മാറാടി , മൂവാറ്റുപുഴ പ്രദേശങ്ങളെക്കുറിച്ചുള്ള ചില വിവരങ്ങൾ

(കുരുക്കൂർ പാലത്തുങ്കൽ കുടുംബചരിത്രം 8-16 അദ്ധ്യായങ്ങളിൽ നിന്ന്) തയ്യാറാക്കിയത്: റവ. ഡോ. ജോർജ്ജ് ഓണക്കൂർ എം.എ; പിഎച്ച്ഡി ജനറൽ എഡിറ്റർ പാസ്റ്ററൽ ഓറിയന്റേഷൻ സെന്റർ പാലാരിവട്ടം കൊച്ചി - 682 025

ബുദ്ധമതത്തിന്റെ പ്രാബല്യം അവസാനിക്കുന്നതുവരെ (എഡി 8-10) ഈ പ്രദേശങ്ങളിൽ ബുദ്ധ ജൈനമത വിശ്വാസികളുണ്ടായിരുന്നു. കുരുമുളക്, ചുക്ക്, കറുവാപ്പട്ട മുതലായ സുഗന്ധദ്രവ്യങ്ങളുടെ വ്യാപാരം നടത്തിയിരുന്നു. കല്ലിൽ ക്ഷേത്രപുര (ജൈനമതത്തിന്റേത്) അയ്യപ്പൻ കാവുകളും (ബുദ്ധക്ഷേത്രങ്ങൾ) ആദ്യകാഘട്ടത്തിന്റെ അവശിഷ്ടങ്ങളാണ്. എഡി 8-ാം നൂറ്റാണ്ടിൽ വേദമതം പ്രബല്യം നേടി. ബുദ്ധമതാനുയായികുളം ജൈനമതക്കാരും വടക്കേ ഇന്ത്യിൽ നിന്ന് ധാരാളമായി കുടിയേറിയിട്ടുണ്ട് ബി.സി ആറാം നൂറ്റാണ്ടുമുതൽ ബുദ്ധമതത്തിന്റെ അനുയായികൾ തെക്കോട്ട് സഞ്ചരിച്ചു. വടക്കുപടിഞ്ഞാറൻ ഇൻഡ്യയിൽ നിന്നും ഇൻഡ്യയുടെ കിഴക്കേതീരത്തു നിന്നും ധാരാളം പേർ ഇവിടെ കുടിയേറി. എ.ഡി 8-10 നൂറ്റാണ്ടുകൾ (ശ്രീശങ്കരാചാര്യരുടെ കാലം മുതൽ) വേദമതം പ്രാബല്യം നേടി. ബുദ്ധക്ഷേത്രങ്ങൾ അയ്യപ്പൻ കാവുകളാക്കി മാറ്റി. ബുദ്ധ-ജൈനാനുയായികൾ വേദമതാനുയായികളായി. കാരിക്കോട്, തൃക്കാരിയൂർ മുതലായ സ്ഥലങ്ങൾ തനി ബുദ്ധമതകേന്ദ്രങ്ങളായിരുന്നു. ചേരവംശം ബുദ്ധമതത്തിൽപ്പെട്ടതാണ്. യൂറോപ്യന്മാർ വന്ന കാലത്തും കൊച്ചി രാജാവ് ശ്രീബുദ്ധവിഗ്രഹത്തെ എല്ലാദിവസവും  പൂജിച്ചിരുന്നല്ലോ.

