കുട്ടിയും കോലും തിരിച്ചു വരും

ബാഡ്മിന്റണ്‍ കോര്‍ട്ടിലെ കാര്‍ത്തിക്ക് എന്ന ഞങ്ങളുടെ മക്കെന്ററോയെപ്പറ്റി ഞാന്‍ മുന്‍പൊരു കുറിപ്പില്‍ എഴുതിയിട്ടുണ്ട്. കോര്‍ട്ടിലെ നിസ്സാര പിഴവിന് ബാറ്റ് വലിച്ചെറിയുന്ന, സ്വയം പിറുപിറുക്കുന്ന, റഫറിയോട് തട്ടിക്കയറുന്ന കളിക്കളത്തിലെ ചൂടന്‍ - സാക്ഷാല്‍ ജോണ്‍ മക്കെന്ററോ. തൊട്ടതിനും പിടിച്ചതിനുമൊക്കെ ചൂടാവുന്ന കാര്‍ത്തിക്കിന് ഈ പേരിട്ടത് ടെന്നീസ് കളിയെ ഏറെ ഇഷ്ടപ്പെട്ടിരുന്ന എന്റെ വല്ല്യച്ഛനും. മൂവാറ്റുപുഴയില്‍ നിന്നും ഇടക്കാലത്തേയ്ക്ക് അപ്രതീക്ഷിതമായി അമ്പലമുകളിലേയ്ക്ക് പറിച്ചുനടപ്പെട്ട എനിക്ക് ടെന്നീസ് എന്താണെന്നോ ഏതാണെന്നോ ഒരു പിടുത്തവുമുണ്ടായിരുന്നില്ല. നമ്മളിവിടെ വെറും ക്രിക്കറ്റും ഫുട്ബോളും കൊണ്ടാണ് കാലം കഴിച്ചുകൂട്ടിയത്. പിന്നെ വല്ലപ്പോഴും കളിക്കുന്ന ഷട്ടിലും. ലിറ്റില്‍ ഫ്ലവര്‍ സ്ക്കൂളില്‍ പഠിക്കുമ്പോള്‍ വട്ടെന്നും ഗോലിയെന്നും വിളിക്കുന്ന കളി കളിച്ചിട്ടുണ്ട്. പക്ഷേ, കളി മറന്നു. പിന്നെ സാമാന്യം ഭേദപ്പെട്ട് എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം കളിച്ചിട്ടുള്ളത് കുട്ടിയും കോലുമാണ്. സഹദ്, മുറി, നാഴി, ഐറ്റി, ആറേങ്ക്, ഒന്ന് കുത്തി.... അങ്ങിനെയങ്ങിനെ... സഹദ് കാലിലും, മുറി കൈയ്യില്‍ ചേര്‍ത്തും, നാഴി കൈവിരലുകള്‍ക്ക് മുകളിലും, ഐറ്റി തൂക്കിപ്പിടിച്ചും, ആറേങ്ക് കണ്ണിന് കീഴെയും, വച്ച് നീളം കുറഞ്ഞ കോലിനെ നീളം കൂടിയ കോല് കൊണ്ട് അടിച്ചകറ്റുന്ന കളിയാണ് കുട്ടിയും കോലും. ഇന്നത്തെ അഞ്ചു സെന്റിന്റെയും ഫ്ലാറ്റിന്റെയും സ്ഥലപരിമിതിയില്‍ തിരിച്ച് വരാന്‍ സാദ്ധ്യതയുള്ള ഒരു കളി. പ്ലാസ്റ്റിക്കിലോ ഫൈബറിലോ കുട്ടിയും കോലും ഉണ്ടാക്കി ഒരു How to Play - Instruction Booklet കൂടി ചേര്‍ത്താല്‍ അസ്സലായി. കുട്ടി കണ്ണില്‍ കൊള്ളാതിരിക്കാന്‍ കളിക്കാര്‍ക്ക് കണ്ണടയും നിര്‍ബന്ധമാക്കാം.

