തീവ്രവാദികള്‍ക്ക് മതമില്ല

ബാംഗ്ലൂരിലും അഹമ്മദാബാദിലും, ഇപ്പോള്‍ ദില്ലിയിലും സാധാരണക്കാരായ ജനങ്ങളെ സ്ഫോടനം നടത്തി കൊല്ലുന്നതിലൂടെ എന്ത് സന്ദേശമാണ് ഭീകരവാദികള്‍ രാഷ്ട്രത്തിന് നല്‍കുന്നത്? നിരപരാധികളായ ജനങ്ങള്‍ കൊല്ലപ്പെട്ടപ്പോള്‍ അത് നമ്മുടെ മനസ്സിലുണ്ടാക്കിയ വികാരം എന്താണ്? വിശ്വസിക്കുന്ന ആദര്‍ശത്തിനു വേണ്ടി തന്നെയാണോ ഇത്തരം മനുഷ്യത്ത്വരഹിതമായ പ്രവൃത്തിക‌ള്‍? ആരെയാണ് വിശ്വസിക്കുക? പരിചയപ്പെടുന്നവരെയെല്ലാം സംശയദൃഷ്ടിയോടെ കണ്ട് എത്രനാള്‍ കാലം കഴിക്കും? വിദ്യാസമ്പന്നരായ, ബുദ്ധിമതികളായവരുടെ ഊര്‍ജ്ജസ്വലമായ യുവത്വം ഇത്തരം വിധ്വംസക പ്രവര്‍ത്തികള്‍ക്കായി വിനിയോഗിക്കുന്നതിന് ഉത്തരവാദികളാര്? ഈ ചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്താ‌ന്‍ ശ്രമിക്കുകയാണ് ഇന്ത്യന്‍ ജനത. ഭരണചക്രത്തിന്‍റെ ഘ്രാണശക്തിയെ തോല്‍പ്പിക്കുന്ന വേഗതയിലും കൃത്യതയിലും കര്‍മ്മം നിര്‍വഹിക്കുന്ന ഭീകരവാദികളെ പിടികൂടി അതേ വേഗതയില്‍ ശിക്ഷ വിധിക്കാനുള്ള സംവിധാനം തീര്‍ച്ചയായും ഉണ്ടാകേണ്ടതുണ്ട്. സങ്കടകരമെന്ന് പറയട്ടെ, പൊതുവെ ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ മാത്രം ചര്‍ച്ചാവിഷയമായി, പിന്നീട് വിസ്മൃതിയിലാണ്ട് പോകുന്നവയായി തീരുന്നു. ഇന്ത്യയെപ്പോലെ സുരക്ഷാ സംവിധാനങ്ങള്‍ക്ക് വേണ്ടി കോടികള്‍ ചിലവാക്കുന്ന രാജ്യം, ഇത്തരത്തിലുള്ള അക്രമകാരികളുടെ നീക്കത്തെ മുന്‍കൂട്ടിയറിഞ്ഞ് പരാജയപ്പെടുത്തുന്നതി‌ല്‍ വീഴ്ചവരുത്തുന്നത് ആശങ്കാജനകമാണ്. ആത്യന്തികമായി നഷ്ടപ്പെട്ടതൊന്നും തിരികെ കിട്ടില്ലല്ലോ, അതാര്‍ക്കായാലും. ഇന്ത്യന്‍ യുവത്വം കണ്ണും കാതും തുറന്നു വച്ച് ചുറ്റും നടക്കുന്ന കാഴ്ചക‌ള്‍ കാണുക. അരാഷ്ട്രീയവാദികളായി തീരാതിരിക്കുക.