ആഗ്രഹം

വീടിനും പരിസരത്തിനും പ്രത്യേകിച്ച് മാറ്റങ്ങളൊന്നും ഇല്ല. വാതിൽ തുറന്നു കിടപ്പുണ്ട്. വീട്ടിൽ വന്നു കയറിയപ്പോഴുള്ള ഈ നിശബ്ദത വല്ലാത്തൊരു വീർപ്പുമുട്ടലാണ്. പെട്ടെന്നാണ് ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട് മുറ്റത്തുനിന്നും ശബ്ദം കേട്ടത്... 

'''ങാ, നീയോ എന്താ പെട്ടെന്നിങ്ങനെ...'''' 

ആ ചോദ്യത്തിന് മറുപടിയൊന്നും പറയാൻ അവന് തോന്നിയില്ല. വീടിനെ നടുക്കിയ ആ സാഹസികതയ്ക്കുശേഷം ഇന്ന് പത്തു വർഷങ്ങൾ കഴിയുന്നു. അതിനിടെ ഒരിക്കലെ വന്നിട്ടുള്ളൂ... ഈ വീട്ടിലെ തനിക്കായി ശബ്ദിച്ച ശബ്ദം നിലച്ചപ്പോൾ, പിന്നീട് ഇങ്ങോട്ട് വന്നിട്ടില്ല. 

'എന്താ ഇങ്ങനെ തുറിച്ചു നോക്കി നിൽക്കുന്നത്, എന്താ നീ തനിച്ചു വന്നത് ' ആ ശബ്ദവും അവന് അപരിചിതമായി തോന്നി.്വ

''ഒന്നുമില്ലച്ഛാ, വെറുതെ...''''

''നീ വല്ലതും കഴിച്ചോ...''''

''ഇല്ല''

''അടുക്കളയിലേയ്ക്ക് ചെല്ല്.... കപ്പ പുഴുങ്ങി വച്ചിട്ടുണ്ട്...''''

അടുക്കളയും നിർജ്ജീവമാണ്. അരണ്ട വെളിച്ചത്തിൽ അത് ചലനമറ്റു കിടക്കുന്നു. ചെറിയ ആ പഴയ അലുമിനിയം കലത്തിൽ നാലോ അഞ്ചോ ചെണ്ടമുറിയൻ കപ്പ. തണുത്തു മരവിച്ചു കിടന്ന അവ ആരെയും പ്രതീക്ഷിച്ചിരുന്നില്ല. മുറ്റത്തെ ചീനിയിൽ നിന്നും രണ്ട് കാന്താരിയും പൊട്ടിച്ച് ഒരു പാത്രത്തിൽ കപ്പയുമായി ഉമ്മറപ്പടിയിൽ കൊണ്ടു വന്നു വച്ചു. 

''വാ..അച്ഛനും ഒന്നും കഴിച്ചു കാണില്ലല്ലോ..''''

''ഓ...എനിക്കിപ്പോ അങ്ങനെ സമയനിഷ്ടയൊന്നുമില്ല, രാവിലെ ഇതുപോലെ എന്തെങ്കിലും എടുത്ത് അടുപ്പത്തു വയ്ക്കും. പിന്നെ എപ്പഴെങ്കിലും വന്ന് കഴിച്ചാലായി.'''

അച്ഛൻ ഉമ്മറത്തേയ്ക്ക് കയറിയിരുന്നു. മനസ്സിൽ മറുപടി പ്രതീക്ഷിച്ചെങ്കിലും വെറുതെ ചോദിച്ചു,

'ചുമരിൽ ഒരു ഫോട്ടോ പോലും...''''

''വേണ്ടെന്നു വച്ചിട്ടാ... അതില്ലാത്തതാ ഒരു ധൈര്യം.''''

''ആ കുഞ്ഞിനെ ഒന്നു കൊണ്ടുവരാമായിരുന്നില്ലേ '''

''അതൊക്കെ വലിയ പ്രയാസാ അച്ഛാ... ചെറിയ ക്ലാസ്സിലാണെങ്കിലും അവിടുത്തെ ഓരോ റൂളുകള്...'' '

ആഞ്ജലീനയേയും കുഞ്ഞിനേയും അച്ഛൻ കണ്ടിട്ടില്ല.

''അവനിപ്പോ ഏത് ക്ലാസ്സിലാ...''''

''മൂന്നില്...'''

''പിന്നെ അച്ഛാ...അവൻ നന്നായി പാടുന്നുണ്ട്. അസ്സോസിയേഷന്റെ ഇത്തവണ വാർഷികത്തിന് പാട്ടിന് അവനാ ഫസ്റ്റ്. അവനെ നല്ലൊരു പാട്ടുകാരനാക്കണം. അച്ഛന്റെ ആഗ്രഹമായിരുന്നില്ലേ, എനിക്കതിനായില്ല.'''

അച്ഛൻ നല്ലൊരു ഗായകനായിരുന്നെന്ന് അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. കല്യാണം കഴിഞ്ഞും ഒരുപാട് സ്റ്റേജുകളിൽ പാടിയിട്ടുണ്ടത്രെ. ഞാനുണ്ടായതിൽ പിന്നെയാവണം ആ ആഗ്രഹവും മാറ്റിവച്ചത്.

ഒരു കഷണം കപ്പ അച്ഛൻ പാത്രത്തിൽ നിന്നെടുത്തു മുളകിൽ മുക്കി. തഴമ്പിച്ച ആ കൈകൾ ഇപ്പോൾ മൃദുവായിരിക്കുന്നുവോ... അവൻ ഒരു തലോടൽ ആഗ്രഹിച്ചു. 

''ആഞ്ജലീനയ്ക്ക് അച്ഛനെ കാണണമെന്നും സംസാരിക്കണമെന്നും ഒക്കെയുണ്ട് ''''

''അതിനിപ്പോ ആർക്കാ തടസ്സം..''''

''തടസ്സം.... തടസ്സം ഞങ്ങടെ തന്നെയാ...പുറത്താണെന്നു പറഞ്ഞിട്ടെന്താ കാര്യം. ജീവിക്കാൻ ഇവിടുത്തേക്കാൾ പ്രയാസാ, ചിലവ് അത്രയ്ക്കുണ്ട്. ഒരു ദിവസം മാറി നിന്നാൽ പിന്നെ ഒന്നു കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടണം. ഞങ്ങളൊരു ഫ്‌ളാറ്റ് നോക്കുന്നുണ്ട്. അത് കിട്ടിയാൽ കുറേ തലവേദന കുറയും.......'''

അവന് പറയാനുള്ളത് മുഴുവനാകും മുമ്പ് അച്ഛൻ പുറത്തേക്കിറങ്ങി. ''ഞാനാ തെങ്ങിന് തടമെടുക്കുവായിരുന്നു... പ്രയോജനമുണ്ടായിട്ടല്ല... വെറുതെയിരിക്കാൻ മനസ്സു വരണില്ല...''അവൻ അച്ഛനേയും നോക്കി നിന്നു.''

പിറ്റേന്നു രാവിലെ പോകാനിറങ്ങിയപ്പോഴും അവൻ ആഞ്ജലീനയുടെ ആഗ്രഹം അച്ഛനോട് പറഞ്ഞില്ല. 

 
Tweet