ഞാൻ മൂവാറ്റുപുഴക്കാരൻ

(1995 മാർച്ചിൽ മേള രജതജൂബിലി സോവനീറിൽ പ്രസിദ്ധീകരിച്ചത്)

ജീവിതത്തിന്റെ ത്വരിതഗതിക്കിടയിൽ ഇടയ്ക്കിടെ തിരിഞ്ഞുനോക്കാൻ ശ്രമിക്കാറുണ്ട്. നേരിട്ടു യുദ്ധം ചെയ്യുന്ന ധർമ്മമുറകൾ അപ്രത്യക്ഷമായിരിക്കുന്ന ഇക്കാലത്ത് പിന്നിൽ ആപത്തിന്റെ നിഴൽ വീഴുക സ്വാഭാവികം. പ്രതിരോധിക്കാൻ ഒന്നും എനിക്ക് കഴിവില്ല. ഒഴിഞ്ഞുമാറുക ശീലവുമല്ല. വിധിചിത്രത്തിനു വിധേയനാണ് എന്ന തോന്നൽ വിട്ടൊഴിയാത്ത ശക്തിയാണ് എപ്പോഴും. ആ വിധിയുടെ അനുശൾ#ാസനത്തിനു വഴങ്ങിയാണ് ജീവിതത്തെ ഇവിടം വരെ കൊണ്ടെത്തിച്ചത് എന്നും ഞാനോർക്കുന്നു.

മൂവാറ്റപുഴ താലൂക്കിലെ ഒരുൾനാടൻ ഗ്രാമത്തിലാണ് ഞാൻ ജനിച്ചുവളർന്നത്. ബാല്യത്തിന്റെ സ്വപ്നങ്ങൾക്ക് പരിമിതികളായിരുന്നു ഏറെ. കാർഷിക പശ്ചാത്തലം. വായിക്കാനും പഠിക്കാനും വിഷമതകൾ. വൈദ്യുതി എത്തിയിട്ടില്ലാത്ത വീട്. പുസ്തകങ്ങളുടെയും ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും ദൗർലഭ്യം. അങ്ങനെ ആലോചിച്ചാൽ പട്ടണത്തിൽ വളരുന്ന കുട്ടികൾക്കുള്ള ഭാഗ്യങ്ങൾ ഒന്നുമില്ല. ഗതാഗതസൗകര്യങ്ങളില്ലാത്ത ഗ്രാമീണ ജീവിതത്തിന്റെ പരാധീനതകളെക്കുറിച്ചോർത്തു വിഷാദിക്കാനറിയാത്ത ബാല്യം. പക്ഷേ, ഒന്നുണ്ടായിരുന്നു; മനുഷ്യരുടെ സ്‌നേഹം. നിഷ്‌കളങ്കരായ ഗ്രാമീണർ. മെയ്യിൽ ചേറുപുരണ്ട ആ ഒറ്റമുണ്ടുടുത്ത മനുഷ്യർ ഉള്ളുതുറക്കുന്ന ചിരിയോടെ എപ്പോഴും തിരക്കിയിരുന്നു.

നന്നായിട്ടു പഠിക്കണുണ്ടല്ലോ, മിടുമിടുക്കനാകണം കെട്ടോ

ആശംസകൾ സ്വന്തം മകനെയോ അനുജനെയോ അനുഗ്രഹിക്കുന്നതു പോലെ, എന്റെ~ശിരസ്സിനു മുകളിൽ വിടർന്ന കൈത്തലം. കണ്ണുകളടച്ച് ഹൃദയപൂർവ്വം പ്രാർത്ഥിക്കുന്ന ആ നല്ല മനുഷ്യരുടെ സ്‌നേഹവായ്പിൽ ഞാനെപ്പോഴും എന്നെ കണ്ടെത്താൻ ശ്രമിച്ചു. ഞാൻ ഒരു പ്രതീക്ഷയാണ്; ഒരു ഗ്രാമത്തിന്റെ പ്രതീക്ഷ. അതു വിഫലമായിക്കൂടാ. വ്യാമോഹങ്ങളുടെ ഇരുട്ടിൽ ലക്ഷ്യമില്ലാതെ അലഞ്ഞ് അടിവേരുകൾ നഷ്ടമാക്കരുത്.

