തെരുവില്‍ ജീവിക്കുന്നവര്‍

'തെരുവിലേയ്ക്കിറക്കി വിടുക' എന്നൊരു പ്രയോഗം നമ്മുടെ നാട്ടിലുണ്ട്. ഒരാളെ സാമ്പത്തികമായി ഇല്ലാതാക്കി നശിപ്പിക്കുക എന്ന രീതിയിലാണ് ഇത് ഉപയോഗിച്ചുവരുന്നത്. എന്നാല്‍ ഈ 'തെരുവിലും' ജീവിക്കുന്നവരുണ്ട്. ഇന്ത്യയിലെ ജനങ്ങളില്‍ ലക്ഷക്കണക്കിനാളുകളുടെ ഉപജീവനമാര്‍ഗ്ഗം ഈ തെരുവുകളാണ്. ചെറിയ രീതിയില്‍ തെരുവുകളില്‍ കച്ചവടം നടത്തി ജീവിക്കുന്നവരാണ് ഈ ജനവിഭാഗം.

ഒരു കോടിയില്‍പ്പരം ആളുകള്‍ ഇന്ത്യയില്‍ പാതയോരത്തും ഉന്തുവണ്ടികളിലായും ചുമന്നുനടന്നും ചെറുകിടകച്ചവടം നടത്തിവരുന്നതായി ഈ മേഖലയിലെ സംഘടനയായ NASVI (National Venders Association of India) പറയുന്നു. 2000 ലെ ഗവണ്മെന്റ് കണക്കുകള്‍ പ്രകാരം ഇത് 44 ലക്ഷമാണ്. പ്രതിവര്‍ഷം ഏകദേശം 60000 കോടി രൂപയുടെ കച്ചവടമാണ് ഈ ചെറുകിടകച്ചവടക്കാരിലൂടെ രാജ്യത്ത് നടക്കുന്നത്.

ദാരിദ്ര്യത്തില്‍ നിന്നും പട്ടിണിയില്‍ നിന്നും രക്ഷതേടിയാണ് പാതയോരകച്ചവട മേഖലയിലേയ്ക്ക് ആളുകള്‍ കടന്നുവരുന്നത്. തുച്ഛമായ മുതല്‍മുടക്കില്‍ അവരുടെ ജീവിതപ്രശ്‌നങ്ങള്‍ സ്വയം പരിഹരിക്കാനുള്ള ശ്രമങ്ങളാണവര്‍ നടത്തുന്നത്. ഓണം, വിഷു, ക്രിസ്തുമസ്, റംസാന്‍ അടക്കമുള്ള ഉത്സവകാലങ്ങളില്‍ സാധാരണക്കാരന്റെ പ്രധാന ആശ്രയം തെരുവോരകച്ചവടക്കാരാണ്. സംഘടിതമേഖലയിലെ തൊഴില്‍ദൗര്‍ലഭ്യം ഉന്നതവിദ്യാഭ്യാസത്തിന്റെ അഭാവം, സാങ്കേതികപരിശീലനക്കുറവ് തുടങ്ങിയവ കൂടുതല്‍ ആളുകളെ ഈ മേഖലയിലേക്ക് എത്തിക്കുന്നു.

സാധാരണക്കാരായ ജനങ്ങളുടെ ഗാര്‍ഹികവും ഗാര്‍ഹികേതരവുമായ ആവശ്യങ്ങള്‍ക്കുതകുന്ന വിധം അനുേയാജ്യമായ സ്ഥലങ്ങളിലിരുന്നും നടന്നും വ്യാപാരം നടത്തുന്നതു വഴി വഴിവാണിഭക്കാര്‍ ഉത്തമമായ സേവനമാണ് നിര്‍വ്വഹിക്കുന്നതെന്നും ഭരണഘടനാപരമായി ആ തൊഴില്‍ ചെയ്യാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ സമ്പദ്‌മേഖലയ്ക്ക് പാതേയാരകച്ചവട മേഖല നല്‍കുന്ന സംഭാവന വളരെ വലുതാണ്. പ്രാദേശികമായ ഉല്പാദനവും സാങ്കേതികവിദ്യയും കൂട്ടിയിണക്കി സാധനങ്ങളും സേവനങ്ങളും വിറ്റഴിക്കുക വഴി തൊഴിലില്ലായ്മയ്ക്ക് ഒരു പരിധി വരെ പരിഹാരം കാണുന്നതിന് വഴിവാണിഭം വഴി സാധിക്കുന്നുണ്ട്.