ആര്യവംശജർ ബി.സി ആറാം നൂറ്റാണ്ടുമുതലെങ്കിലും ഇവിടെയുണ്ടായിരുന്നു. ബ്രാഹ്മണവംശത്തിന്റെ കുടിയേറ്റം ക്രിസ്ത്വബ്ദത്തിനു മുൻപെ നടന്നു. എഡി എട്ടാം നൂറ്റാണ്ടിനു ശേഷമാണ് അവർക്ക് പ്രാബല്യമുണ്ടായതെന്നെഉള്ളൂ. എ.ഡി ആറാം നൂറ്റാണ്ടിനു മുൻപേ പെരുംപല്ലൂർ, ആരക്കുഴ, കാവന, മൂവാറ്റുപുഴ പ്രദേശങ്ങളിൽ വേദമതക്കാർ (ബ്രാഹ്മണർ) ഉണ്ടായിരുന്നു. ബ്രാഹ്മണരെ കേരളത്തിലെ ജനങ്ങൾ വിളിച്ച പേരാണ് 'നമ്പൂതിരി'. വേദത്തിന്റെ അധികാരി എന്നർത്ഥം. (നമ്പ്=വിശ്വാസം, വിശ്വസ്തത, വേദം). പുലയർ, പറയർ (പൈപ്പുലയരും പാണ്ടിപ്പുലയരും, പാണ്ടിപ്പറയരും)  ഇവിടെ പൗരാണികകാലത്തുണ്ടായിരുന്നു. അവരുടെ വംശം മിക്കവാറും പകർച്ചവ്യാധികൾ കൊണ്ടുനശിക്കുകയാണുണ്ടായത്. ബ്രാഹ്മണർ (പട്ടന്മാർ (ഭട്ടർ), നമ്പൂതിരിമാർ മുതലായവർ) എഡി ആറാം നൂറ്റാണ്ടുമുതലെങ്കിലും ഇവിടത്തെ സുഗന്ധദ്രവ്യ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നു. ക്രിസ്ത്യാനികൾ കൊടുങ്ങല്ലൂർ, കൊക്കമംഗലം, കൊല്ലം, തിരുവാംകോട്, നിലയ്ക്കൽ മുതലായ സ്ഥലങ്ങളിൽ നിന്നും സുഗന്ധദ്രവ്യങ്ങളുടെ ഉല്പാദനത്തിനും കച്ചവടത്തിനുമായി കുടിേയറി. എഡി ഒൻപതാം നൂറ്റാണ്ടുമുതൽ കൊടുങ്ങല്ലൂർ, കൊല്ലം മുതലായ അങ്ങാടികളിൽ ക്രിസ്ത്യാനികൾക്ക് പ്രാബല്യം കുറഞ്ഞു. അറബികളുടെ വരവാണ് അതിന്റെ കാരണം. എഡി 475 മുതൽ കച്ചവടത്തിനിറങ്ങിയ അവർ ഒൻപതാം നൂറ്റാണ്ടോടെ വ്യാപാരകുത്തക പിടിച്ചുപറ്റിയല്ലോ.

മൂന്ന് ആറുകൾ ചേർന്ന പുഴയാണ് മൂവാറ്റുപുഴ (മൂ+ആറ്+പുഴ). പുഴയുടെ പേര് കരപ്പേരായിത്തീർന്നു. മൂവാറ്റുപുഴ എന്ന കര തൊടുപുഴയാറിന്റെ കിഴക്കേത്തീരമാണ്. അവിടെയുണ്ടായിരുന്ന ആദിമകാല കുടിയേറ്റക്കാർ നൽകിയ പേരാണത്. ഇന്നത്തെ മൂവാറ്റുപുഴ ടൗൺ മാറാടികരയിലാണ്. മറാഠികൾ, മാർവാടികൾ, തുളു നാട്ടുകാർ മുതലയാവർ കച്ചവടത്തിനു വന്നു താമസിച്ചിരുന്ന പ്രദേശമാണ് മാറാഠി (മാറാടി). മൂവാറ്റുപുഴ പുഴയിൽ മാറാഠി വരെ വഞ്ചികൾക്ക് സുഗമമായി സഞ്ചരിക്കാം. തൊടപുഴയാറ് വേനൽക്കാലത്ത് വറ്റിപ്പോകും. കാളിയാറും കോതയാറും തഥൈവ. മാറാഠികളാണു ആദ്യം കച്ചവടത്തിനു വന്നത്. തന്മൂലം അവരുടെ ജന്മനാടിന്റെ പേര് ഇവിടെ പ്രയോഗിച്ചു; പ്രചരിച്ചു.