ഈ വിധി തിരിച്ചറിഞ്ഞപ്പോൾ ജീവിതം ലക്ഷ്യപൂർണ്ണമായി. ക്ലേശങ്ങൾ വിസ്മരിക്കാൻ കരുത്തുണ്ടായി. പഠിക്കാൻ എത്ര കഷ്ടപ്പെട്ടു എന്നു പറഞ്ഞാൽ പുതിയ തലമുറ ചിരിക്കും. പഴംപുരാണങ്ങൾ കെട്ടഴിക്കാൻ ഞാൻ വൃദ്ധനായിരിക്കുന്നു എന്നു പരിഹസിക്കും. പക്ഷേ അനുഭവിച്ചതൊക്കെ മറക്കാൻ എളുപ്പമോ ? സമയം തെറ്റി വരുന്ന ബസ്സിനുവേണ്ടി ഏറെമുൻപെ കാത്തുനിന്നു അതു കിട്ടാതെ വരുമ്പോൾ വളരെ ദൂരം നടന്നും നിർവ്വഹിച്ച കലാലയ വിദ്യാഭ്യാസം. നിർമ്മലാ കോളേജിന്റെ  പടികൾ ഒന്നൊന്നായി ചവിട്ടികയറുമ്പോൾ വാശിയായിരുന്നു; ഏതു പ്രതിസന്ധിയിലും തളരില്ല. കൗമാരത്തിന്റെ ചുറുചുറുക്കിൽ കൈവന്ന ആത്മധൈര്യം. മൂവാറ്റുപുഴ ചന്തദിവസങ്ങളിലെ യാത്രതിരക്കിൽ, എന്റെ വീടിന്റെ ചുറ്റുവട്ടത്തുകാരായ കൃഷിക്കാരുമായുള്ള സഹയാത്രയിൽ പകർന്നുകിട്ടിയ സംരക്ഷണബോധം. ഉച്ചനേരത്ത് കാന്റീനിൽ കൂട്ടം ചേരാതെ, കേഴ്‌വിക്കാരെ സംഘടിപ്പിച്ച് നെടുങ്കല്ലേൽ അച്ചന്റെ ഒത്താശയോടെ സാഹിത്യസമാജങ്ങൾ നടത്തി. മൂവാറ്റുപുഴ കോളേജിൽ പഠിച്ച നാലുവർഷവും എന്നെ തേടിയെത്തിയ സാഹിത്യസമാജ നേതൃത്വം വിലപ്പെട്ട പരിശീലനകളരിയായി. സിജെയും കാരൂരും തകഴിയും ദേവനും എം.കെ.സാനുവുമൊക്കെ ഞങ്ങളെ ആശീർവദിക്കാനെത്തി. ആ മഹത്തായ സമ്പർക്കം പിൽക്കാല സാഹിത്യജീവിതത്തിന്റെ പ്രേരകശക്തിയായി. അത് ഒരു ഭാഗ്യമെന്നേ പറയാവൂ. മുന്നോട്ടുള്ള കുതിപ്പിന് അനുകൂല പശ്ചാത്തലം.

പിൽക്കാലത്ത് സാഹിത്യസാംസ്‌കാരിക രംഗങ്ങളിൽ സജീവ പങ്കുവഹിക്കേണ്ട സന്ദർഭങ്ങൾ വന്നുചേർന്നു. പഴയ ഗുരുനാഥന്മാർ പലരും സഹപ്രവർത്തകരായി. ഗ്രൂപ്പുകളും ക്ലിക്കുകളും ശക്തിപ്പെട്ടപ്പോൾ അവയിലുൾപ്പെട്ട് വ്യക്തിത്വം നഷ്ടമാക്കാതെ വിരുദ്ധശക്തികളെ സമന്വയിപ്പിക്കുന്നതിന് പ്രയത്‌നിച്ചുവെന്നത് അഭിമാനകരമായ ഓർമ്മ.

മൂന്നുപതിറ്റാണ്ടുകൾ തലസ്ഥാനനഗരിയിൽ  കഴിച്ചുകൂട്ടിയിട്ടും മനസ്സിൽ ഗ്രാമീണതയുടെ അടിത്തറ ഭദ്രമാണ്. ജാതിമതാധികളുടെ പരിക്കുകൾ ഏൽക്കാതെ അധീശശക്തിയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ചുവടുറപ്പിച്ചു നിൽക്കുന്നു. ഉയരങ്ങളിൽ പറന്നെത്താനോ അപ്രാപ്യമായവ കീഴടക്കാനോ ഒന്നും കഴിഞ്ഞിട്ടില്ല. അങ്ങനെ ഒരു ഭാവവുമില്ല. പക്ഷേ ജീവിതയാത്രയിൽ ഒരു ശക്തി എപ്പോഴും ഒപ്പമുണ്ടായിരുന്നു. സ്വന്തം ഗ്രാമത്തിന്റെ അനർഗ്ഗമായ അനുഗ്രഹപ്രവാഹം സങ്കുചിതാതീതമായ ഒരു നേർത്ത വെളിച്ചം എന്റെ കർമ്മപഥത്തിൽ പ്രസരിക്കുന്നെങ്കിൽ അതിന് നിദാനം മറ്റൊന്നല്ല.

