ഇ. ഇ. സി. മാര്‍ക്കറ്റ് - ഫ്ലാഷ് ബാക്ക്

മൂവാറ്റുപുഴ ഇ. ഇ. സി. മാര്‍ക്കറ്റ് ഏതാണ്ട് 16ല്‍ പരം ഏക്കറിലാണ് വ്യാപിച്ച് കിടക്കുന്നത്. യൂറോപ്യന്‍ എക്കണോമിക്ക് കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെ ഒരുപാട് പ്രതീക്ഷകളും വാഗ്ദാനങ്ങളുമായാണ് ഈ സ്ഥലം ഏറ്റെടുക്കുകയും മണ്ണിട്ട് നികത്തി ഇന്ന് കാണുന്ന സ്ഥിതിയിലാക്കിയതും. ഈ സ്ഥലം ഏതാണ്ട് 25 വര്‍ഷമേ ആയുള്ളൂ ഈ രൂപത്തിലായിട്ട്. ഇതിന്റെ തുടര്‍ച്ചയായ കണ്ടങ്ങള്‍ കൃഷിയില്ലാതെ, മണ്ണിട്ട് നികത്തുന്നതും കാത്ത് മാര്‍ക്കറ്റിന് ചുറ്റും കിടപ്പുണ്ട്. ആരൊക്കെയോ കണ്ണുകള്‍ തുറന്നിരിക്കുന്നതിനാല്‍ അവിടം ജെ.സി.ബി.യ്ക്കും ടിപ്പറിനും എത്താനാവാത്ത തുരുത്തുകളായി അവശേഷിക്കുന്നു.

കൊയ്ത്തൊഴിഞ്ഞ കാലത്ത് ഞങ്ങള്‍ കുട്ടികള്‍ കളിക്കുകയും, ആറ്റുവെള്ളം കയറുന്ന ദിവസങ്ങളില്‍ പകലന്തിയോളം വള്ളം തുഴഞ്ഞ് നടക്കുകയും ചെയ്തിരുന്ന, നെല്ല് കൃഷി ചെയ്തിരുന്ന ഒന്നാന്തരം നിലങ്ങളായിരുന്നു ഇവിടം. പലതട്ടിലായി കണ്ണെത്താദൂരം പാടം. 16 ഏക്കറില്‍ എത്ര പറ നെല്ല് വിളയുമെന്ന കണക്ക് എനിക്കറിയില്ല, എത്ര പൂ കൃഷി ചെയ്തിരുന്നുവെന്നും എനിക്കറിയില്ല. കൃഷിയെ കാണാമറയത്തേയ്ക്ക് പറഞ്ഞയക്കാന്‍ തുടങ്ങിയ കാലത്താണ് എന്റെ തലമുറയുടെ ബാല്യം. എല്ലാം പണം കൊടുത്താല്‍ വാങ്ങാന്‍ കിട്ടുമെങ്കില്‍ പിന്നെ നമ്മളെന്തിന് അധ്വാനിക്കണം എന്ന് ചിന്തിച്ച ആളുകളെ കുറ്റപ്പെടുത്തുന്നില്ല. ഓരോ കാലത്തിനും അന്നത്തെ ശരികളുണ്ട്. നെല്ല് വിളഞ്ഞ് നില്‍ക്കുന്ന, പാടവരമ്പത്ത് നിന്നാല്‍ കാറ്റ് കതിരിനെ തലോടിപ്പോകുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. കിഴുക്കായി പാലത്തിന് താഴെ ചെന്ന് മൂവാറ്റുപുഴയാറില്‍ ചേരുന്ന, പെരുന്തോട് എന്ന് വിളിക്കുന്ന ഒരു നീര്‍ച്ചാല്‍ ഈ കണ്ടങ്ങളെ ഭാഗിച്ചുകൊണ്ട് ഒഴുകിയിരുന്നു. കൂടാതെ ജലശ്രോതസ്സായിരുന്ന മൂന്നു-നാല് കുളങ്ങളും ഇവിടെ ഉണ്ടായിരുന്നു. കണ്ടം എന്നാല്‍ പാടം തന്നെ. ഒരേ നിരപ്പില്‍ വെള്ളവും മണ്ണൂം നില‌നിര്‍ത്തുന്നതിന് നെല്‍പാടങ്ങളില്‍ വരമ്പുകള്‍ ഉണ്ടാക്കി തിരിക്കുന്നതാണ് കണ്ടങ്ങള്‍. ഇന്ന് പെരുന്തോട് ദിശ മാറിയാണ് ഒഴുകന്നത്. ഒഴുകുന്നുണ്ടോ എന്ന് തന്നെ സംശയം. സാമാന്യം നല്ല ഒരു മാലിന്യവാഹിനിയാണ് ഇന്ന് ഈ തോട്.
