൊരു അസൂയയോടെ നോക്കി കണ്ടു
സ്പ്പീഡ് അൽപ്പമെങ്കിലും   കൂടിയാൽ ഞങ്ങളെ നിലത്തു നിന്ന് വാരിക്കൂട്ടെണ്ടി വരും എന്ന് സിങ്ങിനറിയാമെന്നു തോന്നി.
വഴിയിലെ ഭയങ്കരമായ ചതിക്കുഴികൾ ഞങ്ങളെ ഭയപ്പെടുത്തി ക്കൊണ്ടേ ഇരുന്നു
 ഇരു വശവും നിറഞ്ഞു നില്ക്കുന്ന ദേവതാരു മരങ്ങളും സൈപ്രസ് മരങ്ങളും അവസാനത്തെ ഇലയും പൊഴിച്ച് നില്ക്കുന്ന ആപ്പിൾ മരങ്ങളും ഒക്കെ ഞങ്ങളുടെ ഭയം  കണ്ടു പരിഹസിക്കുന്നത് പോലെയാണ് തോന്നിയത്.


എന്തിനേറെ പറയുന്നു . എങ്ങും  വീഴാതെ ഞങ്ങൾ നാല് പേരും ഒരു മഞ്ഞു മൂടിയ താഴ്‌വരയിൽ ഒരു എത്തി
വിശാലമായ ഒരു കാൻവാസിൽ വരച്ച തെളിഞ്ഞ ചിത്രം  പോലെ ഒരു ദൃശ്യം ആണ് മുന്നിൽ
മഞ്ഞു മൂടിയ ഹിമാലയ   ശ്രുംഗങ്ങൾ
അകലെ കാണാം .സൂര്യ വെളിച്ചത്തിൽ കുളിച്ച ഗിരി നിരകൾ കണ്ടപ്പോൾ
മനസു ഒന്ന് കുളിർത്തു
തെന്നി വീഴും എന്നൊരു ഭയം മനസ്സിൽ കൂട് കൂട്ടിയത് കൊണ്ട് 10 രൂപയ്ക്കു ഒരു വടി വാങ്ങി കുത്തി പ്പിടിച്ചു പതുക്കെ പതുക്കെ അവിടെ എല്ലാം നടന്നു കണ്ടു.

ഭാഗം 4
മഞ്ഞും തലയിൽ  വച്ച് ഒരു ഫോട്ടോ

ആ മഞ്ഞിൽ ഇറങ്ങി ആദ്യം ചെയ്തത് ഒരു ചൂട് ചായ കുടിക്കുക ആണ്
പുഷപ്പ അന്ന് രണ്ടു പ്രാവശ്യം മഞ്ഞില തെന്നി പ്പോകുന്നത് കണ്ടത് കൊണ്ട് ഞാൻ വളരെ വളരെ ശ്രദ്ധിച്ചാണ് നടപ്പ്.എന്റെ കൂടെ അണ്ണൻ ഇല്ല.വീണാൽ എന്റെ കാലു ഒടിയും .ഒടിഞ്ഞാൽ തിരികെ ആ കുതിരപ്പുറത്തു തന്നെ കയറി പോകേണ്ടി വരും..മക്കൾ ആരും കൂടെയില്ല
താങ്ങൊരുണ്ടെങ്കിലെ  തളര്ച്ചയുള്ളൂ എന്നതാണ് സത്യം
അത് കൊണ്ട് ആരോടും കൂട്ടൊന്നും കൂടാതെ പതുക്കെ അവിടെ നടന്നു എല്ലാം കണ്ടു
മുകളിൽ ഒരു ക്ഷേത്രം ഉണ്ട്.ചെറിയ ഒരമ്പലം ..കാളി യാണ് പ്രതിഷ്ട്ട ..അമ്പലത്തിനടുത്തു നിന്നാൽ നല്ല വ്യൂ കിട്ടും എന്നത് കൊണ്ട് അവിടെ നിന്ന് ഞാൻ ഫോട്ടോകൾ എടുക്കുകയാണ്
ഒരാള് വന്നു അമ്പലം പുനരുദ്ധീകരണം നടക്കുകയാണ് എന്തെങ്കിലും പിരിവു നല്കണം എന്നാവശ്യപ്പെട്ടു
ഒന്ന് തൊഴുക പോലും ചെയ്യാത്ത എന്നെയാണല്ലോ  അയാൾ  ഇതിനു കണ്ടത് എന്നൊരു ചിന്ത മനസിനെ അലോസരപ്പെടുത്തി
പാത്രം പിരിവുമായി ഒത്തിരിപ്പേരുടെ മുന്നില് കയ്യ് നീട്ടി നിന്നതിന്റെ ഒരു മുൻ പരിചയവും അനുതാപവും  വച്ച് ഞാൻ 100 രൂപ അയാൾക്ക്‌ കൊടുത്ത്.
അത്ഭുതം എന്ന് പറയട്ടെ.അയാൾ  പോക്കെറ്റിൽ നിന്നും ഒരു രസീത് ബുക്ക്‌ എടുത്തു ..ആ നൂറു രൂപയ്ക്കു രസീത് എഴുതി.എന്നാൽ ഭക്തയും ഗർഭിണി യുമായ മാളുവിനു ഇരിക്കട്ടെ അനുഗ്രഹം എന്ന് കരുതി അവളുടെ പേരിൽ രെസീറ്റ്  എഴുതിച്ചു
കുറച്ചു അവൽ പ്രസാദമായി അവർ തരികയും ചെയ്തു
ആര്ക്കും കൊടുക്കാൻഒന്നും  പോയില്ല അത്
ആ അവലും  കയ്യിൽ  പിടിച്ചു കൊണ്ട് പടികൾ ഇറങ്ങാൻ പറ്റില്ല.അത് കൊണ്ട് അത് നേരെ വായിലേക്ക് ഇട്ടു ..
അവിടെ നിന്നും നോക്കിയാൽ  ചൈനീസ്  അതിർത്തി കാണാം .അകലെ വെയിലിൽ തെളിഞ്ഞ ഹിമാലയൻ പർവത നിരകളും
ഞങ്ങൾ ഏതാണ്ട് 10000 അടി സമുദ്ര നിരപ്പിൽ നിന്നും ഉയരത്തിൽ ആണ് നിൽക്കുന്നത്
ഈ വലിയ മൈതാനത്തിന്റെ  മറു ഭാഗത്താണ് ഞങ്ങളുടെ കൂട്ടത്തിലുള്ളവർ എല്ലാം കൂടിയിരിക്കുന്നത്. മനസ്സിൽ ഒരു സന്തോഷം ഇല്ലാത്തത് കൊണ്ട് പതുക്കെ പതുക്കെ നടന്നു അവരുടെ കൂട്ടത്തിൽ കൂടി
തിരികെ വീണ്ടും ആ കുതിരപ്പുറത്തു കയറണമല്ലോ എന്ന ഒറ്റ ഭയമാണ് സന്തോഷം കെടുത്തുന്നത്
അവിടെ ചെന്നപ്പോൾ ആസ്ഥാന ഫോട്ടോഗ്രാഫർ വന്നിട്ടുണ്ട്
ഹിമാലയൻ വസ്ത്രങ്ങൾ  ധരിപ്പിച്ചു ഫോട്ടോ എടുത്തു വൈകീട്ട് നമ്മുടെ മുറിയിൽ  എത്തിച്ചു തരും
എന്തായാലും എല്ലാവരും എടുക്കുകയാണ്.കൂടെ ഞാനും പോയി നിന്നു
എന്നെയും അവരുടെ ഉടുപ്പ് ഒക്കെ ഇടുവിച്ചു
നോക്കിയപ്പോൾ ഉപ്പു മാങ്ങ ഭരണി ഹിമാലയ വസ്ത്രങ്ങൾ ധരിച്ചു നില്ക്കുന്ന പോലെ ഉണ്ട്
നമ്മൾ ഇവിടെ വന്നതിനു ബാക്കിയായി ഇതൊക്കെയേ കാണൂ ഉമേ എന്ന് പുഷ്പ പറഞ്ഞപ്പോൾ പിന്നെ രണ്ടാമത് ഒന്നും ആലോചിച്ചില്ല
ഏഴു ഉടുപ്പുകളുടെ മീതെ ആ മുഷിഞ്ഞ വസ്ത്രങ്ങൾ എടുത്തു ഇടണം .
ഒന്നും വേണ്ടി വന്നില്ല
മിനുട്ട് വച്ച് അവർ ഉടുപ്പ് എന്നെ ഇടുവിച്ചു ..കൂടെ ഒരു തൊപ്പിയും വച്ചു  തന്നു
പുഷ്പ്പയുടെ ഉടുപ്പാണ് കൂടുതൽ നന്നായത് .ആ നിറം എനിക്കാണെങ്കിൽ കൂടുതൽ ചേർന്നേനെ
എന്തേലും ആവട്ടെ
അങ്ങേരു(ഫോട്ടോ ഗ്രാഫേർ ) എന്നെ ഒരു പോയന്റിൽ നിർത്തി ഫോട്ടോ എടുപ്പിച്ചു
കയ്യ് ഉയർത്തി ,കാലു പിറകിലേക്ക് വൈപ്പിച്ചു ഒക്കെ
അത് കഴിഞ്ഞു മാഡം  ഇരിക്കൂ എന്നൊരു അഭ്യർധന പുറപ്പെടുവിച്ചു
ഞാൻ മഞ്ഞിലേക്ക് നോക്കി
അങ്ങേരെ ദയനീയമായി നോക്കി
ഒന്നും പേടിക്കേണ്ട എന്ന മട്ടിൽ അങ്ങേര എന്നെ നോക്കി ചിരിച്ചു
പിന്നെ എന്തുമാവട്ടെ എന്ന് വച്ച് മഞ്ഞിൽ ഇരുന്നു ..
ഉടനെ തന്നെ അങ്ങേരു കുറച്ചു മഞ്ഞു എടുത്തു എന്റെ തലയിൽ വൈച്ചു  തന്നു .കുറച്ചു ഐസ് എടുത്തു കയ്യിലും  വച്ചു.കുറച്ചു ഉടുപ്പിൽ വിതറി
എന്നിട്ട് ഹിന്ദിയിൽ
 ചിരിക്കൂ ചേച്ചി ചിരിക്കൂ ചേച്ചി എന്ന് പറഞ്ഞു
ചേച്ചി ചിരിച്ചു
പിന്നെ ഇരുന്നിടത്തു നിന്ന്  എന്നെ എഴുനെൽപ്പിക്കാൻ  വേറെ ആളുകൾ വരേണ്ടി വന്നു ..കയ്യും കാലും മരവിച്ചു പോയി
എഴുനേറ്റു നിന്നപ്പോൾ വെച്ച് പോകുന്ന അവസ്ഥ
ചൈനയിൽ ചെന്നാൽ  ചൈനക്കാരനെ പ്പോലെ എന്നാണല്ലോ.

 
ഭാഗം 5
വീണ്ടും അതെ കുതിര പ്പുറത്ത്
ഒരു യാക്കുമായി ഒരാൾ  നിൽക്കുന്നുണ്ടായിരുന്നു .നമ്മുടെ മൊബൈലിൽ യാക്കുമായി നില്ക്കുന്ന ഫോട്ടോ എടുത്തു തരും..ഇനി ആ ജന്തുവിന്റെ  മുതുകിൽ കയറി വേറെ ജോലി ഉണ്ടാക്കേണ്ട എന്ന് കരുതി പതുക്കെ നമ്മുടെ കുതിരയെ അന്വേഷിച്ചു പുറപ്പെട്ടു
സിന്ഗച്ചൻ പറഞ്ഞത് കൃത്യം ഒരു മണിക്കൂറ കഴിഞ്ഞാൽ പുള്ളി അതെ സ്ഥലത്ത് വരുമെന്നായിരുന്നു
ഞങ്ങൾ ചെല്ലുമ്പോൾ പുള്ളി അവിടെ ഉണ്ട്
നേരം ഉച്ചയായത് കൊണ്ട് ഒരു വിധം വലിയ കുഴപ്പം കൂടാതെ കുതിരപ്പുറത്തു കയറി ക്കിട്ടി
ഇക്കുറി പുള്ളി എന്റെ കുതിരയെ മുന്നിൽ നടത്തി
എന്റെ അറിയാവുന്ന ഹിന്ദിയില ഞാൻ പുള്ളിയോട് പറഞ്ഞു എനിക്ക് താഴെ ബസിൽ കാത്തിരിക്കുന്ന എന്റെ ഭർത്താവിനെ ജീവനോടെ കാണണം
എന്റെ മോൾ ഗര്ഭിണി ആണ് അവളുടെ കുഞ്ഞിനെ കാണണം
മകന്റെ കല്യാണം കഴിഞ്ഞിട്ടില്ല .എങ്ങിനെയെങ്കിലും എന്നെ one piece ആയി താഴെ എത്തിക്കണം
പുള്ളി ചിരിച്ചു കൊണ്ട് സമ്മതിച്ചു
ഒരു ദിവസം ഏതാണ്ട് 7 കിലോമീറ്റർ വീതം അവർ എട്ടോ ഒന്പതോ പ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു .ഏതാണ്ട് 15 കിലോ മീറ്റർ .ഭ്രാന്തു പിടിക്കുന്ന ജോലി തന്നെ
വഴിയിൽ കുഫ്രി മൃഗശാല കണ്ടു ..കണ്ടു എന്ന് പറഞ്ഞാൽ അതിന്റെ ബോർഡു   കണ്ടു എന്നെ അർഥമുള്ളൂ.കയറാനോ കാണാനോ മിനക്കെട്ടില്ല ..മഞ്ഞു പെയ്യുമ്പോൾ എന്ത് മൃഗശാല ദർശനം
നമ്മൾ തൂവാല കൊണ്ട് കൈ തുടക്കുന്നത് പോലെ ആണ് അവർ മഞ്ഞെടുത്തു കയ്യ് തുടക്കുന്നത് ..വഴിയില പോകുന്നവരോട് ചിരിച്ചും പറഞ്ഞും സന്തോഷമായി ഞങ്ങളും ഡ്രൈവറും താഴേക്കു പോന്നു
ഫോട്ടോ എടുക്കണം എന്നാ ഞങ്ങളുടെ ആവശ്യം പരിഗണിച്ചു എന്റെ കോട്ടിന്റെ പോക്കെറ്റിൽ നിന്നും പുഷ്പ്പയുടെ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു പുള്ളി ഞങ്ങളുടെ ഫോട്ടോ എടുത്തു തന്നു.

അങ്ങിനെ താഴെ എത്തിയപ്പോൾ ആണ് ശ്വാസം നേരെ വീണത്‌ .അണ്ണൻ വലിയ വിഷമത്തിൽ ആയിരുന്നു.തന്നെ ഇരുന്നു ബോറടിച്ചപ്പോൾ പാവം ഓർത്ത്‌ ഞങ്ങളുടെ കൂടെ പൊരികയായിരുന്നു മെച്ചം എന്ന്. എങ്കിൽ ഞാൻ വെളുപ്പ്‌ ഉടുത്തു നടക്കേണ്ടി വന്നേനെ.സമാധാനമായി താഴെ ഇറങ്ങി സിങ്ങിനു നന്ദിയും പറഞ്ഞു നടന്നു ചെല്ലുമ്പോൾ
ഗൈഡ് ചോദിച്ചു
.ഹൌ ദി റൈഡ്   ..
""ജാൻ നിക്  ലാ  ""(പ്രാണൻ പോയി )
അത് വളരെ മൃദുവായ ഒരു മറുപടി ആയിരുന്നു എന്ന് മാത്രം പറയാം
തിരികെ ബസിന്റെ ഇളം ചൂടിൽ എത്തിയപ്പോൾ സ്വർഗീയമായ ഒരു സുഖം തോന്നി എന്നതാണ് വാസ്തവം
സിംലയിലെ കൊള്ളാവുന്ന ഒരു ഹോട്ടലിൽ ആണ് മുറി കിട്ടിയിരുന്നത് .എന്നാൽ അവർ  റൂം ഹീറ്റെഴ്സ് നൽകുന്നില്ല .അത് നമ്മൾ വേറെ ചോദിക്കണം
ഇനി ഹീറ്റർ കിട്ടിയാലോ ദുർബലമായ ഒരു ഹീറ്റർ.അതിനു ചൂടില്ല എന്നെ തോന്നു.തണുത്തു മരവിച്ച കയ്യ് അതിനു മീതെ കാണിച്ചു ചൂടാക്കാം എന്നത് മാത്രം ആണ് ഗുണം.7 ദിവസം ഇങ്ങനെ കഴിയേണ്ടി വന്നു
അന്തരീക്ഷത്തിന്റെ ചൂട്  -9 ഒക്കെ ആണ് .കേരളം ഗോഡ്സ് ഓണ്‍ കണ്ട്രി എന്ന് പറയുന്നത് എന്ത് കൊണ്ടാണ് എന്ന് നിസംശയം മനസിലായി ..ഹിമാലയത്തിലും ജൈയ്പ്പുരും ആഗ്രയിലും ചണ്ടീഗറിലും ,ഹരിദ്വാറിലും ഒക്കെ പോയപ്പോൾ ഈ  സത്യം ആവര്ത്തിച്ചു ബോധ്യമാവുകയും ചെയ്തു
മകരത്തിൽ പോലും നമ്മുടെ നാട്ടിലെ വൃദ്ധരായവർ പോലും കമ്പിളി വസ്ത്രങ്ങൾ  ധരിക്കുന്നില്ല .എന്നാൽ ഇവിടങ്ങളിൽ ഒക്കെമുഴുവൻ സമയവും കമ്പിളി വസ്ത്രങ്ങളിൽ അവനവനെ ത്തന്നെ പൊതിഞ്ഞാണ് നടപ്പ്
ഈ കുറിപ്പിന്റെ ഒപ്പം കൊടുത്തിരിക്കുന്ന ഫോട്ടോ നോക്കിയാൽ  മനസിലാവും ഹോട്ടൽ മുറിയിൽ  ഹീറ്റർ ഉണ്ടായിട്ടും മൂക്കൊഴിച്ചു നമ്മൾ പുറത്തു കാട്ടുന്ന മറ്റൊരു ശരീര ഭാഗം കണ്ണ് മാത്രമാണ്.