രാത്രികാലങ്ങളില്‍ ജനങ്ങള്‍ക്ക് ചെറിയനിരക്കില്‍ ഭക്ഷണം നല്‍കുന്ന തട്ടുകടകള്‍ വെറുമൊരു കച്ചവടം മാത്രമല്ല അതൊരു സേവനം കൂടിയാണ്. ജനജീവിതവുമായി ഇഴുകിച്ചേര്‍ന്ന വഴിവാണിഭക്കാരുടെ ഗണത്തില്‍ പാല്‍ക്കാരനും മീന്‍കാരനും പത്രക്കാരനുമെല്ലാം ഉള്‍പ്പെടുന്നുണ്ട്. തെരുവുകച്ചവടം ഒരു തൊഴില്‍മേഖല മാത്രമല്ല ഒരു സേവനമേഖല കൂടിയാണെന്നുള്ള ബോധ്യം ഭരണകൂടത്തിനും പൊതുസമൂഹത്തിനും ഉണ്ടാകണം.

എന്നാല്‍ വഴിവാണിഭക്കാരെ ഒരു പൊതുശല്യമായി കാണുന്ന ഒരു വലിയവിഭാഗവുമുണ്ട്. ഇവരെ പാതയോരകയ്യേറ്റക്കാരായി കണ്ട് ഒഴിപ്പിക്കണമെന്ന ആവശ്യം പലസ്ഥലങ്ങളിലും ഉയര്‍ന്നുവരുന്നുണ്ട്. മുതലാളിത്തതാല്പര്യങ്ങളുടെ ഉപാസകരായ ഭരണാധികാരികളും ഈ അഭിപ്രായക്കാരാണ്. മുനിസിപ്പല്‍ അധികാരികള്‍, പോലീസ്, മാഫിയാസംഘങ്ങള്‍, തുടങ്ങിയവരില്‍ നിന്നുള്ള പീഡനങ്ങളാണ് ഈ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. മുനിസിപ്പല്‍ നിയമമനുസരിച്ച് തെരുേവാരകച്ചവടത്തിന് ലൈസന്‍സ് വേണം. എന്നാല്‍ ലൈസന്‍സ് അനുവദിക്കാതെ പീഡിപ്പിക്കുന്ന സ്ഥിതിയാണിന്നുള്ളത്.

സോഹന്‍സിംഗ് Vs NDMC (1989) കേസില്‍ സുപ്രീകോടതി നടത്തിയ നിരീക്ഷണം വളരെ പ്രസക്തമാണ്. തൊഴിലെടുക്കാനുള്ള അവരുടെ അവകാശവും അവര്‍ സമൂഹത്തിനു നല്‍കുന്ന സേവനങ്ങളും കോടതി കാണുകയുണ്ടായി. പാതയോരം കയ്യടക്കുന്നു എന്ന ഒറ്റക്കാരണം പറഞ്ഞുകൊണ്ട് അവരുടെ തൊഴിലെടുക്കാനുള്ള അവകാശം നിഷേധിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമായിത്തന്നെ പറഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ ഉണ്ടായിട്ടും പോലീസ് ഇവര്‍ക്കെതിരെ കയ്യേറ്റം നടത്തുന്ന അവസ്ഥ പലയിടങ്ങളിലുമുണ്ട്.

പലപ്പോഴും പ്രാദേശികഭരണകര്‍ത്താക്കളുടെ ദിശാബോധമില്ലാത്ത വികസനസങ്കല്പവും സമൂഹത്തിലെ ഉയര്‍ന്നവിഭാഗങ്ങളെ സംതൃപ്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുമാണ് വഴിവാണിഭക്കാര്‍ക്കെതിരെയുള്ള ദ്രോഹനടപടികള്‍ക്ക് കാരണമാകുന്നത്. വന്‍കിടകച്ചവടക്കാരെ സഹായിക്കുന്നതിനായി പാതയോരകച്ചവടക്കാര്‍ക്കെതിരെയുള്ള ദ്രോഹനടപടികളും പലയിടത്തുണ്ട്.

പ്രാദേശികഭരണകൂടങ്ങള്‍ വഴിയോരകച്ചവടക്കാരെ അംഗീകൃതകച്ചവടക്കാരായി അംഗീകരിച്ച് അവരുടെ കച്ചവടസ്ഥലം രേഖപ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കണം. നടന്നു കച്ചവടം നടത്തുന്നവര്‍ക്കും ഉന്തുവണ്ടികച്ചവടക്കാര്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താതെ എവിടെയും കച്ചവടം നടത്താനുള്ള അനുമതിയും ഇതോടൊപ്പം വേണം. വഴിവാണിഭക്കാര്‍ക്ക് അവരുടെ വ്യാപാരം നിലനിര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും സാമ്പത്തികമായ സഹായം നല്‍കുന്നതിനുള്ള പദ്ധതികള്‍ പ്രാദേശികഭരണകൂടങ്ങള്‍ തയ്യാറാക്കണം. വഴിവാണിഭക്കാര്‍ ജോലിയെടുക്കുന്ന പ്രദേശങ്ങളിലുള്ള മാലിന്യം ദിവസേന നീക്കം ചെയ്യുന്നതിനും ആ പ്രദേശത്തെ ശുചിത്വം ഉറപ്പുവരുത്തേണ്ടതും പ്രാദേശികഭരണകൂടങ്ങളുടെ കടമയാണ്. നല്ലൊരു ശതമാനം സ്ത്രീകള്‍ പണിയെടുക്കുന്ന ഈ മേഖല ഒരു തൊഴില്‍വിഭാഗമെന്ന നിലയില്‍ത്തന്നെ സംരക്ഷിക്കപ്പെടണം.