ക്രിക്കറ്റ്, വെറും ക്രിക്കറ്റല്ല

പത്രമെടുത്താല്‍ ആദ്യം സ്പോര്‍ട്സ് പേജ് എടുത്ത് ക്രിക്കറ്റ് വാര്‍ത്ത മാത്രം നോക്കി സായൂജ്യമടഞ്ഞിരുന്ന സ്ക്കൂള്‍ കാലം. അന്നെനിക്ക് മറ്റൊരു ഹോബിയുണ്ടായിരുന്നു. ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍, സ്റ്റിക്കറുകള്‍ തുടങ്ങിയവ ഒരു നോട്ട് ബുക്കില്‍ ഒട്ടിച്ച് സൂക്ഷിക്കുക. സ്പോര്‍ട്സ് സ്റ്റാര്‍ എന്നൊരു മാഗസിനില്‍ നിന്നാണ് കളര്‍ ചിത്രങ്ങള്‍ കൂടുതലും സംഘടിപ്പിക്കുക. പിന്നെ ഇംഗ്ലീഷ് പത്രങ്ങളിലും ചിത്രങ്ങള്‍ വരും, പക്ഷേ അത് കളറല്ല. വീട്ടിൽ വരുത്തുന്ന ന്യൂസ് പേപ്പറുകളുടെ സ്പോർട്ട്സ് പേജുകൾ ഇപ്രകാരം കത്രികക്ക് ഇരയാകും. വീട്ടില്‍ നിന്നും അനുമതി വാങ്ങി കടയില്‍ നിന്നും സ്പോര്‍ട്സ് സ്റ്റാര്‍ കൊണ്ടുവന്നാലുടന്‍ അത് വെട്ടി മുറിച്ച് നോട്ട്ബുക്കില്‍ ഒട്ടിയ്ക്കും. പലയാവര്‍ത്തി ചോദിച്ചാണ് ഒരു സ്പോര്‍ട്ട്സ് സ്റ്റാറിനുള്ള പണം വീട്ടില്‍ നിന്നും തരപ്പെടുത്തുന്നത്. എന്തായാലും മാസികയിലെ ക്രിക്കറ്റ് താരങ്ങള്‍ മാത്രം നോട്ട് ബുക്കില്‍ കയറിപ്പറ്റും, ബാക്കിയുള്ളവ കുറച്ച് നാള്‍ മേശപ്പുറത്ത് വിശ്രമിച്ച ശേഷം പത്രക്കെട്ടിന്റെ കൂടെ വില്‍പ്പനയ്ക്ക് പോകും. ഞാന്‍ ഇവിടെനിന്നും അമ്പലമുകളിലേയ്ക്ക് പോകും വരെ ഏതാണ്ട് നാലോ അഞ്ചോ ബുക്കുകള്‍ നിറയെ ഇങ്ങനെ ഒട്ടിച്ച് സൂക്ഷിച്ചിരുന്നു. അതിന് ശേഷം ആ പരിപാടി തുടരാനായില്ല. എന്റെ ഇഷ്ടങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ വന്നു തുടങ്ങിയിരുന്നു. പിന്നീടൊരിക്കലും ഈ ബുക്കുകള്‍ ഞാന്‍ കണ്ടിട്ടില്ല. ഈ ഹോബി പരിചയപ്പെടുത്തിയത് ദിനേഷ് എന്ന എന്റെ സുഹൃത്താണ്. ദിനേശിന് രണ്ട് സഹോദരന്മാരാണ് - രാജേഷും പ്രകാശും. അമ്മ സുശീല ചേച്ചി. അച്ഛന്‍ വിജയാ ബാങ്കില്‍ മാനേജരുമായിരുന്നു. അങ്ങിനെ എന്റെ അയല്‍പക്കത്ത് വാടകയ്ക്ക് വന്നവരാണിവര്‍. ഈ അപൂര്‍വ്വസഹോദരങ്ങളെപ്പോലെ ഒരേ അളവില്‍ ക്രിക്കറ്റ് തലയ്ക്ക് പിടിച്ച സഹോദരന്മാരെ ഞാന്‍ കണ്ടിട്ടില്ല. രാജേഷ്, പ്രകാശ്, ദിനേശ് - മൂന്നു പേരും നന്നായി കളിയ്ക്കും. ഇതില്‍ പ്രകാശ് മാത്രം പഠനം ഇവിടെ അല്ലായിരുന്നതിനാല്‍ വല്ലപ്പോഴുമേ ഞങ്ങളുടെ ഒപ്പം ചേരാറുണ്ടായിരുന്നുള്ളൂ. ക്രിക്കറ്റ് ടി. വി. യില്‍ തത്സമയം സംപ്രേക്ഷണം ചെയ്തു തുടങ്ങിയ സമയമായിരുന്നു അത്. കൂട്ടുകാര്‍ ഒരുമിച്ചിരുന്ന് കളി കണ്ടിരുന്നതും ദിനേശിന്റെ വീട്ടിലായിരുന്നു. സോളിഡെയറിന്റെ ടി. വി., ദൂരദര്‍ശന്‍ മാത്രം സംപ്രേഷണം ചെയ്യുന്ന കളി. ഉയരത്തില്‍ സ്ഥാപിച്ച ആന്റിനയുടെ ദിശ കാറ്റിലാടുമ്പോള്‍ സ്ക്രീനില്‍ ഗ്രെയിന്‍സ് തെളിയും. അപൂര്‍വ്വം വീടുകളില്‍ മാത്രമാണ് ടി. വി.യുള്ളത്. മറ്റൊരു കാഴ്ചസംസ്ക്കാരത്തിലേയ്ക്ക് നമ്മള്‍ പരുവപ്പെട്ട് തുടങ്ങുന്ന കാലം. അടുത്തുള്ള കൂട്ടുകാര്‍ മുഴുവന്‍ അവിടെ കളി കാണാന്‍ എത്തും. യാതൊരു വിഷമവും ഇല്ലാതെ സുശീല ചേച്ചി ഞങ്ങളെയൊക്കെ സഹിച്ചു. വല്ലപ്പോഴും പരീക്ഷാക്കാലത്ത് മാത്രമാണ് അവര്‍ കൂട്ടുകാരെ നിയന്ത്രിച്ചത്, ശിക്ഷ ദിനേശിനാവും. ഇംഗ്ലീഷ് ക്രിക്കറ്റ് കമന്ററി അനുകരിക്കുന്നതിലും ദിനേശ് മിടുക്കനായിരുന്നു. കളിയുടെ ഇടവേളകളില്‍ ദിനേശ് ഞങ്ങളെ കമന്ററി പറഞ്ഞ് രസിപ്പിച്ചു.
മുറ്റത്തെ ക്രിക്കറ്റ്
ദിനേശിന്റെ പ്രാക്ടീസ് കണ്ട് ഞങ്ങള്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. കനത്തിൽ കിടക്ക വിരിച്ച കട്ടില്‍ ഭിത്തിയോട് ഒപ്പിച്ച് ഇടും. ഭിത്തിയിലേയ്ക്ക് വലിച്ചെറിയുന്ന ബോള്‍ ബൗണ്‍സ് ചെയ്ത് തിരികെ പിടിക്കാന്‍ ഈ കട്ടിലിലേയ്ക്ക് ഡൈവ് ചെയ്യും. ദിനേശിന്റെ ഡൈവിംഗ് പ്രാക്ടീസായിരുന്നു അത്. കൂടാതെ ആദ്യമായി ഒറ്റ സ്റ്റംപ് വച്ച് ബൗള്‍ ചെയ്യുന്നത് കാണുന്നതും ഇവരില്‍ നിന്ന് തന്നെ. രാജേഷ് ചേട്ടന്‍ രസികനായിരുന്നു. ഒരു ടേക്ക്-ഇറ്റ്-ഈസി മാനായിരുന്നു അന്ന്. പിന്നീട് ജീവിതത്തില്‍ ഈ മൂവരും എന്തായിത്തീര്‍ന്നു എന്നോ എവിടെ ജീവിക്കുന്നു എന്നോ എനിക്കറിയില്ല. ഒരു ബോള്‍ പറമ്പില്‍ പോവുകയോ കാണാതാവുകയോ ചെയ്താല്‍ ഉടനെ ലാമ്പി സ്ക്കൂട്ടറില്‍ കയറി പറക്കും രാജേഷ് ചേട്ടന്‍, അടുത്ത ബോള്‍ വാങ്ങാന്‍... പോയത് തപ്പിയെടുക്കാനൊന്നും കാക്കില്ല. കളിക്കാര്‍ പിരിവെടുത്ത് പന്ത് വാങ്ങുന്നതായിരുന്നു ഞങ്ങളുടെ പതിവെങ്കിലും എല്ലാവരും വീട്ടില്‍ പോയി പണം വാങ്ങി വരാനുള്ള താമസം പോലും കളിയുടെ രസച്ചരട് പൊട്ടിക്കും എന്നതിനാല്‍ അദ്ദേഹം