ഈ ഫോട്ടോയിൽ കാണുന്ന പോലെ ശരീരം മൂടിയാണ് നമ്മൾ എല്ലായ്പ്പോഴും നടക്കുക..മുകളിലെ തൊപ്പി താഴേക്കു ഇറക്കി വൈക്കും.കണ്ണിന്റെ മുകളിൽ  വരെ
മങ്കി  ക്യാപ് മുകളിലേക്ക് ഉയര്ത്തിയും വിക്കും മൂക്കും കന്നുമോഴിച്ചു വേറെ ഒരു ഭാഗവും നമുക്ക് പുറത്തു കാണിക്കാൻ ആകില്ല കാലം കുറെ ആയാൽ  സാധിക്കുമായിരിക്കും
മുസ്ലിം വനിതകൾ പർദ്ദ ധരിക്കുന്നത് എന്ത് കൊണ്ടാണ് എന്നും അതെത്ര മാത്രം നല്ല വേഷമാണെന്നും ഇവിടെ അനുഭവിച്ചു അറിഞ്ഞു എന്ന് മാത്രം പറയട്ടെ
എന്ത് കൊണ്ട് യൂറോപ്യൻസ് ശൌചം ചെയ്യാൻ ജലം ഉപയോഗിക്കുന്നില്ല എന്നതും ഈ തണുത്തുറഞ്ഞു കുളിമുറികൾ  എനിക്ക് പറഞ്ഞു തന്ന പാഠം ആണ്
തണുപ്പിൽ  ജീവിക്കുമ്പോഴാണല്ലോ നമുക്ക് ഈ സൽ  ബുദ്ധി എല്ലാം ഉണ്ടാകുന്നതു.
ഏഴു രാത്രിയും 5 പകലും ഹിമാചലിൽ കഴിഞ്ഞപ്പോൾ പ്രകൃതിയെ അതിന്റെ ആദിമ രൂപത്തിൽ കാണാൻ കഴിഞ്ഞു
ചൂളം കുത്തുന്ന മഞ്ഞു കാറ്റ് ..മുഖത്തു പതിക്കുന്ന പഞ്ഞി പോലത്തെ മഞ്ഞിന്റെ കണികകൾ ..മരവിച്ച കയ്യും കാലുകളും
പച്ചരി ചോറും ,ചപ്പാത്തിയും ..
കാറ്റ് സൈപ്രസ് മരങ്ങളിൽ കിടന്നു പതുങ്ങുന്നത് കാണാം 
മഞ്ഞിന്റെ.. തണുപ്പിന്റെ ...വെളുപ്പിന്റെ ..ഹിമാചൽ

ഇനി നിങ്ങളോട് ഞാൻ പറയാൻ പോകുന്നത് ബിയാസ് നദിയുടെ തീരത്ത്‌ തണുപ്പിൽ  മുങ്ങി നില്ക്കുന്ന മറ്റൊരു പർവത നഗരത്തെ ക്കുറിച്ചാണ്
മണാലി
നല്ല  വേനലിലും ഇവിടെ മഞ്ഞു ഉറഞ്ഞിരിക്കും
അടുത്ത ദിവസം അതാകട്ടെ.


ഭാഗം 6
മണാലിയിലെ മഞ്ഞാണ് മഞ്ഞു.

സമുദ്ര നിരപ്പിൽ നിന്നും 6398 അടി  ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വളരെ പുരാതനമായ ഒരു പർവത  നഗരമാണ് മണാലി .തണുപ്പ് -കുറഞ്ഞ താപ നിരക്ക്  -7  ആവും ..കൂടുതൽ 15-20 ഡിഗ്രി വരെ ആകും .ഈ പ്രദേശങ്ങൾ ആകെ ത്തന്നെ ബുദ്ധ മത സ്വാധീനം പ്രകടമാണ് .ചുറ്റും വലിയ പർവതങ്ങൾ അവിടെ ഞങ്ങൾ പ്രധാനമായും കണ്ടത് സോലാൻ താഴ്വര  ആണ്,ഒരു കൊടുമുടിയും അതിന്റെ താഴ്വരയും ആണ് പ്രധാനമായ സന്ദര്ശന സ്ഥലങ്ങൾ 
ഹോട്ടെലിൽ നിന്നും ഒരു ടാറ്റ സുമോ വണ്ടിയിൽ ഞങ്ങൾ ഏഴുപേരും പുറപ്പെട്ടു .ആയിരക്കണക്കിനു വണ്ടികള ഈ ചെറിയ പാതയിൽ കാണാം .BRO(border  road organisation )ആണ് ഈ പാതകളുടെ നടത്തിപ്പിന്റെ ചുമതല .അവർ രോതന്ഗ് പാസിന്റെ ജോലി ചെയ്യുകയാണ് എന്ന് വായിച്ചിരുന്നു.ഏന്താണാവോ  ഈ സമയത്ത് ആ പാതയുടെ സ്ഥിതി 
.അങ്ങോട്ടും ഇങ്ങോട്ടും  പോകുന്ന പട്ടാള വണ്ടികൾ ഈ വഴിയിൽ   ഒരു സ്ഥിരം കാഴ്ചയാണ് ..എല്ലാവരും... 8 മുതൽ പത്തു പേര് വരെ പട്ടാള വണ്ടികളിലെ ഡ്രൈവർ കാബിനുകളിൽ തിക്കി കയറും.പടുത  ഇട്ടു മൂടിയ പിറകില ഇരുന്നു യാത്ര ചെയ്യുക കടുത്ത തണുപ്പിൽ അസാധ്യമാണ്..
കുറച്ചു ചെന്നപ്പോൾ വണ്ടി ഒരു കടയുടെ മുന്നില് നിർത്തി.എല്ലാവരെയും മഞ്ഞു വസ്ത്രങ്ങൾ  ധരിപ്പിച്ചു.അടിമുതൽ മുടി വരെയുള്ള ഒരുടുപ്പാണ്  പ്രധാന വേഷം. മുൻവശത്തെ സിബ്  അഴിച്ചു നമ്മൾ ഈ ഉടുപ്പിൽ കയറും .അവർ മുകളിലേക്ക്  വലിച്ചു കയറ്റി ഇട്ടു തരും .പിന്നെ ഗം ബൂട്ടും ഇട്ടു  .കയ്യിൽ  തുകലിന്റെ ഗ്ലൌസ് .ഇതെല്ലാം  ഇട്ടു എന്നെ ക്കണ്ടാപ്പോൾ അത്   ഞാൻ അല്ല ഒരു റോബോട്ട് ആണെന്ന് തോന്നി .

കാലിൽ ബൂട്ടിനടിയിൽ ഒരു വൂളൻ സോക്സ്‌ കൂടി ഇട്ടു .കൂട്ടത്തിൽ എല്ലാവരും ഈ വേഷം ഒക്കെ ഇട്ടു .വീണ്ടും വണ്ടിയിൽ കയറി .സുമോ പതുക്കെ  നീങ്ങി .അധികം എത്തുന്നതിനു മുൻപ് തന്നെ വഴി ബ്ലോക്ക് ആയി തുടങ്ങി .നല്ല മഞ്ഞാണ് റോഡിനു ഇരുവശവും..റോഡിനു തീരെ വീതിയില്ല . മഞ്ഞു മൂലം വഴി തീരെ ഇടുങ്ങിയിരിക്കുന്നു 


പിന്നെ കടുത്ത ട്രാഫിക് മൂലം വണ്ടി മുന്നോട്ട് പോകാതെയായി ..ഞങ്ങൾ ഇറങ്ങി നടന്നു.കുത്തനെ ഉള്ള കയറ്റം ആണ്..മുട്ടിനു മേൽ  ആഴത്തിൽ മഞ്ഞും.പൊത്തു  പൊരുത്തം ഇല്ലാത്ത കയറ്റവും .മുകളിൽ  എത്തണം എങ്കിൽ മോട്ടോർ ബൈകിൽ കയറിയേ മതിയാവൂ  .ആയിരം രൂപയുടെ ഒരു കോമ്പോ പാക്‌ കുട്ടികൾക്ക്  എടുത്തു കൊടുത്തു .സ്കേറ്റിംഗ്, മോട്ടോർ ബൈക് യാത്ര ,ഒക്കെയായിയുണ്ട് അതിൽ .ഞങ്ങളും അങ്ങിനെ ബൈക്കിൽ കയറി മുകളിൽ എത്തി .കളികൾ     നടക്കുന്ന വിശാലമായ ഒരു താഴ്വരയൽ ചെന്നെത്തി ..ചുരുങ്ങിയത് 25 ഏക്കർ കാണും .വിവിധ തരത്തിലുള്ള മഞ്ഞുടുപ്പ് ധരിച്ച വിനോദ സഞ്ചാരികൾ ..ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഉള്ളവർ  ഇവിടെ ഒത്തു കൂടിയിരിക്കുന്നു . 
പാര  ഗ്ലൈഡിൻഗ്  നടക്കുന്നു ഒരു  ഭാഗത്ത് ..മോട്ടോർ ബൈക്കിൽ സഞ്ചരിക്കുന്നു വേറെ ഒരു ഭാഗത്ത്
സ്കേറ്റിംഗ് മറ്റൊരു വശത്ത്‌ ..ഒരു  റോപ്പ് വേ ഉണ്ട് .500 രൂപയാണ് നിരക്ക് മുട്ടറ്റം മഞ്ഞുണ്ട് .മഞ്ഞു പെയ്തു മുഖത്തു വീഴുകയാണ് എപ്പോഴും .തെന്നുന്ന ഐസിൽ സൂക്ഷിച്ചു നടന്നില്ലെങ്കിൽ താഴെ വീഴും .ചുറ്റി നടന്നു എല്ലാം കണ്ടു .പുഷ്പ്പക്ക് റോപ്  വേ യിൽ കയറണം എന്നൊരു ചെറു മോഹം ഉണ്ട്
ഞാനത് മുളയിലെ നുള്ളി ക്കളഞ്ഞു .നമ്മൾ എല്ലാം കാണാൻ വന്നതാണ് .കളിയ്ക്കാൻ വന്നതല്ല..കണ്ടു നടക്കാം എന്ന് പറഞ്ഞു നിരുൽസാഹപ്പെടുത്തി .

പുഷ്പ മക്കളുടെ കളികൾ  കാണാൻ പോയി ഞാനും അണ്ണനും അവിടെയെല്ലാം ചുറ്റി നടന്നു ..നടുവില കുറച്ചു സ്ഥലം വെറുതെ ഇട്ടിട്ടുണ്ട് ..അത് പാരച്യൂട്ട് ജമ്പിംഗ് നാണ് അഴിച്ചു വിട്ട അമ്മക്ക് ഭാഗ്യം ഉണ്ടെങ്കിൽ പയ്യു വൈകീട്ട് തൊഴുത്തൂം വാതിൽക്കൽ വരും എന്നൊരു പഴം ചൊല്ലുണ്ട് നമുക്ക് ആയുസുന്ടെങ്കിൽ പരിക്കില്ലാതെ താഴെ വരും..വേണ്ടത്ര സുരക്ഷ എര്പ്പാടോന്നും അവിടെ ഇല്ല.റോപ് വേ യും അങ്ങിനെ തന്നെ .ഞങ്ങളുടെ ഗ്രൂപ്പിൽ ആരും അതിൽ കയറാൻ ശ്രേമിച്ചില്ല..ട്രാവൽ അജെന്സി അത് അപകടം ആണെന്ന് പറഞ്ഞു നിരുല്സാഹപ്പെടുതുകയും ചെയ്തു
 .പാരച്യൂട്ടും ,അതിലെ യാത്രികനും ട്രെയിനറും പതുക്കോ എന്നും പറഞ്ഞു ഒരു ഒറ്റ വീഴ്ചയാണ് .ഒരിക്കൽ പാരച്യൂട്ട് വന്നു എന്തോ വിറ്റു  നടക്കുന്ന ഒരു വൃദ്ധ സ്ത്രീയുടെ മുതുകത്തു വന്നു വീഴുന്നത് കണ്ടു.അവർ വിഷമിച്ചു എഴുനേറ്റു നടുവും താങ്ങി പോകുന്നതു കണ്ടപ്പോൾ കഷ്ട്ടം തോന്നി

എന്റെ ആദ്യത്തെ വീഴ്ച .
അപ്പോഴേക്കും മഞ്ഞു വേഴുന്നത് കൂടുതൽ ആയി.കൊട്ടും സൂട്ടും കുപ്പായവും ഒക്കെ ഉണ്ടെങ്കിലും നല്ല തണുപ്പില വന്നൊരു ചായ കുടിക്കാം എന്ന് കരുതി ഞങ്ങൾ രണ്ടു മൂന്നു പേര് പതുക്കെ ധാരാളം കടകള ഉള്ള ഭാഗത്തേക്ക് നടന്നു മന്നന്നെന്നയാണ് പ്രധാനമായും പാചകത്തിന് ഉപയോഗിക്കുന്നത്.പുക മണം അന്തരീക്ഷത്തിൽ ഉടനീളം ഉണ്ട്,കളികള ഒക്കെ നടക്കുന്ന തട്ട് കുറച്ചു മുകളില ആണ് ..ഞാൻ സാവധാനം നടന്നു താഴേക്കു ഇറങ്ങി.എത്ര ശ്രദ്ധിച്ചാലും വരാൻ ഉള്ളത് വഴിയിൽ തങ്ങില്ലല്ലോ ..കാലു ചെരിവിലേക്ക് വച്ചതും തെന്നിയതും ഞാൻ നടുവ് അടിച്ചു നിലത്തു മലന്നു വീണതും എല്ലാം മിന്നൽ വേഗത്തിൽ നടന്നു .
 ക്ലീൻ ബൌൾഡ്  .
ദാ  കിടക്കുന്നു കാലു തെറ്റി മഞ്ഞിൽ.മഞ്ഞിൽ വീണാൽ വാനത് തന്നെ .കയ്യ് കുത്തി അങ്ങിനെ എഴുനെൽക്കൽ ഒന്നും എളുപ്പമല്ല .കയ്യ് കുത്തിയാൽ കയ്യും തെന്നി പ്പൊകും .അണ്ണനോ   മുകുന്ദനോ ഒന്നും അവിടെ അടുത്തെങ്ങും ഇല്ല .ഗ്ലൌസേ വില്ക്കുന്ന ഒരു കടക്കാരന്റെ നേരെ ചിരിച്ചു കൊണ്ട്  കയ്യ് നീട്ടി ..ചിരിച്ചില്ലെങ്കിൽ അങ്ങേരു ഓർക്കുമല്ലോ ഇതേതോ ഭീകര ദുർമന്ത്ര വാദിനി ആണെന്ന്.വേഷം അത്ര ഗംഭീരം ആണല്ലോ .അയാള് ചിരിച്ചു കൊണ്ട് എഴുനേറ്റു വന്നു എന്നെ പ്പിടിച്ചു പൊക്കി എഴുനെൽപ്പിച്ചു .പിന്നെയും ഒരു 70 എം എം ചിരി ചിരിച്ചു ഞാൻ ആടി  ആടി ഒരു ചായക്കടയുടെ നേരെ നടന്നു . വീണിട്ടു നടുവിന് ഒരു പിടിത്തമുണ്ട് .ഒരു ഞെളിവ് പോലെ ഉണ്ട് .കാര്യമാക്കിയില്ല .