പീഡനങ്ങളില്‍ നിന്നുള്ള വിമുക്തി, തൊഴിലിടങ്ങളിലെ സുരക്ഷിതത്വം, വരുമാന വര്‍ദ്ധനവ്, ആരോഗ്യപരിരക്ഷ എന്നിവ മറ്റ് വിഭാഗം തൊഴിലാളികളുടേതു പോലെ ഇവരുടെയും അവകാശമാണ്.

വഴിയോരകച്ചവടക്കാരുടെ സുരക്ഷ വലിയൊരു പ്രശ്‌നമായി നിലനില്‍ക്കുകയാണ്. ഈ മേഖലയില്‍ പണിയെടുക്കുന്ന സ്ത്രീകളും കുട്ടികളും കടുത്ത ചൂഷണത്തിന് വിധേയരാകുന്നുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന ലൈംഗീകമായ അതിക്രമങ്ങള്‍ ഫലപ്രദമായിത്തന്നെ തടയേണ്ടതുണ്ട്. ഇങ്ങനെ ചെയ്യാത്തപക്ഷം മാരകമായ ലൈംഗീകരോഗങ്ങളുടെ വാഹകരായി ഇവര്‍ മാറും. ഗുരുതരമായ സാമൂഹ്യപ്രശ്‌നമായി മാറിക്കൊണ്ടിരിക്കുന്ന ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ അടിയന്തിരനടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.

ബാലവേല മറ്റേതുമേഖലയിലേതു പോലെ ഈ മേഖലയിലും അനുവദിക്കാന്‍ പാടില്ല. ബാലവേല ചെയ്യുന്ന കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനും അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുമുള്ള നടപടികള്‍ ഗവണ്മെന്റ് കൈക്കൊള്ളണം.

നഗരസൗന്ദര്യവല്‍ക്കരണം, നഗരവികസനം എന്നുപറയുമ്പോഴെല്ലാം അധികാരികള്‍ ആദ്യം ലക്ഷ്യമിടുന്നത് വഴിയോരക്കച്ചവടക്കാരെയാണ്. വഴിയോരക്കച്ചവടക്കാരെ ആട്ടിപ്പായിച്ചു കൊണ്ടുള്ള തലതിരിഞ്ഞ വികസനസങ്കല്പങ്ങളാണ് പലരും മുന്നോട്ട് വയ്ക്കുന്നത്. ഇത് ശക്തിയുക്തം എതിര്‍ക്കപ്പെടേണ്ടതാണ്.

വികസനം സംബന്ധിച്ച് തെറ്റായ കാഴ്ചപ്പാടാണ് പല ഭരണകര്‍ത്താക്കള്‍മുള്ളത്. റോഡുകളും പാലങ്ങളും ബഹുനില മന്ദിരങ്ങളും കെട്ടിപ്പൊക്കുന്നതു മാത്രമാണ് വികസനം എന്ന മിഥ്യാധാരണയാണ് പലര്‍ക്കുമുള്ളത്. സമൂഹത്തിലെ മുഴുവന്‍ വിഭാഗം ജനങ്ങളെയും സ്വയംപര്യാപ്തയിലെത്തിക്കുക എന്നതായിരിക്കണം വികസനം എന്നതുകൊണ്ട് പ്രാഥമികമായി ഉദ്ദേശിക്കേണ്ടത്.

നിയമപുസ്തകങ്ങള്‍ ചൂണ്ടിക്കാണിച്ചായിരിക്കും ഭരണകര്‍ത്താക്കളും ഉദേ്യാഗസ്ഥരും തൊഴിലാളികള്‍ക്കെതിരെ വാളെടുക്കുന്നത്. നിയമങ്ങള്‍ എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുള്ളത് ജനങ്ങളുടെ ജീവിതം സുരക്ഷിതമാക്കുന്നതിനും അവരുടെ നന്മയ്ക്കും വേണ്ടിയാണ്; അല്ലാതെ അവരെ ശത്രുക്കളായി കണ്ട് യുദ്ധം ചെയ്യുന്നതിനല്ല എന്നത് ഭരണകര്‍ത്താക്കളും പൊതുസമൂഹവും മനസ്സിലാക്കണം.

ചെറുകിടകച്ചവട സംരംഭങ്ങളിലൂടെ തൊഴിലെടുത്തു ജീവിക്കുന്ന വഴിയോരകച്ചവടക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതും അവര്‍ക്ക് മാന്യമായി ജീവിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കുകയും ചെയ്യേണ്ടത് കേവലനീതി മാത്രമാണ്.

Tweet