മാര്‍ച്ച് 8, ലോക വനിതാ ദിനം

ലോകമെങ്ങുമുള്ള വനിതകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ട ദിനം പക്ഷേ, ഇന്ത്യക്കത് നാണക്കേടിന്‍റെ ദിനമായിരുന്നു.

സ്ത്രീ സംവരണ ബില്‍ പാസ്സാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യസഭയി‌ല്‍ അരങ്ങേറിയ സംഭവങ്ങ‌ള്‍ എന്തിലേക്കാണ് വിര‌ല്‍ ചൂണ്ടുന്നത്? ഒരു വോട്ടിന്‍റെ പിന്‍ബലത്തി‌ല്‍ (186/187) മാത്രം പാസ്സാക്കാവുന്ന അഥവാ പാസ്സാക്കേണ്ടുന്ന ഒരു ബില്ലാണോ 33% സ്തീസംവരണം?. പാര്‍ലമെന്‍റില്‍ 33% സംവരണം കൊണ്ട് തീരുന്ന പ്രശ്നങ്ങളാണോ ഇന്ത്യയില്‍ സ്ത്രീക‌ള്‍ നേരിടുന്നത്? അല്ലെന്ന യാഥാര്‍ത്ഥ്യം അറിഞ്ഞുകൊണ്ടു തന്നെ ഇന്ത്യയിലെ സാധാരണക്കാരായ ജനസാമാന്യം, സ്ത്രീസംവരണത്തെ പിന്‍താങ്ങിയത് മറ്റ് പലതും മനസ്സി‌ല്‍ വച്ചുകൊണ്ടായിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് ആണ്ടുകള്‍ പിന്നിടുമ്പോഴും സ്ത്രീകള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങ‌ള്‍ നിയമ നിര്‍മ്മാണ സഭയുടെ ഉയര്‍ന്ന തലത്തി‌ല്‍ - പാര്‍ലമെന്‍റില്‍ - അവഗണിക്കപ്പെടുന്നു. ഇതിനൊരു മാറ്റം വരുത്തുവാനെങ്കിലും കഴിയുമെന്ന ചെറിയ വിശ്വാസമാണ് സാധാരണക്കാരെ ബില്ലി‌ല്‍ വിശ്വാസമര്‍പ്പിക്കാ‌ന്‍ ഇടയാക്കിയത്. രാജ്യസഭയില്‍ ഡെപ്യൂട്ടി സ്പീക്ക‌ര്‍ മീരാകുമാറിന്‍റെ സീറ്റിനടുത്തെത്തി മൈക്ക് ഒടിച്ചും പേപ്പ‌ര്‍ കീറിയെറിഞ്ഞും കൂക്കിവിളിച്ചും ബില്ലിനെ ഇല്ലാതാക്കാ‌ന്‍ കഴിയുമെന്ന വിശ്വാസമുള്ള ഉപജാപക രാജകുമാരന്മാരുള്ള നാട്ടി‌ല്‍ ഒരു വോട്ടിന്‍റെ ഭൂരിപക്ഷ വലുപ്പം ‘ഇമ്മിണി ബല്ല്യൊന്നാണെ’ന്ന തിരിച്ചറിവ് ഉത്തരേന്ത്യന്‍ രാഷ്ട്രീയക്കാര്‍ക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു.
***************
ഒസ്ക്കാറിന്‍റെ ചരിത്രത്തിലാദ്യമായി ഒരു വനിത - കാതറി‌ന്‍ ബിഗലോ - മികച്ച സംവിധായികയായി തെരഞ്ഞെടുക്കപ്പെട്ടതും മാര്‍ച്ച് 8 നായിരുന്നു. ഇറാഖ് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ ‘ദ് ഹര്‍ട്ട് ലോക്ക‌ര്‍’ തന്നെയായിരുന്നു 2008 ലെ മികച്ച ചിത്രവും. ഒരു വനിതാ സംവിധായിക സമ്മാനിതയായി എന്നതിലുപരി, ഹോളിവുഡിന്‍റെ നടപ്പുശീലങ്ങള്‍ക്കെതിരെയുള്ള ഒരു സമര പ്രഖ്യാപനം കൂടിയായിരുന്നു അവരുടെ നേട്ടം. 250 മില്ല്യ‌ണ്‍ ഡോള‌ര്‍ ചിലവഴിച്ച്, അതിലേറെ നേടിയ ജെയിംസ് കാമറൂണ്‍ ചിത്രം - അവതാറിനെ - വെറും 15 മില്ല്യണ്‍ ഡോളറുപയോഗിച്ച് നിര്‍മ്മിച്ച ഒരു കൊച്ചു ചിത്രം (ഹോളിവുഡിന്‍റെ കണ്ണില്‍ മാത്രം) അവാര്‍ഡുകളുടെ എല്ലാ മേഖലകളിലും അട്ടിമറിച്ച കാഴ്ച ആഹ്ലാദമുളവാക്കുന്നതായിരുന്നു. ടൈറ്റാനിക്കിന്‍റെയും അവതാറിന്‍റെയും സംവിധായക‌ന്‍ ജെയിംസ് കാമറൂണിന്‍റെ മു‌ന്‍ ഭാര്യ എന്ന വിശേഷണത്തി‌ല്‍ തളക്കപ്പെട്ട ജീവിതവും കരിയറുമായിരുന്നു കാതറിന്‍റേത്. ഒസ്ക്കാ‌ര്‍ പുരസ്ക്കാരത്തിന് ഒരേ വര്‍ഷം നോമിനേഷ‌ന്‍ നേടി, അതില്‍ വിജയിയായി പുറത്തുവരുമ്പോ‌ള്‍ അത് വെറുമൊരു നേട്ടമെന്നതിലുമപ്പുറം കാതറിന്‍റെ സ്വത്വ പ്രഖ്യാപനം കൂടിയാണ്. മികച്ച സംവിധാനത്തിന് ഡയറക്ടേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്കയുടെ അവാര്‍ഡ് നേടുന്ന ആദ്യ വനിതയെന്ന ബഹുമതിയും, ബ്രിട്ടീഷ് ബാഫ്റ്റ അവാര്‍ഡും ഒസ്ക്കാറിന് മുന്‍പേ കാതറിന്‍ സ്വന്തമാക്കിയിരുന്നു.

വനിതാ ദിനാഘോഷം നൂറ്റാണ്ട് തികയുന്ന ചരിത്രനിമിഷത്തി‌ല്‍, ഇന്ത്യ അതാഘോഷിച്ച രീതിയും ഒരു സ്ത്രീ ഒറ്റക്ക് നേടിയ - പൊരുതി നേടിയ - നേട്ടങ്ങളും (കാതറിന്‍ ബിഗലോ) നമ്മുടെ ഓര്‍മ്മയിലുണ്ടാവണം. കാരണം അതൊരു ചൂണ്ടുപലകയാണ്, രാജ്യം എങ്ങോട്ട് ഗമിക്കുന്നുവെന്നതിന്‍റെ!