മഞ്ഞിൽ ഉറപ്പിച്ച ഒരു ബെഞ്ചിൽ ചെന്ന് ഇരുന്നു.മൂന്നു ഓംലെറ്റും  ചായയും ഓർഡർ ചെയ്തു ..നല്ല തണുപ്പത്ത് കിട്ടുന്ന ആ ചൂട് വെള്ളം അമൃതാണ് ..സാക്ഷാൽ അമൃത് തന്നെ ..ജീവ ജലം തന്നെ ..അതിൽ കുറച്ചൊന്നുമല്ല ആ ചായക്കഷായം .ബാക്കിയുള്ളവർ വന്നപ്പോൾ വീണ കാര്യം പറഞ്ഞില്ല .ഇരുട്ടത്ത് കിട്ടിയ അടി വെളിച്ചത്തു മിണ്ടുന്നത് ബുദ്ധിയല്ലല്ലോ  .
കുറെ നേരം കൂടി കറങ്ങിയിട്ട് ഇനി തിരികെ പോരാം എന്ന് കണക്കാക്കി ഞങ്ങൾ വണ്ടി അന്വേഷിച്ചു പോയി .ആ നടപ്പ് വളരെ രസകരമായിരുന്നു.മുഴുവനും മഞ്ഞിന്റെ മേല്ക്കൂര അണിഞ്ഞ വീടുകൾ ,വഴിയിൽ  മഞ്ഞു അങ്ങിനെ കൂടി കിടക്കുന്നു.

ഞങ്ങൾ ഒരു വിധം സുമോക്കാരനെ കണ്ടു പിടിച്ചു ഹോട്ടെലിൽ എത്തി .മുറിയില കയറി  ഇരിപ്പായി.അപ്പോഴേക്കും പുഷ്പ്പക്കും മോള്ക്കും മോനും തീരെ വയാതെ ആയി .ഗൈഡ് ഞങ്ങളെ ആദ്യം സര്ക്കാര് ആശുപത്രിയില കൊണ്ട് പോയി.അത്യാഹിത വിഭാഗത്തിൽ ചെന്ന് കയറി .അവിടെ കുറച്ചു രോഗികൾ കാത്തിരിക്കുന്നുണ്ട് .മുറിയുടെ നടുക്ക് ഒരു അടുപ്പിൽ വിറകിട്ടു കത്തിക്കുന്നുണ്ട് .പുക പുറത്തേക്ക് പോകാൻ പുകക്കുഴലും ഉണ്ട്  .ഇപ്പോൾ തീ തീരെ ഇല്ല.കെട്ടിരിക്കുന്നു .തണുപ്പ് തീരെ ഇല്ലാതാനും . ഡോക്ടറും ഇല്ല ,നേഴ്സും ഇല്ല .കമ്പൗണ്ട ർ പോലും ഇല്ല .ഞങ്ങൾ ചെന്ന് അവിടെ ഒക്കെ തിരക്കുന്നത് കണ്ടു ഒരു തൂപ്പുകാരി കയ്യില ചൂലും പിടിച്ചു വന്നു വിവരം തിരക്കി
എല്ലാവരും ഭക്ഷണം കഴിക്കാൻ പോയിരിക്കുന്നു .ഒരു മണിക്കൂർ കഴിയുമ്പോൾ വരും .അത് വരെ വയറിളക്കവും ശർദ്ദിലും കാത്തിരിക്കില്ലല്ലോ .അത് കൊണ്ട് അവിടെ അടുത്തുള്ള ഒരു ക്ലിനിക്കിൽ പോയി
ചുരുങ്ങിയത്  80 വയസു തോന്നിക്കുന്ന ഒരു വൃദ്ധൻ ആണ് ഡോക്ടർ .ഇറാനി .അദ്ദേഹം മൂന്നു പേരെയും പരിശോധിച്ച് മരുന്ന് നൽകി
സംസാര മദ്ധ്യേ അദ്ദേഹം പറഞ്ഞു ..ഈ വർഷത്തെ തണുപ്പ് പുള്ളിയുടെ ഓർമ്മയിൽ ഏറ്റവും കടുത്തതാണത്രേ .നമ്മുടെ കഷ്ട്ടകാലം എന്ന് പറഞ്ഞാൽ  മതിയല്ലോ
നല്ല തണുപ്പിൽ വരുന്നതാണ് ഈ രോഗങ്ങൾ എന്ന് പറഞ്ഞു സമാധാനിപ്പിച്ചു
ഭക്ഷ്യ വിഷ ബാധ ആണോ എന്നാ സംശയം അങ്ങിനെ മാറി ക്കിട്ടി .
അന്ന് രാത്രി കൂടി അവിടെ ക്കഴിഞ്ഞു പിറ്റേ ദിവസം ഞങ്ങൾ തിരികെ ഛന്ധിഗറിലേക്ക് തിരിച്ചു
പതിനാലു ദിവസത്തെ യാത്രയിൽ ഏറ്റവും വിഷമം അനുഭവിച്ച ദിവസങ്ങൾ  ആണ് ഹിമാചലിൽ കഴിഞ്ഞത് എന്ന് പറയാതെ വയ്യ
അടുത്തതായി ബിയാസ് നദിയിൽ റാഫ്റ്റിങ്ങ് നടത്തിയ വിശേഷം പറയാം

ഭാഗം 7
ബിയാസ് നദിയിലെ  റാഫ്റ്റിങ്ങ്

കുറച്ചു ദിവസങ്ങൾ  ആയി പുഷ്പ്പക്കും മക്കൾക്കും   വയറിനു സുഖമില്ലാതെ ആയി ത്തീർന്നിരുന്നു.എനിക്കൊക്കെ ആഹാരമേ വേണ്ട എന്ന മട്ടായി . .കൂട്ടത്തിലെ ഹണി മൂണ്‍ ദമ്പതികളും ഏതാണ്ട് അവശരായി ക്കഴിഞ്ഞിരുന്നു.മഞ്ഞിൽ  കളികൾ  കഴിഞ്ഞു വരുമ്പോൾ മുറിയിലെ തണുപ്പ് മൂലം ഞങ്ങൾക്കാർക്കും  ഉറങ്ങാനും കഴിയുന്നുണ്ടായിരുന്നില്ല .ഭക്ഷണ ശാലയിലെ തണുപ്പും അസഹ്യം തന്നെ.അത് കൊണ്ട് ഞാനൊക്കെ ആഹാരമേ വേണ്ട എന്ന രീതിയിലാക്കി.അത്താഴത്തിനു പച്ചക്കറി സൂപ്പും പഴങ്ങളും എന്നായി സ്ഥിതി .അപ്പോഴാണ്‌ തിരികെ പോരുന്ന ദിവസം വന്നത് .എല്ലാവര്ക്കും ആശ്വാസമായി എന്ന് തന്നെ പറയാം .അങ്ങകലെ  കുന്നുകൾക്കും  അപ്പുറം തെളിഞ്ഞ ആകാശമായി മാത്രമേ ഞങ്ങൾ ഈ ദിവസങ്ങളിൽ സൂര്യനെ കണ്ടിരുന്നുള്ളൂ .എന്നാൽ അന്നൊരു തെളിഞ്ഞ നല്ല ദിവസമായിരുന്നു.
ദേശീയ പാത 22 എടുത്താൽ ഏതാണ്ട് രണ്ടര മണിക്കൂർ  യാത്രയാണ്‌ സിംലയിൽ നിന്നും  ഛണ്ടീഗറിലേക്ക് .ഈ റോഡു മുഴുവൻ ബിയാസ് നദി പലപ്പോഴും നമ്മുടെ കൂടെ ഒഴുകും.ഇടക്കൊക്കെ  വളവു തിരിഞ്ഞു അവൾ അപ്രത്യക്ഷയാകും
ഓസ്കാർ ജി ആ നദിയിലെ റാഫ്റ്റിംഗ് നെ കുറിച്ച് വാചാലനാകുന്നുണ്ടായിരുന്നു .ഹിമാചലിന്റെ ആകാശ ദൃശ്യങ്ങൾഓടുന്ന ബസിൽ ഇരുന്നു  ഫോണിൽ പകര്ത്താൻ വലിയ ഉത്സാഹമായിരുന്നു .

ഭാരതത്തിന്റെ ഹേർട്ട് ലാൻഡ്‌ കടന്നുള്ള ഒരു യാത്ര ആയിരുന്നു ഞങ്ങളുടേത് .ഡൽഹി      ആഗ്ര ,ടാജ്മാഹൽ ഫത്തേപൂർ സിക്രി,കുരുക്ഷേത്ര , മഥുര ,സിംല കുളു ,മണാലി ,ഹരിദ്വാർ തുടങ്ങിയ സ്ഥലങ്ങൾ കണ്ടു കഴിഞ്ഞപ്പോൾ പ്രധാനമായ നമ്മുടെ ചില സംസ്ഥാനങ്ങൾ കടന്നു പോവുകയുണ്ടായി ..ഡല്ഹി പഞ്ചാബ് ,ഹരിയാന, ഉത്തരാഖണ്ട് ,ഹിമാചൽ പ്രദേശ്‌ ,അങ്ങിനെ അങ്ങിനെ ..
റാവി , ബീയാസ്,സതലജ്  ,യമുനാ, ഗംഗ എന്നീ പ്രധാന നദീ ശാഖികളെയും കണ്ടു .ഭാഗീരഥി യായി റിഷികേഷിലും ,ഗംഗയായി ഹരിദ്വാറിലും പുണ്യ നദി ഗംഗയെ കണ്ടു .ഈ വലിയ നദി എട്ടത്തിമാരെ  ഒക്കെ വച്ച് നോക്കുമ്പോൾ ബിയാസ് ഒരു ചെറു നദിമാത്രമാണ്
ലാർജി അണക്കെട്ടാണ് (മണ്ഡി ജില്ല  )ബിയാസിലെ പ്രധാനമായ അണക്കെട്ടുകളിൽ ഒന്ന്. ഡാം തുറന്നു വെള്ളം പുറത്തേക്ക് ഒഴുക്കിയപ്പോൾ അറിയാതെ നദീ തീരത്ത്‌ പെട്ട് പോയ 24 വിദ്യാർഥികൾ 2014 ജൂണ്‍ 8 നു മുങ്ങി മരിച്ചിരുന്നു .അതിന്റെ വിവരങ്ങൾ എല്ലാം ഗൈഡ് അങ്ങോട്ട്‌ പോകുമ്പോൾ തന്നെ വിശദീകരിച്ചിരുന്നു .മുന്നറിയിപ്പില്ലാതെ ജല വൈദ്യുത പദ്ധതിയുടെ ഡാം തുറന്നു വിട്ടതാണ് അപകടം ഉണ്ടാക്കിയത് .
എന്നാലും എന്താണ് രാഫ്റിംഗ് എന്നൊരു ധാരണ  എനിക്ക് ഉണ്ടായിരുന്നില്ല.ഇത്രയും കുട്ടികൾ മരിച്ചത് കൊണ്ട് ഈ പരിപാടി എനിക്ക് പറ്റിയതല്ല എന്നൊരു ധാരണ മനസ്സിൽ ഉണ്ടായിരുന്നു താനും .നദി അപകട കാരിയാണ് എന്നൊരു ധാരണ മനസ്സിൽ  പതിഞ്ഞു .
പിർദി എന്നാ സ്ഥലത്ത് നിന്നാണ് റാഫ്റ്റിംഗ്  തുടങ്ങുക .ഏതാണ്ട് 14 കിലൊമീറ്റർ നദിയിലൂടെ സഞ്ചരിച്ചു നമ്മൾ ഝിരി  എന്ന സ്ഥലത്ത് എത്തുമ്പോൾ കരക്ക്‌ കയറും .പത്തു മണിക്കാണ് സംഭവം തുടങ്ങുക എന്നറിയിച്ചിരുന്നു.ചെറിയൊ റ്റെമ്പോകളിൽ റാഫ്റ്റുകൾ  എത്തിച്ചേർന്നു .വായു നിറച്ച റബർ കുഴലുകൾ ആണിവ .നേരെ നോക്കിയാൽ കയ്യ് പിടിക്കാൻ  എങ്ങും  ഒന്നുമില്ല.ബക്കിൾസ് ,സീറ്റുകൾ ഒന്നും കാണാനില്ല .  നദിക്കു ആഴം തീരെ കുറവാണ് .എന്നാൽ നല്ല നല്ല തണുപ്പാണ് വെള്ളത്തിനു ..മുഖത്തു ഒരു തുള്ളി വീണാൽ സൂചി കൊണ്ട് കുത്തുന്നത് പോലെ വേദനിക്കും

""പോകണോ വേണ്ടയോ പോകണോ വേണ്ടയോ""
എന്നാ വി ഡി രാജപ്പൻ ഓഡിയോ ക്ലിപ്പിങ്ങിലെ പാരഡി മനസ്സിൽ അങ്ങിനെ അലയടിച്ചു ഉയര്ന്നു കൊണ്ടിരുന്നു
നല്ല സ്പോർട്ട്സ്മാൻ   സ്പിരിറ്റും ഉത്സാഹവും ഉള്ള വ്യക്തിയാണ് പുഷ്പ
പോകാം ഉമേ..ഇതൊക്കെ ഇപ്പോഴേ ചെയ്യാൻ പറ്റൂ
എന്ന പുഷ്പ്പയുടെ പ്രോത്സാഹനം ..
റാഫ്റ്റ് മറിയില്ല
എന്ന ഓസ്കാറിന്റെ  ഉറപ്പു ..എന്തുമാവട്ടെ എന്ന് കരുതി വെള്ളം കളി ക്ക് ഇറങ്ങി .വെള്ളത്തിന്റെ വിളി അത്ര മാസ്മരമാണ്. ശക്തവും.


അവസാനമാണ് ഞങ്ങളുടെ ബോട്ട് വന്നത് .ലൈഫ് ജാക്കറ്റ് ഒക്കെ  ഇട്ടു റെഡി ആയി ആണ് നിൽപ്പ് .അണ്ണൻ വരുന്നില്ല എന്ന് തീർത്തു പറഞ്ഞു ..നീന്തൽ അറിയില്ലാത്തത് കൊണ്ട് കൊച്ചു കപ്പൽ  ആയ സാഗര റാണിയിൽ കയറാൻ അണ്ണനു  ഭയമാണ് .അപ്പോഴാണ്‌ തുമ്പും വാലും ഇല്ലാത്ത രാഫ്റ്റ്റ് .
മുൻപിൽ പുഷ്പയുടെ മകൻ കണ്ണനും ദീപ്കും പിന്നെ ഹണി  മൂണ്‍ ദാമ്പതികളിലെ ഒരു പയ്യനും ആണ് മുൻപിൽ ഇരുന്നത് .കയ്യ്  പിടിക്കാൻ പിറകിൽ ഒരു കയർ  ഉണ്ട് .എട്ടു പേര് ആണ് ഞങ്ങളുടെ ബോട്ടിൽ .ഒരു തുഴക്കാരനും
കയാക്കിങ്ങുകാരുടെ സ്വപ്നമാണ് ബിയാസ് ..ചെറിയ ചെറിയ വെള്ള ചാട്ടങ്ങൾ .കുഞ്ഞി ച്ചുഴികൾ ..പിന്നെ തുറന്ന തടാക സമാനമായ തട്ടുകൾ .. നല്ല വേഗതയിൽ താഴോട്ടുള്ള ഒഴുക്ക് ..അങ്ങിനെ കയാക്കിങ്ങിന്റെ ഓരോ സ്റ്റെപ്പിനും പറ്റിയതാണ് ഈ ചെറു നദിയുടെ ഗാത്രം
വള്ളം ഒഴുകിക്കൊണ്ടിരുന്നു .ഒരു ചെറു കുഴിയിൽ പതിക്കും.ബോട്ടിൽ നിന്നും വലിയ ഒച്ച ഉയരും .നമ്മുടെ തലക്കു മുകളിൽ വെള്ളം അടിച്ചു കയറും ..ചിരിയും ബഹളവും കൂക്കി വിളിയും ആവും  .വെള്ളച്ചാട്ടം കാണുമ്പോഴേ എല്ലാവരും ആര്പ്പു വിളി തുടങ്ങും .അടി മുടി നനഞ്ഞു കുളിക്കുമ്പോൾ അത് കരച്ചിലാകും .വള്ളം ചുഴിയിൽ വീഴുമ്പോൾ മറിയുമെന്നൊരു ഭയം മനസ്സിൽ ഉടലെടുക്കും ..ഈ തണുത്ത വെള്ളത്തിൽ വീണാൽ മരവിച്ചു ചത്തു പോകും.കഷ്ട്ടി അരവരെ വെള്ളമേ എല്ലായിടത്തും ഉള്ളൂ .അത് കൊണ്ട് മുങ്ങിയോന്നും മരിക്കില്ല.ഒഴുക്കിന് ശക്തി തീരെ കുറവാണ് താനും.