അതിനൊന്നും കാത്ത് നില്‍ക്കില്ല. വരുമ്പോള്‍ രണ്ടും മൂന്നും പന്തുകള്‍ ഒരുമിച്ച് കൊണ്ടുവന്ന ചരിത്രവുമുണ്ട്. അവര്‍ താമസിച്ചിരുന്ന വീടിന് മുന്നിലെ ചെറിയ മുറ്റത്ത് ഞങ്ങള്‍ ക്രിക്കറ്റ് കളിക്കും. ഗെയിറ്റിനായി സ്ഥാപിച്ച മതിലില്‍ ഇഷ്ടിക കൊണ്ട് വരച്ച മൂന്ന് വരകളാണ് സ്റ്റംപുകള്‍. നീല മതിലും, ചെങ്കല്ല് നിറത്തില്‍ വരച്ച സ്റ്റമ്പുകളും ഇന്നലെയെന്നതു പോലെ ഓര്‍മ്മയിലുണ്ട്. വര്‍ഷങ്ങളോളം ഇത് ഞങ്ങളുടെ ക്രീസായി തുടര്‍ന്നു, അതിന് കാരണക്കാരായതും ഈ സഹോദരന്മാര്‍ തന്നെ. ടെന്നീസ് ബോളില്‍ ക്രിക്കറ്റ് കളിക്കാമെന്ന് പഠിപ്പിച്ചതിനുള്ള ക്രെഡിറ്റും ഇവര്‍ക്ക് അവകാശപ്പെട്ടതാണ്. കളിക്ക് മുന്‍പ് ഒരു വാം അപ്പ് സെഷനുണ്ട്. രാജേശ്വരിയിലെ ഹരിയും കല്ലൂര്‍ രാജിയും ഇവരോടൊപ്പം ചേരും. ഇവരാണ് കൂട്ടത്തിലെ മുതിര്‍ന്നവര്‍. ഇവര്‍ ബാറ്റ് ചെയ്യുമ്പോള്‍ ദിനേശ് ബൗള്‍ ചെയ്യുന്നത് പഴയ വെസ്റ്റിന്‍ഡീസിന്റെ കളിക്കാരന്‍ പാട്രിക്ക് പാറ്റേഴ്സണെ ഓര്‍മ്മപ്പെടുത്തും വിധമായിരുന്നു. റണ്ണപ്പൊക്കെ അതുപോലെ, ബോളിന് നല്ല വേഗം, നല്ല ലൈനും ലെങ്തുമുള്ള ബോളുകള്‍. കാഴ്ചക്കാരായി അയല്‍പക്കത്തെ ചേച്ചിമാരും ഇടയ്ക്കൊക്കെ ചേരും. മുതിര്‍ന്നവര്‍ കളിയവസാനിപ്പിച്ച് പോയ ഇടവേളകളിലൊന്നില്‍ ബാറ്റ് ചെയ്ത ഞാന്‍ വാടക വീടിന്റെ ജനാലയുടെ ചില്ലടിച്ച് പൊട്ടിച്ചു. രാധിക ചേച്ചി എന്നെ വേണ്ട വണ്ണം ശകാരിക്കുകയും ചെയ്തു. പിന്നീട് അച്ഛനിടപെട്ട് ചില്ല് ശരിയാക്കിച്ചു നല്‍കി എന്നാണോര്‍മ്മ. രാധികചേച്ചിയും കുടുംബവും ഈ സംഭവം മറന്നു കാണും. വേണ്ടവിധം കോച്ചിംഗ് ഒക്കെ കിട്ടിയിരുന്നെങ്കില്‍, ഒരു മെട്രോ നഗരത്തില്‍ ജീവിച്ചിരുന്നെങ്കില്‍, ദിനേശ് ഒരു മികച്ച ക്രിക്കറ്റര്‍ ആയിത്തീര്‍ന്നേനെ എന്ന് ഇപ്പോള്‍ തോന്നുന്നു. അത്രമാത്രം അഭിനിവേശവും കഴിവും ഉണ്ടായിരുന്നു ദിനേശിന്. അബ്ദുള്‍ ഖാദര്‍, കപില്‍ ദേവ്, വാല്‍ഷ്, പാറ്റേഴ്സണ്‍ തുടങ്ങിയവരുടെ ബൗളിംഗ് ആക്ഷനുകള്‍ അനുകരിക്കുന്നതും ദിനേശിന്റെ വിനോദമായിരുന്നു. ഇദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ പ്രകാശ് കാഴ്ചയില്‍ ഗൂഗ്ലി വിദഗ്ധന്‍ നരേന്ദ്ര ഹിര്‍വാനിയെ ഓര്‍മ്മപ്പെടുത്തും. കണ്ണട