കേരളം ഭ്രാന്താലയമായിരുന്നുവെന്ന ഭൂതകാല യാഥാർത്ഥ്യം പലപ്പോഴും വർത്തമാനദുരന്തമായി തീർന്നുകൊണ്ടിരിക്കുന്നു. രാജ്യത്തിനകത്തും പുറത്തും വർഗീയവും വംശീയവുമായ കലാപങ്ങൾ പൊട്ടിപുറപ്പെടാറുണ്ട്. ഇത്തരം മനുഷ്യ ദുരന്തങ്ങൾ കണ്ടും കേട്ടും അന്ധാളിക്കുമ്പോൾ മൂവാറ്റുപുഴയുടെ പൈതൃകം ഒരു മൃതസഞ്ജീവനിയായി ഓർമ്മയിൽ ഉണർന്നുവരും. ജാതിക്കറ പുരളാത്ത സാധാരണ മനുഷ്യരുടെ സംസ്‌കാരത്തെ വെല്ലുന്ന ഒന്നും എങ്ങും എനിക്ക് കണ്ടെത്താൻ ആവുന്നില്ല എന്നത് ദിവ്യമായ യാഥാർത്ഥ്യം.

ജനങ്ങളുടെ അദ്ധ്വാനശീലമാവാം പരസ്പരം കലഹിക്കാനുള്ള വ്യഗ്രതയിൽ നിന്ന് അവരെ മോചിപ്പിച്ചത്. മണ്ണും മനുഷ്യനും തമ്മിലുള്ള ആത്മബന്ധം ഇതുപോലെ ശക്തമായി മറ്റെങ്ങും ദൃശ്യമായിട്ടില്ല. നാട്യങ്ങളുടെ മുഖാവരണമില്ലാതെ വെയിലിൽ വിയർത്തും മഴയിൽ നനഞ്ഞും പ്രകൃതിയുടെ ഭാഗമായി ജീവിക്കുന്ന നല്ലമനുഷ്യർ. ഉപജീവനം തേടി നാട്ടിൽനിന്ന് അകുന്നുകഴിയുന്നവർക്കാകാം ഒരുപക്ഷേ ആ പാരമ്പര്യത്തിന്റെ വില കൂടുതൽ ശക്തവും ഹൃദ്യവുമായി അനുഭവപ്പെടുക. എവിടെയൊക്കെ കഴിയേണ്ടി വന്നാലും ഞാനൊരു മൂവാറ്റുപുഴക്കാരനാണ് എന്ന അഭിമാനത്തിൽ വലുതായിട്ടൊന്നുമില്ല എന്ന് ആത്മാർത്ഥതയോടെ ഏറ്റുപറയാം. അതുകൊണ്ടുതന്നെ ഞാൻ ഒന്നു തീർച്ചപ്പെടുത്തിയിരിക്കുന്നു. ജീവിതപരാക്രമങ്ങൾ ഒടുങ്ങുമ്പോൾ മനസ്സിന്റെ ശാന്തിമാത്രം പ്രതീക്ഷയാവുമ്പോൾ എനിക്ക് ചേക്കേറാൻ എന്റെ ഗ്രാമം. എവിടെയൊക്കെ പറന്നുനടന്നാലും പക്ഷിക്ക് ഒടുവിൽ അതിന്റെ കൂട്ടിൽ മടങ്ങിയെത്തിയേ ഒക്കൂ. ഹൃദയത്തിന്റെ ചൂടും തണുപ്പും നഷ്ടമാകാതെ കാക്കാൻ ആ കൂടിന് മാത്രമാണ് കരുത്ത്.

നമുക്ക് എന്തുമാകാൻ കഴിയട്ടേ, അതു ഭാഗ്യമാണ്. പക്ഷേ മൂവാറ്റുപുഴക്കാരനല്ലാതായാൽ അത് ജീവിതത്തിലെ ഏറ്റവും വലിയ നിർഭാഗ്യമാകും തീർച്ച.

 
Tweet