പൗരാണിക നെടുംകോട്ട ഒരു സഞ്ചാരപഥം കൂടിയായിരുന്നു. മാറാടി പ്രദേശം മുഴുവനും കുരുമുളക് തോട്ടങ്ങളായിരുന്നു. അയ്യപ്പൻകാവ് അതിപ്രാചീനകാലത്തെ ബുദ്ധമതകേന്ദ്രമാണ്. വേദമത പ്രാബല്യകാലത്ത് അവിടെ വിഷ്ണുവിനെ പ്രതിഷ്ഠിച്ച് ഒരു വിഷ്ണുക്ഷേത്രവുമുണ്ടാക്കി. വലിയ വറുതിയുടെ കാലത്ത് നമ്പൂതിരിമാർ കൂത്താട്ടുകുളം, കാക്കൂർ പ്രദേശത്തേക്ക് പോവുകയും അവിടെ മാറാടി ഉണ്ടാവുകയും ചെയ്തു. രാജകൊട്ടാരമുള്ള സ്ഥലമായതുകൊണ്ടാണ് തിരുമാറാടി എന്നായി സ്ഥലപ്പേര്. പുഴയും കോട്ടയും മൂലം സഞ്ചാരസൗകര്യമുണ്ടായിരുന്ന കൊടക്കത്താനത്തുമല ആദ്യം ആദ്യം മാറാഠികളുടെയും പിന്നീട് തുളുനാട്ടുകാരുടേയും വ്യാപാരകേന്ദ്രമായിരുന്നു. മാർത്തവർമ്മ 1750ൽ വടക്കുംകൂറ് കീഴടക്കിയ കാലത്ത് ആ മാർക്കറ്റ് നശിച്ചു. തുളുനാട്ടുകാർ 'മാനിഭം കെട്ട മാറാടി' എന്നു പറഞ്ഞു സ്ഥലം വിട്ടു (മാനിഭം=വാണിഭം). തുളുനാട്ടുകാർ കുഴിച്ചിട്ടിരുന്ന നിധി പിൽക്കാലത്ത് തേറുകാട്ടിൽ ചെട്ടിയാരുടെ സഹായത്തോടെ കുഴിച്ചെടുത്തിട്ടുണ്ട്. ധാരാളം ബ്രാഹ്മണ ഇല്ലങ്ങൾ ഇവിടെയുണ്ടായിരുന്നു. തേറുകാട്ടിൽ (ദേവർകാട് + ചെട്ടിയാർ) ചെട്ടിയാർ വലിയ വ്യാപാരിയായിരുന്നു.

കീഴ്മെലെനാട് വടക്കുംകൂറിന്റെ കീഴിലായപ്പോൾ (എഡി 1600ൽ) വടക്കുംകൂർ രാജവംശം ഇവിടെ ക്ഷേത്രങ്ങളും കോട്ടകളും നിർമ്മിച്ചു. ശിവൻകുന്നിൽ വട്ടക്കോട്ടയുണ്ടായിരുന്നു. തിരുവതാംകൂർ രാജാവ് ഈ പ്രദേശം കീഴടക്കിയപ്പോൾ അവിടെ പട്ടാളക്കാരെ താമസിപ്പിച്ചിരുന്നു. (എഡി 1100 ൽ വെമ്പൊലിനാട് വിഭജിച്ച് തെക്കുംകൂറും വടക്കുംകൂറുമുണ്ടായി. വടക്കുംകൂറിനെ 1750 ൽ മാർത്താണ്ഡവർമ്മ കീഴടക്കി. (ചേരവംശം തന്നെയാണ് കീഴ്മലൈ നാടിന്റെയും വടക്കുംകൂറിന്റെയും ഭരണാധികാരികൾ)