ധരിച്ച കൊലുന്നനെയുള്ള രൂപം. ബൗളിംഗിലും ഏതാണ്ട് അതേ ശൈലി. ഡെസ്മണ്ട് ഹെയിന്‍സിനെയും കോര്‍ട്ട്നി വാല്‍ഷിനേയും പരിചയപ്പെടുന്നതും കപിലിന്റെയും ഗവാസ്ക്കറിന്റെയും ശ്രീകാന്തിന്റെയും കളി ആദ്യമായി കാണുന്നതും ഈ വീട്ടില്‍ വച്ചാണ്. ഏത് കളിക്കരുടേയും പേരുകള്‍ ഈ സഹോദരന്മാര്‍ക്കറിയാം. ഇംഗ്ലണ്ട്, ആസ്ത്രേലിയ തുടങ്ങി ക്രിക്കറ്റ് കളിച്ചിരുന്ന എല്ലാ രാജ്യത്തേയും അക്കാലത്തെ കളിക്കാരുടെ പേരുകള്‍ പഠിച്ചതിനും കടപ്പാട് ഈ ക്രിക്കറ്റ് സഹോദരന്മാരോട് തന്നെ. ആനിക്കാട് സെന്റ്. സെബാസ്റ്റ്യന്‍സ് സ്ക്കൂളില്‍ പഠിക്കുമ്പോള്‍ പനയെലി എന്നു വിളിച്ചിരുന്ന എന്റെ സുഹൃത്തിന്റെ പണിപൂര്‍ത്തിയാകാത്ത വീട്ടുമുറ്റത്ത് ഒറ്റക്കാലില്‍ ഏന്തി നിന്ന് കൂട്ടുകാരോടൊപ്പം ക്രിക്കറ്റ് കളി കണ്ടതും ഓര്‍ക്കുന്നു. 1987ലെ റിലയന്‍സ് കപ്പാണ് ഇങ്ങനെ തിക്കി തിരക്കി ആരവങ്ങളുടെ അകമ്പടിയില്‍ കണ്ടത്. 1998ല്‍ കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യയും ആസ്ത്രേലിയയും ഏറ്റുമുട്ടുമ്പോള്‍ ഗാലറികളില്‍ ഞാനുമുണ്ടായിരുന്നു. വിശാലമായ സുഹൃദ്ബന്ധങ്ങള്‍ക്കുടമയായ വാഴപ്പിള്ളി സ്വദേശി ഉന്മേഷാണ് അതിന് കാരണക്കാരനായത്. സുഹൃത്ത് ജയേഷിന്റെ കാറിൽ കളി കാണാൻ പോയ യാത്ര മറക്കാനാവില്ല.

മണിയെപ്പോലെ മണിയണ്ണൻ മാത്രം

കളിയോടുള്ള അഭിനിവേശം കൊണ്ട് അതിശയിപ്പിച്ച മറ്റൊരാള്‍ മണി മാത്രമാണ്. മണി എന്നാല്‍ നമ്മുടെ മണിയണ്ണന്‍ തന്നെ. ഏത് പ്രായക്കാര്‍ക്കുമൊപ്പം ക്രിക്കറ്റ് കളിക്കാന്‍ മടിയില്ലാത്ത, വൈവിധ്യങ്ങളായ താത്പര്യങ്ങള്‍ സൂക്ഷിക്കുകയും അവ സാക്ഷാത്ക്കരിക്കുകയും ചെയ്യുന്ന മണി. നാട്ടിലും സമീപ പ്രദേശങ്ങളിലുമുള്ള ഏത് ടൂര്‍ണ്ണമെന്റിലും മണിയണ്ണന്റെ സാന്നിദ്ധ്യമുണ്ടാകും, ഏത് ടീമിന് വേണ്ടിയും കളിക്കും. മണിയണ്ണന് നന്നായി കളിക്കണമെന്ന് മാത്രമേയുള്ളൂ ലക്ഷ്യം. ജോണ്‍ടി റോഡ്സിനും മുന്‍പ് ഫീല്‍ഡിംഗ് അപാരസാദ്ധ്യതയുള്ള മേഖലയാണെന്ന് തിരിച്ചറിഞ്ഞ് ഫീല്‍ഡിംഗില്‍ പരീക്ഷണങ്ങള്‍ നടത്തിയതും വൈദഗ്ധ്യം തെളിയിച്ചതും സ്റ്റൈലൈസ്ഡ് ബാറ്റിംഗിന്റെ കൂടി പ്രയോക്താവായ മണിയണ്ണന്‍ തന്നെയായിരുന്നു. ഒരു ടീമിന് പോലും മുഴുവനായ ക്രിക്കറ്റ് കിറ്റ് സ്വന്തമല്ലാതിരുന്ന കാലത്ത് സ്വന്തമായി ക്രിക്കറ്റ് കിറ്റ് ഉണ്ടായിരുന്നതും വൈറ്റ് ആന്റ് വൈറ്റ് ജഴ്സിയില്‍ കളിയ്ക്കാനിറങ്ങുന്നതും മണി മാത്രം. ബെയില്‍സ് ക്രിക്കറ്റ് ക്ലബ്ബിനെ പരാമര്‍ശിച്ച് മുന്‍പ് ഫെയ്സ്ബുക്കില്‍ ഞാനെഴുതിയ കുറിപ്പില്‍ മണിയണ്ണനെ പരാമര്‍ശിക്കാതെ പോയത് എന്റെ പിഴവാണ്. ബെയില്‍സിലെ നിറസാന്നിധ്യമായിരുന്നു മണി. സിനിമയെ ഇഷ്ടപ്പെടുന്ന, പുരാവസ്തുക്കളില്‍ കമ്പമുള്ള, സൈക്ലിംഗും വിന്റേജ് വാഹനങ്ങളും ദൗര്‍ബല്ല്യമായ മണിയുടെ ക്രിക്കറ്റ് കമ്പത്തിന് പകരം വക്കാന്‍ മറ്റൊരാളില്ല. ഞങ്ങള്‍ക്ക് മുന്‍പുള്ള തലമുറയ്ക്കൊപ്പവും, പിന്നെ ഞങ്ങള്‍ക്കൊപ്പവും, അതിന് ശേഷം വന്നവര്‍ക്കൊപ്പവും മണി കളിച്ചു...

സ്പോര്‍ട്ടോയ് ഓര്‍മ്മയുണ്ടോ

മൂവാറ്റുപുഴക്കാര്‍ക്ക് മറക്കാനാവാത്ത് പേരാണ് കച്ചേരിത്താഴത്തെ സ്പ്പോര്‍ട്ടോയുടേത്. കച്ചേരിത്താഴത്തെ കടയില്‍ ബോളിനും ബാറ്റിനും സ്പോര്‍ട്ട്സ് സ്റ്റാറിനുമായി എത്ര തവണ പോയിട്ടുണ്ടെന്നതിന് കണക്കില്ല. ഷട്ടിലായാലും ബോളായാലും പുതിയത് പുറത്തെടുക്കുമ്പോള്‍ പ്രത്യേക ഗന്ധമുണ്ട്. അവിടെ പ്രദര്‍ശിപ്പിച്ചിരുന്ന കളിയുപകരണങ്ങള്‍ അക്കാലമത്രയും എന്നെ കൊതിപ്പിച്ചിരുന്നു. BDM, SG എന്നൊക്കെ എഴുതിയ ബാറ്റുകള്‍ അന്ന് കാണുമ്പോള്‍ മനസില്‍ ആഗ്രഹിക്കും, എന്നെങ്കിലുമൊരിക്കല്‍ ഈ ബാറ്റ് കൊണ്ട് കളിക്കാന്‍ കഴിയണേ എന്ന്. ആ കാത്തിരിപ്പ് അവസാനിച്ചത് ഒടുവില്‍ എന്റെ പ്രീഡിഗ്രിക്കാലത്താണ്. ബെയില്‍സിലെ ചേട്ടന്മാരുടെ ക്രിക്കറ്റ് ഉപകരണങ്ങള്‍ കണ്ടിട്ടണ്ട്, അപൂര്‍വ്വം ചുമന്നിട്ടുമുണ്ട്. എങ്കിലും സ്വന്തമായി ഞങ്ങളുടെ സംഘം പാഡും ഗ്ലൗസും ഒക്കെ വാങ്ങുന്നതും അവ ധരിച്ച് കളിക്കുന്നതും ഏറെക്കാലങ്ങള്‍ക്ക് ശേഷമാണ്. റബ്ബര്‍ പന്തില്‍ നിന്നും കോര്‍ക്കിലേയ്ക്കും പിന്നെ സ്റ്റിച്ചിലേയ്ക്കും ക്രമേണ മാറുന്നത് പോലെ. പല കാരണങ്ങള്‍ കൊണ്ടും സ്റ്റിച്ച് ബോള്‍ കൊണ്ടുള്ള കളി അധികകാലം ഉണ്ടായിട്ടില്ല. ഷട്ടില്‍ ബാറ്റ് ഗട്ട് ചെയ്യുന്നതിനു സ്പോര്‍ട്ടോയ് ആയിരുന്നു ആശ്രയം. ബാറ്റ് മരത്തിന്റെ ഫ്രെയിമില്‍ ഇട്ട് ഗട്ട് ചെയ്യുന്നത് കാണാന്‍ പ്രത്യേക രസമായിരുന്നു.