ഒന്ന് രണ്ടു മണിക്കൂർ  കൊണ്ട് നനഞ്ഞു  കുളിച്ചു എല്ലാവരും തിരികെ എത്തി.മിക്കവാറും പേർ പോയി ഡ്രസ്സ്‌ ഒക്കെ മാറി  .ഞാൻ അതിനൊന്നും മിനക്കെട്ടില്ല.വണ്ടിയിൽ കയറി കുറച്ചു കഴിയുമ്പോൾ ഉണങ്ങിക്കൊള്ളും .
ഈ യാത്രയിൽ ഞങ്ങൾ എറ്റവും കൂടുതൽ മനസ് തുറന്നു ആഹ്ലാദിച്ചത്‌ ബീയസിന്റെ നെഞ്ചിൽ കിടന്നാണ് .എല്ലാവരും ശരിക്കും ഹോളി ഡേ മൂഡിൽ ആയി
തിരികെ വീണ്ടും ദേശീയ പാതയിൽ ബസ് കയറി.

പഞാബിലെ വിചിത്രമായ കാഴ്ചകൾ പിന്നീട്

ഭാഗം 8

തിരികെയുള്ള യാത്ര നല്ല രസമായിരുന്നു.രാത്രി തങ്ങിയത് ഛണ്ടീ ഗറിലെ  ലെമോണ്‍ ട്രീ ഹോട്ടെലിൽ ആയിരുന്നു.സിംലയിലെ  തണുത്ത അന്തരീക്ഷത്തിൽ നിന്നും ഇളം ചൂടുള്ള ഹോട്ടലിലേക്കുള്ള ഈ മാറ്റം വളരെ സ്വാഗതർഹമായിരുന്നു .നല്ല അത്താഴം .ബുഫെ .എന്നിട്ട് കൂടി വിശപ്പ്‌ കെട്ടു  പോയിരുന്നു .വിശപ്പില്ലാത്ത വയറിൽ എന്തെങ്കിലും കുത്തി കയറ്റാൻ തോന്നിയില്ല .വെജിറ്റബിൾ സൂപ്പും  പഴങ്ങളും പച്ചക്കറികളുംമാത്രം കഴിച്ചു അന്നും കഴിച്ചു കൂട്ടി.  നന്നായി കുളിച്ചു .മനസ് നിറഞ്ഞു  ഉറങ്ങി .ശരീരത്തിനും മനസിനും ഉണ്ടായിരുന്ന വല്ലാത്ത അസ്വസ്ഥതകൾ എല്ലാം നീങ്ങി കിട്ടി .പ്രഭാതം തെളിഞ്ഞതായിരുന്നു .സുഖദമായ ഒരു തണുപ്പും അന്തരീക്ഷത്തിൽ തങ്ങി നിന്നു .പത്തു മണിക്ക് ഞങ്ങൾ പുറപ്പെട്ടു .ആദ്യം എത്തിയത് പഞ്ചാബിന്റെ അഭിമാനമായ റോസ് ഗാർഡനിൽ ആയിരുന്നു.

സക്കീർ ഹുസൈൻ  റോസ് ഗാർഡൻ

റോക്ക് ഗാർഡൻ ,സുഖ്ന തടാകം ,ഇത് മൂന്നുമാണ് ഞങ്ങൾ ണ്ഡിഗറിൽ കണ്ട പ്രധാന കാഴ്ചകൾ 
ഓരോ തടം നിറയെ ഓരോ തരം  റോസകൾ... .നിറയെ മനോഹര പുഷ്പ്പങ്ങളുമായി  ഒരു തോട്ടം മുഴുവൻ നമ്മെ വരവേൽക്കുന്നു ,ഹൃദയം നിറഞ്ഞു കവിയുന്ന ഈ വർണ്ണ വൈവിധ്യം  കാണാൻ  സാധിച്ചത് ഒരു വലിയ ഭാഗ്യമാണ് .

ലോകം മുഴുവൻ ഉള്ള റോസപ്പൂവിനങ്ങൾ ഇവിടെ കാണാം .ശ്രദ്ധയോടെ ഉള്ള പരിചരണം,ഈ തോട്ടത്തെ എന്നുംഎപ്പോഴും മനോഹരമാക്കി നിർത്തുന്നു.
30 ഏക്കർ വിസ്തൃതി  ,50,000റോസാ ചെടികൾ,  1600 തരം ചെടികൾ ,എല്ലാമായി ഏഷ്യയിലെ ഏറ്റവും വലിയ റോസാ ത്തോട്ടമാണ് ഇത് .ഭാരതത്തിന്റെ മുൻ രാഷ്ട്രപതി ഡോക്ടർ സക്കീർ ഹുസൈന്റെ പേരിലാണ് ഈ ഗാർഡൻ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത് .1967 ഇൽ അന്നത്തെ ചന്ദീഗർ ചീഫ് കമ്മീഷണർ  Dr M.S. രാന്ധ്വ  ആണ് ഇതിന്റെ  പ്രവര്ത്തനം ഉത്ഘാടനം ചെയ്യത്. എല്ലാക്കൊല്ലവും ഫെബ്രുവരി മാര്ച് മാസങ്ങളിൽ  ഫെസ്റിവൽ ഓഫ്  ഗാർഡൻസ് എന്ന പേരിൽ ഇവിടെ വിപുലമായ  ഒരു പുഷപ്പ മേള സംഘടിപ്പിക്കുന്നുണ്ട് 
ഞങ്ങൾ ചെല്ലുമ്പോൾ ഈ മേളക്കായി  പൂന്തോട്ടം പൂത്തുലഞ്ഞു നിൽക്കുകയാണ് 

റോക്ക് ഗാർഡൻ( Nek Chand's Rock Garden )
പിന്നീട് ഞങ്ങൾ പോയത് റോക്ക് ഗാർഡനിലെക്കാണ് .എന്താണ് ഈ റോക്ക് ഗാർഡൻ  എന്ന് ഒരു പിടിയും കിട്ടിയില്ല.ഉപയോഗമില്ലാത്ത വസ്തുക്കൾ  കൊണ്ടുള്ള ഒരു ആരാമം എന്നെ മനസിലായുള്ളൂ  .എല്ലായിടവും വൃത്തിയും വെടിപ്പും ഉണ്ട് ..ആദ്യമെല്ലാം കണ്ടത് പ്രധാനമായും മണ്‍ പാത്രങ്ങളിലും പാറക്കല്ലിലും കളിമണ്ണിലും തീര്ത്ത  പ്രതിമ രൂപങ്ങൾ ആയിരുന്നു ..സൂത്ത്ര വാതിലുകളും മറ്റും കടന്നു മുന്നോട്ടു പോകുംതോറും കണ്ട കാഴ്ച  അത്ഭുത പ്പെടുത്തുന്നതയിരുന്നു 
ഒരുമിച്ചു പൂത്തുലഞ്ഞു നിൽക്കുന്ന  റോസപ്പൂക്കളുടെ നിറവിൽ നിന്നും ഈ മനുഷ്യ നിർമ്മിത പൂർണ്ണത  ഒരു അത്യപൂർവ്വം തന്നെ ആയ ഒരു കാഴ്ച ആണ് .
സുഖ്ന തടാകത്തിന്റെ അടുത്താണ് ഈ പാര്ക്ക് .വെള്ളചാട്ടങ്ങളും ശിലപ്പങ്ങളും  പ്രതിമകളും എല്ലാം ചേര്ന്നതാണ് ഈ പാർക്ക്‌ സമുച്ചയം
സ്ക്രാപ്പ്, കുപ്പികൾ ,ചില്ല് കഷണങ്ങൾ ,പൊട്ടിയ  സെറാമിക് പാത്ര ങ്ങൾ ,പൊട്ടിയ  സിങ്കുകൾ  വേസ്റ്റ് സാധനങ്ങൾ  ഇവ കൊണ്ടുള്ള മനുഷ്യ രൂപങ്ങൾ  മൃഗ  രൂപങ്ങൾ  എല്ലാമാണ് ഈ പാർക്ക്‌ നിറയെ.പല പല കൃത്രിമ വെള്ള ചാട്ടങ്ങളും കാണാം.

നെഖ് ചന്ദ് എന്നാ സർക്കാർ ഉദ്യോഗസ്ഥൻ ആണ് ഇത് സ്ഥാപിച്ചത് ..1957 ഇൽ .തന്റെ ഒഴിവു വേളകളിൽ രഹസ്യമായി ആണ് 
സുഖ്ന തടാകത്തിലെ വനത്തിനുള്ളിൽ ഇദ്ദേഹം ഈ പാർക്ക്‌ സ്ഥാപിച്ചു .സുഖ്ന റാണിയുടെ ദർബാർ എന്നാ സങ്കല്പം ആണ് ശില്പ്പിയെ മുന്നോട്ടു നയിച്ചത് .ഓരോരോ ഭാഗങ്ങൾ ആയി നെഖ് ചന്ദ് പാര്ക്ക് മിനഞ്ഞു കൊണ്ടേ ഇരുന്നു.റാണി ,കൊട്ടാരം,കൊട്ടാരം കാവൽക്കാർ ,രഹസ്യ  വഴികൾ ,അന്തപുരം, ദർബാർ  ,പാട്ടുപാടുന്നവർ  നൃത്തം ചെയ്യുന്നവർ ,നാട്ടുകാർ  ,സൈനീകർ ,കുട്ടികൾ ,അമ്മമാർ ,വൃദ്ധർ ..ഒരു നഗരം രൂപം കൊള്ളുക ആയിരുന്നു .കൊടുംകാടിൽ .ആരും അറിയാതെ . പൊളിക്കുന്ന വീടുകളുടെ,ഫാക്റ്ററികളുടെ  ഒക്കെ സ്ഥലത്ത് പോയി അവിടെ വെറുതെ കിടക്കുന്ന അവശിഷ്ട്ടങ്ങൾ എടുത്തു കൊണ്ട് വന്നു തന്റെ രീതിയിൽ പ്രോസെസ്സ് ചെയ്തു അയാള് തന്റെ ജോലി തുടർന്ന്.ഒരു നഗരം..അങ്ങിനെ രൂപം കൊണ്ട്.വനം വകുപ്പ് അധികൃതർ ഈ സങ്കേതത്തെ ക്കുറിച്ച് അറിയുന്നത് നീണ്ട 18  വർഷങ്ങൾ  കഴിഞ്ഞാണ്.വനത്തിൽ ഒന്നും കെട്ടി ഉണ്ടാക്കി കൂട  എന്നാണ് നിയമവും .ഈ നഗര സമുച്ചയം പൊളിച്ചു കളയേണ്ടി വരും എന്നുറപ്പായി .1975 ഇൽ  ആണ് ഈ പാർക്ക്‌ നാശ ഭീഷണിയിൽ ആയതു .എന്നാൽ പൊതു ജനാഭിപ്രായം തന്റെ ഈ നിര്മ്മിതിയെക്കുരിച്ചു രൂപീകരിച്ചു ചന്ദ് സാബ് ഇതിനെ രക്ഷിചെടുത്തു .അപ്പോഴേക്കും ഏതാണ്ട് 12 ഏക്കർ ഈ പാർക്കായി രൂപം കൊണ്ടിരുന്നു .
പൊതു ജന താല്പര്യം മാനിച്ചു അങ്ങിനെ 1975 ഇൽ   ഇതിനെ  ഒരു പാർക്കായി പ്രഖ്യാപിച്ചു.ജനങ്ങൾക്കായി  തുറന്നു കൊടുത്തു .ചാന്ദ് സാബിനെ ഇതിന്റെ കാര്യദർശിയായി നിയമിച്ചു .50 പണിക്കാരെയും കൊടുത്തു .

ഇപ്പോൾ ഇത് സർക്കാർ  ആണ് കൊണ്ട് നടത്തുന്നത്.ഒരു ദിവസം 5000 പേർ  ഈ പാര്ക്ക് സന്ദർശിക്കുന്നുണ്ട് .നിങ്ങൾ നഗരത്തിൽ പോകുന്നുവെങ്കിൽ ഇത് കാണാതെ പോകരുത്.വന്യവും ശാന്തവും,മനോഹരവും ഭ്രാന്തവും ..എങ്കിലും അലൗകീകവുമാണ്  ഈ പാർക്ക്‌
ലാഭേച്ചയില്ലാതെ സ്വന്തം സ്വപ്നങ്ങളുടെ  പിന്നാലെ നിരന്തരം അലഞ്ഞ ഒരു ഭ്രാന്തനായ ശില്പ്പിയുടെ സ്വപ്ന സാക്ഷത്ക്കരമാണ് ഈ പാർക്ക്.

ഭാഗം 9

അതി രാവിലെ ഏതാണ്ട് നാല് മണിക്കാണ് ഞങൾ റിഷികേശിൽ  എത്തിയത്. നല്ല തണുപ്പും ഉറക്കച്ചടവും ഞങ്ങളെ  ഒരു പോലെ കഷ്ട്ടപ്പെടുത്തി എന്നെ പറയേണ്ടൂ.വണ്ടിയിൽ കയറിയിട്ട് സ്വയം പരിചയപ്പെടുത്താൻ  മിനക്കെടതിരുന്ന ഒരു ഗൈഡ് ആയിരുന്നു  ഉണ്ടായിരുന്നത് .മലയാളിക്ക് സഹജമായ രീതിയിൽ ഞങ്ങളും പേരെന്താ സാറേ എന്നൊന്നും ചോദിക്കാനും പോയില്ല
അതി രാവിലെ ബസിൽ നിന്നും ഞങ്ങളെ ഓട്ടോ റിക്ഷാ യിലേക്ക് മാറ്റിയതോടു കൂടി ഞങ്ങൾക്ക് ആ ചെറുപ്പക്കാരനെ ഇഷ്ട്ടവും അല്ലാതെയായി
റിക്ഷക്ക് പടുതായും ഇല്ല..ചില്ലും ഇല്ല..നല്ല തണുപ്പുള്ള കാറ്റും .ഒരു ആശ്രമത്തിലാണ് ഞങ്ങൾ എത്തിയത് .കുലിക്കാഉം മറ്റും സൗകര്യം ചെയ്തു തന്നു അവർ ..ഈ തണുപ്പത്ത് ആര് കുളിക്കുന്നു ,5.15 ആയപ്പോൾ എല്ലാവരും വീണ്ടും വീണ്ടും ഓട്ടോയിൽ കയറി ..ഇരുട്ടിൽ ഞങ്ങൾ കുറെ നടന്നു ഒരു കാപ്പി ക്കടക്കാരന്റെ മുന്നിലെത്തി .ചായയൊക്കെ കുടിച്ചു വീണ്ടും തണുത്തു വിറച്ചു ഞങ്ങൾ മുന്നോട്ടു നീങ്ങി .
The  pied piper എന്നൊരു പഴയ സിനിമ നിങ്ങൾ കണ്ടിട്ടുണ്ടോ
ഹംലിൻ എന്ന നഗരത്തിൽ എലി ശല്യം കൂടിയപ്പോൾ അവിടുത്തെ മേയർ എളിയ ഓടിക്കുന്നവര്ക്ക് വലിയ സമ്മാനങ്ങൾ വാഗ്ദാനം ചെയ്തു .അത് കേട്ടു, ഒരു മായ ക്കുഴലൂത്തുകാരൻ എത്തി .തന്റെ മാന്ത്രിക ക്കുഴലൂതി കടലിലേക്ക്‌ നടന്നു .പിറകെ നഗരത്തിലെ മുഴുവൻ എലികളും ചെന്ന് .അയാൾ  ചെന്ന് കടലിൽ ഇറങ്ങി മുന്നോട്ടു നടന്നു .എലികൾ എല്ലാം പിറകെ ചെന്ന് ..കടലിൽ വീണു മരിച്ചു .എന്നാൽ മേയർ വാക്ക് പാലിച്ചില്ല .വാക്ക് പറഞ്ഞ സമ്മാനം നല്കിയില്ല.അയാള് വീണ്ടും പൈപ്പ് ഊതി ..നഗരത്തിലെകുട്ടികൾ മുഴുവൻ അയാളുടെ പിറകെ പോയി
ആ സിനിമയിൽ  ഒരു കുഞ്ഞെലി ഉണ്ട് .കുഴലൂത്തുകാരൻ ഊതുമ്പോൾ ഈ കുഞ്ഞെലി  എപ്പോഴും പിറകിൽ ആയിരിക്കും ..ഓടിയും വലിഞ്ഞും എല്ലാവരുടെയും കൂടെ  എത്തും.ഈ ടൂറിൽ മുഴുവൻ ആ കുഞ്ഞെലിയെപ്പോലെ  ഞാൻ പിറകിൽ ആയിരുന്നു .തണുത്തു വിറച്ചു താടിയും കൂട്ടി ഇടിച്ചു പതുക്കെ പതുക്കെ ആണ് എന്റെ നടപ്പ് .പുഷ്പ്പ യും മറ്റുള്ളവരും നല്ല സ്മാർട്ട്‌ ആയി  മുൻപേ പോകുന്നു  ..ഗൈഡ് എന്നെ അന്വേഷിച്ചു വരും .അങ്ങേര്ക്കിത് തീരെ പിടിക്കുന്നില്ല ന്നു മനസിലായി .നേരം വെളുത്തിട്ടില്ല  .മഞ്ഞിൽ കണ്ണടയിൽ  ഒരു മൂടൽ വീഴും .എനിക്കാണെങ്കിൽ സ്റ്റെപ് ഇറങ്ങുമ്പോൾ ഭയങ്കര ഭയമാണ് .ഇപ്പോൾ വീഴും എന്നൊരു  പേടി .
കുറെ ദൂരം നടന്നും സ്റ്റെപ്പു കയറിയും ഇറങ്ങിയും അമ്പലങ്ങളിൽ കയറിയും ഒക്കെ നേരം പുലരുന്നതിനു മുൻപ് ഞങ്ങൾ ഒരു തൂക്കു പാലത്തിനടുത്തെത്തി
ആ ഇരുമ്പു തൂക്കു പാലത്തിന്റെ പേരാണ്"" ലക്ഷ്മണ്‍ ത്ധൂല""1929 ഇൽ ആണ് ഈ പാലം നിർമ്മിച്ചത്
താഴെ ഭാഗീരഥി നദി ഒഴുകുന്നു .പണ്ട് ലക്ഷ്മണൻ ചണ നൂല് കൊണ്ട് നിർമ്മിച്ച താണ്  ഈ പാലം എന്നാണ് ഐതിഹ്യം. റിഷികേശിന്റെ മുഖമുദ്രയാണ്  ഈ പാലം
എനിക്കെന്നാൽ ഈ പാലത്തിൽ കയറിയപ്പോൾ ആ ഗൈഡിനെ  പ്പിടിച്ചു രണ്ടു കൊടുക്കാൻ ആണ് തോന്നിയത് .ആകാശ ത്തിലെ മഴവില്ല് പോലെ ചക്രവാളത്തിലെ സൂര്യനെ പ്പോലെ ഇത് മാഞ്ഞു പോവുകയോന്നുമില്ലല്ലോ .പകൽ  മുഴുവൻ ആപാലം  ഇവിടെ തന്നെയുണ്ടല്ലോ .അങ്ങോട്ടും ഇങ്ങോട്ടും മുഖംകാണാൻ പറ്റാത്ത  ഈ  ഇരുട്ടിൽ തന്നെ വന്നു കാണണോ .