പെരുമ്പല്ലൂർ പ്രദേശം മുതൽ പടിഞ്ഞാറൻ മാറാഠി വരെ എടമന ഇല്ലക്കാരുടെ വക ഭൂമിയായിരുന്നു. അവരുടെ കുടുംബാംഗങ്ങൾ പോയപ്പോൾ 200 ഓളം കൊല്ലം മിക്ക സ്ഥലത്തും കാടും വനവുമായി. പിന്നീട് ക്രിസ്ത്യാനികൾ കുടിയേറി കാർഷികഭൂമിയാക്കി.

എഡി എട്ടാം നൂറ്റാണ്ടു മുതൽ കരകൾ തോറും കളരികളും കളരിഗുരുക്കന്മാരും ഉണ്ടായിരുന്നു. (ചേര ചോളരുടെ കാലത്ത് നിർബന്ധിത സൈന്യസേവനം ഏർപ്പെടുത്തി) എഡി 999. മാറാഠിയിൽ കളരിയും യുദ്ധാഭ്യാസത്തിനുള്ള പടനിലവും ഉണ്ടായിരുന്നു. പുഞ്ചപ്പാടത്തിന്റെ തെക്കുവശത്ത് കളരി, വടക്കുവശത്ത് തകിടിപ്പുറം എന്ന സ്ഥലത്ത് കളരി. മാറാടുകുടി എന്ന പുരയിടത്തിൽ പടനിലം കളരിഗുരുവിന്റെ അവകാശഭൂമി ഗുരുക്കൂറ് (കുരുക്കൂറ്); എലവുങ്കൽ കർത്താക്കർ വടക്കുംകൂറ് രാജവംശമാണ്. അവരുടെ കീഴിലായിരുന്നു കളരികൾ. യൂറോപ്യന്മാർ വന്നതിനു ശേഷം കളരിപ്പയറ്റും മർമ്മവിദ്യയും പഠിക്കാതായി. യൂറോപ്യൻ യുദ്ധസമ്പ്രദായം നടപ്പായി. കോടതിയും പോലീസുമുണ്ടായി. സ്വയരക്ഷയ്ക്ക് പയറ്റുവേണ്ടാതായി.

ടിപ്പുവിന്റെ ആക്രമണകാലത്ത് വടക്കുനിന്നു മാഹി കടത്തനാടൻ ഗുരുക്കൾ വന്നു. അവരുടേതായി തകടിപ്പുറത്തെ കളരി. അവരുടെ വംശം 1925 നു ശേഷമാണ് പോയത്. കുരുക്കുന്നംപുറം സ്‌കൂൾ ഇരിക്കുന്നത് ഗുരുവിന്റെ കുന്നുംപുറത്താണ്. അവിടെ ആദ്യകാലത്തു ക്രിസ്ത്യാനികൾ അക്ഷരാഭ്യാസം നടത്തിയിരുന്ന കളരിയുണ്ടായിരുന്നു. അത് സ്‌കൂളായി. പിന്നീട് പള്ളിവക സ്‌കൂളായി. പിന്നീട് സർക്കാരിന് നൽകി.

ധർമ്മരാജാവിന്റെ കാലത്ത് (1758-1798) കൃഷി വികസിച്ചു. മാറാടിയിൽ ഗുരുക്കൂറ് എന്ന പുരയിടത്തിൽ കരുഹൻമാർ വന്നു താമസിച്ച് ഇരുമ്പുണ്ടാക്കി യുദ്ധോപകരണങ്ങൾ നിർമ്മിച്ചിരുന്നു 1790 വരെ. പിന്നീടാണു കടത്തനാടൻഗുരുക്കൾ വന്നത്. അതിനുശേഷം ക്രിസ്ത്യാനികൾ ആ പ്രദേശത്തു കുടിയേറി.