കളിക്കാതെ പഠിച്ച ടെന്നീസ്

കുറിപ്പ് ആരംഭിച്ചത് ജോണ്‍ മക്കെന്ററോയെക്കുറിച്ചും ആ പേരിട്ട വല്ല്യച്ഛനെക്കുറിച്ചും ടെന്നീസിനെക്കുറിച്ചും പറഞ്ഞാണല്ലോ. സമൃദ്ധമായ ക്രിക്കറ്റ് കാലം എന്റെ അമ്പലമുകളിലേയ്ക്കുള്ള മാറ്റത്തോടെ താത്ക്കാലികമായി അവസാനിച്ചിരുന്നു. ടി. വി. യില്‍ ടെന്നീസ് കളി മുടങ്ങാതെ കണ്ടിരുന്ന വല്ല്യച്ഛന്റെ ഒപ്പം കൂടി ഞാനും ടെന്നീസിനെ ഇഷ്ടപ്പെട്ടു തുടങ്ങി. കളിനിയമങ്ങള്‍ അദ്ദേഹം എനിക്ക് പറഞ്ഞുതന്നു. ഗെയിമും സെറ്റും എനിക്ക് പരിചിതമായി. എയ്സും ടൈബ്രേക്കറും ഗെയിം പോയന്റും മാച്ച് പോയിന്റുമെല്ലാം പരിചിത സംജ്ഞകളുമായി. ഫ്രഞ്ച് ഓപ്പണും വിംബിള്‍ഡണും ഞാന്‍ കണ്ടു. ആസ്ത്രേലിയന്‍ ഓപ്പണും യു. എസ്. ഓപ്പണും ഗ്രാന്‍ഡ്സ്ലാമും എന്താണെന്ന് ഞാന്‍ മനസിലാക്കി. അമ്പലമുകള്‍ ജീവിതത്തില്‍ എനിക്ക് ടി. വി. യില്‍ കാണാന്‍ അനുവാദമുണ്ടായിരുന്ന അപൂര്‍വ്വം പരിപാടികളില്‍ ഒന്നായിരുന്നു ടെന്നീസ്. ജോണ്‍ മക്കെന്ററോ, ഇവാന്‍ ലെന്‍ഡല്‍, സ്റ്റെഫാന്‍ എഡ്ബര്‍ഗ്, ബോറിസ് ബെക്കര്‍, പാറ്റ് കാഷ് തുടങ്ങിയവരായിരുന്നു ഞാന്‍ പരിചയപ്പെട്ട ആദ്യത്തെ കളിക്കാര്‍. തുടര്‍ന്ന് മൈക്കിള്‍ ചാങ്, ജിം കുറിയര്‍, പീറ്റ് സാംപ്രാസ്, ആന്ദ്രെ ആഗസി, സെര്‍ജി ബ്രുഗേര, റിച്ചാര്‍ഡ് ക്രായ്ജക്ക്, ഗോരാന്‍ ഇവാനിസേവിച്ച്, മാര്‍ട്ടിന നവരത്തിലോവ, സ്റ്റെഫി ഗ്രാഫ്, ഗബ്രിയേല സബാറ്റിനി, അരാന്ത സാഞ്ചസ് വികാറിയോ, മൊണിക്ക സെലസ് തുടങ്ങിയ നിരവധി കളിക്കാര്‍ എനിക്ക് പ്രിയപ്പെട്ടവരായി. മുടി നീട്ടി വളര്‍ത്തിയ അഗാസിയുടെ ആദ്യ രൂപം സ്ക്രീനില്‍ കണ്ടതോര്‍ക്കുന്നു. മൊണീക്കാ സെലസിന് മുതുകില്‍ കുത്തേറ്റ തും ഓര്‍ക്കുന്നു.