ആടുന്ന പാലം .ഭാഗീരധിയുടെ ചൂളം കുത്തുന്ന കാറ്റ് .ഹിമലയത്തിലെ  മഞ്ഞിന്റെ തണുപ്പ് ..
ഒരു ശിക്ഷപോലെ ആയിപ്പോയി ഇത്
കാറ്റിന്റെ ശക്തികൊണ്ട് ഞാനൊക്കെ പതുക്കെ അങ്ങോട്ടും ഇങ്ങോട്ടും ഉലയുന്നുമുണ്ട് .ഏതാണ്ട് 450 അടിയാണ് ഇതിന്റെ നീളം .ഞങ്ങൾ നടന്നു മറുവശത്തെത്തി .അപ്പഴും ഇരുട്ട് മാറിയിരുന്നില്ല
അവിടെ ചില  അമ്പലങ്ങൾ സന്ദർശിച്ചു .ഒരു ക്ഷേത്രത്തിലെ  ആരതി കണ്ടു .ഒന്ന് പറയാം..ഈ ആരതി മനോഹരമായ ഒരു അനുഭവമാണ്‌
നല്ല ആരോഗ്യ മുള്ള ഒരു സ്വാമി ഒരു വലിയ വിളക്കുമായി വിഗ്രഹങ്ങളിൽ ഉഴിയുകയാണ് .വിളക്ക് എന്നാൽ അനേകം കൊച്ചു കൊച്ച്‌  വിളക്കുകൾ ചേര്ന്ന ഒരു വലിയ സഞ്ചയമാണ്.

ഒരു സർക്കസ്കാരന്റെ കര വിരുതോടെ  നല്ല മെയ് വ ഴക്കത്തോടെ പൂജാരിആരതി ഉഴിഞ്ഞു .    ഞങ്ങൾക്ക് ആയി പുറത്തേക്ക് കൊണ്ട് വന്നു .ഇടക്കൊക്കെ  ഗൈഡ് ഹിന്ദിയിൽഓരോ മുദ്രാവാക്യം വിളിക്കും .അതിന്റെ  വരികൾ ശരിക്കും ഓർക്കുന്നില്ല .എങ്കിലും ദൈവത്തെ വിളിക്കുന്നതാണ് ..ജയ് ശ്രീരാം പോലെ എന്തോ ഒന്ന് .ഞങ്ങൾ മലയാളികള് ആരും അത് ഏറ്റു വിളിച്ചില്ല .നമ്മൾ മലയാളികൾ ആണല്ലോ
ആരതി കഴിഞു പ്രസാദം കിട്ടി .നമ്മുടെ കൂട്ടുപയാസം പോലെ..അത്ര മധുരം  ഇല്ലന്നേ ഉള്ളൂ .അപ്പോഴേക്കും നേരം നന്നായി വെളുത്തു .പ്രഭാത ഭക്ഷണം കഴിഞ്ഞു ഷോപ്പിങ്ങിനിറങ്ങി .
രുദ്രക്ഷങ്ങളെ ക്കുറിച്ച് ഒരു ക്ലാസിൽ  പങ്കെടുത്തു .
 നമ്മൾ കരുതുന്നത് പോലെ ഇതൊരു നിസാര കുരുവല്ല
രുദ്ര..രുദ്രൻ ശിവൻ ..  അക്ഷം കണ്ണു
ശിവന്റെ കണ്ണുകൾ ആണ് രുദ്രാക്ഷം എന്നാണു  വിശ്വാസം
ക്രിസ്ത്യാനികൾ കൊന്ത എത്തിക്കുന്നത് പോലെ ഹിന്ദുക്കൾ പ്രാർധിക്കുന്നതു ഈ രുദ്രാക്ഷ മാലയിലെ മുത്തുകൾ എണ്ണിയാണ് .ഒത്തിരി ദൈവീകവും അല്ലാത്തതുമായ ധാരാളം ഗുണ വൈശിഷ്ട്യങ്ങൾ ഇവക്കു  ഉണ്ട് എന്ന് പറയപ്പെടുന്നു .അപൂർവ്വമായ ഒരിനം രുദ്രാക്ഷം ആണ് ഏകമുഖ രുദ്രാക്ഷം
അതിന്റെ ചിത്രങ്ങൾ ആണ് താഴെ ..ഒരു ഗ്രൂവ് ..ഒരു വര മാത്രം ഉള്ളവയാണ് അവ.

ദ്വിമുഖ രുദ്രാക്ഷം താഴെ കാണുന്നത് പോലെ ആണ്.

അങ്ങിനെ പലമുഖ രുദ്രക്ഷങ്ങൾ ഉണ്ട് ,പഞ്ച മുഖ രുദ്രക്ഷങ്ങൾ ആണ് കൂടുതലും കാണപ്പെടുന്നത് ..ധാരാളം രുദ്രാക്ഷ മരങ്ങൾ  നമുക്ക് റിഷികേശിൽ കാണാം
ആ ഷോപ്പിൽ നിന്നും ഞങ്ങൾ അതും ഇതുമൊക്കെ വാങ്ങിച്ചു
ഒരു ചെറിയ പ്ലാസ്റ്റിക് ജാറിൽ കുറച്ചു ഗംഗാ ജലവും എടുത്തു .
ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് ഗൈഡിനോടുള്ള വൈരാഗ്യം ഒന്ന് കുറഞ്ഞു .തണുപ്പും കുറഞ്ഞിരുന്നു .
2014ലെ കേദാർനാധ്   വെള്ളപ്പൊക്കവും ഉരുൾ പൊട്ടലും വന്നപ്പോൾ പുള്ളിയും 26 പേർ അടങ്ങുന്ന ഒരു  സംഘം ഭക്തരുമായി മല മുകളിൽ അകപ്പെട്ടുപോയി  .ഭക്ഷണമോ വൈദ്യുതിയോ ഇല്ലാതെ 72 മണിക്കൂർ കഴിയേണ്ടി വന്നു .താഴേക്കു പോന്നവർ എല്ലാം മരിച്ചു . 5700 ടൂറിസ്റ്റുകളും 934 തദ്ദേശ വാസികളും ഈ വെള്ളപ്പൊക്കത്തിൽ മരിച്ചു എന്നോർക്കണം .ചുമ്മാതല്ല ആ പയ്യൻ  ഇടയ്ക്കിടയ്ക്ക് ദൈവത്തെ വിളിച്ചു കൊണ്ടിരിക്കുന്നത് എന്ന് മനസിലായി .

പിന്നെ ഞങ്ങൾ ഹരിദ്വാറിലേക്ക് പോയി

അവിടെയാണ് ഗംഗ ...സാക്ഷാൽ ഗംഗ ആകുന്നത്.


ഭാഗം 10
റിഷികേശിൽ നിന്നും ഏതാണ്ട് 30 കിലോ മീറ്റർ അകലെയാണ് ഹരിദ്വാർ.

ഗംഗയുടെ തീരത്ത്‌ സ്ഥിതി ചെയ്യുന്ന അതി പുരാതനമായ ഒരു പുണ്യ നഗരം .ഗംഗയിൽ മുങ്ങിയാൽ തീരാത്ത പാപം ഏതു ?
ഏതു ഗംഗയിൽ കുളിച്ചാൽ ആണ് ഈ പാപമൊക്കെ തീരുക എന്ന് സിനിമയിലെ വില്ലന്മാരോട് നായികമാർ ചോദിക്കുന്നത് ഓർമ്മയില്ലേ
അതെ..പാപ നാശിനി ഗംഗ ..
 നദീ തീരത്ത്‌ അനേകം ഘട്ടുകൾ ..കുളിക്കടവുകൾ ..അതിലിറങ്ങി  മുങ്ങിയാൽ മുജ്ജന്മ പാപം വരെ നീങ്ങി പ്പൊകും  എന്നാണു വൈപ്പ്

അഗ്നിഹോത്രികൾ കാശിക്കു പോവുകയായിരുന്നു
പാക്കനാർ ചോദിച്ചു എന്തിനാണ് ചേട്ടൻ കാശിക്കു പോകുന്നത്
എല്ലാ പുണ്യ തീർഥങ്ങളിലും മുങ്ങണം..ഇത് വരെ ചെയ്ത പാപം എല്ലാം ഗംഗ മാതാവിൽ അർപ്പിക്കണം
പാക്കാനാർ സമ്മതിച്ചു
ചേട്ടാ ഈ ചുരക്ക കൂടി എല്ലാ തീർധങ്ങളിലും മുക്കി കൊണ്ട് വരുമോ
ദൈവീകാംശമുള്ളവനാണ് പാക്കനാർ .ചുമ്മാ ഒരു ചുരക്ക മുക്കി കൊണ്ട് വരാൻ പറയില്ല .അഗ്നിഹോത്രി യാധവിധി ഗംഗാ സ്നാനം കഴിഞ്ഞു ചുരക്കയേയും മുക്കി . തിരികെ എത്തി  .പാക്കാനാരെ വിളിച്ചു ചുരക്ക ഏൽപ്പിച്ചു .
ഭയഭക്തി ബഹുമാനങ്ങളോടെ  ചുരക്ക കയ്യിൽ  വാങ്ങി പാക്കനാർ ഒന്ന് കടിച്ചു
മുഖം ചുളിച്ചു
ച്ചുരക്കക്ക് കൈപ്പു തന്നെ
എല്ലാ പുണ്യ തീര്ധങ്ങളിലും മുക്കിയിട്ടും ഈ ച്ചുരക്കയുടെ കൈപ്പു  മാറിയില്ലല്ലോ ചേട്ടാ .എങ്കിൽ അങ്ങയുടെ തീർഥ സ്നാനവും വ്യര്ധം തന്നെ .എന്ന് മൊഴിഞ്ഞു
ഗംഗയുടെ തീരത്ത്‌ വൃദ്ധരും സ്ത്രീകളും കുട്ടികളും എല്ലാം മുങ്ങി നിവരുന്ന കാഴ്ച കണ്ടപ്പോൾ ഈ കഥ ഓര്മ്മ വന്നു
നല്ല ഒഴുക്കും നല്ല തണുപ്പും ..എന്റെ പാപങ്ങൾ  ചുരക്കയുടെ കൈപ്പു പോലെ ഈ സ്നാനം കൊണ്ടുണ്ടോ മാഞ്ഞു പോകുന്നു

അവിടെ ഉള്ള ചില പുരാതന ക്ഷേത്ര സമുച്ചയങ്ങൾ കണ്ടു
അടുത്തതായി  മാനസാ  ദേവിയുടെ ക്ഷേത്ര സന്ദര്ശനം ആയിരുന്നു
നമ്മൾ മലയാളികള്ക്ക് ശിവന്റെ രണ്ടു പുത്രന്മാരെയാണ് പരിചയം
സുബ്ര മ്മണ്യനും ഗണപതിയും . ഒരു പുത്രി കൂടിയുണ്ട് .മാനസ ദേവി
ആ ദേവിയുടെ പ്രതിഷ്ട്ട ഉള്ള ഒരു അമ്പലം കണ്ടു
നമ്മുടെ പഴനി പോലെ ഒരു വലിയ കുന്നിൻ  മുകളിൽ  ആണ് ഈ അമ്പലം പണിതിരിക്കുന്നത്.


ശിവരാത്രിക്ക്  രണ്ടു ദിവസം മുന്പായിരുന്നു ഞങ്ങൾ അവിടെ എത്തിയത് അമ്പലത്തിനടുത്തുള്ള ഒരു മൈതാനത്ത് നമ്മുടെ കാവടി പോലെ ഒരു വളഞ്ഞ വില്ലിൽ പ്ലാസ്റ്റിക് പൂക്കൾ ഒക്കെ  പിടിപ്പിച്ചു അലങ്കരിച്ചു തോളിൽ ഏന്തി  ആളുകൾ  മല കയറാൻ തയ്യാറെടുക്കുന കാഴ്ച കണ്ടു .ഉത്സവം 9  ദിവസമാണ്.ആ ദിവസങ്ങള് മുഴുവൻ ഗ്രാമീണർ താഴെ ഗംഗയുടെ തീരത്തുള്ള മൈതാനിയിൽ തമ്പടിക്കും.താത്ക്കാലിക   മരുന്നുകൾ ,ടോയിലെറ്റുകൾ എല്ലാം സര്ക്കാർ  ഒരുക്കും .ആ ഗ്രാമീണ ഉത്സവ ലഹരിയിൽ ഞങ്ങളും അങ്ങ് മുഴുകി
നല്ല കുങ്കുമം രണ്ടു നിറത്തിൽ വാങ്ങി.പിന്നെ ലോട്ടും ലോടുക്കും ഒക്കെ.അവരുടെ ഭക്ഷങ്ങൾ ഒന്നും വാങ്ങി ക്കഴിക്കരുത് എന്നൊരു മുന്നറിയിപ്പ്  ഗൈഡ് തന്നിരുന്നു .അത് കൊണ്ട് അതിനു തുനിഞ്ഞില്ല
ഗംഗയിൽ ആളുകൾ  കുളിക്കുന്നത് കണ്ടു.വെള്ളത്തിനു അതി ഭയങ്കര ഒഴുക്കാണ്.നല്ല തണുപ്പും .
അവിടെ നിന്നും കയറി പാലം   കടന്നു ഞങ്ങൾ അമ്പലത്തിലേക്ക് നടന്നു .കുന്നിനു മുകളിലെ ഈ ക്ഷേത്രം 11 ആം നൂറ്റാണ്ടിൽ ആണ് നിർമ്മിച്ചത്
ഞങ്ങൾ റോപ് വേ യിൽ കയറി ആണ് പോയത് .

ഹരിദ്വാർ മാത്രമല്ല കാണാൻ സാധിച്ചത്.അത്ര ഉയരത്തിൽ ആണ് നമ്മൾ സഞ്ചരിക്കുന്നത്
അമ്പലത്തിൽ രണ്ടു വിഗ്രഹങ്ങൾ  ആണ്.ഒന്നിൽ  ദേവിക്ക് മൂന്നു വായും അഞ്ചു കൈകളും ആണുള്ളത് .മറ്റേതിൽ എട്ടു കയ്യുകൾ .