പെരുന്തോടും പരിസരവും അനവധി കഥകള്‍ക്കും ഉപകഥകള്‍ക്കും പശ്ചാത്തലമാണ്. പെരുന്തോട്ടില്‍ മുങ്ങിമരിച്ചവരുണ്ടത്രേ. അവരുടെ മോക്ഷം കിട്ടാത്ത ആത്മാവുകള്‍ അലഞ്ഞു തിരിയുന്നതിനാല്‍ സന്ധ്യ കഴിഞ്ഞാല്‍ പെരുന്തോടിന്റെ വക്കത്തേയ്ക്ക് പോകരുതെന്നാണ് എന്റെ അമ്മൂമ്മ പറയുന്നത്. ആദ്യമൊക്കെ അനുസരിച്ചിട്ടുണ്ടെങ്കിലും പത്താം ക്ലാസൊക്കെ കഴിഞ്ഞതോടെ സന്ധ്യക്ക് കളികഴിഞ്ഞാല്‍ വൈകുവോളം ഈ പെരുന്തോടിന്റെ വക്കത്തും പാടവരമ്പത്തുമൊക്കെ തന്നെയാണ് കൂട്ട് കൂടി സമയം ചിലവഴിച്ചിട്ടുള്ളത്. മോക്ഷം കിട്ടാത്ത ആത്മാക്കളെയൊന്നും അന്ന് കണ്ടുമുട്ടാന്‍ കഴിഞ്ഞില്ല. അക്കാലത്തെ നിശാസുന്ദരിമാരെ പ്രാപിക്കാനായി പായുന്ന ശുദ്ധാത്മാക്കളെ മാത്രമേ അന്ന് കണ്ടിട്ടുള്ളൂ. ഈ കണ്ടങ്ങളുടെ തുടര്‍ച്ചയായിരുന്ന സ്റ്റേഡിയം ഇക്കൂട്ടരുടെ താവളമായിരുന്നു.

കൊയ്ത്തൊഴിഞ്ഞ പാടത്ത് കളികള്‍ പലതാണ്. ആദ്യം ഫുട്ബോള്‍. കൊയ്തെടുത്ത നെല്‍ച്ചെടിയുടെ മിച്ചം നില്‍ക്കുന്ന കുറ്റികള്‍ക്കിടയിലൂടെ പന്ത് കളിക്കുക ദുഷ്ക്കരമാണ്. ക്രമേണ ഇവ ഒടിഞ്ഞ് നിലം പറ്റും. അപ്പോള്‍ കണ്ടം ഒന്നാന്തരം മൈതാനമാകും. വരമ്പുകള്‍ സ്വാഭാവീക അതിര്‍ത്തികളാകും. കളി കഴിഞ്ഞ് വന്നാല്‍ കാലുകള്‍ വേദനിക്കും. ഇടങ്കാലിട്ടതിന്റെയും പന്തിനായുള്ള ശ്രമത്തിനിടയില്‍ കൂട്ടുകാരന്റെ കാലോ പന്തോ എന്നറിയാതെ തൊഴിച്ചകറ്റുന്ന മത്സര വീര്യത്തിന്റെയും പാടുകള്‍ നേര്‍ത്ത വിങ്ങലുകളായി കാലുകളില്‍ തന്നെ ഒതുങ്ങും. പന്തില്‍ കുത്തിയടിച്ചതിന്റെ ക്ഷതം തള്ളവിരലില്‍ തൊടാന്‍ പറ്റാത്തവിധമാകും. പോരാത്തതിന് മുട്ടറ്റം ചെളിയും. അടുത്ത ദിവസം കളിക്കേണ്ടെന്ന് നിശ്ചയിക്കുമെങ്കിലും പിറ്റേന്ന് ആ സമയമാകുമ്പോള്‍ വച്ചുപിടിക്കും... അതേ കണ്ടത്തിലും പന്തിലും കൂട്ടുകാരിലും സ്വയം ലയിക്കും.