കളിക്കാനറിയാത്ത, അല്ലെങ്കില്‍, ഒരിക്കല്‍പ്പോലും കളിച്ചിട്ടില്ലാത്ത ഒരു കളിയുടെ നിയമങ്ങളും കോര്‍ട്ടിലെ മര്യാദകളും ഞാന്‍ മനസിലാക്കി. ടെന്നീസ് എന്നെ രസിപ്പിച്ചു. പ്രൊഫഷണല്‍ ടെന്നീസ് ഞാന്‍ നേരിട്ട് കണ്ടു. ആദ്യമായി കൊച്ചയില്‍ നടന്ന സാറ്റലൈറ്റ് ഇന്‍വിറ്റേഷന്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത് കൊച്ചിന്‍ റിഫൈനറിയുടെ ടെന്നീസ് കോര്‍ട്ടിലാണ്. എ. ടി. പി. സീരീസില്‍ പെട്ട ടൂര്‍ണ്ണമെന്റ് എന്ന നിലയില്‍ നിരവധി വിദേശികള്‍ ഉള്‍പ്പടെയുള്ള കളിക്കാര്‍ ഒരാഴ്ചക്കാലം റിഫൈനറി ക്വാര്‍ട്ടേഴ്സ് ക്ലബ്ബിലും പരിസരത്തുമായി ഉണ്ടായിരുന്നു. നിരവധി മത്സരങ്ങള്‍ എനിക്ക് നേരിട്ട് കാണുവാന്‍ കഴിഞ്ഞു. അന്നത്തെ കളിക്കാരില്‍ വാസുദേവന്റെയും വ്ലാഡിമിര്‍ ഗാബ്രിഷ്യേയുടെയും പേരുകള്‍ ഞാന്‍ ഓര്‍മ്മിക്കുന്നു. ടൂര്‍ണ്ണമെന്റിനായി കോര്‍ട്ട് തയ്യാറാക്കുന്നതിന് ഞാന്‍ പഠിച്ച അമ്പലമുകള്‍ ഗവ. ഹൈസ്ക്കൂളിന്റെ മതില്‍ പൊളിച്ച് ചില പ്രവൃര്‍ത്തികള്‍ ചെയ്തിരുന്നതായും ഞാനോര്‍മ്മിക്കുന്നു. ടൂര്‍ണ്ണമെന്റിനായി ക്ലേ കോര്‍ട്ടാണ് ഒരുക്കിയിരുന്നത്. കോര്‍ട്ട് തയ്യാറാക്കിയതും പ്രത്യേകതരം യന്ത്രസാമഗ്രികളുടെ സഹായത്തോടെയാണ്. ഈ ടൂര്‍ണ്ണമെന്റിലെ ബോള്‍ പിക്കേഴ്സായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ പലരും റിഫൈനറി സ്ക്കൂളില്‍ പഠിച്ചിരുന്ന എന്റെ സുഹൃത്തുക്കളായിരുന്നു. കടും നീല നിറമുള്ള ജേഴ്സിയും ക്യാപ്പുമായിരുന്നു അവരുടെ വേഷം. അവരുടെ ബാല്യകാലസ്മരണകളില്‍ ഇതൊരു ഗംഭീര സംഭവമായി ഇന്നും ഉണ്ടാകും. ടെന്നീസ് ടി. വി. യില്‍ കണ്ട് പഠിച്ച്, പിന്നീട് മാത്രം കളിച്ച്, അതിന് ശേഷം അംഗികൃത ടെന്നീസ് കോച്ചായി ദീര്ഘകാലം എറണാകുളം സെന്റ്. ആല്‍ബര്‍ട്ട്സ് കോളേജില്‍ ടെന്നീസ് കോച്ചായി വിലസിയ ലൗലിജന്‍ മാഷ് നമ്മുടെ നാട്ടുകാരനാണ്. കോര്‍ട്ടിന്റെ സ്ഥലം കൊച്ചി മെട്രോ നിര്‍മ്മാണത്തിനായി ഏറ്റെടുത്തതോടെ ആല്‍ബര്‍ട്ട്സിലെ കോച്ചിംഗ് അവസാനിച്ചു. ലൗലിജന്‍ ടെന്നീസ് കോച്ച് മാത്രമല്ല, ഭൂമിയുടെ ആയതവൃത്തത്തിന്റെ പരിധി അളക്കുന്നതിനുള്ള ഫോര്‍മുല കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ കൂടിയാണല്ലോ... ഒരു യോഗാ അദ്ധ്യാപകനും...

പല കളികളും കളിച്ച് പഠിക്കണമെന്നില്ല. അതിനുദാഹരണമാണ് ടെന്നീസ്. ടെന്നീസ് കോര്‍ട്ടിലിറങ്ങാതെയും, എന്നെ ഇറക്കാതെയും കളിയുണ്മകള്‍ പഠിപ്പിച്ച, എന്റെ വല്ല്യച്ഛന് പ്രണാമം, സൗമ്യ സാന്നിദ്ധ്യമായ വല്ല്യമ്മയ്ക്കും...

Tweet