ഒരു ഭയങ്കരനായ കമ്മ്യൂണിസ്റ്റ് രാക്ഷസൻ വന്നിരിക്കുന്നു - പേരുകേട്ടാൽ ഭംഗിയുള്ളതെങ്കിലും - കെ.സി.ചന്ദ്രസേനൻ എന്നു കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ആരുടെയോ ശുപാർശയിന്മേൽ ലീഗ് കോട്ടയായ കാവുങ്കരപ്രദേശത്ത് ഒരു കെട്ടിടത്തിൽ താമസവും വൈദ്യശാലയും അദ്ദേഹം തുടങ്ങി. അദ്ദേഹത്തിന്റെ സഹധർമ്മിണി ഒരു കത്തോലിക്കായുവതിയാണ്. ഭിന്നജാതികളിൽപ്പെട്ട രണ്ട് അംഗങ്ങൾ ഭാര്യാഭർതൃ ബന്ധം പുലർത്തി ജീവിക്കുക അക്കാലത്ത് പുതുമയുള്ള ഒരു കാര്യമായിരുന്നു. ഭൂരിപക്ഷം മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്ന കാവുങ്കരയിൽ ഇതൊരു വിരോധാഭാസമായി ഞങ്ങളിൽ പലർക്കും തോന്നിത്തുടങ്ങി. ഏതുവിധേനെയും ഇവരെ ഇവിടെ നിന്ന് ആട്ടിപ്പായിക്കുന്നതിന് ഈ ലേഖകനടക്കം പലരും ശ്രമിച്ചുനോക്കി. പക്ഷേ കമ്മ്യൂണിസ്റ്റ് സഹചാരികളായ ഇവിടത്തെ പല തൊഴിലാളികളുടെ അനുഗ്രഹാശ്ശിസ്സുകളോടെ വൈദ്യർ ഇവിടെ ചിരപ്രതിഷ്ഠനാകുകയാണ് ഉണ്ടായത്. ചുരുങ്ങിയ കാലത്തിനുള്ളിൽ അവരുടെയെല്ലാം കുടുംബവൈദ്യനായിത്തീർന്നു. സേനൻ വൈദ്യന്റെ ചികിത്സയും പ്രവർത്തിയും നാട്ടുകാരിൽ നല്ലൊരഭിപ്രായം സൃഷ്ടിച്ചു കഴിഞ്ഞിരുന്നു. വളരെയധികം സുഹൃത്തുക്കളേയും സമ്പാദിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ഞാൻ അറപ്പോടും വെറുപ്പോടും കൂടി മാത്രമേ അന്ന് അയാളെ നോക്കാറുള്ളൂ. മറ്റു ബന്ധങ്ങളൊന്നും തന്നെ അയാളുമായുണ്ടായില്ല. അയാൾ ഒരു - കമ്മ്യൂണിസ്റ്റുകാരൻ - വെറുക്കപ്പെട്ട വർഗ്ഗത്തിന്റെ പ്രതിനിധി - ഇതായിരുന്നു അന്ന് ലീഗുകാരനായിരുന്ന എന്റെ ധാരണ. അയാളുമായി സംസാരിക്കുന്നതും മറ്റു ബന്ധങ്ങളിൽ ഏർപ്പെടുന്നതും ശുദ്ധഅസംബന്ധമായും എന്റെ സമുദായത്തിന് നിരക്കാത്ത കാര്യമായും ഞാൻ കരുതിപ്പോന്നു. വൈദ്യർക്കെതിരെ പ്രത്യക്ഷമായും പരോക്ഷമായും എതിർപ്രചരണം തന്നെ നടത്തി അയാളെ മൂവാറ്റുപുഴയിൽ നിന്നും പറഞ്ഞയക്കാൻ ശ്രമിച്ചുനോക്കി.
1948 കാലം. കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടിപ്പിടിക്കുന്ന അവസരം. ഏതോ പാർട്ടിപ്രവർത്തകരെ ഒളിപ്പിച്ചു എന്ന സംശയത്തിൽ ഒ.എം.ഖാദറിന്റെ നേതൃത്വത്തിലുള്ള ഒരു പോലീസ് സംഘം സേനൻ വൈദ്യരെ അറസ്റ്റ് ചെയ്തു. വാസ്തവം പറഞ്ഞാൽ മൂവാറ്റുപുഴയിൽ അന്നൊരു ശ്മശാന മൂകതയായിരുന്നു. പല കടകളും തന്നെ ഭയന്ന് അടച്ചു. പക്ഷേ യാതൊരു അനിഷ്ടസംഭവവും കൂടാതെ പിറ്റേദിവസം തന്നെ സേനൻവൈദ്യരെ വിട്ടയച്ചു.
അതിന് ശേഷം ജനാധിപത്യ യുവജനപ്രസ്ഥാനം, സമാധാന പ്രസ്ഥാനം എന്നീ രംഗങ്ങളിൽ പ്രവർത്തിച്ച് സേനൻവൈദ്യർ മൂവാറ്റുപുഴയിലെ ജനങ്ങളുടെ ആരാധനാപാത്രമായി മാറി. 1950-51 ൽ നടന്ന തെരഞ്ഞെടുപ്പിൽ വൈദ്യരുടെ പ്രവർത്തനഫലമായി ഇവിടത്തെ വലതുപക്ഷ ചിന്താഗതിക്കാരായ ജനങ്ങളെ ഇടതുപക്ഷത്തേക്ക് കൊണ്ടുവരാൻ അദ്ദേഹത്തിനു സാധിച്ചു. അങ്ങിനെ പടിപടിയായി പുരോഗമന പ്രസ്ഥാനങ്ങൾ ഉടലെടുക്കുകയും പ്രവർത്തിക്കുകയും ചെയ്തു തുടങ്ങി. ലീഗിന്റെ നേതൃത്വത്തിലും ശിക്ഷണത്തിലും സംഘടിതരായ 300 ൽ പരം തൊഴിലാളികളുള്ള ഒരു ബീഡിതൊഴിലാളി യൂണിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം അംഗീകരിച്ചു. ഭൂരിപക്ഷം മുസ്ലീങ്ങൾ ഉള്ള ഈ യൂണിയൻ സേനൻവൈദ്യരുടെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് പക്ഷത്തേക്ക് മാറിയതോടു കൂടി തികച്ചും പാർട്ടിക്ക് സ്വാധീനമുള്ള അനേകം യൂണിയനുകളും മറ്റു സംഘടനകളും വേറെയും ഉണ്ടായി. ഇതിന്റെയെല്ലാം സൂത്രധാരൻ സേനൻവൈദ്യൻ തന്നെയായിരുന്നു.
കാഴചബംഗ്ലാവിലെ സിംഹത്തെ കാണുന്നതുപോലെ ഒളിക്കണ്ണിട്ടാണ് അക്കാലങ്ങളിൽ ഞാൻ സേനൻവൈദ്യരെ കാണാറുള്ളത്. എങ്കിലും ഒരു ദിവസം അദ്ദേഹവുമായി ഒന്ന് സംസാരിയ്ക്കണമെന്ന് ഞാൻ തീരുമാനിച്ചു. ആ ചെറിയ വൈദ്യശാലയുടെ മുന്നിലെ റോഡിൽ കൂടി ഞാൻ നടന്നു. ഒരു മനുഷ്യൻ മീശ തടവിക്കൊണ്ട് കൈമുട്ട് മേശമേൽ ഊന്നി വലിയ ചിന്തകനെപ്പോലെ ഭിത്തിയിലെ സ്റ്റാലിന്റെ ചിത്രത്തിലേക്ക് നോക്കിയിരിക്കുന്നു. അല്പം ചുരുണ്ട തലമുടി നടുവെ ചീകി ഒതുക്കി വച്ചിരിക്കുന്നു. വശീകരണശക്തിയുള്ള കണ്ണുകൾ, ഭംഗിയുള്ള വലിയ മീശ, അലക്കി തേച്ച ഖദർ കുപ്പായം, ആരോഗ്യമുള്ള വെളുത്ത ശരീരം ഏതാണ്ട് മുപ്പത്തിയേഴു വയസ്സു പ്രായമുള്ള ആ നിരീശ്വരവാദിയെ ഞാൻ കണ്ടു. പക്ഷേ എനിക്ക് ഭയം തോന്നിയില്ല. ഞാൻ കൃത്രിമമായി ഒന്നു ചിരിച്ചു. നിർമ്മലമായ ഒരു മന്ദസ്മിതത്തോടെ എന്റെ മുഖത്തേക്ക് നോക്കി. ആ കണ്ണുകൾ കാന്തശക്തിയുള്ളതു പോലെ എനിക്ക് തോന്നി.