ഭാരതത്തിലെ മൂന്നു സിദ്ധ  പീഠങ്ങളിൽ ഒന്നാണ് ഇത്.മറ്റേതു രണ്ടും മായ ദേവിയുടെയും ചാണ്ടി ടെവിയുടെതും ആണ്.ഇത് മൊന്നും സന്ദര്ഷിക്കുന്നത് ഉത്തമം ആണെന്ന് കരുതപ്പെടുന്നു .ഭക്തർ മുത്തുകൾ കോർത്ത മാലയും വള കളും എല്ലാം അഭീഷ്ട്ട സിദ്ധിക്കായി ഇവിടെ ഒരു മരത്തിൽ കൊണ്ട് കെട്ടുന്നു.ഞാത്തി ഇടുന്നു എന്നെ ഉള്ളൂ
 അമ്പലം മുഴുവൻ ഇവ കാണാം .ഫല പ്രാപ്തി ഉണ്ടായാൽ ഇവ വന്നു അഴിച്ചു മാറ്റണം എന്നാണ് നിയമം .അത് നടക്കുന്നുണ്ട് എന്ന് തോന്നുന്നില്ല
.
കുന്നു കയറി കാവടികളുമായി ധാരാളം ഭക്തർ  വരുന്നുണ്ടായിരുന്നു .അര മണിക്കൂർ  ക്യൂ നിന്ന് തൊഴുതിറങ്ങി.അമ്പലത്തിനകത്ത് പൂജാരിമാർ ഇവിടെ ഉരുവായൂരോക്കെ ഉള്ള പോലെ കുങ്കുമ ചാറുമായി ഇരിപ്പുണ്ട്.നമ്മൾ പണം കൊടുത്താൽ നമുക്ക് പ്രസാദം തരും .അതിൽ ഒരാള് എന്റെ ഒഴിഞ്ഞ നെറ്റി കണ്ടു സഹിയാഞ്ഞു അതിൽ ഒരു വലിയ കുങ്കുമ ക്കുറി..അതും ചാലിച്ചത് തൊടുവിച്ചു തന്നു  .പുഷ്പ ഉടനെ അതിന്റെ ഫോട്ടോ എടുത്തു .ഞാൻ ഉമ ദേവിയല്ല .ഉമ ഭാരതിയാണ് എന്നൊരു പ്രസ്താവനയും നടത്തി .
അവിടെ നിന്നും കഴിക്കാവുന്ന പ്രസാദം  ഒക്കെ വാങ്ങി .അതെല്ലാം അപ്പോൾ തന്നെ തിന്നു തീര്ക്കുകയും ചെയ്തു .നല്ല വിശപ്പുണ്ടായിരുന്നു .പച്ചരി ചോറും നമുക്ക് പിടിക്കാത്ത ചില കറികളും ഒക്കെ കൂട്ടി ഊണ് കഴിച്ചു ഞങ്ങൾ തിരികെ ബസിൽ കയറി

ജയ്പ്പൂർ ..നഗരങ്ങളുടെ റാണി
അവളെ ക്കുറിച്ച് അടുത്തത്‌

ഭാഗം 11

ജയ്പ്പൂർ
എന്റെ വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു ജയ്പ്പൂർ ഒന്ന് കാണണം എന്നത്.
ഡൽഹിയിൽ നിന്നും  ഏതാണ്ട് 270 കിലൊമീറ്റർ ദൂരം ദേശീയ പാതഎട്ടിൽ കൂടി സഞ്ചരിച്ചാൽ നമ്മൾ ഈ പിങ്ക് സിറ്റിയിൽ എത്തും.


മഹാരാജ മാൻ സിംഗ് 1857 ഇൽ ശിപായി ലഹളയിൽ ബ്രിട്ടീഷുകാരുടെ ഭാഗം ചേർന്നു സഹായിച്ചു .തുടർന്ന് അന്നത്തെ
,പ്രിൻസ് ഓഫ് വെയിൽസ്(എഡ്വാർഡ്   ഏഴാമൻ രാജാവ്‌)  ജയ്പ്പൂർ സന്ദർശിച്ചു .രാജകുമാരന്റെ ബഹുമാനാർഥം മഹാരാജ മാൻ സിംഗ്  ആണ് അന്നത്തെ  നഗരത്തിലെ കെട്ടിടങ്ങൾ ചുവപ്പ് നിറം ആക്കി മാറ്റിയത് .
പിന്നീട് വന്ന രാജാക്കന്മാർ എല്ലാവരും ആ നിറം തന്നെ പിന്നീട് സ്വീകരിച്ചു.അങ്ങിനെ ആണ് ആ നഗരം പിങ്ക് സിറ്റി ആയതു

ആ ചുവന്ന നഗരം കണ്ടു കഴിഞ്ഞപ്പോൾ വലിയ സന്തോഷവും തോന്നി

രാജ നഗരം തന്നെ ..അവിടെ കണ്ട കാഴ്ചകൾ അനേകമാണ് ...ചിലയിടത്ത് നൂറ്റാണ്ടുകൾ മരവിച്ചു നിൽക്കുന്നത് പോലെ തോന്നും
21 ആം നൂറ്റാണ്ടിൽ അല്ല നമ്മൾ ഇപ്പോഴും ആ പതിനഞ്ചാം നൂറ്റാണ്ടിൽ തന്നെ ആണോ എന്ന് സംശയിച്ചു പോകും
ഒരു പ്രധാന സന്ദർശന കേന്ദ്രം സിറ്റി മഹൽ ആണ്

സിറ്റി മഹൽ


ചന്ദ്ര മഹൽ ,മുബാറക് മഹൽ എന്നിങ്ങനെ രണ്ടു കൊട്ടാര സമുച്ചയങ്ങൾ ചേർന്നതാണിത്

ജയ്പ്പൂരിന്റെ ..രാജസ്ഥാന്റെ തന്നെ ചരിത്രം ആണ് ഈ കൊട്ടാരത്തിന്റെയും ചരിത്രം
കച്ച്വത രജപുത്ര എന്ന രാജ  വംശത്തിന്റെ ഭരണ കേന്ദ്രം ആയിരുന്നു ഈ കൊട്ടാരം.കൊട്ടാരത്തിന്റെ ഒരു ഭാഗംമ്യൂസിയം  ആണ് .മറു ഭാഗം ഇപ്പോഴും രാജ കുടുമ്പം  താമസിക്കുന്നു .ഞങ്ങൾ ചുറ്റി നടന്നു കാണുമ്പോൾ കൊട്ടാരത്തിലെ റാണി കാറിൽ പുറത്തേക്ക് പോകുന്നത് കണ്ടു.അവർ ഇപ്പോൾ ജെയ്പ്പൂർ  എം എൽ എ ആണ്   സവായ് മധോപുർ രാജ  കുമാരി ദിയ കുമാരി 

ഞങ്ങളുടെ ഗൈഡ് വളരെ വാചാലൻ ആയതു അതി സുന്ദരിയായ അവിടുത്തെ ഭരണാധികാരിയായ  റാണി യെക്കുറിച്ചായിരുന്നു.അവർ സ്നേഹിച്ചു വിവാഹം കഴിച്ചതാണ്.ഒരു അക്കൗൻറ്റന്റ് ആണ്   വരൻ . .നരേന്ദ്ര സിംഗ് രജാവത്  . ടോങ്ക് എന്ന സ്ഥലത്തെ കൊട്ട്ട താക്കൂറിന്റെ മകൻ .പിന്നീട് ആ മരുമകൻ അറിയപ്പെട്ടത് മഹാരാജ് ശ്രീ നരേന്ദ്ര സിംഗ് എന്നാണു .എങ്കിലും ആൾ താക്കൂർ ആണല്ലോ  കുലമഹിമ അത്ര പോരാഞ്ഞു അച്ഛൻ മഹാരാജാവ് തന്റെ അനന്തരാവകാശിയായി  ഇവരുടെ മൂത്ത മകൻ ആയ മഹാരാജ് കുമാർ പത്മനാഭ സിംഗ് നെ ദത്തെടുക്കുകയാണ് ഉണ്ടായത് .കുമാരൻ  ജനിച്ചത്‌ 1998 ഇൽ ആണ് .ഇപ്പോൾ 16 വയസുള്ള  ഇദ്ദേഹമാണ് ഈ രാജാ വംശത്തിലെ രാജാവ് .പയ്യൻസ് സ്ഥലത്തുണ്ടെങ്കിൽ കൊട്ടാരത്തിൽ ഒരു പതാക ഉയർത്തിയിട്ടുണ്ടാവും  


 മുത്തശ്ശൻ മരിച്ചപ്പോൾ അഞ്ചാം വയസിൽ ജയ്പ്പൂർ രാജാവായ പത്മനാഭ  സിംഗ്.ഓരോരുത്തരുടെ യോഗം എന്നെ പറയേണ്ടൂ


കൊട്ടാരം ചുവരുകളിൽ അതി പ്രഗല്ഭരും സുന്ദരന്മാരുമായ കച്ച്വ രാജവംശത്തിലെ രാജാക്കന്മാരുടെ ച്ചിത്രങ്ങൾ ഉണ്ട് .ഇവരിൽ ഒരാൾ വലിയ വിദ്വാൻ ആയിരുന്നു വത്രേ .അങ്ങിനെയാണ് പിന്തുടർച്ചക്കാർ എല്ലാം പേരിന്റെ കൂടെ സവായ് വൈക്കാൻ തുടങ്ങിയത് .മഹാ തടിയൻ ആയ ഒരു രാജാവും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു 247 കിലോ ആയിരുന്നത്രെ കക്ഷിയുടെ തൂക്കം .40 വയസായപ്പോൾ മരിച്ചു


ജലം കൊണ്ട് സൂക്ഷിക്കാൻ ഉള്ള സ്വർണ്ണം പൂശിയ സ്പടിക ജാറുകൾ ഇവിടെ ഉണ്ട് .അത്ര വലിയ സ്പടിക ഭരണികൾ നമ്മൾ എങ്ങും കാണുകയില്ല
ഭിത്തിയിലും മറ്റും ഉള്ള കൊത്തു പണികൾ അതി ഗംഭീരം എന്നെ പറയാൻ ഉള്ളൂ.

പിന്നെയും അനേകം അനേകം കൊട്ടാരക്കെട്ടുകൾ ..അനേകം അനേകം റാണിമാർ ..പാട് കൂറ്റൻ അണ്ടാവുകൾ ..അവയൊന്നും അത്ര ആകർഷകമല്ല
എന്നാൽ അംബർ കൊട്ടാരം അങ്ങിനെ അല്ല
ചൈനയുടെ വന്മതിലിനേക്കാൾ മനോഹരമായ ഒരു മതിൽക്കെട്ട്   സമുച്ചയം നമ്മുടെ ഭാരതത്തിൽ ഉണ്ട് എന്ന് നിങ്ങൾ വിശ്വസിക്കുമോ


ഭാഗം 11
ആമ്പർ  ഫോർട്ട്‌

കച്ച്വ  രാജാക്കന്മാരുടെ പഴയ  തലസ്ഥാനമായിരുന്നു ആംബർ
 കുന്നിൻ മുകളിലെ വലിയ കോട്ട.വിശാലമായ അകത്തളങ്ങൾ
 നീണ്ട ഇടനാഴികൾ ,അനേകം റാണിമാർ ,ആഡംബരം നിറഞ്ഞ ദർബാർ
റാണി മാരുടെ കിടപ്പ് മുറികൾ
എല്ലാം കൊണ്ടും ഒരു തലസ്ഥാനത്തിനു ചേരുന്ന നഗരം തന്നെ ആമ്പർ
,1727നവംബർ 17 നു മഹാരാജ സവായ് ജയ് സിംഗ് രണ്ടാമൻ ആണ് ആണ് ജെയ്പ്പൂർ  രാജസ്ഥാന്റെ തലസ്ഥാനം ആക്കിയത് .എന്നാൽ അത് കൊണ്ട് ആംബർ ഒരു മോശം കൊട്ടാരം അല്ല താനും.

ഒരു ചെറു  തടാക തീരത്ത്‌ സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം കണ്ണുകൾക്ക്‌ ഒരു മനോഹര വിരുന്നാണ് ,
 
ആമ്പർ  ഫോർട്ട്‌ വാൾ 
ജൈഗാർ ഫോർട്ട്‌ 

തന്റെ സാമ്രാജ്യം ശത്രുക്കളിൽ നിന്ന് രേക്ഷിക്കാൻ ആയി ചുറ്റും ഒരു വൻ മതിൽ  പണിതു .ജൈസിംഗ് രണ്ടാമൻ 1726 കാലഘട്ടത്തിൽ ആണ് ഈ മതിൽ ചെയ്തത് . ആമ്പർ  കൊട്ടാരത്തിൽ നിന്ന് നോക്കിയാൽ  എതിരെ നമുക്കീ  വലിയ മതിൽ  കാണാം .അരാവലി പർവത നിരകളിൽ  പണിത ഈ കൊട്ടാരവും ദീര്ഘമായ മതിലും നൂറ്റാണ്ടുകളെ അതി ജീവിച്ചു ഇന്നും ഒരത്ഭുതമായി കാണപ്പെടുന്നു .കഴുകന്മാരുടെ കുന്നു (eagles hill ) എന്നൊരു പർവതത്തിൽ ആണ് ഈ കൊട്ടരക്കെട്ടു പണിതിരിക്കുന്നത് .

അത് പോലെ തന്നെ കാണാൻ അതി മനോഹരമായ മറ്റൊരു ഹര്മ്യമാണ് ജൽ മഹൾ.ആദ്യം ഒരു കൊട്ടാരം പണിതു .പിന്നീട് ദർഭവതി നദിയിൽ  ഒരു അണ കെട്ടി ,കൊട്ടാരത്തിന് ചുറ്റും തടാകം  (മൻ സാഗർ  )ഉണ്ടാക്കി..കൊട്ടാരത്തിന്റെ  ഒരു നില ഇപ്പോഴും ജലത്തിനടിയിൽ ആണ്.പിന്നീട് ജയ്‌സിംഗ് രണ്ടാമൻ ആണ് പതിനെട്ടാം നൂറ്റാണ്ടിൽ ഇത് അറ്റകുറ്റ പ്പണികൾ ചെയ്തു ഇന്നത്തെ നിലയിൽ  ആക്കിയത് ..രാജാക്കന്മാര്ക്ക് നായടാൻ വേണ്ടിയാണിത് പണിതത്  .എതിരെ വനത്തിൽ നിന്നും മൃഗങ്ങൾ  വെള്ളം കുടിക്കാൻ എത്തുമ്പോൾ രാജാക്കന്മാർക്ക് വേട്ട ആടാൻ എളുപ്പത്തിൽ ചെയ്തതാണ് ഈ കൊട്ടാരം .ദേശാടന പക്ഷികൾക്ക്  കൂട് കൂട്ടാൻ ചെറു ദ്വീപുകള ഉണ്ടാക്കിയിട്ടുമുണ്ട്  .   .ഞങ്ങൾക്ക്  ഇത് കാണാൻ കഴിഞ്ഞില്ല.എന്തോ മരാമത്ത് പണി നടക്കുന്നത് കൊണ്ട് ഇപ്പോൾ ഈ കൊട്ടാരം അടഞ്ഞു കിടക്കുകയാണ് .

.ജന്തർ മന്ദിർ ആണ് മറ്റൊരു പ്രധാന ആകർഷണം
അതിനെ കുറിച്ചും അടുത്ത ഭാഗത്തിൽ എഴുതാം

ഭാഗം 13

പണവും പ്രതാപവും 600 വരെ ഭാര്യമാർ  അത്രയും തന്നെ വെപ്പാട്ടിമാരും ഒക്കെ ആയി സുഖ ജീവിതം നയിച്ചിരുന്ന ഒരു രാജ വംശം..അവർ പിന്നീട് ഇന്ത്യൻ യൂണിയനിൽ ചേർന്ന് എങ്കിലും ഇപ്പോഴും അവർ രാജാക്കന്മാർ തന്നെ. പൂർവീക സമ്പത്തെല്ലാം ഈ രാജകന്മാർ ഹെറിറ്റെജ് പഞ്ച നക്ഷത്ര ഹോട്ടലുകൾ ആക്കിയിരിക്കുന്നു ..
വൃത്തിയോടെയും വെടിപ്പായും എല്ലാം സംരക്ഷിച്ചിരിക്കുന്നു .ടൂറിസ്റ്റ്കളോട് മര്യാദയോടെയും അന്തസ്സോടെയും പെരുമാറുന്നു .
പട്ടണം അത്ര വലുതല്ല .എന്നാൽ ഒരു ചന്തമൊക്കെ ഉണ്ട് താനും
ആദ്യം കാണാൻ പോയത് ജന്തർ മന്തിർ ആണ്
ഗൈഡ് വണ്ടിയിൽ ഇരുന്നു പറഞ്ഞു നമ്മൾ ഇനി പോകുന്നത് ജന്തർ മന്ദിർ കാണാൻ ആണ് എന്ന് ജന്തർ എന്ന വാക്കിന്റെ അർത്ഥം ഓര്മ്മ വരുന്നില്ല
കുരങ്ങു എന്നാണോ എന്നൊരു സംശയം.അങ്ങിനെ ആണെങ്കിൽ മൃഗശാല ആയിരിക്കുമോ എന്നായി പിന്നെ ചിന്ത
ആരോടും ഇതൊന്നും പറഞ്ഞില്ല
ഗൈഡിനോട് ചോദിച്ചു
ജന്തർ ക്യാ ഹൈ
ജന്തർ മത്ലബ്  ഇൻസ്ട്രുമെന്റ്
ജന്തർ എന്നാൽ ഉപകരണം
വീണ്ടും കുഴങ്ങി എന്നെ പറയേണ്ടൂ
കാണാൻ പോകുന്ന പൂരം എന്തിനു കേട്ടറിയുന്നു
അകത്തു കയറി.