കുറച്ചുകഴിയുമ്പോള്‍ ഫുട്ബോള്‍ ക്രിക്കറ്റിന് വഴിമാറും. റിലയന്‍സ് വേള്‍ഡ് കപ്പൊക്കെ ടി.വി.യില്‍ കണ്ട് ആവേശം കൊണ്ട് കളി ക്രിക്കറ്റിലേയ്ക്ക് തിരിഞ്ഞു. സ്റ്റംപിനായി മൂന്നോ നാലോ പേരക്കമ്പുകളും തെങ്ങിന്റെ മടല്‍ കൊണ്ട് ഉണ്ടാക്കിയ - മടക്കലബാറ്റ് - ബാറ്റും ഒന്നര രൂപയുടെ റബര്‍ പന്തും ഞങ്ങളുടെ ക്രിക്കറ്റ് കിറ്റിനെ സമ്പന്നമാക്കി. കൂറ്റന്‍ ജലയാനങ്ങളുടെ അടിവശത്ത് പെയിന്റ് ചെയ്യുന്ന ഒരുതരം കറുത്ത പെയിന്റ് പൂശിയ മരത്തിന്റെ ഒരു ബാറ്റ് ഞങ്ങളുടെ അസറ്റായിരുന്നു. ദീപു മരപ്പലകയില്‍ വാക്കത്തി കൊണ്ട് വെട്ടി ബാറ്റിന്റെ രൂപമാക്കിയ ഈ സാധനം കൊണ്ട് റബര്‍-കോര്‍ക്ക്-സ്റ്റിച്ച് ബോള്‍ വ്യത്യാസമില്ലാതെ വളരെക്കാലം ഞങ്ങള്‍ കളിച്ചു. പിന്നീട് ദീപു തന്നെയാണ് ഒരു എസ്.ജി. യുടെ ബാറ്റ് ഞങ്ങളുടെ സംഘത്തിനായി കരസ്ഥമാക്കുന്നതും.
ബെയില്‍സ് എന്നറിയപ്പെട്ടിരുന്ന പ്രശസ്തമായ ഒരു ക്രിക്കറ്റ് ക്ലബ്ബ് ഓര്‍മ്മയില്‍ വരുന്നു. ക്രിക്കറ്റ് ഭ്രാന്തന്മാരായിരുന്ന ഞങ്ങളുടെ മൂത്ത ചേട്ടന്മാരുടെ ഒരു കൂട്ടായ്മ. എത്രമാത്രം പ്രൊഫഷണലായാണ് അവര്‍ കളിയെ അന്നത്തെക്കാലത്ത് സമീപിച്ചിരുന്നത് എന്നാലോചിക്കുമ്പോള്‍ ഇന്ന് അത്ഭുതമാണ്. ഒരു ഘട്ടത്തില്‍ വെള്ള പാന്റസും ഷര്‍ട്ടും കാന്‍വാസ് ഷൂസുമില്ലാതെ പ്രാക്ടീസിന് പോലും കളിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല പോലും ബെയില്‍സിലെ താരങ്ങള്‍ക്ക്. അതെ, അവര്‍ അന്നത്തെ താരങ്ങള്‍ തന്നെയായിരുന്നു. പെരുമ്പാവൂരും പാമ്പാക്കുടയിലുമൊക്കെ മത്സരങ്ങള്‍ക്ക് പോയി ശ്രദ്ധയാകര്‍ഷിച്ച ബെയില്‍സ് അന്ന് ഫുള്‍ കിറ്റിലാണ് കളി. ആദ്യമായി യഥാര്‍ത്ഥ സ്റ്റംപും ബാറ്റും സ്റ്റിച്ച് ബോളും പാഡും ബാറ്റിംഗ്-കീപ്പിംഗ് ഗ്ലൗസും എന്നു വേണ്ട എ.