കയറി വരാമല്ലോ, എന്താണവിടെ നിൽക്കുന്നത്.
ആകർഷകമായ ആ ശബ്ദം കേട്ടപ്പോൾ അനുസരിക്കാതിരിക്കുവാൻ എനിക്ക് തോന്നിയില്ല. ഞാൻ അറച്ചറച്ച് കയറിച്ചെന്നു.
ഇരിയ്ക്കാമല്ലോ ?
കസേര വലിച്ചു നീക്കിയിട്ടു തന്നു. എന്തിനധികം പറയുന്നു. കമ്മ്യൂണിസത്തെ പേപ്പട്ടിയെ പോലെ വെറുത്തിരുന്ന മുസ്ലീംലീഗുകാരനായിരുന്ന ഞാൻ ആ വൈദ്യശാലയിലെ സ്ഥിരം കുത്തിയിരിപ്പുസത്യാഗ്രഹക്കാരനായി മാറിയെന്നു പറഞ്ഞാൽ മതിയല്ലോ. ആദ്യമാദ്യമൊന്നും ആ മനുഷ്യൻ എന്നോടു ഒരു രാഷ്ട്രീയകാര്യങ്ങളും പറഞ്ഞിരുന്നില്ല. സേനൻ എന്റെ വ്യക്തിപരമായ ജീവിതത്തിലേക്കും ഒരു ബാല്യകാല സുഹൃത്തിനേപ്പോലെ ചുഴിഞ്ഞിറങ്ങി വന്നു. ചുരുങ്ങിയ ദിവസത്തിനുള്ളിൽ സ.സേനൻ വൈദ്യൻ എന്റെ കളിത്തോഴനും സഹപാഠിയും ഗുരുവും വൈദ്യനും ബന്ധുവും എല്ലാമായിത്തീർന്നു.
1953 ൽ പക്ഷാഘാതം പിടിപെട്ട് സഖാവ് കിടപ്പിലായി. വിദഗ്ദ്ധരായ നിരവധി ഢോക്ടർമാർ പലരും സഖാവിനെ രക്ഷപെടുത്താൻ അശ്രാന്തപരിശ്രമം നടത്തിയെങ്കിലും ഒരു കാൽ മുഴുവനും ഛേദിയ്ക്കപ്പെട്ട നിലയിൽ 1953 ജൂൺ 30-ാം തീയതി വിധിവൈപരീത്യമെന്ന് പറയട്ടെ ആ വിലപ്പെട്ട ജീവൻ കാലയവനികയിലായി.
സഖാവ് രോഗശയ്യയിലായതു മുതൽ ശവസംസ്‌കാരം വരെ ആയിരക്കണക്കിന് സ്ത്രീപുരുഷന്മാർ സഖാവിന്നരുകിൽ ഉണ്ടായിരുന്നു. മൂവാറ്റുപുഴയുടെ ചരിത്രത്തിൽ ഇത്രയധികം ജനങ്ങളുടെ ഒരു വിലാപയാത്ര ഇതുവെരയും നടന്നിട്ടില്ല. ഈ വിലാപയാത്ര തന്നെ സ.സേനൻ വൈദ്യരുടെ വ്യക്തിവിലാസത്തെ പ്രകടിപ്പിക്കുന്നതായിരുന്നു.