 നല്ല വിശാലമായ സ്ഥലം ..ധാരാളം ആളുകൾ ...സുന്ദരികൾ ആയ മദാമ്മമാർ ..എനിക്കീ മദാമ്മമാരെ കാണാൻ വലിയ ഇഷ്ട്ടമാണ്
നല്ല ചുവന്ന ചുണ്ടുകളും പൂച്ചക്കണ്ണുകളും ,വിചിത്ര നിറമാർന്ന മുടിയിഴകളും ഒക്കെ ആയി അവർ കാണാൻ കണ്ണിനു എന്നും ഒരു നല്ല കാഴ്ചയാണ്
ജപ്പാനിൽ നിന്നും വൃദ്ധരായ ഒരു സംഘം ടൂറിസ്റ്റുകളെ അവിടെ കണ്ടു
സംഘത്തിലെ ഏതാണ്ട് 80% പേരും 80 അധികം പ്രായമുള്ളവർ .ഏതെങ്കിലും വൃദ്ധ സദനത്തിൽ നിന്നും ലോകം കാണാൻ വന്നവർ ആണെന്ന് തോന്നുന്നു
അവർ മാത്രമേ ഉള്ളൂ .നമ്മുടെ ഭാരതീയ രീതി അനുസരിച്ച് അച്ഛനും അമ്മയും മക്കളും ചെറു മക്കളും അല്ലെങ്കിൽ യുവ മിഥുനങ്ങൾ മാത്രം എന്നൊക്കെ രീതിയിൽ നിന്നും മാറി നന്നായി വയസായ ഒരു സംഘം ആളുകളെ കണ്ടപ്പോൾ അത്ഭുതം തോന്നി .സന്തോഷവും .എനിക്കൊക്കെ ഇനിയും ഒത്തിരി ബാല്യം ബാക്കിയുണ്ട് ..യാത്രക്കും വിനോദത്തിനും ഉല്ലാസത്തിനും എന്നൊരു സമാധാനം ,സന്തോഷം ..
ദൈവത്തിൻ മനമാരു കണ്ടു
അത് വേറെ കാര്യം
ചുറ്റും വായിൽ നോക്കി നടന്നു ജന്തർ മന്ദിർ കാണിക്കാൻ വന്ന ഗൈഡ് പറഞ്ഞതൊന്നും മനസിലായില്ല
പിന്നെ അങ്ങ് ബുദ്ധി ഉപയോഗിച്ചപ്പോൾ ചില കാര്യങ്ങൾ മനസ്സിൽ തെളിഞ്ഞു വന്നു

നമ്മളിപ്പോൾ പഞ്ചാംഗം നോക്കി പറയുന്ന കാര്യങ്ങൾ പണ്ടുള്ളവർ എങ്ങിനെയാണ് പറഞ്ഞിരുന്നത്എന്നോർക്കുമ്പോൾ അത്ഭുതവും ബഹുമാനവും തോന്നുന്നു അക്ഷാംശവും രേഖാംശവും എല്ലാം കിറു കൃത്യം .സമയവും നാഴികക്ക് വ്യത്യാസമില്ല .ഉത്തരായനവുംദക്ഷിണായനവും നമ്മൾ അന്ന് കൃത്യമായി  അറിഞ്ഞു എന്നോർക്കണം .ഭൂമിയുടെ ചരിവും ദിന രത്രങ്ങളുടെ ദൈർഘ്യവും മഴ  പെയ്യുന്ന ദിവസവും വരെ നമ്മൾ കൃത്യമായി അറിഞ്ഞിരുന്നു .ഈ ഒബ്സർവെറ്റൊറി അതിനുള്ള പുരാതനമായ ശാസ്ത്രീയ ഉപകരണങ്ങൾ സ്ഥാപിച്ച സ്ഥലമാണ്‌.ഉജ്ജയിനിയിലും മധുരയിലും ഇതേ പോലെ വേറെ രണ്ടെണ്ണ മുണ്ട്..ഈ മാതൃകയിൽ തന്നെ നിര്മ്മിച്ചത്.
നിഴലും സൂര്യ വെളിച്ചവും കൊണ്ട് സമയം കണ്ടെത്തുന്നഉപകരനങ്ങൾ  ഇവിടെ ഉണ്ട് .മൊത്തം 14 ഇൻസ്ട്രുമെന്റ്സ് സ്ഥാപിച്ചിട്ടുണ്ട് . ,ഇരുളിൽ സമയം അറിയാനുള്ള രീതി, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ  ഇവയുടെ സ്ഥാനം.കാലാവസ്ഥ വ്യതിയാനം ഇവയെല്ലാം നമുക്കിതിൽ അറിയാം.പതിനഞ്ചാം നൂറ്റാണ്ടിൽ ആണ് ഇത് സ്ഥാപിക്കപ്പെട്ടത് എന്ന് കൂടി ഓർക്കണം
സവാൽ ജൈസിംഗ് രണ്ടാമൻ  എന്ന അതി ബുദ്ധിമാനായ ഒരു കച്ച്വ വംശജൻ ആയ ഒരു ജെയ്പ്പൂർ ഭരണാധികാരിയാണ് ഇത് സ്ഥാപിച്ചത് .അദ്ദേഹം അതി ബുദ്ധിമാനായ ഒരു പക്ഷെ ഭാരതം കണ്ട ഏറ്റവും പ്രഗല്ഭനായ ഭരണാധികാരികളിൽ ഒരാൾ ആയിരുന്നു .അനേകം കാര്യങ്ങളിൽ അഗാധമായ അറിവും കാര്യ ശേഷിയും ഉള്ള ഇദ്ദേഹമാണ്.

1699 മുതൽ 1793 വരെ ആയിരുന്നു ഈ രാജാവിന്റെ ജീവ കാലം .ഒരിക്കൽ മുഗൾ സദസ്സിൽ രാജാവിനു ഒരു ശുഭ കാര്യം ചെയ്യാൻ ഏ താണ് നല്ല സമയം എന്നറിയാൻ വലിയ ചർച്ചയായി .അത് കേട്ടിരുന്നു ജയ് സിംഗ് കരുതി ജനങ്ങൾക്ക്  സമയം അറിയാൻ ഒരു സംവിധാനം ഒരുക്കണം .അതിനായി സമ്രാട്ട് യന്ത്ര എന്നൊരു വലിയ ഉപകരണം സ്ഥാപിച്ചു .

പിന്നെ  13  ഉപകരണങ്ങളും   കൂടെ സ്ഥാപിച്ചു ..വേറെ ആറു ജന്തർ മന്ദിറുകൾ അന്നത്തെ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു എങ്കിലും ഇപ്പോൾ നില നില്ക്കുന്നത് ഇവിടെ ജൈപ്പൂർ മാത്രമാണ്
അവിടെ ചെന്നാൽ  നമുക്ക് സമയം കൃത്യമായി  അറിയാൻ കഴിയും എന്ന് മാത്രമേ എനിക്ക് നിങ്ങളോട് പറയാൻ കഴിയൂ.

ഏനുണ്ടോടി താമര ച്ചന്തം
എന്ന്പറഞ്ഞ  പോലെ
എനിക്കുണ്ടോ വാന ശാസ്ത്രം അറിയുന്നു
ആരെങ്കിലും ചോദിച്ചാൽ ഞാൻ നല്ല ഗമയിൽ പറയും
ജന്തർ മന്ദിർ കണ്ടു കേട്ടോ
എന്തൊരത്ഭുതം ..
geometrical perfection of our forefathers ..unbelievable
എന്നൊക്കെ

ഭാഗം 14

 ഹവ മഹൽ .
സ്ത്രീകളുടെ ചേ ലാഞ്ചലം എന്തിനാണ്
ലജ്ജിക്കുമ്പോൾ ചുവന്നു പോയ മുഖം ഒളിക്കാൻ
അന്യ പുരുഷന്മാരിൽ നിന്നും മുഖം മറയ്ക്കാൻ
കുഞ്ഞിനു ചുരുട്ടി പ്പിടിച്ചു പിറകെ നടക്കാൻ
പുരുഷന് കൈ തുടയ്ക്കാൻ
അങ്ങിനെ അങ്ങിനെ എന്തെല്ലാം ഉപകാരങ്ങൾ ആണ് ഇതിനുള്ളത്

ഹവ മഹൽ അങ്ങിനെ ചെയ്ത അതി മനോഹരമായ ഒരു പുടവ ത്തുമ്പ്‌ ആണ്
റാണി മാർക്ക്‌ മറഞ്ഞിരുന്നു നഗര വീധികളിലെ കെട്ടു കാഴ്ചകൾ കാണാൻ
രാജാവ് സർവാലങ്കാര ഭൂഷിതനായി ഘോഷയാത്രയിൽ പങ്കെടുക്കുമ്പോൾ കാണാൻ
അതിനെല്ലാമായി പർദ്ദക്ക് പകരം   രാജാവ് പണിതു കൊടുത്തതാണീ ഉജ്ജ്വല മന്ദിരം.

ഇത് വെറുമൊരു മതിൽ മാത്രമാണ് .പിറകിൽ അനേകം ജനാലകൾ ..ജനാലകൾ എന്ന് പറഞ്ഞു കൂടാ..ചെറിയൊരു സമ ചതുരം ..അത്രയേ ഉള്ളൂ .അതിലൂടെ കൊട്ടാരത്തിലെ കുലീന  വനിതകൾക്ക് പുറം കാഴ്ചകൾ കാണാം .
1799 ഇൽ ആണ് ഇതിന്റെ നിർമ്മാണം .ലാൽ ചന്ദ് ഉസ്താദ്‌ ആണ് ഇത് രൂപ കൽപ്പന ചെയ്തത് മഹാ രാജ സവായ് പ്രതാപ്‌ സിംഗ് ആണ് ഇത് നിർമ്മിച്ചത് 
കൃഷ്ണന്റെ മകുടം പോലെ ..അഞ്ചു നിലകൾ ആണിതിനുള്ളത് .
തേനീച്ച ക്കൂടിന്റെ  രൂപത്തിൽ ആണ് ഇത്നിർമ്മിച്ചിരിക്കുന്നത്.

953 ജനാലകൾ ...(ഝരൊഖാസ്) ഉണ്ട് ഈ മഹലിന്.കാറ്റ് കയറാൻ ചെറു സുഷിരങ്ങൾ ഉണ്ട് ..ഏതു ചുടു കാലാവസ്ഥയിലും നല്ല തണുപ്പാണ് അത് കൊണ്ട് ഇവിടെ ..ഇതിന്റെ അകത്തളങ്ങൾ യഥാർഥത്തിൽ അതി മനോഹരം തന്നെയാണ്.

50 അടി ഉയരമുള്ള ഈ മനോഹര സൗധം 50 കൊല്ല ത്തിനു ശേഷം അറ്റ കുറ്റ പണികൾ നടത്തീ ഈയിടെ .വെറും 4568 കോടി  രൂപയെ ചിലവായുള്ളൂ .വെറും 4568 കോടി മാത്രം .
ഹവ മഹൽ എന്നാൽ കാറ്റിന്റെ കൊട്ടാരം എന്നാണർത്ഥം
കാറ്റും കൊട്ടാരവും തമ്മിൽ ഉള്ള ഒളിച്ചു കളി അത്ര മനോഹരമാണ്
953 ഭാര്യമാർ ഉണ്ടായിരുന്നു ഒരു മഹാരാജാവിനെ കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ
നിങ്ങളിൽ പലരും ചിന്തിക്കുക..ചൊക്ലെറ്റ്സ്  എന്ന സിനിമയിലെ സലിം കുമാറിനെ പ്പോലെയാകും അല്ലെ
പുരുഷന്മാരെ ചീത്തയാക്കാൻ ഓരോ കൊട്ടാരം കെട്ടിയിരിക്കുന്നു എന്നല്ലതെ എന്ത് പറയാൻ

യമുനയുടെ തീരത്തെ ആ മനോഹര ഹർമ്യം ..പകരം വയ്ക്കാൻ മറ്റൊന്നില്ലാത്ത ദൃശ്യ വിസ്മയം
ഭാഗം 14

താജ് മഹൽ..
 
കയ്യിൽ കാശുള്ളവന് കെട്ടിടം വയ്ക്കാം
അത് വെളുത്ത മാർബിളിൽ ആകാം
കറുത്ത മാർബിളിലും ആകാം
 യാത്രക്കിടയിൽ അങ്ങിനെ പല സൌധങ്ങളും ഞങ്ങൾ  കണ്ടു
എന്നാൽ ഇതൊന്നും താജ്മഹലിന് പകരം നിൽക്കില്ല
വെള്ള മാർബിളിൽ ചെറു മഞ്ഞിൽ അൽപ്പം മറഞ്ഞു നിൽക്കുന്ന ഈ കൊട്ടാരത്തിനു ഒരു അഭൗമ കാന്തിക വലയം ഉണ്ട്
അടുത്തു ചെന്നാൽ ഓരോ ഭാഗം ആയി എടുത്താൽ ആ പൂർണ്ണത നമുക്ക് കണ്ടെത്താൻ ആവില്ല
എന്നാൽ അകലെ നിന്നും നോക്കിയാൽ അസാധ്യമായ ഒരു അലൗകീക സൌന്ദര്യം  തന്നെ താജിനുണ്ട്.

സത്യം പറഞ്ഞാൽ  സ്നേഹിതരെ ഞാൻ യമുനയെ ക്കുറിച്ച് വലിയ സ്വപ്‌നങ്ങൾ തന്നെ നെയ്തു കൂട്ടിയിരുന്നു
ധീര സമീരെ യമുനാ തീരെ ...
കൃഷ്ണനെ  കാത്തിരിക്കുന്ന രാധിക
ചെറു കാറ്റിൽ ഓളങ്ങൾ ഇളകുന്നു ..അതിൽ രാധയുടെ നെറ്റിയിലെ അളകങ്ങൾ മുഖത്തേക്ക് വീഴുന്നു
 അത് മൃദുവായി നീക്കി വച്ച് പ്രേമ പൂർവം  അവളെ ആലിംഗനം ചെയ്യുന്ന കണ്ണൻ .
എന്റെ കൃഷ്ണ സങ്കല്പം മുഴുവനും യമുനയുമായി ചേര്ന്നിരിക്കുന്നു
എന്നാൽ താജ് മഹലിനു പിറകിൽ  കണ്ട യമുനാ നദി എന്നെ സങ്കടപ്പെടുത്തി
ഭാരതപ്പുഴപോലെ ശോഷിച്ചു ..ജീവൻ നഷ്ട്ടപെട്ടു ,ഒഴുകാൻ മറന്നു ഓരോ ചെറു കുളങ്ങളിലേക്ക് ശോഷിച്ചിരിക്കുന്നു
 യമുന
.ഒരു വേദനയായി ഈ നദി നമ്മെ വേട്ട ആടും.

1632 ഇൽ പണി തുടങ്ങി 22 വര്ഷത്തിനു ശേഷം  1653 ഇൽ  പൂര്ത്തിയാക്കിയ ഈ ശവ കുടീരം ലോകത്തെ ഏറ്റവും മനോഹരമായ കെട്ടിടങ്ങളിൽ ഒന്നാണ്.
ഉസ്താദ് അഹമെദ് ലഹൗരി ആണ് ഇതിന്റെ ശിൽപി
മുഗൾ ഭരണത്തിന്റെ പ്രതാപകാലം .ഷാജഹാൻ ആണ് രാജ്യം ഭരിക്കുന്നത്‌ .പേർഷ്യൻ രാജ കുമാരിയായ  മുംതാസ് മഹൽ (കൊട്ടാരത്തിനു  പ്രിയങ്കരി എന്ന പേരിൽ വിളിക്കപ്പെട്ടു  ) . ഷാജഹാന്റെ പ്രിയ പത്നി .അവരുടെ യഥാർഥ പേര് അർജുമാന്റ്റ്  ബാനു ബീഗം എന്നായിരുന്നു .അതി സുന്ദരിയായ  അവർ പതിനാലാമത്തെ പ്രസവത്തോടെ  മരിച്ചു .ഇത് 1631 ഇൽ  ആയിരുന്നു.  1632  ഇൽ  അദ്ദേഹം ഈ കുടീരം പണി തുടങ്ങുകയും ചെയ്തു.