മാറാടിയിലെ വാളോനിക്കാട് (വാൾ+ആനി+കാട്) കുടുംബം മൂവാറ്റുപുഴക്ക് കിഴക്കുള്ള ആനിക്കാട്ട് ഇപ്പോൾ സ്‌കൂൾ ഇരിക്കുന്ന സ്ഥാനത്തുനിന്നു 1780 നോടടുത്തു മാറാടിയിൽ വന്നു താമസിച്ച കുടുംബമാണ്. ആവോലി പ്രദേശത്തെ ജലക്ഷാമമാണ് കുടിയേറ്റഹേതു. 'കോട്ടക്കയത്തിൽ' എന്നും വെള്ളമുണ്ടായിരുന്നു.

മൂവാറ്റുപുഴയിൽ വലിയ അങ്ങാടിയും (തൊടുപുഴയാറിന്റെ തീരത്ത് പുഴക്കരക്കാവു വരെ) കൊച്ചങ്ങാടിയും മൂവാറ്റുപുഴയാറിന്റെ വടക്കേക്കരയിൽ തുടങ്ങിയത് ധർമ്മരാജാവിന്റെ കാലത്താണ്. കൊച്ചങ്ങാടി ഒരു ആഴ്ചച്ചന്തയായി മാറിയത് പിന്നീടാണ്. പട്ടന്മാരും ക്രിസ്ത്യാനികളുമായിരുന്നു കച്ചവടക്കാർ. പിൽക്കാലത്താണ് തമിഴ്‌നാട്ടിൽ നിന്ന് മുസ്ലീങ്ങൾ കുടിയേറിയത്. പെരുമറ്റത്ത് പെരുമറ്റം നമ്പൂതിരിയുടെ കീഴിൽ ഒരു ചന്ത ഉണ്ടായിരുന്നു. 'പെരുമറ്റം പറ' ഒത്ത അളവായി കരുതപ്പെട്ടു. മൂവാറ്റുപുഴ ചന്തയിരിക്കുന്നിടത്ത് - ഇപ്പോഴത്തെ മുസ്ലീം പള്ളിയുടെ സ്ഥാനത്ത് ഒരു കാവുണ്ടായിരുന്നു. കീഴ്ക്കാവ് (ഇളംകാവ്) എന്നായിരുന്നു പേര്. 99 ലെ വെള്ളപ്പൊക്കകാലത്തും കൊച്ചങ്ങാടിക്കടുത്ത് നമ്പൂതിരിക്കുടുംബമുണ്ടായിരുന്നു. കിഴക്കേക്കരയിൽ ആത്രശ്ശേരി മന സുപ്രസിദ്ധമായിരുന്നു.

കാരക്കുന്നം ക്രൈസ്തവ ദേവാലയത്തിന്റെ പഴയപേര് പെരുമറ്റം പള്ളി എന്നായിരുന്നു. പുഴക്കരക്കാവ് ഒരു ബ്രാഹ്മണകുടുംബത്തിന്റെ കാവായിരുന്നു. അതു നശിച്ചുകിടക്കുകയും കഴിഞ്ഞ നൂറ്റാണ്ടിൽ പുലയർ വിഗ്രഹം കണ്ടെടുക്കയാൽ പുനഃസ്ഥാപിക്കുകയും ചെയ്തു.

എംസി റോഡ് 1877 ൽ പണിതു. 

1914 ൽ കോൺക്രീറ്റ് പാലം ബ്രട്ടീഷുകാർ പണിതു. കൊച്ചങ്ങാടിയിലെ പ്രധാനവ്യാപാരികൾ പാലപ്പുറം, ചാത്തംകണ്ടം, പഴേയമ്പലത്തുങ്കൽ (പൂവൻ) എന്നീ കുടുംബങ്ങളായിരുന്നു. പാലപ്പുറംകാർ പാലം പണിക്ക് വളരെയേറെ സഹായം ചെയ്തിട്ടുണ്ട്. (ഈ പാലം പണിയും ഉദ്ഘാനവും കണ്ടിട്ടുള്ള 15 പേരോട് ഞാൻ സംസാരിച്ച് വിവരങ്ങൾ ശേഖരിച്ചു. നേരിട്ടുകണ്ടവർ അടുത്ത കാലം വരെ ജീവിച്ചിരുന്നു. ആവേശത്തോടുകൂടിയാണ് അവർ അതൊക്കെ വിവരിച്ചത്.