സഖാവ് സേനൻവൈദ്യൻ രോഗശയ്യയിലായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ ബാല്യകാല സുഹൃത്തുക്കളായ തിക്കുറുശ്ശി സുകുമാരൻ നായരും കാമ്പിശ്ശേരി കരുണാകരനും ഒരിയ്ക്കൽ ആശുപത്രിയിൽ വരികയും കാൽ ഛേദിക്കപ്പെട്ട് അവശനായി കിടക്കുന്ന സഖാവിനെ കണ്ട് ബാല്യകാല സ്മരണകളുടെ ചുരുളുകൾ വിടർത്തി ഒരു കൊച്ചുകുട്ടിയേപ്പോലെ അവർ പൊട്ടിക്കരഞ്ഞു പോയി.
1954 ൽ ഒരു യോഗത്തിൽ പ്രസംഗിക്കുവാൻ എത്തിയ സ.പി.ടി.പുന്നൂസ് സ.സേനൻ വൈദ്യരെ അനുസ്മരിച്ചു സംസാരിക്കുവാൻ ശ്രമിച്ചെങ്കിലും ഗദ്ഗദം മൂലം ആ വാക്കുകൾ പൂർത്തിയാക്കുവാൻ കഴിയാതെ അദ്ദേഹം കരയുകയാണുണ്ടായത്. പതിനായരത്തോളം ജനങ്ങൾ നിറഞ്ഞ നിറഞ്ഞ ആ ജനസഞ്ചയം മുഴുവനും സ.പി.ടി.പുന്നൂസിനോടൊത്ത് കരഞ്ഞുപോയി.
കായംകുളം സ്വദേശിയായ സഖാവ് സേനൻവൈദ്യർ ചെങ്ങൻകുളങ്ങര സംസ്‌കൃത കോളേജിൽ പഠിക്കുമ്പോൾ കുസൃതികളിൽ വച്ചേറ്റവും കുസൃതിയും മുഠാളന്മാരിൽ വച്ചേറ്റവും മുഠാളനുമായിരുന്നു. വഴക്ക് എവിടെ നിന്നെങ്കിലും വിലയ്ക്ക് വാങ്ങും. ആരെയും തല്ലുന്നതിന് മടിയില്ലാത്ത ദുഃശ്ശീലനായിരുന്നു. പക്ഷേ ഏതു ദുശ്ശീലനെയും നന്നാക്കുന്ന ഒരു മഹത്തായ തത്വശാസ്ത്രമുണ്ട് ലോകത്തിൽ - കമ്മ്യൂണിസം.
1122-മാണ്ട് അർദ്ധരാത്രിയിൽ മൂവാറ്റുപുഴയാറിന്റെ താഴ്ഭാഗത്തു കൂടി ഏഴുമൈലോളം തന്റെ സഖാക്കളുമായി നടന്ന് ഒരു കുറ്റിക്കാട്ടിൽ ഇരുന്ന് ആവേശം പകർന്നു കൊണ്ട് രൂപീകരിച്ചതാണ് ഇന്ന് മൂവാറ്റുപുഴയിൽ പ്രവർത്തിക്കുന്ന സുശക്തമായ കമ്മ്യൂണിസ്റ്റുപാർട്ടിയും ബഹുജന സംഘടനകളും. സ.സേനൻ വൈദ്യർ ഞങ്ങളിൽ നിന്നും വേർപെട്ടിട്ട് വർഷങ്ങളേറെയായി. ജനങ്ങളുടെ സ്മരണകളിലൂടെ അദ്ദേഹം ഇന്നും ജീവിക്കുന്നു. അദ്ദേഹം കെട്ടിപ്പടുത്ത പ്രസ്ഥാനങ്ങളിലൂടെ അദ്ദേഹം ഇന്നും ജീവിക്കുന്നു. ആ വെളിച്ചം മായുകയില്ല.
Comments
Avira K replied on Permalink
I would like to read about the history of Muvattupuzha from old people. please publish interviewing old people who knows the political and regional history of Muvattupuzha area. "തൊടുപുഴയും പാലയും ഒക്കെ മുക്കവല ആയിരുന്നപ്പോള്‍ മുവ്വാറ്റുപുഴ ഒരു പട്ടണമായിരുന്നു" read this somewhere. I want to know about the history of people here and about the town. old eminent personalities like M P Manmadhan,Kunnappillil Varkey Vaidyan etc. good luck and all the best.
Add new comment