പി. (അബ്ഡൊമിനല്‍ പാഡ്) വരെ കാണുന്നത് ഇവരുടെ അടുത്താണ്. ബൗണ്ടറിക്ക് വെളിയില്‍ പോകുന്ന പന്ത് എടുക്കാനും (ഔട്ട് പെറുക്കാനും) കിറ്റ് ചുമക്കാനുമൊക്കെ ചുറ്റിപ്പറ്റി അടുത്ത് കൂടിയാണ് ബെയില്‍സുമായി പരിചയപ്പെടുന്നത്. സ്പിന്നര്‍മാരായിരുന്ന ബാബു പി. റ്റി., അനി, മീഡിയം പേസറായിരുന്ന നാരായണന്‍, പേസര്‍മാരായിരുന്ന അനില്‍രാജന്‍, ബാബുകുട്ടന്‍, അനില്‍, പ്രദീപ്, കീപ്പര്‍-ബാറ്റസ്മാനായിരുന്ന അലിസണ്‍, മേലായിക്കണ്ടം ബ്രദേഴ്സ്, ബൈജു കല്ലൂര്‍, പ്രശാന്തന്‍ എന്നിവരെയൊക്കെ ഗ്രൗണ്ടില്‍ കളിക്കുന്ന രൂപത്തില്‍ തന്നെ ഇന്നും ഓര്‍ക്കുന്നു. പക്ഷേ, എന്തുകൊണ്ടോ ബെയില്‍സ് അധികം മുന്നോട്ട് പോയില്ല. അടുത്ത തലമുറയിലേയ്ക്ക് കൈമാറി വന്നതുമില്ല. സ്പിന്നും പേസും ഗൂഗ്ലിയുമൊക്കെ പരിചയപ്പെടുത്തി ബെയില്‍സ് ക്രമേണ ഇല്ലാതായി. പക്ഷേ, ഇന്നും ബെയില്‍സ് എന്ന പേര് ഓര്‍മ്മകളില്‍ നിന്നും പോകുന്നില്ല.

എന്തായാലും ഈ ക്രിക്കറ്റ് കണ്ടിട്ടാണ് ഇപ്പുറത്തെ പാടത്ത് മിനിയേച്ചര്‍ ക്രിക്കറ്റുമായി ഞങ്ങള്‍ കൂട്ടുകാര്‍ കളിയാരംഭിച്ചത്. ഷട്ടില്‍ ബാഡ്മിന്റണും ഞങ്ങള്‍ ഇവിടെ കളിച്ചു. ക്രിക്കറ്റ് കളിക്കണമെങ്കില്‍ അംഗബലം കൂടുതല്‍ വേണം. ഇല്ലെങ്കില്‍ കളിക്കുന്നവര്‍ വേഗം തളരും. സ്വരൂപ്, സ്വരാജ്, ദീപു, ഗിരീഷ് അങ്ങിനെ ചുരുക്കം ആളുകളേ അന്ന് സംഘത്തിലുള്ളു. പാടത്തിനപ്പുറമുള്ളവര്‍ ഒപ്പം ചേരുന്നതൊക്കെ പിന്നീടാണ്. അങ്ങിനെ ആളുകളുടെ എണ്ണം കുറയുമ്പോള്‍ തരപ്പെടുത്താവുന്ന ഒരു കളി എന്ന നിലയിലാണ് ഷട്ടില്‍ ഞങ്ങളുടെ വിനോദമാകുന്നത്. കാറ്റ് ശല്യപ്പെടുത്താത്ത ഒരു കോണ്‍ ഞങ്ങള്‍ ഇതിനായി കണ്ടെത്തി. ഇന്ന് ഇ. ഇ. സി. മാര്‍ക്കറ്റിന് സമീപം ചിക്കന്‍ സ്റ്റാള്‍ ഇരിക്കുന്ന കടകള്‍ക്ക് താഴെ ഏതാണ്ട് പന്ത്രണ്ടോളം അടി താഴ്ചയിലാണ് കണ്ടം കിടന്നിരുന്നത്. കിഴക്കേ വീടിന്റെ (വിശ്വന്‍ ചേട്ടന്റെ) പിന്നിലെ പടിക്കെട്ടുകള്‍ ഇറങ്ങിയാല്‍ ഇവിടെ എത്താം. ഇല്ലെങ്കില്‍, പാടവരമ്പിലൂടെ. വക്കീല്‍ അനന്തനാരായണയ്യരുടെ പറമ്പിന്റെ അതിരും കിഴക്കേ വീടിന്റെ അതിരും ഏതാണ്ട് ഇംഗ്ലീഷ് അക്ഷരമാലയിലെ എല്‍ ആകൃതിയില്‍ ചേരുന്നതിനാല്‍ കാറ്റ് താരതമ്യേന ഇവിടെ കുറവായിരിക്കും. ഇവിടെ ഞങ്ങള്‍ കോര്‍ട്ട് വെട്ടിയുണ്ടാക്കി. കോര്‍ട്ട് വെട്ടുന്നതിനിടയില്‍ നെല്ലിയ്ക്കല്‍ ബോബിയും ഞാനുമായി മുട്ടന്‍ തല്ലുണ്ടായത് ഇന്നും ഞങ്ങളുടെ സുഹൃത്തുക്കളുടെ ഇടയിലെ മറക്കാത്ത സംഭവമാണ്. നെഞ്ചക്ക് എടുത്ത് പ്രയോഗിച്ച് ബോബി അന്ന് എന്നെ തീര്‍ത്തിരുന്നെങ്കില്‍ ഇന്ന് ഇതെഴുതാന്‍ ഞാന്‍ ഉണ്ടാവുമായിരുന്നില്ല.

മാതൃഭൂമി ജംഗ്ഷന്‍ ഇന്നത്തെ രൂപത്തില്‍ ആകുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചിത്രം ഓര്‍ക്കുന്നത് രസാവഹമാണ്. പഴയ ടി.വി.എസ്. പാഴ്സല്‍ ആഫീസ്, അതിന് മുന്‍പിലെ നാലഞ്ച് തെങ്ങുകള്‍, മുനിസിപ്പല്‍ ലൈബ്രറിയുടെ വശത്തുകൂടിയുള്ള ഇന്നത്തെ ജനശക്തി റോഡിന്റെ തുടക്കത്തിലേയ്ക്ക് ഒരു മൂന്നടി ഇറക്കം (ഇവിടെ പാമ്പ് വേലായുധന്റെ ഷോ നടന്നത് ഓര്‍ക്കുന്നു. ഇന്നത്തെ വാവ സുരേഷിന്റെയൊക്കെ സീനിയര്‍). അതിന് ഇരുമ്പ് കമ്പി കൊണ്ടുള്ള ഒരു കൈപിടിയും ഉണ്ടായിരുന്നു. പിന്നെ ചാരായക്കട, മോഹനന്‍ ചേട്ടന്റെ വര്‍ക്ക്ഷോപ്പ്, ശങ്കരപ്പിള്ള ചേട്ടന്റെ മുറുക്കാന്‍ കട. ഇപ്പുറത്ത്, പാടവരമ്പത്തുകൂടെ സ്റ്റേഡിയത്തിലേയ്ക്കുള്ള വഴി, നെല്ലിയ്ക്കല്‍ ലോഡ്ജ്... അങ്ങിനെയങ്ങിനെ...

Tweet