ശവ കുടീരത്തിൽ ഷാജഹാൻ കുറിച്ച വരികൾ ഇങ്ങനെയാണ്

തെറ്റ് ചെയ്തവനെ   ഇവിടെ അഭയം തേടൂ
നിങ്ങൾ കുറ്റ വിമുക്തനാക്കപ്പെടും
പാപികളെ ഈ കുടീരത്തിൽ വരൂ
നിന്റെ എല്ലാ  പാപങ്ങളെല്ലാം
പൊറു ക്കപ്പെടും
ഈ കുടീരത്തിൽ എത്തിയാൽ
ആരും നെടുവീർപ്പുകൾ ഉതിർക്കും
സൂര്യ ചന്ദ്രന്മാർ പോലും കണ്ണീർ വാർക്കും
 പ്രപഞ്ച നിയന്താതാവിന്റെ  കരുണയാണ്
ഈ കുടീരം"""""
ശവ ക്കല്ലറകൾ രണ്ടും ഭൂമിക്കടിയിൽ ആണ് പണിതിരിക്കുന്നത് .കല്ലറയിലെ ശില്പ്പ വേലകൾ അപൂർവ്വമാണ് .

താജ് മഹലിന്റെ അകത്തെ കൊത്തു പണികൾ അതീവ ചെതോഹരമാണ്.

ശവ കുടീരം ഇതിന്റെ നടുക്കാണ് .വളരെ സൂക്ഷ്മമായ കൊത്തു പണികൾ ആണ് ഇതിന്റെ സവിശേഷത .മാർബിളിൽ അപ്പുറം ഇപ്പുറം കാണാവുന്ന നേർ ത്ത കൊത്തു പണികൾ ശില്പ്പികളുടെ കര വിരുതു വിളിച്ചോതുന്നു.

മറ്റാർക്കും പണിതു കൊടുക്കാതിരിക്കാനായി ഈ ശില്പ്പികളുടെ കയ്യുകൾ ഷാജഹാൻ വെട്ടി  മാറ്റിയെന്നും ചില കിംവദന്തികൾ കേട്ടിരുന്നു
പേര്ഷ്യൻ ,ഇസ്ലാം ,ഓട്ടോമൻ,ടർക്കിഷ് കൂടാതെ ഭാരതീയ ശില്പ്പ കലകളുടെയും ഒരു സങ്കലനമാണ് താജ് മഹലിന്റെ നിർമ്മാണ രീതി എന്ന് വിദഗ്ധർ വില ഇരുത്തുന്നു
അകത്തു കയറുന്നതിനും മുൻപ് കാലിൽ ഷൂസിന്റെ മീതെ ഒരു നേർത്ത   പ്ലാസ്റ്റിക് കൂട് ഇടണം അല്ലെങ്കിൽ ഷൂസ്  ഊരി  വൈക്കണം എന്നായിരുന്നു ഗൈഡ് പറഞ്ഞത് ..ഷൂസ് നഷ്ട്ടപെടുവാൻ സാധ്യത ഉണ്ടെന്നു ഒരു മുന്നറിയിപ്പും തന്നിരുന്നു .കഷ്ട്ടകാല ത്തിനു ഞാനും അണ്ണനും  ഞങ്ങൾക്ക് തന്ന കൂട്  ബസിൽ നിന്നും  എടുക്കാൻ വിട്ടു പോയി .അണ്ണൻ ഷൂസ് ഊരി എങ്ങും എൽപ്പിക്കാതെ ഒരിടത്തു ഇട്ടിട്ടു പോന്നു .ഞാൻ ഷൂസ് എടുക്കാൻ മറന്നിരുന്നു .വീട്ടിൽ ഇടുന്ന രണ്ടു വള്ളി ചെരുപ്പിൽ ആണ് ഞാൻ നടക്കുന്നത് .ഞാനത് കൂസലില്ലാതെ ഊരിവച്ചു
അണ്ണൻ എന്റെ ചെരിപ്പിന്റെ അടുത്തു സ്വന്തം ഷൂസ് അഴിച്ചു വച്ച്.
എല്ലാം നടന്നു കണ്ടു വന്നപ്പോൾ ..എന്റെ ചെരുപ്പ് ഇട്ട സ്ഥലത്ത് അതെ പോലെ കിടക്കുന്നു
ഒരു പട്ടി പോലും ഒന്ന് മണത്തു നോക്കിയിട്ട് പോലുമില്ല .എന്നാൽ അണ്ണന്റെ ഷൂസ്   ആരോ അടിച്ചു മാറ്റിയിരിക്കുന്നു .ന്യായം ഒക്കെ മനസ്സിൽ പറഞ്ഞു നോക്കി .ന്യായം അന്യായം ഒക്കെ ചിന്തിച്ചു .
പിന്നെ അവിടെ കിടന്ന രണ്ടു പൊട്ടച്ചെരിപ്പും   എടുത്തിട്ടു   ഞങ്ങൾ തിരികെ  ബസിൽ എത്തി
ഇനി ആരെങ്കിലും താജ് മഹൽ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ  നല്ല ഗമയിൽ പറയാമല്ലോ
പിന്നെ ഉവ്വന്നെ
മഞ്ഞിൽ  ... മഞ്ഞു പാളി കൊണ്ട്  ..നിര്മ്മിച്ചത് പോലെ
ആകാശത്തിനു പോലും നാണം വരുത്തുന്ന
ചന്ദ്രന് പോലും സൌന്ദര്യം പോരെന്നു തോന്നിപ്പിക്കുന്ന
ഈ മാർബിളിൽ രചിച്ച കവിത ഞാൻ കണ്ടിട്ടുണ്ട്
കണ്ടിട്ടുണ്ട്,കണ്ടിട്ടുണ്ട്,കണ്ടിട്ടുണ്ട്.

ആഗ്രാ ഫോർട്ട്‌
ചുറ്റും മതിൽ കെട്ടി ഉയർത്തിയ ഒരു ചെറു പട്ടണം ആണ്  ആഗ്ര ഫോർട്ട്‌ എന്ന് വേണമെങ്കിൽ  പറയാം .ഉത്തര പ്രദേശിൽ തന്നെ താജ് മഹലിൽ നിന്നും അധികം ദൂരെ അല്ലാതെ ഇത് സ്ഥിതി ചെയ്യുന്നു
വരണ്ട മണ്ണും തണുത്ത കാലാവസ്ഥയും,ഭംഗിയില്ലാത്ത ചുറ്റു പാടുകളും..
നമുക്കൊരു മടുപ്പ് തോന്നും .എന്നാൽ അകത്തെത്തിയാൽ എല്ലാം മാറും.

ചരിത്രം ഉറങ്ങുന്ന ഇടനാഴികൾ ..എന്നൊക്കെ നമ്മൾ സാഹിത്യം പറയില്ലേ.അത് പോലെ ഈ കോട്ടയുടെ അകത്തളങ്ങളിൽ ഭാരത ചരിത്രം തന്നെ ഉറങ്ങുന്നു .രാജാക്കന്മാർ ,ചക്രവർത്തികൾ ,പടയോട്ടങ്ങൾ  ,കൊള്ളകൾ ,കവർച്ചകൾ ,അങ്ങിനെ എന്തെല്ലാം കണ്ടു ഈ കോട്ട..
ലോകത്തെ ഏറ്റവും വിലക്കൂടിയ  രത്നങ്ങളിൽ ഒന്നായ കോഹിനൂർ ഈ കോട്ടയിൽ നിനാണ് മോഷണം പോയത്.അല്ല കവർന്നു  എടുക്കപ്പെട്ടത്‌.

നമ്മൾ സ്കൂൾ ക്ലാസുകളിൽ പഠിച്ചിട്ടില്ലേ ..ഒന്നാം പാനിപ്പറ്റ് യുദ്ധം
രണ്ടാം പാനിപ്പറ്റ് യുദ്ധം ,മൂന്നാം പാനിപ്പറ്റ് യുദ്ധം  എന്നൊക്കെ
അങ്ങിനെ ഉണ്ടായ എല്ലാ പാനിപ്പറ്റ് യുദ്ധങ്ങളിലും ഈ കോട്ടയുടെ മേൽ  ആക്രമണമോ കീഴടക്കലോ  നടന്നിട്ടുണ്ട്
മൂന്നോ നാലോ പ്രാവശ്യം ചരിത്ര പ്രസിദ്ധമായ കൊള്ളയടികൾക്ക് വിധേയമായിട്ടുണ്ട് ഈ കോട്ട
11 നൂറ്റാണ്ട്  മുതൽ ഈ കോട്ട നിലവിലുണ്ട് .1475 ഇൽ രാജ ബടാൽ സിംഗ് എന്നാ ഹിന്ദു സികവാർ രാജപുട്ട്  രാജാവ് ഈ കൂട്ട കീഴടക്കിയതായി ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു .അന്നിത് അറിയപ്പെട്ടിരുന്നത് ചെങ്കൽ  കൊട്ടാരം (ബടൽഗർ )എന്നായിരുന്നു ഈ കോട്ട പിന്നെ ജന ശ്രദ്ധ ആകര്ഷിക്കുന്നത്. സിക്കന്ദർ ലോടി ഈ കോട്ട പിടിച്ചടക്കി ഭരിച്ചു (1488–1517)
1517-1526 കാലഘട്ടം ഇബ്രാഹിം ലോടി ഭരിച്ചു .ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ ആ രാജാവ് കൊല്ലപ്പെടുന്നത് വരെ 

1526-1530  കാലഘട്ടം   മുഗളർ  ആധിപത്യം സ്ഥാപിച്ചു  .ബാബർ കോട്ട കീഴടക്കുക മാത്രമല്ല കൊള്ള  അടിക്കുകയും ചെയ്തു
1530-1540 ഈ വർഷങ്ങൾ ഹുമയൂണ്‍ കോട്ട ഭരിച്ചു .ഷേർഷ ,ബിൽഗ്രാമിൽ വച്ച്  ഹുമയൂണിനെ കീഴ്പ്പെടുത്തുന്നത് വരെ
1540-1555 വരെ സൂരികൾ  ഈ കോട്ട ഭരിച്ചു
1555 ഇൽ  ഹേമ ചന്ദ്ര വിക്രമാദിത്യ ഈ കോട്ട പിടിച്ചടക്കി.വീണ്ടും കോട്ട കൊള്ളയടിക്കപ്പെട്ടു .ഡൽഹികീഴടക്കാൻ പോയ   ഹെമുവിനു തിരിച്ചടി കിട്ടി അക്ബർ ആയിരുന്നു അന്ന് ഡൽഹി ഭരിചിരുന്നത് .യുദ്ധത്തിൽ ഹേമു പരാജയപ്പെട്ടു .ഇതാണത്രേ രണ്ടാം പാനിപ്പറ്റ് യുദ്ധം (1556)
1558 ഇൽ  ആണ് അക്ബർ ആഗ്ര തന്റെ തലസ്ഥാനം ആക്കുന്നത് .ഇപ്പോഴത്തെ  പ്രതാപവും സൌന്ദര്യവും എല്ലാം ഉണ്ടായത് അക്ബറുടെ ശ്രമ ഫലമാണ് .എട്ടു വർഷം കൊണ്ട് ഏതാണ്ട് .. 4000 പണിക്കാ രുമായി ചേർന്ന് അകബ്ർ  കോട്ട പൂർണ്ണമായും  നവീകരിച്ചു.പിന്നെ പതിനെട്ടാം നൂറ്റാണ്ട് വരെ  കോട്ട ഏതാണ്ട് പൂർണ്ണമായും മുഗളർ ഭരിച്ചു എന്ന് പറയാം .കോട്ടയിൽ പിന്നെ മാറ്റങ്ങൾ വരുത്തിയത് അകബറുടെ ചെറു മകൻ ആയ ഷാജഹാൻ ആണ് .പിന്നീട് മറാത്തകളും മുഗളരുമായി പല യുദ്ധങ്ങളും നടന്നു .മൂന്നാം പാനിപ്പത്ത് യുദ്ധത്തിൽ അഹമ്മദ്‌ ഷാ അബ്ദാലി  1761 വർഷ ത്തിൽ ഈ കോട്ട  പിടിച്ചടക്കി .ഊന്നു പതിറ്റാണ്ടോളം അവരുടെ കയ്യില ആയിരുന്നു കോട്ടയുടെ ഭരണം .  1785 വർഷത്തിൽ മഹാദ്ജി ഷിന്റെ ഈ കോട്ട ആക്രമിച്ചു  പിടിച്ചെടുത്തു .പിന്നെ  ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനി വന്നു .ഭാരതം ബ്രിട്ടീഷാധിപത്യത്തിൽ ആയി .

94 ഏക്കർ ആണ് കോട്ടയുടെ വിസ്തൃതി .ഡല്ഹി ഗേറ്റ് ലഹോരെ ഗേറ്റ് എന്നിങ്ങനെ രണ്ടു കവാടങ്ങൾ  ഉണ്ട് കോട്ടയ്ക്കു .ലാഹോർ  ഗേറ്റ് ,അമർ സിംഗ് ഗേറ്റ് എന്നും അറിയപ്പെടുന്നു 
ഞങ്ങളുടെ ഗൈഡ് ഒരു ചൌഹാൻ ആയിരുന്നു.കോട്ടക്കായി വേറെ ഒരു ഗൈഡ് ഉണ്ട്.അല്പ്പം പ്രായമുള്ള ആൾ ആണ് അദേഹം എന്നും പറഞ്ഞിരുന്നു എങ്കിലും പ്രിയരേ ഞങ്ങൾ ആരും ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല .

85 വയസു പ്രായമുള്ള ഈ വൃദ്ധൻ ( ആർ .എൻ . ശർമ -9917042748) അറിയാവുന്ന ഇംഗ്ലീഷിൽ കാര്യങ്ങൾ വിശദീകരിച്ചു തന്നു കൊണ്ടിരുന്നു .
ശർമാജിയുടെ മകൻ ഭ്രാന്തൻ  ആണ് .മകന്റെ കുടുമ്പവും കൂടി ഇയാൾ  പോറ്റുന്നു.
ഡൽഹിയുടെ തണുത്ത തെരുവുകളിൽ  വാർദ്ധക്യം   വീണ്ടും വീണ്ടും പരീക്ഷിക്കപ്പെടുന്നു.

കോട്ട ഞങ്ങളെ അതിന്റെ ചരിത്രപരമായ പ്രസക്തി കൊണ്ടും ഭാരത ചരിത്രത്തിൽ തന്നെ അതിനുള്ള പ്രസക്തി കൊണ്ട് അതിന്റെ കൊത്തു പണികളുടെ പൂര്ണത കൊണ്ടും സ്ത്ബ്ധരാക്കിയെന്നു പറയാം  .

 
പിന്നെയും പല സ്ഥലങ്ങളും കറങ്ങി ..പിൻജോർ ഗാർഡൻ തുടങ്ങിയവ ..അഹങ്കാരം പറയുക  ആണെന്ന് കരുതരുത് ..കേരളത്തിലെ പല സർക്കാർ പാർക്കുകളും ഇതിനെക്കാൾ മനോഹരമാണ് .മനസിനെ അകര്ഷിക്കാൻ പറ്റിയ ഒന്നും..എന്നല്ല നിങ്ങാളോട് പങ്കു വൈക്കാൻ  തരത്തിൽ പുതുമയോ പ്രത്യേകതയോ മറ്റു സ്ഥലങ്ങളിൽ കണ്ടില്ല  വാസ്തവം 
ഡല്ഹി ഹരിയാന പഞ്ചാബ് ചന്ദീഗർഹ് , ഉത്തരാഖണ്ട് ,ഉത്തർപ്രദേശ് ,ഹിമാചൽ പ്രദേശ്‌ ..എന്നീ  സംസ്ഥാനങ്ങൾ സന്ദർശിച്ചു .അരാവലി ,ഹിമാലയ പർവത നിരകൾ കയറിയിറങ്ങി ..റാവി ,ബീയാസ് ,സതലജ് ,ഗംഗ ,യമുനാ നദികൾ കണ്ടു .
വൈവിധ്യ പൂർണ്ണമായ അനുഭവങ്ങൾ ,ഭക്ഷണങ്ങൾ ..ആചാര രീതികൾ സാമൂഹ്യ രീതികൾ അറിഞ്ഞു .മനസും ഹൃദയവും നിറഞ്ഞു .എങ്കിലും പ്രിയരേ 
പച്ചപ്പിന്റെ ,വസന്തത്തിന്റെ, സമൃദ്ധിയുടെ നിറവായ നമ്മുടെ കേരളം എവിടെ 
മഞ്ഞിൽ  വിറങ്ങലിച്ച അന്യ സംസ്ഥാനങ്ങൾ  എവിടെ 
നമ്മുടേത്‌  ദൈവത്തിന്റെ സ്വന്തം നാട് തന്നെ 

 അടുത്ത യാത്ര അമേരിക്കയിലെക്കാണ് 
വീണ്ടും കാണാം 
'അത് വരേയ്ക്കും 
വണക്കം