ടിപ്പുസുൽത്താന്റെ ആക്രമണകാലത്ത് ബ്രാഹ്മണരും തീയരുമായ ഏറെയാളുകൾ മൂവാറ്റുപുഴ തൊടുപുഴ പ്രദേശങ്ങളിൽ കുടിയേറി. മാറാടിയിൽ പുളിമൂട്ടിക്കാർ ഒരു രാജകുമാരിയെ രക്ഷിക്കാൻ വേണ്ടി നാടുകടത്തിക്കൊണ്ടു പോന്നതാണ്. ടിപ്പുവിന്റെ പടയുടെ കൂടെ ആലുവാവരെ വന്ന പലരും കേരളവാസികളായി. പടയുടെ പിമ്പേ വടക്കുനിന്നു കുറേ മുസ്ലീംമതാനുയായികൾ പോന്നു. അവർ പിൽക്കാലത്ത് തിരിച്ചുപോയി. മാഹിയ്ക്കും എടത്തലയ്ക്കും പോയ ഒരു കുടുംബം ഗുരുക്കൂറ് പുരയിടത്തിന്റെ തെക്കേവശത്തു താമസിച്ചിരുന്നവരാണ്. മൂവാറ്റുപുഴ തെറ്റില കുടുംബത്തിലേയ്ക്ക് അവരുടെ ഒരു സഹോദരിയെ കെട്ടിച്ചിരുന്നു.

മാറാടിയിൽ കളരി നടത്തിയിരുന്നത് ആദ്യകാലത്ത് കുറുപ്പന്മാരായിരുന്നു. പുഞ്ചപ്പാടത്തിന്റെ തെക്ക് അവരുടെ ചുടുകാടാണ്. ടിപ്പുവിന്റെ ആക്രമണശേഷമാണ് കടത്തനാടൻ ഗുരുക്കൾ തകടിപ്പുറത്തു കളരി സ്ഥാപിച്ചത്. കളരി നടത്തിയിരുന്ന കുറുപ്പന്മാരുടെ പിന്മുറ ഇന്നുമുണ്ട്.

മാറാടിയിൽ കുരുക്കൂറ്(ഗുരുക്കൂറ്) പ്രദേശത്ത് വന്നുതാമസിച്ച (ജോനകന്മാർ പോയപ്പോൾ) നായർകുടുംബം ആരക്കുഴയിലെ തെരുവത്തു നായർ കുടുംബാംഗമാണ്. അവർക്ക് കുരുകൾ നായന്മാർ എന്നുപേര്. ആ പ്രദേശത്തു കുടിയേറിയ (1790 നടുത്ത്) പാലത്തുങ്കൽ കുടുംബത്തിന് കുരുക്കൂറ് എന്ന വീട്ടുപേരുണ്ടായി. കത്തെഴുത്തുകാരൻ നൽകിയ വീട്ടുപേരാണത്.

പാല, വെളിയന്നൂർ, ഉഴവൂർ, കല്ലൂർക്കാട്, ചമ്പക്കുളം മുതലായ പ്രദേശങ്ങളിൽ നിന്ന് ക്രിസ്ത്യാനികൾ മൂവാറ്റുപുഴ അങ്ങാടിയിൽ കുടിയേറി കച്ചവടം ചെയ്തുപോന്നു. അവർക്കുവേണ്ടി 1811 ൽ ഒരു പള്ളിയും സ്ഥാപിച്ചു. സ്‌കൂളും തുടങ്ങി.

 

Tweet

Add new comment